ജീവനകലയുടെ പരിസ്ഥിതി-സാംസ്‌കാരിക മലിനീകരണം

35 ലക്ഷം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് യമുനാ നദിക്കരയില്‍ മൂന്ന് ദിനങ്ങളിലായി ആര്‍ട് ഓഫ് ലിവിങ് സംഘാടകര്‍ നടത്തുന്ന ലോക സാംസ്‌കാരിക മഹോത്സവം ഇന്നലെ വൈകീട്ട് മുതല്‍ (11/3/2016) ആരംഭിച്ചു. അതിലോല ആവാസ വ്യവസ്ഥ നിലനില്‍ക്കുന്ന യമുനാ നദിക്കരയില്‍ ഇത്രയും വലിയ മാമാങ്കം നടക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പല രീതിയില്‍- നിയമപരമായും അല്ലാതെയും- ചോദ്യം ചെയ്തു കഴിഞ്ഞിട്ടും സ്വയംപ്രഖ്യാപിത ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തന്‍റെ പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ തയാറായിട്ടില്ല. 1000 ഏക്കര്‍ വിസ്തീര്‍ണ സമ്മേളന നഗരിയാണ് നദിക്കരയില്‍ നിര്‍മിച്ചിട്ടുള്ളത്. 7 ഏക്കറില്‍ അതിവിശാലമായ വേദിയും മറ്റും നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഇവിടെ നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും ലക്ഷക്കണക്കായ ജനങ്ങളുടെ ഇടപെടലുകളും ഇപ്പോള്‍ത്തന്നെ മാലിന്യ ഭീഷണി നേരിടുന്ന യമുനയില്‍ ദീര്‍ഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.


സുദര്‍ശന ക്രിയ, ജീവന കല, ശ്വസന കല എന്നൊക്കെയുള്ള പ്രചരണ പരിപാടികളുമായി കഴിഞ്ഞ രണ്ട്-മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തുന്ന ഈ സാംസ്‌കാരിക മാമാങ്കം യമുനാ നദിക്കരയില്‍ ഉണ്ടാക്കുന്ന പരിസ്ഥിതി നാശങ്ങള്‍ സംബന്ധിച്ച ഒരു താല്‍ക്കാലിക ബോധ്യം ഇവയാണ്.  യമുനയുടെ പടിഞ്ഞാറേ തീരത്തുള്ള 50-60 ഹെക്ടര്‍ തീരപ്രദേശം പൂര്‍ണമായും നശിപ്പിക്കപ്പെടും. ഈറ്റയും കുറ്റിക്കാടുകളും മരങ്ങളും അടക്കമുള്ള സ്വാഭാവിക ആവാസ വ്യവസ്ഥ തുടച്ചുനീക്കപ്പെടും. പക്ഷികളും ചെറുമൃഗങ്ങളും അടക്കമുള്ള വന്യജീവികളുടെ സ്വാഭാവിക ചലനങ്ങള്‍ക്ക് തടയിടപ്പെടും. താല്‍ക്കാലിക നിര്‍മാണത്തിനും മറ്റുമായി ഉപയോഗപ്പെടുത്തുന്ന കൃത്രിമ വസ്തുക്കള്‍ പുഴയിലേക്ക് വലിച്ചെറിയപ്പെടും. സമാനമായ പരിപാടികള്‍ പരിസ്ഥിതി ദുര്‍ബലമായ ഒരു പ്രദേശത്ത് ഇതിന് മുമ്പ് നടന്നിട്ടില്ല എന്നതു കൊണ്ടുതന്നെ ഇവയുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ സംബന്ധിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ സാധ്യമല്ല. എന്തുതന്നെയായാലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി ആര്‍ഷ ഭാരത സംസ്‌കാരം എത്രമാത്രം ഉന്നതമായ ബോധമാണ് സൂക്ഷിക്കുന്നതെന്ന് നിരന്തരം പ്രസംഗിച്ചു നടക്കുന്ന ശ്രീശ്രീ രവിശങ്കര്‍ തന്‍റെ ശ്വസന കലാവിദ്യയുടെ പ്രചരണത്തിന് വേണ്ടിയാണ് ഇത്രയും വിപുലമായ പരിസ്ഥിതി നാശം സൃഷ്ടിച്ചു കൊണ്ടുള്ള പരിപാടി നടത്തുന്നത് എന്ന് നാം മനസിലാക്കേണ്ടതുണ്ട്.


