Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസെവന്‍സിലെ താരജീവിതം

സെവന്‍സിലെ താരജീവിതം

text_fields
bookmark_border
സെവന്‍സിലെ താരജീവിതം
cancel

മലബാറില്‍ സെവന്‍സിന്‍െറ മറ്റൊരു സീസണ്‍കൂടി പുരോഗമിക്കുന്നു. കാല്‍പന്തുകളിയെ ഭ്രാന്തമായി പ്രണയിച്ച ഒരു ജനതക്ക് ആഘോഷരാവുകള്‍ തീര്‍ത്താണ് ഇവിടെ ഓരോ സെവന്‍സ് കാലവും കടന്നുപോകുന്നത്. കെട്ടിപ്പൊക്കിയ താല്‍ക്കാലിക ഗാലറികള്‍ വെള്ളിവെളിച്ചത്തില്‍ ഇളകിമറിയുന്നത് കാണണമെങ്കില്‍, സന്ധ്യമയങ്ങിയ ശേഷം മലബാറിന്‍െറ ഗ്രാമങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതിയാകും. അവിടെ, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും ജിംഖാന തൃശൂരും മെഡിഗാഡ് അരീക്കോടും അല്‍മദീന ചെര്‍പ്പുളശ്ശേരിയും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടും എഫ്.സി തൃക്കരിപ്പൂരുമൊക്കെയായി നാട്ടുകാരും മറുനാട്ടുകാരുമൊക്കെയടങ്ങുന്ന മലബാറിന്‍െറ വമ്പന്‍ ടീമുകള്‍ ഒരു ‘സോക്കര്‍ വാറി’നായി തയാറെടുത്തുനില്‍ക്കുന്നതു കാണാം. 
കാലം ചെല്ലുന്തോറും സെവന്‍സ് അതിന്‍േറതായ രീതിയില്‍ മുഖം മിനുക്കിക്കൊണ്ടിരിക്കുന്നു. അത്തരമൊരു മാറ്റമാണ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയങ്ങള്‍. കളിരൂപത്തിലും നിയമത്തിലുമൊക്കെയുണ്ട് ഈ മാറ്റം.  

സെവന്‍സ് ചരിതം
നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുണ്ട് സെവന്‍സിന്. പോരാട്ടത്തിന്‍െറയും അതിജീവനത്തിന്‍െറയുമെല്ലാം കഥകള്‍ പറയാനുണ്ട് ഇതിന്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും അധിനിവേശ ശക്തികളോട് പൊരുതിയാണ് ഫുട്ബാള്‍ പാരമ്പര്യം നിലനിര്‍ത്തിയത്. അവരുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പല ഏടുകളും ഫുട്ബാളുമായി ഇഴചേര്‍ന്നുനില്‍ക്കുന്നതായി കാണാം. ജര്‍മനിയില്‍ നാസി പട്ടാളക്കാരുമായുള്ള ഫുട്ബാള്‍ മത്സരത്തില്‍ വിജയിച്ചാണ് ഒരുപറ്റം യുവാക്കള്‍ തടവറയില്‍നിന്ന് മോചിതരായത്്. ഈ ചരിത്രസംഭവത്തെ ആസ്പദമാക്കി ജോണ്‍ ഹൂറ്റ്സണ്‍ ‘എസ്കേപ് ടു വിക്ടറി’ എന്ന ചലച്ചിത്രം നിര്‍മിച്ചപ്പോള്‍ അതില്‍ നായകനായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ പെലെയായിരുന്നു!  സമാനമായ കഥകള്‍ മലബാറിലെ കാല്‍പന്തുകളിക്കാര്‍ക്കും പറയാനുണ്ട്. കേരളത്തിന്‍െറ ബ്രസീല്‍ എന്നറിയപ്പെടുന്ന അരീക്കോട്ടെയും മലപ്പുറത്തെയും എം.എസ്.