Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവയോജന ശാക്തീകരണവും...

വയോജന ശാക്തീകരണവും വേണം 

text_fields
bookmark_border
വയോജന ശാക്തീകരണവും വേണം 
cancel

കേരളത്തില്‍ നരച്ച തലകളുടെ ശതമാനം കൂടുന്നുവെന്നാണ് ജനസംഖ്യാ കണക്ക്. മുടി കറുപ്പിച്ച് നരയെ ഒളിപ്പിക്കാം. എന്നാല്‍, മനസ്സിന്‍െറ നരയെ ഇല്ലാതാക്കാന്‍ സൂത്രപ്പണികള്‍ ഇല്ല. ഉള്ളിലുള്ള ഊര്‍ജത്തെ ഉണര്‍ത്തിയെടുത്തും ആവുംവിധം  ക്രിയാത്മക ജീവിതം നയിച്ചും  മാത്രമേ ഈ നരയെ കൈകാര്യം ചെയ്യാനാകൂ. 

അസ്തമയ  കാലത്തിന്‍െറ മുന്നോടിയെന്ന മട്ടിലുള്ള ഒരു ശോകമൂക ഇമേജിനെ മനസ്സില്‍നിന്ന് തൂത്തെറിയണം. സ്വയം  ചെയ്യാവുന്നതൊക്കെ ചെയ്യാനും ഇളംതലമുറയെ എന്തിനും ആശ്രയിക്കുന്ന പരമ്പരാഗത ശൈലികള്‍ പരിമിതപ്പെടുത്താനും പറ്റണം. കരുതലും സഹായവും എന്നൊക്കെ പറഞ്ഞ്  വൃദ്ധജനങ്ങളെ ആശ്രയത്വത്തിന്‍െറ തണലില്‍ വിശ്രമിപ്പിക്കലാണ് പതിവുരീതികള്‍. 

ഇതൊക്കെ നല്‍കാന്‍ പല  കുടുംബസംവിധാനങ്ങള്‍ക്കും നേരമോ ക്ഷമയോ ഇല്ലാതാകുന്നുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്.ഇനി വേണ്ടത് സ്വയം സംരക്ഷിക്കാനും കരുതല്‍ പാലിക്കാനുമുള്ള ദൃഢനിശ്ചയമാണ്. ചൂഷണസാഹചര്യങ്ങളില്‍ എതിര്‍ക്കാനുള്ള ശാക്തീകരണമാണ്. ഈ കാലഘട്ടത്തിലെ വാര്‍ധക്യത്തിനായുള്ള തയാറെടുപ്പും നിലപാടുകളും എന്തൊക്കെയാകണമെന്ന്  നോക്കാം.
 

മനസ്സൊരുക്കങ്ങള്‍
വയസ്സായി എന്നതുകൊണ്ട് അലസമായി ഇരിക്കരുത്. വെടിപ്പായി ഒരു ദിനചര്യ ഉണ്ടാക്കി മനസ്സും ശരീരവും കര്‍മനിരതമാക്കണം. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ ആരെയും ആശ്രയിക്കാതെ ചെയ്യണം.  ചുറ്റുവട്ടത്തുള്ള മുതിര്‍ന്ന പൗരന്മാരുമായി കൂട്ടായ്മകള്‍ ഉണ്ടാക്കി ആഹ്ളാദം തേടണം. സാമൂഹികമായ കണ്ണികള്‍ ശുഷ്കമാക്കരുത്. വയസ്സായതോടെ ആരും പരിഗണിക്കാനില്ളെന്നു ചിന്തിച്ച് ഒറ്റപ്പെടരുത്. സ്വയം മതിപ്പ് ഇല്ലാതാക്കി വിഷാദത്തില്‍ വീഴരുത്. 

വൃത്തിയായി വസ്ത്രധാരണം ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ശീലിക്കണം. വല്ലാതെ വിഷമം തോന്നുമ്പോള്‍ വിശ്വസിക്കാവുന്ന ആരോടെങ്കിലും തുറന്നു സംസാരിക്കാം. ഈശ്വര വിശ്വാസമുള്ളവര്‍ക്ക് പ്രാര്‍ഥിക്കാം. ധ്യാന വഴികള്‍ തേടാം.
 
തിരക്കിനിടയില്‍ മക്കള്‍ക്ക് ശ്രദ്ധിക്കാന്‍ നേരം കിട്ടുന്നില്ളെങ്കില്‍  പരിഭവം വേണ്ട.ചില മക്കള്‍ വൃദ്ധജന്മങ്ങളെ അവഗണിച്ചുവെന്നും വരും. ഇതൊന്നും ബാധിക്കാത്ത വിധത്തില്‍ മനസ്സിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. ഒറ്റപ്പെട്ടുവെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള വിചാരം കയറിയാല്‍ വയസ്സുകാലം നരകമാകും. 