ഭരണസംവിധാനങ്ങളെയും സൈന്യത്തെയും ഉപയോഗപ്പെടുത്തി, നിയമത്തെ വെല്ലുവിളിച്ച്, ജീവനകലാ പ്രസ്ഥാനക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ സാംസ്‌കാരിക സമ്മേളനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണിയെക്കാള്‍ പ്രധാനം അവ സൃഷ്ടിക്കുന്ന സാംസ്‌കാരിക മലിനീകരണമാണ്. മധ്യവര്‍ഗ പൊതുബോധത്തെ ഇന്നത്തെ ഫാസിസ്റ്റ് ഭരണ സംവിധാനങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കുയോ നിലനിര്‍ത്തുകയോ ചെയ്യുക എന്ന ദൗത്യമാണ് പ്രത്യക്ഷത്തിലും പരോക്ഷമായും ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.


ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുള്ള നൂറുകണക്കിന് ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍  അവതരിക്കാനും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തുടങ്ങിയ 90കള്‍ തൊട്ടുതന്നെയാണ് ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവതയുടെ അക്രമാത്മക സ്വഭാവം കൂടുതല്‍ തീവ്രത കൈവരിക്കാന്‍ തുടങ്ങിയത് എന്നതും ഓര്‍ക്കുന്നത് നന്ന്. ശ്രീ ശ്രീ അടക്കമുള്ള സ്വയംപ്രഖ്യാപിത ആത്മീയ ആചാര്യന്മാര്‍ ആര്‍.എസ്.എസിനും മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ മണ്ണ് തയാറാക്കിക്കൊടുക്കുന്ന തിരക്കിലായിരുന്നു ഇക്കാലയളവില്‍. 'ആഗോള മാനവികത', 'വസുധൈവ കുടുംബകം', 'വിശ്വസ്‌നേഹം' തുടങ്ങിയ പദാവലികളിലൂടെ ആഗോളതലത്തില്‍ തന്നെ ഹിന്ദു കോസ്‌മോളജിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിലധികമായി ഇവര്‍ സൂക്ഷ്മ രൂപത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ നേരിടാനോ അവയെ ഒരു ഭീഷണിയായി കണ്ട് പ്രതിരോധിക്കുവാനോ ഉള്ള വലിയ ശ്രമങ്ങളൊന്നും ഉണ്ടായില്ല എന്നതിന്‍റെ പരിണതഫലം കൂടിയാണ് ഇന്ന് ഇന്ത്യന്‍ മതേതര ബോധത്തിന് മുന്നില്‍ കോക്രികാട്ടി നില്‍ക്കുന്ന ഹൈന്ദവ ഫാസിസം.