പി ക്യാമ്പുകളിലെ ബ്രിട്ടീഷ് പട്ടാളത്തോട് ബൂട്ടിടാതെ കളിച്ചുജയിച്ച് ‘സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചവരുടെ നാടാണിത്. എം.എസ്.പിയെ അട്ടിമറിച്ച ആ സംഭവം ആവേശത്തോടെ ഓര്‍ക്കുന്നവര്‍ ഇന്നും അരീക്കോടുണ്ട്. ഫുട്ബാള്‍ എന്ന മാന്ത്രിക കലക്കു മാത്രം ലോകത്ത് സാധ്യമാകുന്ന ഒന്നാണിത്. ഭൂമിശാസ്ത്രപരമായി നമ്മുടെ നാടിന്‍െറ പരിമിതിയെ അതിജീവിക്കുന്നുണ്ട് ഒരര്‍ഥത്തില്‍ ‘സെവന്‍സ്’. ആഗോള നിര്‍വചന പ്രകാരം ഫുട്ബാള്‍ മത്സരത്തില്‍ ഓരോ ടീമിലും 11 പേര്‍ വീതം വേണം. അതിനനുസരിച്ചുള്ള മൈതാനവും ആവശ്യമുണ്ട്. ഇതിനെ രണ്ടിനെയും മറികടക്കുന്നുണ്ട് സെവന്‍സ്. 11നെ ഏഴാക്കി ചുരുക്കി ഏത് പാടത്തും കളിക്കാവുന്ന ജനകീയ കായിക ഇനമാക്കി മലബാറുകാര്‍ അതിനെ പരിവര്‍ത്തനംചെയ്തു. 
സെവന്‍സിലേക്ക് പുതിയ ശീലങ്ങള്‍ കടന്നുവരുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായുള്ളത്്. അതിലൊന്നാണ് ‘മറുനാടന്‍’ താരങ്ങളുടെ സാന്നിധ്യം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എണ്ണംപറഞ്ഞ ഫുട്ബാള്‍ രാഷ്ട്രങ്ങളില്‍നിന്ന് നിരവധി താരങ്ങള്‍ വര്‍ഷംതോറും മലബാറിലത്തെുന്നുണ്ട്. ആദ്യമൊക്കെ സെവന്‍സിന്‍െറ കൗതുകക്കാഴ്ചയായിരുന്നു ഈ ‘സുഡാനി’കളെങ്കില്‍ (സെവന്‍സ് മൈതാനങ്ങളില്‍ ആഫ്രിക്കന്‍ കളിക്കാര്‍ പൊതുവില്‍ സുഡാനികള്‍ എന്നാണ് അറിയപ്പെടുന്നത്) ഇപ്പോള്‍ അവര്‍ ഓരോ ടീമിന്‍െറയും അവിഭാജ്യ ഘടകങ്ങളായിരിക്കുന്നു. കോഴിക്കോട്ടെ ഫോറിന്‍ സര്‍വിസ് ഓഫിസില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആഫ്രിക്കന്‍ കളിക്കാരുടെ എണ്ണം 200ലധികം വരും. ഐവറികോസ്റ്റ്, സുഡാന്‍, നൈജീരിയ, കാമറൂണ്‍, സെനഗാള്‍, ലൈബീരിയ, ഈജിപ്ത്, സിയറാ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഇവിടെയത്തെുന്നത്. ഈ രാജ്യങ്ങളിലെ മികച്ച ക്ളബുകള്‍ക്കായി ബൂട്ടണിയുന്നവരാണ് കേരളത്തിലത്തെുന്നവരില്‍ പലരും. കേരള സര്‍ക്കാറിന്‍െറപോലും ഒൗദ്യോഗിക അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത സെവന്‍സിന്‍െറ ആരവങ്ങളിലേക്ക് ഈ താരങ്ങളത്തെുന്നതിനു പിന്നില്‍ പലതുമുണ്ട്. ഒരു കരിയര്‍ എന്നതിനപ്പുറം പുതിയ ജീവിതത്തിനുള്ള ഭാഗ്യപരീക്ഷണമാണ് അവര്‍ക്കിത്. ആഫ്രിക്കയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയാണ് ഈ സെവന്‍സ് തൊഴിലാളികളെ ഇവിടെയത്തെിച്ചതെന്ന് ഇവരുടെ ജീവിതം നമ്മോട് പറയുന്നു. 

