Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനാം കഴിക്കുന്നത്....

നാം കഴിക്കുന്നത്....

text_fields
bookmark_border
നാം കഴിക്കുന്നത്....
cancel

 നെസ്ലെയുടെ മാഗി ന്യൂഡില്‍സ് മാര്‍ക്കറ്റ് വിട്ട് പോയപ്പോള്‍  ബ്രഡും ബട്ടറും, ബ്രഡ് ഓംലെറ്റും, സാന്‍ഡ്വിച്ചുമായി കഴിഞ്ഞുപോയ പ്രാതലുകളെയാണ് പലര്‍ക്കും ഓര്‍മ്മിക്കാനുള്ളത്. പ്രാതല്‍ രാജാവിനെ പോലെ എന്ന ചൊല്ല് ജോലിതിരക്കുകളില്‍ മിക്കവരും മറന്നു. അമിതയളവില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നമ്മളെ ബോധിപ്പിച്ച് വിപണിയില്‍ നിന്ന് ഇടവേളയെടുത്ത മാഗ്ഗി, സെലിബ്രിറ്റികളില്ലാത്ത പരസ്യങ്ങളിലൂടെ തന്നെ മാജിക് കാട്ടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചത്തെി.  മാഗ്ഗിയുടെ ഇടവേളയില്‍ പുത്തന്‍ പേരുകളിലുള്ള ന്യൂഡില്‍സുകള്‍ മക്കള്‍ക്കു വേണ്ടി തെരഞ്ഞെടുത്ത് മാതാപിതാക്കള്‍ മാതൃകയായി. ന്യൂഡില്‍സില്ലാത്ത പ്രഭാതങ്ങളില്‍ വെണ്ണപുരട്ടി മൊരിച്ചെടുത്ത ബ്രഡും സാന്‍വിച്ചുമെല്ലാം നല്‍കി അവരുടെ ആരോഗ്യം കാത്തു. ഒരു ശരാശരി മലയാളിയുടെ മാറി കൊണ്ടിരിക്കുന്ന ഭക്ഷണശീലം ഇങ്ങനെ മാര്‍ക്കറ്റിലെ ‘ബ്രാന്‍ഡ്’ വെളിച്ചത്തിലെ ഈയാംപാറ്റകളെപോലെ കരിച്ചു തീര്‍ക്കുകയാണ്.  

അധികം പ്രശ്നമൊന്നുമുണ്ടാകാനിടയില്ളെന്ന വിശ്വാസത്തോടെ വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് ബ്രഡും ബണ്ണും ബിസ്ക്കറ്റുമെല്ലാം. ഖരാവസ്ഥയിലുള്ള ഭക്ഷണം കുട്ടികള്‍ കഴിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ നമ്മള്‍ സ്നേഹത്തോടെ അവര്‍ക്കൂട്ടുന്നത് ബിസ്ക്കറ്റാണ്, പാലില്‍  നനച്ചെടുത്ത ബ്രഡാണ്. ആരോഗ്യത്തില്‍ അല്‍പം ശ്രദ്ധയാകാമെന്ന പേരില്‍ ഗോതമ്പു ബ്രഡും മള്‍ട്ടി ഗ്രെയിന്‍ ബ്രഡുമെല്ലാം തെരഞ്ഞെടുക്കുന്നവരുമുണ്ട്. എന്നാല്‍ അര്‍ബുദത്തിനും തൈറോയിഡ്, മൂത്രാശയരോഗങ്ങള്‍ക്കും കാരണമാകുന്ന രാസവസ്തുക്കള്‍ ഇവയിലെല്ലാം കലര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ പഠനം. അടുക്കള തിരക്കിനിടയില്‍ സ്വാദിഷ്ടമായ രീതിയില്‍ തയാറാക്കുന്ന ബ്രഡ് വിഭവങ്ങളെല്ലാം അര്‍ബുദത്തിലേക്കും മാരകമായ മറ്റ് രോഗാവസ്ഥകളിലേക്കുമത്തെിക്കുമെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. പിസയും ബര്‍ഗറും സാന്‍ഡ്വിച്ചും വടപാവുമുള്‍പ്പെടെ നമ്മുടെ രസമുകുളങ്ങളില്‍ രുചിഭേദം തീര്‍ക്കുന്നവയെല്ലാം  പതിയെ നമ്മെ തിന്നുതീര്‍ക്കുകയാണ്. 

സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് നടത്തിയ ഗവേഷണത്തിലാണ് ബ്രഡ്, ബണ്‍ എന്നിവയില്‍ ക്രമാതീതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടത്തെിയത്. പരിശോധിച്ച 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് കണ്ടത്തെി. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊല്യൂഷന്‍ മോണിറ്റില്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതെന്ന് കണ്ടത്തെി. ഇത് നല്ളൊരു ഓക്സിഡൈസിങ് ഏജന്‍റായി പ്രവര്‍ത്തിക്കുന്നതു മൂലം ഇത് ചേര്‍ത്താല്‍  തയാറാക്കുന്ന മാവിന് പതപ്പുവരുകയും ബേക്ക് ചെയ്യുമ്പോള്‍ മൃദുവും മയമുള്ളതുമായ ബ്രഡ് കിട്ടുകയും ചെയ്യും. ശരിയായ ബേക്കിങ് രീതികളിലൂടെയാണ് അനുവദീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തിയ ധാന്യമാവ് ഉപയോഗിക്കുന്നതെങ്കില്‍ ബ്രോമേറ്റ് ബ്രോമേഡായി പരിവര്‍ത്തനം ചെയ്യും. ബ്രോമേഡ് ശരീരത്തിന് അത്ര ദോഷകരമല്ല. എന്നാല്‍  ബേക്കിങ് നൂറുശതമാനവും വാണിജ്യപരമാകുമ്പോള്‍ ഇതൊന്നും നടക്കാതെ പോകുന്നു.

സാധാരണ ബേക്കറികളുടെ ബോര്‍മയില്‍ നിന്നും കടകളിലത്തെുന്ന ബ്രഡ് ഉല്‍പന്നങ്ങള്‍ മൂന്നോ നാലോ ദിവസത്തില്‍ കൂടുതല്‍ ഇരുന്നാല്‍ പൂപ്പല്‍ /ഫംഗസ് വരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ബ്രഡോ, ബണ്ണോ ആഴ്ചകള്‍ ഇരുന്നാലും കേടാകില്ല. ഇവയുടെ നിര്‍മാണത്തിന്‍്റെ ആദ്യഘട്ടം മുതല്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതുതന്നെയാണ് ചീത്തയാകാതിരിക്കുന്നതിന്‍റെ കാരണവും. കൈതൊടാതെ മാവു പരുവപ്പെടുത്തി നിശ്ചിത ചൂടില്‍ ബേക്ക് ചെയ്ത് പാക്കറ്റിലായി പുറത്തുവരുന്ന റെഡിമെയ്ഡ് ഭക്ഷ്യസാധനങ്ങളെ പരസ്യങ്ങളെ വെല്ലുവിധം പുകഴ്ത്തുന്നത് ഉപഭോക്താക്കള്‍ തന്നെയാണ്. ഭക്ഷ്യോത്പാദന രംഗത്തെ പുത്തന്‍ സങ്കേതങ്ങളെ വാനോളം പുകഴ്ത്തുന്ന നമ്മള്‍ ഒരിക്കലും അതിന്‍റെ ദൂഷ്യവശങ്ങള്‍ കാണുന്നില്ല.

കെ.എഫ്.സി, ഡൊമിനോസ്, മക്ഡൊണാള്‍ഡ്, സബ് വേ, സ്ളയിസ് ഓഫ് ഇറ്റലി തുടങ്ങിയ മള്‍ട്ടി നാഷണല്‍ ഫാസ്റ്റ് ഫുഡ് ഒൗട്ട് ലെറ്റുകളില്‍ നിന്നുമുള്ള  ഉല്‍പന്നങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ്. പൊട്ടാസ്യം അയോഡേറ്റ് എന്നീ രാസപദാര്‍ഥങ്ങള്‍ ഉയര്‍ന്ന തോതിലടങ്ങിയിട്ടുള്ളത്  കണ്ടത്തെിയിട്ടുണ്ട്. ‘‘എന്നും ഓരോ കഷ്ണങ്ങള്‍ ബ്രഡ് കഴിച്ചാല്‍ മതിയാകും, നിങ്ങളില്‍ തൈറോയിഡ് കാന്‍സറിന്‍റെ സാധ്യത വര്‍ധിപ്പിക്കാന്‍’’  സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് ഡെപ്യൂട്ടി എഡിറ്റര്‍ ചന്ദ്ര ഭൂഷണ്‍ വ്യക്തമാക്കുന്നു.  വിവിധ ഒൗട്ട്ലെറ്റുകളില്‍ നിന്നും 38 സാമ്പിളുകളാണ് പരിശോധനക്കായി എടുത്തത്. ഇതില്‍ 84 ശതമാനത്തിലും പൊട്ടാസ്യം ബ്രോമേറ്റ്/ പൊട്ടാസ്യം അയേഡേറ്റ് ചേര്‍ന്നിട്ടുണ്ട്. ഹാര്‍വെസ്റ്റ്, ബ്രിട്ടാനിയ, പെര്‍ഫെക്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളിലെല്ലാം അമിതയളവില്‍ തന്നെയാണ് പൊട്ടാസ്യം ബ്രോമേറ്റ്/ അയോഡേറ്റ് ചേര്‍ത്തിയിട്ടുള്ളത്. അനുവദിച്ചതിലുമധികം ബ്രോമേറ്റ് ചേര്‍ക്കുന്നത് അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ മികവുള്ളതാകാന്‍ വേണ്ടിയാണെന്നാണ് വാദം.

