Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇനിയുമൊരു കവി...

ഇനിയുമൊരു കവി സമ്മേളനത്തിന് സമയമായി, കേരളമേ...

text_fields
bookmark_border
ഇനിയുമൊരു കവി സമ്മേളനത്തിന് സമയമായി, കേരളമേ...
cancel

1979-80 കാലഘട്ടം.

അന്ന് കേരളത്തിന്റെ ആവശ്യം വികസനം/ശാസ്​ത്രപുരോഗതി. വികസനത്തിന്റെ ചിഹ്നം വ്യവസായവത്കരണം.അതിന് ഏറ്റവും ആവശ്യം വൈദ്യുതി. കേരളത്തിന് ഏറ്റവും ഉചിതം ജലവൈദ്യുതി. അങ്ങനെ പാലക്കാട് ജില്ലയിലെ ആ ചെറിയതുണ്ട് മഴക്കാടിനും അതിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ ജലത്തിനും വിലയേറി. മലബാറിന്റെ ഗാർഹിക വൈദ്യുതി ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ഈ കാടിനെ മുക്കാതെ തരമില്ല എന്നായി വൈദ്യുതി വകുപ്പും ആസ്​ഥാന ശാസ്​ത്ര വിദഗ്ധരും.

അന്ന് ഏറ്റവും ഉയർന്നുകേട്ട ബദൽ ശബ്ദങ്ങൾ /ചിന്തകൾ കവികളുടെയും എഴുത്തുകാരുടെയും ആയിരുന്നു. മഴക്കാടുകളുടെ മൂല്യം, സിംഹവാലന്റെ ജീവിക്കാനുള്ള അവകാശം എന്നിവക്കൊപ്പം ആ കാടിന്റെ മാസ്​മരികമായ പേരും-നിശബ്ദ താഴ്വാരം-കാവ്യഭാവനയെ ഉണർത്തി. നിശബ്ദ താഴ്വരക്ക് വേണ്ടി കേരളത്തിൽ പല ഇടങ്ങളിലും കവി സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സുഗതകുമാരിയുടെ 'മരത്തിന് സ്​തുതി', വിഷ്ണു നാരായണൻ നമ്പൂതിരിയുടെ 'യുഗളപ്രസാദൻ', കടമ്മനിട്ടയുടെ 'കുറത്തി', അയ്യപ്പപ്പണിക്കരുടെ 'കാടെവിടെ മക്കളേ', ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം', ഡി. വിനയചന്ദ്രന്റെ 'കാടിന്നു ഞാനെന്തു പേരിടും' പോലുള്ള ഹൃദയസ്​പർശിയായ നിരവധി കവിതകൾ മുഴങ്ങിക്കേട്ട ഒരു കാലം. അതിശക്തമായ പരിസ്​ഥിതിശാസ്​ത്ര വിശകലനങ്ങളും ആ പച്ചത്തുരുത്തിന്റെ സംരക്ഷണം ഉറപ്പാക്കി.

2021-2022 കാലഘട്ടം

കേരളത്തെ രണ്ടായി പിളർന്നുകൊണ്ട് ഇന്ന് ഒരു സ്വപ്നപദ്ധതി വന്നിരിക്കുന്നു. സിൽവർലൈൻ എന്ന അതിവേഗ തീവണ്ടിയിൽ കയറി നമ്മൾ സമയത്തെ ചുരുക്കാനും വെല്ലുവിളിക്കാനും ഒരുങ്ങുന്നു. ഇന്നും ആ പഴയ ചോദ്യത്തിന് ഉത്തരം കിട്ടാതെ, ചിന്തിക്കുന്ന കേരള ജനത നട്ടംതിരിയുന്നു- ആർക്കാണ് ഈ വികസനം? ആർക്കാണ് 4 മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവന്തപുരത്ത് എത്തേണ്ടത്?