കാടു കയറി ആലോചിച്ചു വിഷമിക്കാന്‍ ഇഷ്ടം പോലെ സമയമുള്ളവര്‍ക്ക് കഷ്ടകാലം. ഒരു പരുക്കന്‍ വാക്കോ നോവിക്കുന്ന ചെയ്തിയോ ഉണ്ടായാല്‍ വിഷാദത്തിനും ആധിക്കും അടിമപ്പെടാന്‍ വയസ്സന്‍ തലച്ചോറും റെഡി. സാമൂഹിക സാഹചര്യങ്ങളും വാര്‍ധക്യത്തിലെ ശാരീരികാവസ്ഥകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന മനോഭാവങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ തയാറെങ്കില്‍ മാത്രമേ ഈ കാലഘട്ടത്തില്‍  സന്തോഷമുള്ള  ഒരു മുതിര്‍ന്ന പൗരനാകാന്‍ സാധിക്കൂ. 

വയോജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതുമൊക്കെ കേട്ട് പേടിക്കാന്‍ പോകണ്ട. പൊരുതുന്നവരേക്കാള്‍ ഇരകളാക്കപ്പെടുന്നവര്‍ക്കുള്ള  വിപണിമൂല്യം കണ്ട് അത്തരം  കുപ്പായം സ്വയം തുന്നി അണിയാതിരിക്കാനും ശ്രദ്ധിക്കണം. അശരണരാക്കപ്പെടുന്നുവെങ്കില്‍ പ്രതികരിക്കാനുള്ള കരുത്തും അപ്പോഴേ ഉണ്ടാകൂ.
 

ജീവിതശൈലിമാറ്റം  അനിവാര്യം
പ്രായമായി എന്ന വസ്തുത മറയ്ക്കാനുള്ള നാട്യങ്ങള്‍  വേണ്ട. ശരീരവും ഒരുങ്ങണം. ചലനശേഷിയും ദ്രുതപ്രതികരണവും  കുറയുന്നതുകൊണ്ട് നടത്തത്തില്‍ സൂക്ഷ്മത വേണം. സുരക്ഷാജാഗ്രതകള്‍ പാലിക്കണം. കിടന്നിട്ട് എഴുന്നേല്‍ക്കുന്നത് പെട്ടെന്ന് ആകരുത്. 

പതുക്കെ മതി. ഇല്ളെങ്കില്‍ ചിലപ്പോള്‍ തല കറങ്ങി വീഴാം. കാല്‍സ്യം  കുറവുള്ളതുകൊണ്ട് വീഴ്ചയില്‍ എല്ലുപൊട്ടാം. പരിഹരിക്കാവുന്ന കാഴ്ചക്കുറവും കേള്‍വിത്തകരാറും ഉണ്ടെങ്കില്‍ പ്രതിവിധി തേടണം. പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒൗഷധങ്ങള്‍ ഒഴിവാക്കരുത്. വാര്‍ധക്യസഹജങ്ങളായ രോഗങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന ആഹാരക്രമവും ചിട്ടയും  പാലിക്കണം. 

ആരോഗ്യകേന്ദ്രങ്ങളില്‍ പോയി രക്തത്തിലെ ഷുഗറും ബി. പി.യും ഒക്കെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഇനിയിപ്പോള്‍ എന്തിനീ വൈദ്യസഹായങ്ങളെന്ന ഉദാസീനത ചിലപ്പോള്‍ കിടപ്പിലാക്കി കഷ്ടപ്പെടുത്തുന്ന സങ്കീര്‍ണ രോഗാവസ്ഥകള്‍ക്കു നിമിത്തമായേക്കാം. നടക്കാന്‍ വടിയോ വാക്കറോ  അതുപോലെയുള്ള സഹായമോ വേണമെങ്കില്‍ അത് ഉപയോഗിക്കാന്‍ മടിക്കരുത്. ആരോഗ്യസ്ഥിതി അനുസരിച്ച് ചെയ്തികള്‍ ചിട്ടപ്പെടുത്തണം.
ആരോഗ്യം അനുവദിക്കുന്നിടത്തോളം  കാലം   പ്രഭാതനടത്തം ശീലമാക്കാം.
 
ഭക്ഷണരീതിയിലും  വേണം പ്രായത്തിനു ചേരുന്ന ചിട്ടകള്‍. എളുപ്പം ചവയ്ക്കാവുന്നതും ദഹനം നടക്കുന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിക്കുക. എണ്ണയും കൊഴുപ്പും മധുരവും പരിമിതപ്പെടുത്തുക. 