കുംഭമേളകള്‍ക്ക് സമാനമായ പരിപാടികളിലൂടെ ഇന്ത്യയുടെ ഹൈന്ദവതയെ എക്കാലത്തും തങ്ങളുടെ വോട്ട് ബാങ്കുകളായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സൂക്ഷ്മമായി ഏകോപിച്ചു നിര്‍ത്തുന്ന ഈ ആള്‍ദൈവങ്ങള്‍ ഇത്തരത്തിലുള്ള നിരവധി പരിപാടികള്‍ ഇതിനുമുമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ദളിത്, ആദിവാസി വിഭാഗങ്ങളെ അടക്കം തങ്ങളുടെ ക്യാമ്പുകളിലേക്ക് ആട്ടിത്തെളിക്കാന്‍ നിരവധി സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്മാരുടെ സഹായങ്ങള്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ഗുജറാത്തിലെ ഡാങ് ജില്ലയില്‍ മൊരാരി ബാപ്പുവിന്‍റെയും ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന സ്വാമി അസീമാനന്ദയുടെയും നേതൃത്വത്തില്‍ 2007ല്‍ നടത്തിയ ആദിവാസി കുംഭമേളയും ഇത്തരത്തിലൊന്നായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാവിവര്‍ണ്ണം ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഇത്തരം കള്‍ട്ടുകളെ പ്രത്യയശാസ്ത്രപരമായി നേരിടുന്നതിനപ്പുറം അവയുടെ കാരുണ്യപ്രവര്‍ത്തനങ്ങളിലും പാരിസ്ഥിതിക വാചാടോപങ്ങളിലും മയങ്ങി അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇവിടുത്തെ ജനകീയ ശാസ്ത്രജ്ഞന്മാര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലര്‍ക്കും  യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ലെന്നതിന്‍റെ തെളിവാണ് വന്ദനാ ശിവയെപ്പോലുള്ള പരിസ്ഥിതിക പ്രവര്‍ത്തകയുടെ ആഗോള സാംസ്‌കാരിക മഹോത്സവത്തിലെ പങ്കാളിത്തം. ഫാസിസത്തിന്‍റെ സൂക്ഷ്മവകഭേദങ്ങളെ തിരിച്ചറിയുന്നതിനോ അവ കടന്നുവരുന്ന വഴികള്‍ കണ്ടെത്തുന്നതിനോ ആവശ്യമായ രാഷ്ട്രീയ ബോധ്യത്തിന്‍റെ അഭാവം കൂടിയാണ് ഇത് പ്രകടമാക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി യാഗം നടത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അതോടൊപ്പം സഹകരിക്കുന്നതിലോ ജലസംരക്ഷണത്തിനായി വരുണപൂജ നടത്തുന്നതിലോ കാടുകള്‍ സംരക്ഷിക്കുന്നതിനായി വൃക്ഷങ്ങളില്‍ രാഖി കെട്ടുന്നതിലോ അസ്വാഭാവികമായി ഒന്നും കാണാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കാത്ത വിധം പൊതുബോധങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ ഈ കള്‍ട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരെയും കൊക്കകോളക്കെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും പ്രസംഗിച്ചും പരിസ്ഥിതി-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കയ്യടി നേടുന്ന ഈ ആദ്ധ്യാത്മികാചാര്യന്മാര്‍ കൊക്കകോളയെക്കാളും വലിയ സാംസ്‌കാരിക മലിനീകരണമാണ് ജനമനസുകളില്‍ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമല്ലാതെ മറ്റൊന്നുമല്ല.

അസഹിഷ്ണുതയുടെ കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഇന്ത്യയില്‍, സര്‍ക്കാരിന്‍റെയും സൈന്യത്തിന്‍റെയും അടക്കം സഹകരണത്തോടെ 'വിശ്വ മാനവികതയ്ക്കായ് 150ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇത്തരമൊരു പരിപാടി ഏതൊരു പ്രതിസന്ധിയെയും മറികടന്ന് സംഘടിപ്പിക്കുന്നതിന് പിറകില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട് എന്ന് തിരിച്ചറിയാതിരിക്കല്‍ രാഷ്ട്രീയ നിസംഗതയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയമ സംവിധാനങ്ങളെ പരസ്യമായ വെല്ലുവിളിച്ചിട്ടും ശ്രീ ശ്രീ രവിശങ്കറിനെതിരെ ഒരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാന്‍ ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികളും തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരുവേള രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കുന്ന ഈയൊരു മൗനം തന്നെയാണ് രാജ്യത്തിന്‍റെ മതേതര ബോധം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Loading...
COMMENTS