Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതമിഴ്‌നാട്: ഭരണയന്ത്രം...

തമിഴ്‌നാട്: ഭരണയന്ത്രം ഐ.സി.യുവില്‍

text_fields
bookmark_border
തമിഴ്‌നാട്: ഭരണയന്ത്രം ഐ.സി.യുവില്‍
cancel

ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായതോടെ തമിഴ്‌നാട്ടിലെ ഭരണയന്ത്രം നിശ്ചലമായിരിക്കുകയാണ്. നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ നാഥനില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജയക്കുപകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്ന കാര്യം ആലോചിക്കാൻ കൂടികഴിയാത്ത നിലയിലാണ് ഭരണകഷിയായ എ.ഐ.എ.ഡി.എം.കെ. രോഗാവസ്ഥകൊണ്ടുള്ള 'അമ്മ'യുടെ അസാന്നിധ്യത്തിലും ഭരണം മുന്നോട്ടുപോകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. കോടതിവിധികാരണം മുമ്പ് രണ്ട് തവണ മുഖ്യമന്ത്രി കസേര ഒഴിയേണ്ടിവന്നപ്പോഴും തന്റെവിശ്വസ്തവിധേയനായ ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുകയായിരുന്നു ജയലളിത. എന്നാല്‍ അപ്പോഴെല്ലാം ഭരണം യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചിരുന്നത് പോയസ്ഗാര്‍ഡനില്‍ നിന്നായാലും ജയിലില്‍ നിന്നായാലും ജയ തന്നെയായിരുന്നു. ജയലളിതയുടെ ആജ്ഞകള്‍ നടപ്പാക്കാനുള്ള ഒരു ഉപകരണം പോലെയായിരുന്നു പനീര്‍ശെല്‍വം. എന്നാല്‍ ഇന്ന് ആജ്ഞകള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജയ. അത്തരം ഒരു സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കിയാല്‍ അയാൾ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങും. ഏറെ നാളുകള്‍ ആ നില തുടര്‍ന്നാല്‍ പുതിയ മുഖ്യമന്ത്രി സ്വയം ഒരു അധികാര കേന്ദ്രമായിമാറും. തേനീച്ചക്കൂട്ടിലെ റാണിയെപ്പോലെ പാര്‍ട്ടി എന്ന ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചും നിയന്ത്രിച്ചും നിര്‍ത്തുകയായിരുന്നു ജയയുടെ പ്രവര്‍ത്തന ശൈലി. ആ ഘടന തകരുന്നത് പാര്‍ട്ടിയെ ശിഥിലമാക്കിയേക്കും.


പനീര്‍ശെല്‍വമടക്കം പാര്‍ട്ടിയില്‍ ആരേയും ജയലളിത ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല. ശശികലയും ഏതാനും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു അനുചരവൃന്ദത്തിലാണ് ജയ അല്‍പമെങ്കിലും വിശ്വാസമര്‍പ്പിച്ചുപോന്നത്. പാര്‍ട്ടിയിലും ഭരണത്തിലും ഉന്നത സ്ഥാനങ്ങളിലുള്ളവരെ ഇടക്കിടെ സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുക എന്നത് ജയയുടെ ഒരു തന്ത്രമായിരുന്നു. ഇത് പാര്‍ട്ടിയില്‍ ഉടനീളം ഒരു ഭീതിവലയം സൃഷ്ടിച്ചു. ജയയുടെ പ്രീതിയില്ലാതെ ആര്‍ക്കും ഒരു സ്ഥാനത്തും തുടരാനാകാത്ത അവസ്ഥ സൃഷ്ടിച്ച ഈ ഭീതിയായിരുന്നു ഇതുവരെ പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്തിപ്പോന്നത്. ജയയുടെ അസാന്നിധ്യത്തില്‍ ഈ ഭീതിക്ക് ഇടിവുതട്ടിയാല്‍ പാര്‍ട്ടിയില്‍ കലാപസ്വരങ്ങളുയരും. നിയമസഭയിലെ അംഗസംഖ്യ കണക്കിലെടുത്താല്‍ 17 അംഗങ്ങള്‍ ചുവടുമാറിയാല്‍ ഭരണ പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി എം.കെ അധികാരത്തിൽ തിരിച്ചുവന്നത് ജയയുടെ ജനപ്രീതിയെക്കാളേറെ അവരുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ കൊണ്ടാണ്. ഇടതുകക്ഷികളേയും വിജയകാന്തിന്‍റെ ഡി.എം.ഡി.കെ, വൈകോയുടെ എം.ഡി.എം.കെ, ഡോ: രാമദാസിന്റെ പി.എം.കെ തുടങ്ങിയ കക്ഷികളേയും ഡി.എം.കെ മുന്നണിയില്‍ നിന്ന് അകറ്റുന്നതില്‍ ജയ വിജയിച്ചു.

അവസാന നിമിഷംവരെ ജി കെവാസന്റെ ടി.എം.സിയെ മോഹിപ്പിച്ചുനിര്‍ത്തി ഒടുവില്‍ തള്ളിപ്പറഞ്ഞതും വാസന്‍ ഡി. എം.കെയോട് അടുക്കാതിരിക്കാനായിരുന്നു. എല്ലാ ജയാവിരുദ്ധരേയും ഒന്നിപ്പിക്കാന്‍ കരുണാനിധിക്ക് സാധിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വ്യത്യസ്തമാകുമായിരുന്നു. ജയയുടെ അസാന്നിധ്യം ഡി.എം.കെക്ക് പുതിയ കരുത്ത് നല്‍കുമെന്ന് പറയേണ്ടതില്ലല്ലോ.