മറുനാടന്‍ സാന്നിധ്യം
മലപ്പുറം ജില്ലയിലെ വണ്ടൂരിലെ മഹാറാണി ലോഡ്ജിലാണ് സ്റ്റീവും കൂട്ടുകാരും താമസിക്കുന്നത്. ഐവറി കോസ്റ്റിന്‍െറ തലസ്ഥാനമായ യമൂസൂക്രോവില്‍നിന്നാണ് ഈ 19കാരന്‍ എത്തിയിരിക്കുന്നത്. സ്റ്റീവിനൊപ്പം ആ നാട്ടുകാരായ അബ്ദുല്ലയും ഫോര്‍ച്യൂണുമുണ്ട്. തൊട്ടടുത്ത മുറിയില്‍ കാമറൂണുകാരനായ ഫ്രാന്‍സിസാണ്. അതിനപ്പുറത്ത് സെനഗാളില്‍നിന്നുള്ള ശൈഖ് മുഹമ്മദും കൂട്ടുകാരും. മൊത്തം ഒമ്പതു പേരുണ്ട് ഇവിടെ. വണ്ടൂര്‍ സ്വദേശി മുഹമ്മദ് റാശിദാണ് ഇവരെ കേരളത്തിലത്തെിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി റാശിദ് സ്വന്തംനിലയില്‍ വിദേശ താരങ്ങളെ ഇവിടെയത്തെിക്കുന്ന ഏജന്‍റാണ്. വണ്ടൂരില്‍ മാത്രമല്ല പെരിന്തല്‍മണ്ണ, മലപ്പുറം, എടക്കര, അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട്, താമരശ്ശേരി, തൃശൂര്‍ തുടങ്ങി പലയിടത്തും ഇത്തരം ആഫ്രിക്കന്‍ ഹബുകളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സെവന്‍സിനെ സജീവമാക്കുന്നത് ഇവരാണെന്നു പറയാം. 
സ്റ്റീവിന്‍െറ മുറിയിലേക്ക് ചെല്ലുമ്പോള്‍, അവിടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനെക്കുറിച്ചാണ് സംസാരം. സെനഗാളിന്‍െറയും കാമറൂണിന്‍െറയും മുന്നേറ്റവും ഒന്നാം റൗണ്ടില്‍ ഐവറി കോസ്റ്റിനുണ്ടായ ഇടര്‍ച്ചയുമൊക്കെയാണ് തര്‍ക്കവിഷയം. മൂന്നു വര്‍ഷം മുമ്പാണ് കാല്‍പന്തുകളിയുടെ സൗഭാഗ്യം തേടി സ്റ്റീവും അബ്ദുല്ലയും  ഇന്ത്യയിലത്തെിയത്. മുംബൈയിലെ ഒരു സെക്കന്‍ഡ് ഡിവിഷന്‍ ക്ളബിലേക്കായിരുന്നു അത്. ഇന്ത്യയില്‍നിന്ന് ഐവറി കോസ്റ്റിലത്തെിയ ഒരു ഏജന്‍റാണ് ഇവര്‍ക്ക് ഇന്ത്യന്‍ ഫുട്ബാളിന്‍െറ കുഞ്ഞുസാധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. ആ സമയം സി.