2024? പ്രതിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പ് എന്ന വലിയ ചോദ്യത്തിനുമുന്നിൽ
text_fieldsവര: വി. ആർ. രാഗേഷ്
ഫൈനലിലേക്ക് നീങ്ങാൻ ഊർജവും ആത്മവിശ്വാസവും സമാഹരിക്കേണ്ടിയിരുന്ന സെമിഫൈനലാണ് കഴിഞ്ഞത്. ഭരണവിരുദ്ധ വികാരങ്ങൾക്കുമേൽ വർഗീയ മേമ്പൊടി വിതറി സ്കോർ ചെയ്യാൻ ബി.ജെ.പിക്ക് ഒരിക്കൽക്കൂടി കഴിഞ്ഞു
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നപ്പോൾ പ്രതിപക്ഷം 2024 എന്ന വലിയ ചോദ്യത്തിനു മുന്നിലായി. മോദി പ്രതാപകാലത്ത് ശക്തമായ ബദൽ മുന്നേറ്റമുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. തെന്നിന്ത്യൻ കുളിര് പ്രതിപക്ഷത്തിന് നൽകുന്ന സമാശ്വാസത്തിനപ്പുറം, ഹിന്ദി ഹൃദയഭൂമിയിൽ കൂടുതൽ ഉയരത്തിൽ ബി.ജെ.പി കാവിക്കൊടി പാറിച്ചു.
ഫൈനലിലേക്ക് നീങ്ങാൻ ഊർജവും ആത്മവിശ്വാസവും സമാഹരിക്കേണ്ടിയിരുന്ന സെമിഫൈനലാണ് കഴിഞ്ഞത്. ഭരണവിരുദ്ധ വികാരങ്ങൾക്കുമേൽ വർഗീയ മേമ്പൊടി വിതറി സ്കോർ ചെയ്യാൻ ബി.ജെ.പിക്ക് വീണ്ടുമൊരിക്കൽക്കൂടി കഴിഞ്ഞു.
മോദി-അമിത് ഷാമാരുടെ ഉഗ്രശാസനത്തിനുകീഴിലുള്ള ബി.ജെ.പിയുടെ അധികാരവും പണക്കരുത്തും മാത്രമല്ല, കോൺഗ്രസിന്റെ തൊഴുത്തിൽകുത്തും പാർട്ടി സംവിധാനത്തിന്റെ പോരായ്മയും അതിന് ആക്കംകൂട്ടി. തെരഞ്ഞെടുപ്പു നടന്ന എല്ലാ സംസ്ഥാനങ്ങളിലും പൊതുവേ കോൺഗ്രസിന് അനുകൂലമായ നിന്ന സാഹചര്യങ്ങളാണ് ഇതിനിടയിൽ അട്ടിമറിഞ്ഞത്.
‘ഇൻഡ്യ’ പ്രസ്ഥാനം തുടക്കത്തിലെ ആവേശം ചോർന്ന്, നിയമസഭ തെരഞ്ഞെടുപ്പുകൾക്കുശേഷം ഊർജം സമാഹരിക്കാൻ കാത്തു നിൽക്കുകയായിരുന്നു. എന്നാൽ, ബി.ജെ.പിയോടുള്ള പോരാട്ടത്തിൽ രണ്ടു സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ട കോൺഗ്രസിനെ മുന്നിൽ നിർത്താൻ സമ്മതമല്ലാത്ത പ്രതിപക്ഷ പാർട്ടികളുടെ മനോഭാവം കൂട്ടായ്മയുടെ മുന്നോട്ടുപോക്കിൽ പ്രധാന ഘടകമാവും.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടുപ്പിച്ചില്ലെന്ന പരാതി പലർക്കും ഇപ്പോൾ തന്നെയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയെടുക്കേണ്ട സീറ്റുധാരണകളുടെ പ്രാഥമിക പരീക്ഷണമായി നിയമസഭ തെരഞ്ഞെടുപ്പിനെ കാണാൻ കോൺഗ്രസ് കൂട്ടാക്കിയിരുന്നുമില്ല.