മരക്കവികളിൽ പലരും ഇന്ന് നമ്മുടെ കൂടെയില്ല. പക്ഷേ, അവർ എഴുതിവെച്ച 'ഭൂമിക്കൊരു ചരമഗീതം', 'പൂക്കാതിരിക്കാൻ എനിക്കാവതില്ല' എന്നിവ പോലുള്ള കവിതകൾ നമ്മുടെ കൂടെയുണ്ട്. കെ-റെയിൽ എന്ന അതിവിനാശകരമായ പദ്ധതി നാം കണ്ടിട്ടില്ലാത്ത ഏതോ മഴക്കാടിനെയല്ല നശിപ്പിക്കുക. പിന്നെയോ മനുഷ്യൻ ആശ്രയിക്കുന്ന അനേകം ആവാസവ്യവസ്​ഥകളെ, കൃഷിയിടങ്ങളെ അത് എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യും എന്ന് ഏതൊരു കൊച്ചുകുട്ടിക്കും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. സർക്കാർ തന്നെ മികച്ച നെൽപാടത്തിന് അവാർഡ് നൽകിയ പെരിങ്കുളം എല നികത്തിയാണ് അതിവേഗ റെയിൽപാതയുടെ കൊല്ലം സ്​റ്റേഷൻ നിർമിക്കാൻ പോകുന്നത്. സമ്പന്നമായ ജലേസ്രാതസ്സാണ് ഈയിടം.

1982ൽ മലപ്പുറത്തു നടന്ന ഒരു പ്രകൃതി സംരക്ഷണ യോഗത്തിൽ പ​ങ്കെടുക്കുന്ന എം.കെ. പ്രസാദ്, ബി. സുഗതകുമാരി, എസ്. പ്രഭാകരൻ നായർ തുടങ്ങിയവർ

സിംഹവാലൻ കുരങ്ങിനെപ്പോലെയോ മലബാർ ഡാഫഡിൽ പോലെയോ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വാസസ്​ഥാനങ്ങളൊന്നും സിൽവർലൈൻ നശിപ്പിക്കില്ലായിരിക്കാം. പിന്നെയോ അതീവലോലമായ, എന്നാൽ ജനങ്ങൾ നേരിട്ട് ആശ്രയിക്കുന്ന, അതിസമ്പന്നമായ ജൈവവൈവിധ്യ പ്രാധാന്യമുള്ള ആവാസവ്യവസ്​ഥകളുടെയും മനുഷ്യവാസസ്​ഥലങ്ങളുടെയും കൃഷിയിടങ്ങളുടെയും ഹൃദയം പിളർന്നു കൊണ്ടാണ് ഇത് പായുക.

കോട്ടയം സ്​റ്റേഷൻ കേരളത്തിലെ തണ്ണീർത്തടങ്ങളിൽ അന്താരാഷ്ട്രസ്​ഥാനം നേടിയ റാംസർ സൈറ്റുകളിൽ ഒന്നായ വേമ്പനാട് കായലിന്റെ നടുക്കാണ് എന്ന് വിശദ പദ്ധതി രേഖ കാണിക്കുന്നു. അനേകം ദേശാടന നീർത്തടപ്പക്ഷികൾ എല്ലാ വർഷവും ഒരുമിക്കുന്ന ഈ കായലിന്റെ പാരിസ്​ഥിതിക-കാർഷിക-സാംസ്​കാരിക മൂല്യം ആർക്കാണ് അറിയാത്തത്? കോഴിക്കോട്ടെ കല്ലായിപ്പുഴയുടെ അടിയിലൂടെ ഭൂഗർഭ റെയിൽ പാത കടന്നു പോകും. കണ്ണൂരിലെ ചെമ്പല്ലിക്കുണ്ട്, മാടായിപ്പാറ എന്നീ ജീവന്റെ അതുല്യ അഭയകേന്ദ്രങ്ങൾ കെ-റെയിലിന്റെ കല്ലുകൾ സ്​ഥാപിക്കപ്പെട്ട ആവാസ വ്യവസ്​ഥകളിൽ ചിലതു മാത്രം.