എഫ് എസ്പിയോര്‍ എന്ന സാമാന്യം നല്ല ഒരു ക്ളബില്‍ ഇരുവരും കളിക്കുന്നുണ്ട്. ഈ ക്ളബ് മാനേജ്മെന്‍റിന്‍െറ സഹായത്തോടെയാണ് സ്റ്റീവ് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം തുടര്‍ന്നിരുന്നത്. പക്ഷേ, 2012ല്‍ രാജ്യത്ത് തുടങ്ങിയ ആഭ്യന്തര കലഹവും സാമ്പത്തിക പരാധീനതകളുമൊക്കെയാണ് അവരെ അത്രതന്നെ സാധ്യതയില്ലാത്ത ഇന്ത്യന്‍ സോക്കര്‍മാര്‍ക്കറ്റിലത്തെിച്ചത്. മുംബൈയില്‍ ഇവര്‍ക്ക് മാസശമ്പളമായിരുന്നു. വിരസമായ ആ കളിക്കാലത്തിനിടെ എപ്പോഴോ ആണ് സ്റ്റീവ് മലബാറിലെ സെവന്‍സിനെക്കുറിച്ച് കേട്ടത്. സെവന്‍സ് നല്‍കുന്ന സാമ്പത്തികനേട്ടങ്ങള്‍ ഈ ചെറുപ്പക്കാരനെ ഇവിടേക്ക് ആകര്‍ഷിക്കുകയായിരുന്നു. കളിക്കൂട്ടുകാരനായ അബ്ദുല്ലയെയും കൂട്ടി മലബാറിലത്തെുമ്പോഴും സെവന്‍സ് എന്ന കളിയെക്കുറിച്ചും അതിന്‍െറ നിയമങ്ങളെക്കുറിച്ചും ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ, അതിജീവനത്തിനുള്ള പുതിയ സാധ്യത തുറന്നുവന്നപ്പോള്‍ ഒരു പരീക്ഷണത്തിനുള്ള ആത്മവിശ്വാസം പകര്‍ന്നു. ആദ്യ സീസണില്‍ സ്റ്റീവ് ബ്ളാക് ആന്‍ഡ് വൈറ്റ് കോഴിക്കോടിനുവേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഈ വര്‍ഷം തുടക്കത്തിലും ഈ ടീമിനൊപ്പം തുടര്‍ന്നു. ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ ഐവറി കോസ്റ്റില്‍നിന്നു തന്നെയുള്ള അഡബെയറും കിങ്സ്ലിയും കളിക്കുന്നുണ്ട്. പിന്നീട്, സ്റ്റീവ് അല്‍ മിന്‍ഹാന്‍ വളാഞ്ചേരിയുടെ മിന്നുംതാരമായി. അബ്ദുല്ലയും ഫോര്‍ച്യൂണും ഇപ്പോള്‍ കളിക്കുന്നത് എഫ്.സി തൃക്കരിപ്പൂരിനുവേണ്ടിയാണ്. ഈ ടീമിലാണ് ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ മുഹമ്മദ് റാഫി കളിക്കുന്നത്. 

സ്റ്റീവിന്‍െറ കഥ
യമൂസൂക്രോവില്‍ ഖനിത്തൊഴിലാളിയാണ് സ്റ്റീവിന്‍െറ പിതാവ്. ഐവറി കോസ്റ്റില്‍ റോബര്‍ട്ട് ഗുവെയുടെ നേതൃത്വത്തിലുള്ള പട്ടാള അട്ടിമറി നടന്ന വര്‍ഷത്തിലാണ് സ്റ്റീവിന്‍െറ ജനനം. ആ ഭീതിദമായ കാലത്തെപ്പറ്റി പിതാവു തന്നെയാണ് സ്റ്റീവിനെ പഠിപ്പിച്ചത്. തലസ്ഥാന നഗരിയില്‍ ജീവിച്ച ആ കുടുംബം പലഘട്ടത്തിലും മരണത്തെ നേരില്‍ കണ്ടു. പിന്നീട്, സ്റ്റീവിന്‍െറ സ്കൂള്‍ പഠനകാലത്താണ് ആ രാജ്യത്ത് വര്‍ഷങ്ങള്‍ നീണ്ട വംശീയകലാപമുണ്ടായത്. നൂറുകണക്കിനാളുകളുടെ മരണത്തില്‍ കലാശിച്ച കലാപത്തിന്‍െറ നടുക്കുന്ന പല കാഴ്ചകളും സ്റ്റീവിന്‍െറ ഓര്‍മയിലുണ്ട്. തുടര്‍ന്ന് 