അവസരം വന്നാൽ ജയയുടെ ഏകശാസനത്തിനെതിരെ പാര്‍ട്ടിയില്‍ ശബ്ദമുയരാനുള്ള സാധ്യതയാണ് പാര്‍ട്ടി രാജ്യസഭാ എം.പിയായ ശശികല പുഷ്പയെ ജയ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും അവർ എം.പി സ്ഥാനം രാജിവെക്കാന്‍ തയാറാകാതിരുന്ന സംഭവം സൂചിപ്പിക്കുന്നത്. ജയക്കുപകരം മറ്റൊരു മുഖ്യമന്ത്രി വന്നാല്‍ രണ്ട് സാധ്യകൾ ഉണ്ടാകാം. ഒന്ന് പുതിയ മുഖ്യന്‍ സ്വന്തം സ്ഥാനം ഉറപ്പാക്കാനായി പാര്‍ട്ടിയില്‍ എല്ലാവരേയും ഭീതിയുടെ അന്തരീക്ഷത്തില്‍ നിര്‍ത്തുക എന്ന ജയയുടെ തന്ത്രം തന്നെ പയറ്റാം. അതല്ലെങ്കിൽ ശശികലയും കൂട്ടരും പുതിയ മുഖ്യമന്ത്രിയെ അടക്കം ഇത്തരമൊരു ഭീതിയുടെ പുകമറയില്‍നിര്‍ത്തി ഭരണം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകാം. എന്നാൽ ജയയുടെ വ്യക്തിത്വമോ ആജ്ഞാശക്തിയോ പ്രശ്‌നങ്ങളില്‍ തല്‍ക്ഷണം തീരുമാനമെടുക്കാനുള്ള കഴിവോ ഇവര്‍ക്കാര്‍ക്കുമില്ലാത്തതിനാല്‍ അധികകാലം ഈ നിലയില്‍ ഭരണം തുടരാനാവില്ല. അതിന്റെ ഫലം പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലുള്ളവർ സ്വയം മാടമ്പികളായിത്തീരാനുള്ള സാധ്യതയാണ്. കോടതി ഇടപെട്ട് ഇപ്പോള്‍ മാറ്റിവെച്ചിട്ടുള്ള സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാൽ അണികളിലേക്കും ഈ അച്ചടക്കരാഹിത്യം വ്യാപിക്കും.

ഡി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി അടക്കമുള്ള കക്ഷികളൊന്നും സജീവ രാഷ്ട്രീയത്തിലെ ജയയുടെ അസാന്നിധ്യം മുതലെടുത്തു കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനും ഇപ്പോള്‍ ശ്രമിക്കുകയില്ല. ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം കോണ്‍ഗ്രസ്‌ വൈസ് പ്രസിഡണ്ട്‌ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയും അതാണ്‌ വ്യക്തമാക്കുന്നത്. കാരണം എ.ഐ.എ.ഡി എം.കെ അണികള്‍ക്ക് മാത്രമല്ല ജയയുടെ ജനക്ഷേമ നടപടികളുടെ ഗുണഭോക്താക്കളായ സാധാരണക്കാര്‍ക്കും ജയയുടെ രോഗാവസ്ഥ ഒരുവൈകാരിക പ്രശ്‌നമാണ്. അതിനാല്‍ നേതൃത്വം സംബന്ധിച്ച എ .ഐ.എ.ഡി.എം.കെയിലെ ആശയക്കുഴപ്പങ്ങളെ പ്രതിപക്ഷം 'അനുഭാവപൂര്‍വം' നോക്കി നില്‍ക്കുകയേയുള്ളു.

ജയക്ക് പകരം മറ്റൊരു നേതാവിനെ കണ്ടെത്താന്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ എന്ന്‌വിലയിരുത്തേണ്ടത് ഗവര്‍ണര്‍ ആണ്. ജയലളിതയുടെ ആശുപത്രി വാസം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന വിലയിരുത്തലില്‍ ഗവര്‍ണർ എത്തിയാല്‍ എ.ഐ.എ.ഡിം.കെക്ക് പുതിയൊരു നേതാവിനെ തെരഞ്ഞെടുക്കേണ്ടിവരും. അല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക്‌ സംസ്ഥാനം ചെന്നെത്തും. പനീര്‍ശെല്‍വത്തേയോ പാര്‍ട്ടിയിലെ മറ്റേതെങ്കിലും നേതാവിനേയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുക ഈ പ്രത്യേക സാഹചര്യത്തിൽ എളുപ്പമല്ല. ആരും പ്രതീക്ഷിക്കാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയയുടെ നോമിനിയായി കൊണ്ടുവരുക എന്നൊരു തന്ത്രം ശശികലയും സംഘവും പ്രയോഗിച്ചേക്കാം. അങ്ങിനെ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. പക്ഷേ, അങ്ങിനെ ഒരു നാമനിര്‍ദ്ദേശം നടത്താന്‍ കഴിയുന്ന ശാരീരികവും മാനസികവുമായ അവസ്ഥയിലാണോ ഇപ്പോള്‍ ജയലളിത? അഥവാ അവര്‍ നേരത്തെതന്നെ അങ്ങിനെ ഒരാളെ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് അവരുമായി വളരെ അടുത്ത ആരെങ്കിലും വാദിച്ചാൽ അതിന്റെ വിശ്വാസ്യത പാര്‍ട്ടിയും ജനങ്ങളും സമ്മതിച്ചുകൊടുക്കുമോ?

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduaiadmkappolo hospitalJ Jayalalithaa
Next Story