നാരു കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. മലശോധനയെ അത് സഹായിക്കാം. കാല്‍സ്യം കൂടുതലുള്ള പാട  നീക്കിയ പാല്‍, കപ്പലണ്ടി എന്നിവയൊക്കെ ഉപയോഗിക്കാം. വിറ്റമിന്‍ ഡി ചേര്‍ന്ന കാല്‍സ്യം ഗുളികകള്‍ ആകാം.സൂപ്പും രസവും ദഹനം മെച്ചപ്പെടുത്തും.സ്വതവേ കുറയുന്ന രാത്രി ഉറക്കത്തെ  പിന്നെയും കുറക്കാനിടയുള്ള കടുപ്പമുള്ള ചായയും കാപ്പിയും ആറു മണി കഴിഞ്ഞാല്‍ വേണ്ട. മദ്യം വര്‍ജിക്കണം. 

പകല്‍ ധാരാളമായി വെള്ളം കുടിക്കണം. എളുപ്പം ദഹിക്കുന്ന, വയറിന് പരിചിതമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിക്കുക. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുക. അരവയര്‍ നിറക്കുന്നതാണ് അഭികാമ്യം. ചെറിയ ഇടവേളകളില്‍ കൂടുതല്‍ പ്രാവശ്യം കുറച്ചു ഭക്ഷണമെന്നത് ദഹനത്തിന് നന്ന്.
 
വേണം ഒരു സാമ്പത്തിക പ്ളാനിങ്
പുതുകാലത്ത് മക്കള്‍ക്ക് സമ്മാനിക്കാവുന്നത് നല്ല വിദ്യാഭ്യാസമാണ്. അതുമൂലം കിട്ടാവുന്ന വേലയും കൂലിയുമാണ്. അത് പ്രയോജനപ്പെടുത്താതെ മാതാപിതാക്കളുടെ സ്വത്തിലും വാര്‍ധക്യകാല കരുതല്‍ ധനത്തിലുമൊക്കെ കണ്ണുനടുന്ന കക്ഷികള്‍ ഇത്തിരി കഷ്ടപ്പെട്ടോട്ടെ. ഇഷ്ടമുള്ള കാര്യത്തിന്  ചെലവ് ചെയ്യാനുള്ള കാശിനുള്ള വക വാര്‍ധക്യകാലത്തേക്ക് കരുതിവെക്കണം. ആശുപത്രി ചെലവൊക്കെ മക്കള്‍ ചെയ്യുമായിരിക്കും. എന്നാലും അതിനും വേണം ഒരു പ്ളാനിങ്.
 
മിണ്ടാനും പറയാനും വീട്ടില്‍ ആളില്ലാതെ ഒറ്റക്കാവുകയാണെങ്കില്‍, സമപ്രായക്കാര്‍ താമസിക്കുന്ന ഒരു റിട്ടയര്‍മെന്‍റ് ഹോമില്‍ പാര്‍ക്കാനുള്ള മനസ്സ് വേണം. അതിനായി  മുന്‍കൂട്ടി പണം സ്വരൂപിക്കാവുന്നവര്‍ അതും ചെയ്യണം. വൃദ്ധസദനങ്ങള്‍ക്കു സാമൂഹിക ചവറ്റുകുട്ടയെന്ന ഒരു പ്രതിച്ഛായ ചാര്‍ത്തിയിട്ടുണ്ട്. അത് മാറണം. 

അങ്ങ് വിദേശത്തേക്ക് ഉപജീവനത്തിനായി ചേക്കേറേണ്ടിവരുന്ന ഇളംതലമുറയുടെ മാതാപിതാക്കള്‍ അരക്ഷിതരായി ഒറ്റക്ക് താമസിക്കണോ? പരിരക്ഷിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍പോലും അതിനു സാധിക്കാനാകാത്ത എത്രയോ മക്കള്‍. അത്തരം വേളകളില്‍ സുരക്ഷയുള്ള വൃദ്ധമന്ദിരങ്ങളില്‍ പാര്‍ക്കുന്നതും ഒരു പ്രായോഗിക സമീപനംതന്നെയാണ്. നമുക്ക് പാര്‍ക്കാന്‍ നല്ല വൃദ്ധമന്ദിരങ്ങള്‍ വേണമെന്ന് പറയുന്ന കാലം വിദൂരമല്ല.
 
തൊഴിക്കുന്ന മക്കളെ നിയമവടികൊണ്ട് അടിക്കണോ?
മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്ന് അനുശാസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമസംരക്ഷണ നിയമം നിലവിലുണ്ട്, പീഡനം ഉണ്ടായാലും നടപടിയെടുക്കാം. വസ്തുവകകള്‍ തട്ടിയെടുത്താല്‍ അത് അസാധുവാക്കാം. ജീവനാംശം നേടിയെടുക്കാം. 