മേൽപറഞ്ഞ കാര്യങ്ങൾ മാത്രം പോരേ കേരളത്തിലെ മരക്കവികളെ ഒരിക്കൽ കൂടി ഒന്നിച്ചുകൂട്ടാൻ? സിൽവർലൈൻ തൂത്തെറിയാൻ പോകുന്ന കേരളത്തിന്റെ തനിമയാർന്ന സ്വഭാവവും അതുല്യ ഭൂരാശിയും നിലനിർത്തുന്ന പുഴകളും ഇടനാടൻ ചെങ്കൽക്കുന്നുകളും മലകളും മരങ്ങളും കായലുകളും തണ്ണീർത്തടങ്ങളും അവസാനത്തെ നെൽവയലുകളും നശിപ്പിക്കപ്പെടുമ്പോൾ നിശ്ശബ്ദരായി ഈ നാട്ടിലെ കവികൾക്കും സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും നോക്കിയിരിക്കാൻ ആകുമോ?

തീർച്ചയായും ഇല്ല. മനുഷ്യ മനഃസ്സാക്ഷിയെ ഉണർത്തുന്ന ഹരിതകവിതകളുടെയും സാഹിത്യത്തിന്റെയും തുടക്കം നമ്മൾ കണ്ടു തുടങ്ങിക്കഴിഞ്ഞു. അവരുടെ ശബ്ദവും സംഗീതവും നാം വീണ്ടും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും അടുത്തു വന്ന റഫീഖ് അഹമ്മദിന്റെ കവിത-

'ഹേ കേ
എങ്ങോട്ടു പോകുന്നു ഹേ
തണ്ണീർത്തടങ്ങളെ പിന്നിട്ട് തെങ്ങിൻ നിരകളെ പിന്നിട്ട്
കണ്ടലും കാവും കുളങ്ങളും പിന്നിട്ട്
സഹ്യനെ കുത്തിമറിച്ചിട്ട്
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ
എന്തെടുക്കാ, നെന്തു
കൊണ്ട് പോരാൻ
ഹേ
കേ...?'

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോൾ റഫീഖ് അഹമ്മദിന്റെ കവിത ഞരളത്ത് ഹരിഗോവിന്ദൻ ഹൃദയഭേദകമായി പാടുന്നത് കേൾക്കാനായി. കെ-റെയിൽ കടന്നുപോകുന്ന 11 ജില്ലകളിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെയും നശിപ്പിക്കപ്പെടുന്ന ആവാസ വ്യവസ്​ഥകളുടെയും ജൈവ വൈവിധ്യത്തിന്റെയും ദീനരോദനം! ഒരു മാസത്തിൽ ഏറെയായി കെ. സച്ചിദാനന്ദൻ ഇങ്ങനെ കുറിച്ചിട്ടിട്ട്-കെ-റെയിൽ: പ്രത്യാഘാതങ്ങൾ മാത്രമുണ്ടാക്കുന്ന പകൽ സ്വപ്നം. ഏതൊരു വികസന പദ്ധതിയും നടപ്പിൽ ആകുമ്പോൾ ആദ്യത്തെ ചോദ്യം ആർക്കുവേണ്ടി എന്നതാണ്. ഗാന്ധിജി പറഞ്ഞത് പോലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നാണ് വികസനത്തെ വിലയിരുത്തേണ്ടത്. ഈ പദ്ധതിയുടെ ഇരകൾ സ്വന്തം സ്​ഥലത്തുനിന്നും കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും. ഇങ്ങനെ 5 ചോദ്യങ്ങളിലൂടെ അദ്ദേഹം എന്തുകൊണ്ട് കെ-റെയിൽ പദ്ധതി ജനങ്ങളുടെ പക്ഷത്തു നിന്നുള്ള സൂക്ഷ്മമായ അപഗ്രഥന വിമർശനങ്ങൾക്ക് വിഷയം ആകേണ്ടതുണ്ട് എന്ന് സമർഥിക്കുന്നു.