2011ലെ ആഭ്യന്തര കലാപവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവങ്ങളുമൊക്കെ ആ ജനതയെ ഏറെ പിന്നാക്കം നയിച്ചു. ഇതിനെയെല്ലാം അതിജീവിക്കാനും മറക്കാനുമുള്ള മനസ്സ് എവിടെനിന്നെന്നു ചോദിച്ചാല്‍, സ്റ്റീവ് അതിന് ‘ഫുട്ബാള്‍’ എന്ന് ഉത്തരം പറയും. രാജ്യത്തെ പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാന കച്ചിത്തുരുമ്പാണ് ഇവര്‍ക്ക് ഫുട്ബാള്‍. അവരുടെ സോക്കര്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ തന്നെയാണ് അവര്‍ക്ക് ഇക്കാര്യത്തില്‍ മാതൃക. യൂറോപ്യന്‍ ക്ളബുകളാണ് ഈ നാട്ടുകാരുടെ ലക്ഷ്യം. യൂറോപ്പില്‍നിന്നുള്ള ഫുട്ബാള്‍ ഏജന്‍റുമാര്‍ ഇവിടത്തെ ഫുട്ബാള്‍ അക്കാദമികളിലേക്ക് വരാറുണ്ട്. ഏജന്‍റുമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയാല്‍ രക്ഷപ്പെട്ടു. പക്ഷേ, ഭാഗ്യക്കേടുകൊണ്ടു മാത്രം യൂറോപ്പിന്‍െറ സൗഭാഗ്യം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ് സ്റ്റീവും അബ്ദുല്ലയും ഫോര്‍ച്യൂണുമൊക്കെയുള്ളത്. അങ്ങനെയാണ് ഫുട്ബാളിന്‍െറ മൂന്നാംലോക രാജ്യങ്ങളിലേക്ക് ഇവര്‍ എത്തിപ്പെട്ടത്. 
യൂറോപ്പിലത്തൊനായില്ളെങ്കിലും ഇപ്പോള്‍ പൂര്‍ണസംതൃപ്തനാണെന്ന് സ്റ്റീവ് പറയുന്നു. സെവന്‍സിലൂടെ നല്ല വരുമാനം ലഭിക്കുന്നുണ്ട്്. ഒരു കളിക്ക് ചുരുങ്ങിയത് 3500 മുതല്‍ 4000 രൂപ വരെ ലഭിക്കും. ഒരു മാസത്തില്‍ 25 കളികളെങ്കിലും ഉണ്ടാകും. ഐവറികോസ്റ്റിനെക്കാള്‍ പത്തിരട്ടി മൂല്യമുണ്ട് ഇന്ത്യന്‍ കറന്‍സിക്കെന്ന് ഓര്‍ക്കുക. കഴിഞ്ഞ നവംബറിലാണ് കേരളത്തിലത്തെിയത്. മേയില്‍ തിരിച്ചുപോകുന്നതുവരെ മലബാറില്‍ സെവന്‍സ് സജീവമായിരിക്കും. മടങ്ങിയത്തെിയാല്‍ പഠനവും തുടരാം. അഞ്ചു വര്‍ഷമായി കേരളത്തില്‍ കളിക്കുന്ന ലൈബീരിയയില്‍നിന്നുള്ള ഫ്രാന്‍സിസും ഫ്രാന്‍സിസ് ജൂനിയറും ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളാണ്. ഫിഫ മഞ്ചേരിയാണ് ഇവരുടെ ടീം. ലൈബീരിയയില്‍നിന്നുതന്നെയുള്ള മറ്റൊരു വിലപിടിപ്പുള്ള കളിക്കാരന്‍ ചെര്‍പ്പുളശ്ശേരിയുടെ ഡി മരിയയാണ്. 