പക്ഷേ, മക്കളുടെ നേരെ ഈ നിയമത്തിന്‍െറ വാളോങ്ങാന്‍ അരക്ഷിതരില്‍ പലരും തയാറാകില്ല. മക്കളായി പോയില്ളേയെന്നു പിറുപിറുത്തുകൊണ്ട് അങ്ങ് സഹിക്കും. മുതിര്‍ന്ന പൗരന്‍ മക്കളുടെ പീഡനത്തിനും സാമ്പത്തികചൂഷണത്തിനും  ഇരയാകുന്ന തരത്തിലുള്ള  എല്‍ഡര്‍ അബ്യൂസ് വര്‍ധിച്ചുവരുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെടുന്ന ഏതൊരു വിഭാഗത്തിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍  രാജ്യം നല്‍കുന്ന നിയമസൗകര്യം മക്കള്‍ സ്നേഹംവിടാതെ, പകയും ദേഷ്യവും ഇല്ലാതെ നടപ്പാക്കാനുള്ള മനസ്സുണ്ടാകണം. 

നിങ്ങളെ ഇപ്പോഴും സ്നേഹമാണെന്നും മാനസികവിഷമത്തിന് ഇടയാക്കിയ പ്രവൃത്തിയോട്  മാത്രമാണ് അനിഷ്ടം എന്ന വ്യക്തമായ നിലപാടോടെ നിയമത്തെ ആശ്രയിക്കാം.
 


പൊരുതാന്‍ കെല്‍പില്ളെങ്കിലോ?
എണീറ്റുനടക്കാന്‍ ശേഷിയും  കെല്‍പും  പോയാല്‍ പരസഹായംകൂടിയേ തീരൂ. വാര്‍ധക്യത്തിലെ വൈധവ്യം പല സ്ത്രീകള്‍ക്കും  കൂടുതല്‍ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കുന്നുവെന്നതും  ഒരു വസ്തുതയാണ്. താങ്ങും  തണലുമാകേണ്ടവര്‍  വീഴ്ചവരുത്തിയാല്‍ ചോദിച്ചുവാങ്ങുകതന്നെ വേണം. ശബ്ദം ഇല്ലാത്തവര്‍ക്കത് മേടിച്ചുകൊടുക്കാന്‍  സമൂഹവും സര്‍ക്കാറും പിന്തുണക്കണം. 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയ പ്രാദേശിക ഭരണസംവിധാനങ്ങളിലെ  ജനപ്രതിനിധികളുടെ കണ്ണ് അതത് പ്രദേശങ്ങളിലെ  വയോജനങ്ങളുടെ അവഗണനകള്‍ കണ്ടുപിടിക്കണം. ഒറ്റപ്പെട്ടുകഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. അവര്‍ക്കായി പകല്‍വീടുകള്‍ പ്രാദേശിക തലത്തില്‍ ഒരുക്കണം. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കും സഹായങ്ങള്‍ എത്തണം. വൈദ്യസഹായത്തിനു സൗകര്യങ്ങള്‍ ഒരുക്കണം.
 
വേണം വയോജന ശാക്തീകരണം
നരച്ച തലയെങ്കിലും ഉറച്ചമനസ്സോടെ, പ്രസാദാത്മകമായി ജീവിക്കുന്ന ധാരാളം മുതിര്‍ന്ന പൗരന്മാരുണ്ട്. അത്തരം  പ്രതിച്ഛായ  സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍തന്നെ ചുറ്റുമുള്ളവര്‍  ആദരവോടെ കാണാന്‍ തുടങ്ങും. എന്തു ചെയ്താലും കിഴവന്‍ വായടച്ചോളുമെന്ന മട്ടില്‍  ആരും ഇടപെടുകയുമില്ല. അതുകൊണ്ട് വാര്‍ധക്യകാല വിഷമതകളെക്കുറിച്ച്  വിലപിച്ച് ഇനി നേരം പാഴാക്കരുത്. 

ഗുണപരമായ വയസ്സുകാലത്തിനായി  സ്വയം ശക്തിയാര്‍ജിക്കാനുള്ളതാകട്ടെ ഇനി  വയോജനദിനങ്ങള്‍.    സ്ത്രീശാക്തീകരണത്തെക്കുറിച്ചെന്ന പോലെ, വയോജനശാക്തീകരണത്തെ ക്കുറിച്ചും പ്രചരിപ്പിക്കാം. പുതിയ കാലം അത് ആവശ്യപ്പെടുന്നുണ്ട്.
 
(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണ് ലേഖകന്‍)
 

Show Full Article
TAGS:Old Age 
Next Story