പൊട്ടാസ്യം ബ്രോമേറ്റ് കാറ്റഗറി 2ബി കാര്‍സിനോജെന്‍ ( മനുഷ്യശരീരത്തില്‍ കാന്‍സറിനു കാരണമാകുന്നത്) ആണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ മിക്ക ലോകരാജ്യങ്ങളും ഭക്ഷ്യോത്പന്നങ്ങളില്‍ ഇതിന്‍റെ ഉപയോഗം നിരോധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ താക്കീതിനെ  ഭക്ഷണ പദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി 40 ല്‍ അധികം രാജ്യങ്ങളില്‍ ഇത് നിരോധിച്ചിരുന്നു. 2001ല്‍ ശ്രീലങ്കയിലും 2005ല്‍ ചൈനയിലും നിരോധം കൊണ്ടുവന്നു. പൊട്ടാസ്യം അയേഡേറ്റ് തൈറോയിഡ് പ്രവര്‍ത്തനങ്ങളെ  സാരമായി ബാധിക്കുന്ന രാജപദാര്‍ഥമായതിനാല്‍ ഇതും മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ നമുക്ക് യഥേഷ്ടം ലഭ്യമാകുന്നുമുണ്ട്. വിഷ രാസപദാര്‍ഥമെന്നതിനാല്‍ ഇവയുടെ ഉപയോഗം അനുവദിക്കാനാവില്ളെന്നാണ് ജോയിന്‍റ് എഫ്.എ.ഒ വിദഗ്ധ സമിതിയുടെ തീരുമാനം.   ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ  എക്സ്പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്സ് താക്കീത് നല്‍കിയിട്ടും ഇന്ത്യ ഇവ ഉപയോഗിക്കുന്നത് വിലക്കിയിട്ടില്ല.

ഇന്ത്യയില്‍ ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും അനുവദനീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് അല്ലങ്കെില്‍ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിരുന്നു. 2011ലെ  ഫുഡ് സേഫ്റ്റി സ്റ്റാന്‍റേഡ്സ് റെഗുലേഷന്‍സ് പ്രകാരം  ഒരു കിലോ ഗ്രാം ബ്രഡില്‍ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്‍റെ പരിധി. എന്നാല്‍ ഏതു ബ്രാന്‍ഡുകളും അവയുടെ ഉല്‍പന്നങ്ങളുടെ പാക്കറ്റില്‍ ഫ്ളോര്‍ ട്രീറ്റ്മെന്‍റ് ഏജന്‍റായി ഉപയോഗിക്കുന്ന രാസവസ്തുവിന്‍റെ പേര് നല്‍കുന്നില്ല.

സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റിന്‍റെ പഠന റിപ്പോര്‍ട്ട് തലക്കുമീതെയുള്ള വാളായി മാറുമ്പോള്‍ മള്‍ട്ടിനാഷണല്‍  ബ്രാന്‍ഡുകളുള്‍പ്പെടെ നിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെസ്ലെ മാഗ്ഗിയുടെ തിരിച്ചുവരവുപോലെ ആകാതിരിക്കട്ടെയെന്ന് ആശിക്കാം.

 

Show Full Article
TAGS:Potassium Bromate iodate 2B carcinogen Centre for Science and Environment sandwich 
Next Story