Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightടാറ്റാ Vs മിസ്ട്രി: ...

ടാറ്റാ Vs മിസ്ട്രി: കൊടുത്തു വാങ്ങിയ പണി

text_fields
bookmark_border
ടാറ്റാ Vs മിസ്ട്രി:  കൊടുത്തു വാങ്ങിയ പണി
cancel

ഉപ്പു തൊട്ട് ഉരുക്കു വരെ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്‍െറ തലപ്പത്തുനിന്ന് നാലുവര്‍ഷം മുമ്പ് 75ാം വയസില്‍ യുവരക്തത്തിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി പടിയിറങ്ങുമ്പോള്‍ രത്തന്‍ ടാറ്റയെന്ന വ്യവസായലോകത്തെ അഗ്രഗണ്യന്‍ വിചാരിച്ചുകാണില്ല ഒരിക്കല്‍ കൂടി അതേ കസേരയിലേക്ക് മടങ്ങേണ്ടിവരുമെന്ന്. ടാറ്റാ ഗ്രൂപ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വീകരിച്ചാനയിച്ചുകൊണ്ടുവന്ന സൈറസ് മിസ്ട്രിയെന്ന മാനസപുത്രനെ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞ് വ്യവസായ സാമ്രാജ്യത്തില്‍ തന്‍െറ അധികാരം അരക്കിട്ട് ഉറപ്പിക്കാന്‍ രത്തന്‍ ടാറ്റ തയാറായതിന്‍െറ കാരണം കമ്പനി പുറത്തുവിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ടാറ്റാ സണ്‍സിന്‍െറ  തീരുമാനം. എന്നാല്‍, കാല്‍ ചുവട്ടിലെ മണ്ണ് ഒഴുകിപോവുന്നത് തിരിച്ചറിഞ്ഞു തുടങ്ങിയതു മുതല്‍ ടാറ്റ കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. 
രണ്ടുവര്‍ഷം മുമ്പ് നടന്ന ഷപൂര്‍ജി പല്ളോന്‍ജി ശതാബ്ദി ആഘോഷങ്ങള്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്സില്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തെ സകല പ്രമുഖരുമുണ്ടായിരിക്കെ രത്തന്‍ ടാറ്റയെ മാത്രം കാണാനുണ്ടായിരുന്നില്ല. സൈറസിന്‍െറ ഒരു ബന്ധുവിനൊപ്പം തായ് പവലിയനില്‍ ഭക്ഷണം കഴിക്കുകയായിരുന്നു ആ സമയത്ത് അദ്ദേഹം. അന്നേ ഇരുവരും തമ്മിലുളള അകലം തുടങ്ങിയിരിക്കാമെന്നാണ് ഇന്ന് വ്യവസായ ലോകത്തെ പിന്നാമ്പുറ കഥകള്‍.
മാസങ്ങള്‍ക്കുമുമ്പേ സൈറസിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ് 26നാണ് പിരമാള്‍ എന്‍റര്‍പ്രൈസസ് ചെയര്‍മാന്‍ അജയ് പിരമാള്‍, ടി.വി.എസ് മോട്ടോഴ്സ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് വികസിപ്പിച്ചത്. മിസ്ട്രി അധ്യക്ഷനായ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റിന്‍െറ പിടിമുറക്കലായിരുന്നു ഇതിലൂടെ രത്തന്‍ ടാറ്റ നടത്തിയത്. ഇവരുടെ നിയമനം മിസ്ട്രിയോട് ആലോചിക്കുകപോലും ചെയ്തിരുന്നില്ളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒമ്പതംഗ ബോര്‍ഡില്‍ സൈറസ് മിസ്ട്രിയെ നീക്കുന്ന വിഷയം വോട്ടിനിട്ടപ്പോള്‍ ആറുപേരാണ് പുറത്താക്കുന്നതിനെ അനുകൂലിച്ചത്. രണ്ടുപേരാണ് വിട്ടുനിന്നത്്. മിസ്ത്രി വോട്ടുചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇത് അന്നേ ടാറ്റ മാനത്തു കണ്ടെന്നു വ്യക്തം. 