സ്റ്റീവിന്‍െറ സന്തോഷങ്ങള്‍ക്ക് വേറെയുമുണ്ട് കാരണങ്ങള്‍. അത് ഈ നാട്ടിലെ സോക്കര്‍ സംസ്കാരത്തിന്‍െറ മനോഹര കാഴ്ചയാണ്. ലോകകപ്പ് വേദികളില്‍ സാന്നിധ്യമറിയിച്ച രാഷ്ട്രമായിട്ടും ഐവറികോസ്റ്റില്‍ ഫുട്ബാള്‍ ഇത്രമേല്‍ ജനകീയമല്ളെന്നാണ് സ്റ്റീവിന്‍െറ അഭിപ്രായം. ഒരു ജനകീയ വിനോദമെന്ന നിലയില്‍ വളരാനുള്ള രാഷ്ട്രീയ, സാമ്പത്തിക സൗകര്യങ്ങള്‍ അവിടെ ഇല്ളെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ചിരിച്ചും കളിച്ചും റോഡിലൂടെ ആളുകള്‍ പോകുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നുക. തന്‍െറ രാജ്യത്തിന്‍െറ നഷ്ടസൗഭാഗ്യങ്ങളാണിതൊക്കെ. കളിക്കളത്തിലെ ആരവങ്ങള്‍ക്കിടയില്‍ സര്‍വ ദു$ഖങ്ങളും മറന്നുപോകും. മുംബൈയില്‍നിന്ന് പോരുമ്പോള്‍ സെവന്‍സിനെ സൂക്ഷിക്കണമെന്നാണ് അവിടെനിന്ന് കിട്ടിയ ഉപദേശം. പരുക്കന്‍ കളിയാണ് സെവന്‍സിന്‍േറത്. സ്വന്തം ശരീരം ശ്രദ്ധിച്ച് കളിക്കണമെന്ന ഈ നിര്‍ദേശത്തില്‍ കഴമ്പുണ്ടെങ്കിലും ഇപ്പോള്‍ അതിനെ മറികടക്കാന്‍ പഠിച്ചു. കാസര്‍കോട് മുതല്‍ മൂവാറ്റുപുഴ വരെയുള്ള നിരവധി മൈതാനങ്ങളില്‍ ഇതിനകം പന്തുതട്ടിക്കഴിഞ്ഞു. ഇനിയുള്ള മൂന്നു മാസവും ഈ സോക്കര്‍ കള്‍ചറിന്‍െറ ഫ്രീ സോണില്‍ നിലയുറപ്പിക്കണം. കഴിയുമെങ്കില്‍ അടുത്ത വര്‍ഷവും സെവന്‍സിന്‍െറ ഭാഗമാകണമെന്ന ആഗ്രഹവും സ്റ്റീവ് മറച്ചുവെക്കുന്നില്ല. ഇതിനിടയില്‍ കേരള ഭക്ഷണ വിഭവങ്ങളും സ്റ്റീവിനെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. 