അംബികാസുതൻ മാങ്ങാട് എഴുതിയ 'ടി. പദ്മനാഭനും പരിഷത്തും സിൽവർലൈനും പിന്നെ തുമ്മാരുകുടിയും' എന്ന ലേഖനത്തിൽ മലയാള സാഹിത്യത്തിലെ കുലപതി ആയ ടി. പദ്മനാഭൻ ഈ അടുത്തയിടെ സിൽവർലൈൻ പദ്ധതിയെ കുറിച്ച് നടത്തിയ ശക്തമായ പ്രതികരണത്തെക്കുറിച്ച് പരാമർശിക്കുന്നു. മലയാളത്തിലെ പരിസ്​ഥിതി സംരക്ഷണ കഥകളിൽ ഏറ്റവും മികച്ച 'സാക്ഷി' 1969ൽ എഴുതിയ ടി. പദ്മനാഭന് സിൽവർ ലൈൻ പദ്ധതി വന്നാൽ ഉണ്ടാകാൻ പോകുന്ന ഭീമമായ പ്രകൃതി വിനാശത്തെ കുറിച്ച് മിണ്ടാതിരിക്കാൻ ആവില്ല എന്ന് മാങ്ങാട് പറയുന്നു.

കെ.ജി. ശങ്കരപ്പിള്ള, സരിത മോഹനൻ ഭാമ, എം.ജി.രാധാകൃഷ്ണൻ, ഖദീജ മുംതാസ്​ എന്നിവർക്കൊപ്പം 37 പേർ കെ-റെയിലിന്റെ പ്രത്യാഘാതങ്ങൾ എല്ലാം പരിഗണിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ എന്ന് കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഒരു സുഹൃത്ത് പങ്കുവെച്ച മാധവൻ പുറച്ചേരി എന്ന കവിയുടെ 'ഉത്തമഗീതം' എന്ന കവിതയുടെ വരികൾ ഓർമ്മ വരുന്നു-

'റെയിൽ പാതക്കും
സൂപ്പർ ഹൈവേക്കുമിടയിൽ കിതച്ചുനിൽക്കും വീടേ...
വധശിക്ഷക്ക് മുൻപുള്ള
അത്താഴം വിളമ്പി വെച്ചിട്ടുണ്ട്'

അതെ, സമയമായി കേരളത്തിൽ വീണ്ടുമൊരു കവിസമ്മേളനത്തിന്. അന്ന് കാടിനും കുരങ്ങനും നിശ്ശബ്ദമായ ഒരു താഴ്വരക്കും വേണ്ടി ആയിരുന്നു കവികൾ പാടിയത്. എന്നാലിന്ന് മലകൾക്കും പുഴകൾക്കും വയലുകൾക്കും നീർനിലങ്ങൾക്കും അവയുമായി ചേർന്നുജീവിക്കുന്ന മനുഷ്യർക്കും കൂടി ആണീ കവിയരങ്ങ്. വേഗതയല്ല ഇന്നത്തെ ആവശ്യം. എല്ലാവർക്കും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ ഉള്ള സാഹചര്യങ്ങളാണ്. സുസ്​ഥിരവും നീതിയുക്തവുമായ യഥാർഥ പുരോഗതി, കുടിവെള്ളം, ശുദ്ധവായു, സുരക്ഷിതമായ ഭക്ഷണം, സുസ്​ഥിരമായ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, യാത്രാസൗകര്യങ്ങൾ ഇവയൊക്കെയാണ് നമുക്കിന്ന് വികസനം ഉറപ്പു തരേണ്ടത്.

കവിഹൃദയങ്ങൾ മിടിക്കേണ്ടത് മനുഷ്യനന്മയും സുരക്ഷിതത്വവും ഉറപ്പു വരുത്തുവാൻ വേണ്ടിയായിരിക്കണം. അംബികാസുതൻ മാങ്ങാട് എഴുതിയ പോലെ കഥ ഹൃദയത്തിൽ നിന്നും പൊങ്ങി വരുന്നതാണ്. ഈ വിഷയത്തിൽ മൗനം ഭജിച്ചിരിക്കുന്നവർക്ക് ടി.പദ്മനാഭന്റെ ധീരമായ ഇടപെടൽ പ്രചോദനം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതെ, കേരളത്തിൽ ഒരു രണ്ടാം കവി സമ്മേളനത്തിന് സമയമായിരിക്കുന്നു- കേരളം രണ്ടായി പിളരുന്നതിനു മുമ്പ്...

(പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകയാണ് ലേഖിക. ട്രീ വാക്ക്-തിരുവനന്തപുരം എന്ന കൂട്ടായ്മയുടെ കോർഡിനേറ്റർ ആണ്)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:krail
News Summary - A poetic struggle is need in Kerala against K-Rail
Next Story