ടാറ്റയുടെ നിയന്ത്രണത്തിലുള്ള രണ്ടു ട്രസ്റ്റുകള്‍ കഴിഞ്ഞ മേയില്‍ ടാറ്റാ സണ്‍സില്‍നിന്ന് 4000 കോടിയോളം രൂപ അപ്രതീക്ഷിതമായി പിന്‍വലിച്ചതും ഇതിന്‍െറ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ജംഷെഡ്ജി ടാറ്റ ട്രസ്റ്റും നവജ്ഭായ് രത്തന്‍ ടാറ്റ ട്രസ്റ്റും 3951 കോടിയുടെ മുന്‍ഗണനാ ഓഹരികളാണ് മേയില്‍ പിന്‍വലിച്ചത്. 
ടാറ്റാകുടുംബത്തിനു വെളിയില്‍നിന്ന് ഗ്രൂപ്പിന്‍െറ തലപ്പത്തത്തെുന്ന രണ്ടാമനാണ് സൈറസ് മസ്ട്രി. അടിസ്ഥാനപരമായി തന്നെ രത്തന്‍ ടാറ്റയുമായി നിലപാടുകളില്‍ വ്യത്യാസമുള്ളയാളായിരുന്നു ഐറിഷ് പൗരത്വവുമുള്ള അദ്ദേഹം. ഗ്രൂപ് പിന്തുടര്‍ന്നു വന്നിരുന്ന ധാര്‍മികത, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയിലെല്ലാമുള്ള വ്യത്യാസം പ്രകടമായതുമുതല്‍ മിസ്ട്രി ടാറ്റ കുടുംബത്തിന് അനഭിമതനായി എന്നാണ് സൂചന. ടാറ്റാ ട്രസ്റ്റിന്‍െറയും ടാറ്റാ സണ്‍സിന്‍െറയും ചെയര്‍മാന്‍മാര്‍ രണ്ടുപേരായതും അഭിപ്രായ വിത്യാസങ്ങള്‍ക്ക് വഴിവെച്ചു. ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയുടെ വിദേശത്തെ പല ആസ്തികളും വിറ്റഴിക്കാനുള്ളതുള്‍പ്പെടെ മിസ്ട്രിയുടെ പല തീരുമാനങ്ങളും ടാറ്റാ ട്രസ്റ്റിന്‍െറ താല്‍പര്യവുമായി യോജിക്കുന്നതായിരുന്നില്ല. യു.കെയിലെ ഉരുക്കു വ്യവസായം അടച്ചു പൂട്ടാനുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. ഇത് യു.കെയില്‍ വ്യാപക വിമര്‍ശത്തിന് വഴിവെച്ചിരുന്നു. നഷ്ടമുണ്ടാക്കുന്ന വ്യവസായങ്ങള്‍ അടച്ചു പൂട്ടുന്നതിനേക്കാള്‍ മാറ്റം വരുത്തി നിലനിര്‍ത്തുന്നതിലായിരുന്നു ടാറ്റക്ക് താല്‍പര്യം. നിക്ഷേപകരെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകുന്നതിലും മിസ്ട്രി പരാജയമായിരുന്നുവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. വ്യാപാര പങ്കാളികളോടും ടാറ്റയില്‍നിന്ന് വ്യത്യസ്തമായി കഠിന നിലപാടുകളായിരുന്നു മിസ്ട്രി പുലര്‍ത്തിയിരുന്നത്. ടെലികോം സംരഭമായ ടാറ്റാ ഡോകോമോയില്‍നിന്ന് ജപ്പാനില്‍നിന്നുള്ള പങ്കാളികളായ ഡോകോമോ പിന്‍വാങ്ങിയപ്പോള്‍ അവരുടെ ഓഹരി ഏറ്റെടുക്കുന്നതിലുണ്ടായ വീഴ്ചയും ടാറ്റയുടെ അതൃപ്തിക്കിടയാക്കി. ഡോകോമോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന ടാറ്റയുടെ വാക്ക് ലംഘിക്കപ്പെട്ടതിന് പുറമേ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയില്‍നിന്ന് 120 കോടിയുടെ നഷ്ടപരിഹാര വിധിയും ഉണ്ടായി. എന്നാല്‍ ഇതിനെയും എതിര്‍ക്കുകയായിരുന്നു മിസ്ട്രി. ജപ്പാന്‍ അംബാസിഡറെ കണ്ട് നയതന്ത്ര ചര്‍ച്ചക്ക് ടാറ്റ മുന്‍കൈയെടുത്തെങ്കിലും മിസ്ട്രി കര്‍ശന നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ഇന്ത്യന്‍ ഹോട്ടല്‍സ് മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബ്രിക്സണെ മാറ്റിയതും പകരക്കാരനായി