സ്റ്റീവ് പറഞ്ഞുനിര്‍ത്തിയപ്പോള്‍, ഫോര്‍ച്യൂണ്‍ കയറി ഇടപെട്ടു. ഈ ജീവിതകഥയില്‍ സ്റ്റീവ് എന്ന പേര് മാറ്റിയാല്‍ അത് തങ്ങളുടേതുമാകും. സ്റ്റീവും ഫോര്‍ച്യൂണും പത്തു വര്‍ഷമായി ഒരുമിച്ചാണ് കളിക്കുന്നത്. ഇപ്പോള്‍ മാത്രമാണ് അവര്‍ രണ്ട് ക്ളബുകളിലായത്. ഉച്ചയോടെ ടീം മാനേജര്‍മാര്‍ അവരെ കൊണ്ടുപോകും. മടങ്ങിയത്തെുക പലപ്പോഴും അര്‍ധരാത്രി കഴിഞ്ഞായിരിക്കും. കാമറൂണില്‍നിന്നുള്ള ഫ്രാന്‍സിസിനും സമാനമായ ജീവിതാനുഭവങ്ങള്‍ തന്നെയാണുള്ളത്. അവിടെ മൗണ്ട് കാമറൂണ്‍ എഫ്.സിയുടെയും മാനയൂ സോക്കര്‍ ക്ളബിന്‍െറയും മിന്നുംതാരമായിരുന്നു ഫ്രാന്‍സിസ്. സെവന്‍സില്‍ ഫ്രന്‍ഡ്സ് മമ്പാടിനുവേണ്ടിയാണ് ജഴ്സി അണിയുന്നത്. സെവന്‍സ് സീസണ്‍ കഴിഞ്ഞാല്‍ സീ ഷെല്‍സ് എന്ന ആഫ്രിക്കന്‍ ദ്വീപുരാഷ്ട്രമാണ് ഫ്രാന്‍സിസിന്‍െറ ലക്ഷ്യം. അവിടെയുള്ള ഒരു പ്രമുഖ ക്ളബുമായി അദ്ദേഹം കരാറില്‍ ഒപ്പിട്ടശേഷമാണ് കേരളത്തിലത്തെിയിരിക്കുന്നത്. 
   
സെവന്‍സിന്‍െറ ഈ താരങ്ങളെ കൊണ്ടുനടക്കല്‍  അത്ര എളുപ്പമല്ളെന്നാണ് റാശിദ് പറയുന്നത്. ഇവരുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ഒരു കളിക്കാരനെ കേരളത്തിലത്തെിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ ചെലവുവരും. ഇറക്കുമതി ചെയ്ത താരങ്ങളുടെ പ്രകടനം മോശമായാല്‍ വലിയ നഷ്ടംതന്നെ സംഭവിക്കാം. ഇതിനിടെ വല്ല പരിക്കും സംഭവിച്ചാല്‍ പിന്നെയും പ്രശ്നമാകും. മൂന്നു വര്‍ഷമായി ഈ രംഗത്തുള്ള റാശിദ് ഈ പ്രഫഷന്‍ തെരഞ്ഞെടുക്കാനുള്ള കാരണവും ഫുട്ബാള്‍ ഭ്രാന്ത് തന്നെ. 1960കള്‍ മുതല്‍ തന്നെ മലബാറില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കാറുണ്ടെങ്കിലും അതിന് വ്യവസ്ഥാപിതമായ ഒരു രീതിയോ അവയെ ഏകോപിപ്പിക്കാന്‍ ഏതെങ്കിലുമൊരു സമിതിയോ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ അങ്ങനെയല്ല. ഓള്‍ കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ എന്നപേരില്‍ ഒരു സംഘടന ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനയാണ് കേരളത്തില്‍ നടക്കുന്ന മത്സരങ്ങളെ നിയന്ത്രിക്കുന്നത്. ഈ വര്‍ഷം ഏകദേശം 70ഓളം ടൂര്‍ണമെന്‍റുകളാണ് ഉദ്ദേശിക്കുന്നത്. അസോസിയേഷന്‍െറ പ്രവര്‍ത്തനം സെവന്‍സിന്‍െറ ഗുണനിലവാരം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനുമപ്പുറം ടൂര്‍ണമെന്‍റുകളുടെ ലാഭവിഹിതം പോകുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞയാഴ്ച വണ്ടൂരില്‍ സമാപിച്ച ടൂര്‍ണമെന്‍റിന്‍െറ മുഴുവന്‍ ലാഭവും അശരണരായ രോഗികള്‍ക്കുവേണ്ടിയാണ് സംഘാടകര്‍ നീക്കിവെച്ചത്. അങ്ങനെ പുതിയ ജീവിതം തേടിവന്ന ആഫ്രിക്കന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ഈ നാട്ടിലെ പാവങ്ങള്‍ക്കും സാന്ത്വനമാകുന്ന മനോഹര കാഴ്ചയായി സെവന്‍സ് മാറുന്നു.             •
 

Show Full Article
TAGS:sevens football 
Next Story