ഇപ്പോഴത്തെ തോൽവികൊണ്ട് പ്രതിപക്ഷത്തിന്റെ വീര്യം ചോരണമെന്നില്ല. ഐക്യബോധം ശക്തിപ്പെടാനും അതു വഴിവെച്ചേക്കാം. ബി.ജെ.പിയെ അധികാരത്തിന് പുറത്താക്കിയേ മതിയാവൂ എന്ന ചിന്തയാണ് ഇൻഡ്യയെന്ന പൊതുവേദിയുടെ പിറവിക്ക് കാരണം.
സെമിഫൈനൽ തോൽവി ഈ ചിന്തക്ക് ആക്കം പകരാനും മതി. ഇൻഡ്യയിലെ രണ്ടു ഡസൻ പാർട്ടികളിൽ മറുകണ്ടം ചാടാനും പിന്നാക്കം പോകാനും സാധ്യതയുള്ളവർ വിരളം. പക്ഷേ, സീറ്റു ധാരണകളും മോദിക്കെതിരെ അവതരിപ്പിക്കേണ്ട നേതൃമുഖം, സീറ്റുധാരണ, നിലപാടുകൾ എന്നിവയുടെ കാര്യത്തിലുള്ള അവ്യക്തതകൾ വോട്ടർക്ക് സമ്മാനിക്കുന്നത് ആശയക്കുഴപ്പമാണ്.
ബി.ജെ.പി തൽക്കാലം അതിജീവിച്ചത് വലിയൊരു പ്രതിസന്ധിയാണ്. ബിഹാർ കൈവിട്ട് കർണാടകത്തിലും ഹിമാചൽ പ്രദേശിലും തോറ്റുനിൽക്കേ, മധ്യപ്രദേശ് നഷ്ടപ്പെടുന്നത് ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പു സാധ്യതകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയേനെ.
അവിടെ നാലാമൂഴം നേടുക മാത്രമല്ല, കോൺഗ്രസിൽനിന്ന് രാജസ്ഥാനും ഛത്തിസ്ഗഢും പിടിച്ചെടുക്കുക കൂടി ചെയ്തതോടെ കിട്ടിയത് ഒരു വെടിക്ക് മൂന്നുപക്ഷി. ഹിന്ദി മേഖല ബി.ജെ.പിയേക്കാൾ മോദിക്കൊപ്പമാണെന്ന് സെമിഫൈനൽ തെളിയിച്ചു. എന്നാൽ, വിവിധ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നു പോലും കൂടെയില്ലെന്ന അലട്ടൽ ബാക്കി.
അയോധ്യ പോലുള്ള കാവിയജണ്ടകൾ മധ്യപ്രദേശിൽ വ്യക്തമായ നേട്ടം ബി.ജെ.പിക്കു നൽകിയപ്പോൾ, ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളും സ്വന്തം സർക്കാറുകളുടെ ജനക്ഷേമ പ്രവർത്തനങ്ങളും പറഞ്ഞു ഫലിപ്പിച്ച് വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
എന്നു മാത്രമല്ല, മൃദുഹിന്ദുത്വം പരീക്ഷിക്കുകയുമായിരുന്നു കോൺഗ്രസ്. ഇപ്പോഴത്തെ ഫലം ബി.ജെ.പിയുടെ അജണ്ടകൾക്കും പ്രതിപക്ഷത്തിനു നേരെയുള്ള ആക്രമണോത്സുകതക്കും പുതിയ പ്രേരണകൾ നൽകുമെന്ന് കരുതുന്നവർ ഏറെ. നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുമായാണ് ശീതകാല പാർലമെന്റ് സമ്മേളനത്തിലേക്ക് ഭരണ-പ്രതിപക്ഷ പാർട്ടികൾ എത്തുന്നത്.
ബി.ജെ.പിയുടെ പുതിയ നീക്കങ്ങൾ പാർലമെന്റിൽ ദൃശ്യമാകും. മധ്യപ്രദേശിലെ പരീക്ഷണ വിജയത്തിന്റെ പിന്നാലെ, ലോക്സഭ തെരഞ്ഞെടുപ്പിൽ അയോധ്യ അടക്കമുള്ള അജണ്ടകൾ ശക്തമായ പ്രമേയമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