കൊണ്ടുവന്ന രാകേഷ് സര്‍ണക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മിസ്ട്രി അയാളെ സംരക്ഷിച്ചു നിര്‍ത്തിയതും അപ്രീതിക്ക് കാരണമായി. സമാന്തര അധികാര കേന്ദ്രമായ ഗ്രൂപ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ കൂടി മിസ്ട്രി കൊണ്ടുവന്നത് ഗ്രൂപ്പിനെ തന്നെ വിഴുങ്ങാനുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഇതും ടാറ്റാ ട്രസ്റ്റിനെ അലോസരപ്പെടുത്തിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പുറത്തുവിടാതെ ബ്രാന്‍ഡ് മൂല്യം പിടിച്ചു നിര്‍ത്തുന്നതിലാണ് ടാറ്റ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
അതേസമയം തന്നെ പുറത്താക്കിയ നടപടി നിയവിരുദ്ധമാണെന്നാണ് മിസ്ട്രിയുടെ നിലപാട്. തിങ്കളാഴ്ചയിലെ ബോര്‍ഡ് മീറ്റിങ്ങിന്‍െറ അജണ്ടയില്‍ ഇക്കാര്യമില്ലായിരുന്നു. മറ്റു വിഷയങ്ങള്‍ എന്നതില്‍പെടുത്തിയാണ് ചര്‍ച്ചക്കെടുത്തത്. 15 ദിവസത്തെ നോട്ടീസ് എന്ന മര്യാദ പോലും കാട്ടിയില്ളെന്നും അദ്ദേഹം പറയുന്നു. ഇക്കാരണത്താല്‍തന്നെ അദ്ദേഹം കോടതിയെ സമീപിച്ചേക്കുമെന്ന ഭീതിയില്‍ ടാറ്റാ ഗ്രൂപ് തടസ്സ ഹരജിയുമോയി കോടതിയെ സമീപക്കുകയും ചെയ്തു. എന്നാല്‍ നിയമ നടപടിക്കില്ളെന്നാണ് അദ്ദേഹം പറഞ്ഞത്. 
നിയമ നടപടിയുണ്ടായില്ളെങ്കിലും കാര്യങ്ങള്‍ ഇനി അത്ര സുഗമമാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം സൈറസ് മിസ്ട്രിയും ആളത്ര മോശക്കാരനല്ല. 2006 മുതല്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേഹം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തായെങ്കിലും അദ്ദേഹം ബോര്‍ഡംഗമായി തുടരും. അതിലുപരി ടാറ്റക്കു പുറത്ത് ഗ്രൂപ്പിന്‍െറ ഏറ്റവും വലിയ ഓഹരിയുടമയായ ഷാപൂര്‍ജി പല്ളോജി ഗ്രൂപ് ഉടമ പല്ളോന്‍ജി മിസട്രിയുടെ ഇളയ മകന്‍ കൂടിയാണ് അദ്ദേഹം. ടാറ്റ ഗ്രൂപ്പിന്‍െറ 18.5 ശതമാനം ഓഹരി ഇവര്‍ക്ക് സ്വന്തമാണ്. 66 ശതമാനം ഓഹരി ടാറ്റ സണ്‍സ് ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണെങ്കില്‍ 18.5 ശതമാനം ഒറ്റക്ക് കൈകാര്യം ചെയ്യുന്നയാളാണ് പല്ളോന്‍ജി മിസ്ട്രി. പല്ളോന്‍ജി മിസട്രിയുടെ പിതാവിന്‍െറ കാലം മുതല്‍ ടാറ്റയുടെ ഭാഗവുമാണ്. ഇതിനു പുറമേ ടാറ്റ കുടുംബവുമായും ബന്ധപ്പെട്ടയാളാണ് സൈറസ് മിസ്ട്രി. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയുടെ ഭാര്യാ സഹോദരന്‍ കൂടിയാണ് സൈറസ്. ട്രസ്റ്റിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ ഇനി സൈറസ് എങ്ങനെ ഉപയോഗപ്പെടുത്തും എന്നതാണ് കാണാനുള്ളത്. എന്നാല്‍, എന്തും നേരിടാനുറച്ചാണ് ടാറ്റ കുടുംബം. മിസ്ട്രിക്ക് മുമ്പേ കോടതിയിലത്തെിയതിലൂടെ തന്നെ ഇക്കാര്യം സംശയലേശമെന്യേ പ്രഖ്യാപിക്കുക കൂടിയാണ് ടാറ്റ ചെയ്തത്. 

Show Full Article
TAGS:tata Mistry 
News Summary - -
Next Story