Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅരങ്ങിന്‍റെ 'തനത്'...

അരങ്ങിന്‍റെ 'തനത്' പൈതൃകം

text_fields
bookmark_border
അരങ്ങിന്‍റെ തനത് പൈതൃകം
cancel

മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. കേരളത്തിലെ നാടകപ്രസ്ഥാനത്തിന്‍റെ തനതുഭാവങ്ങളും രൂപങ്ങളും ലോകത്തിന് പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു കാവാലം നാരായണപ്പണിക്കര്‍. നാടകാചാര്യൻ എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കാവുന്നതല്ല കാവാലം മലയാളത്തിന് നൽകിയ സംഭാവനകൾ. നാടകകൃത്ത്‌, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്‌, പുസ്തക രചയിതാവ്, പ്രഭാഷകൻ എന്നിങ്ങനെ വിശാലമായ സർഗ ലോകത്തിന്‍റെ ഉടമയായിരുന്നു കാവാലം എന്ന ജന്മദേശത്തെ സ്വന്തം പേരാക്കിമാറ്റിയ ഈ കലാകാരൻ. അത് കേവലം ഒരു വ്യക്തിയുടെ പേരായിരുന്നില്ല, കാളിദാസനും ഭാസനും സമ്പന്നമാക്കിയ ഇന്ത്യൻ നാടകത്തിന്‌ മലയാളത്തിന്‍റെതായ സംഭാവനകള്‍ നല്‍കിയ മഹത്തായ പ്രസ്ഥാനത്തിന്‍റെ മറ്റൊരു പേരായിരുന്നു കാവാലം.

കുട്ടനാട്ടിൽ ഗോദവര്‍മയുടേയും ചാലയില്‍ കുഞ്ഞുലക്ഷ്മി അമ്മയുടേയും മകനായി ജനിച്ച നാരായണപ്പണിക്കർക്ക് ചെറുപ്പം മുതലേ കവിതയെഴുത്തിനോടായിരുന്നു കമ്പം. കേരള സര്‍വകലാശാലയില്‍ നിന്ന്‌ ബി.എ ബിരുദവും മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിയമ ബിരുദവും നേടി വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴുമ്പോഴും കലാലോകം അദ്ദേഹത്തെ മാടിവിളിച്ചു. അവസാനം വക്കീൽപ്പണി ഉപേക്ഷിച്ച് കലാസപര്യ തുടരാൻ അദ്ദേഹം തീരുമാനിച്ചു.

നെടുമുടി വേണുവുമൊത്ത് കാവാലം നാരായണപ്പണിക്കർ
 

1961ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശൂരിലേക്ക് പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി. എഴുപതുകള്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പേ തന്നെ കേരളത്തില്‍ തനത് നാടകസങ്കല്‍പം രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1967 ആഗസ്തില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ആരംഭിച്ച ‘നാടകക്കളരി’യില്‍ വെച്ചാണ്‌ എം.ഗോവിന്ദൻ ‘തനതു നാടകം’ എന്ന പേരുചൊല്ലി വിളിക്കുന്നത്‌. 1974ല്‍ കാവാലം തിരുവരങ്ങ്‌ എന്ന നാടകസംഘത്തിന്‌ രൂപം നല്‍കി. 'അവനവന്‍ കടമ്പ'യാണ്‌ തിരുവരങ്ങ്‌ ആദ്യം അവതരിപ്പിച്ച നാടകം. മലയാള നാടകരംഗത്തെ നൂതന പരീക്ഷണമായ ഇത് മറ്റൊരു രംഗചാരുതക്ക് ഇടമുണ്ടെന്ന് പ്രഖ്യാപിച്ച നാടകമായിരുന്നു.

തനത് നാടകവേദിയെന്നാണ്‌ കാവാലത്തിന്‍റെ നാടക പ്രസ്ഥാനം അറിയപ്പെട്ടത്‌. നാടകങ്ങളും കവിതകളും രചിക്കുന്നത് ഉടനൊരു സാമൂഹികപരിഷ്‌കരണമോ പരിവര്‍ത്തനമോ ലക്ഷ്യമാക്കിയല്ലെങ്കിലും സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും അനീതിക്കുമെതിരെ ശക്തമായ നിലയില്‍ ഇടപെടാൻ തന്‍റെ നാടകങ്ങൾക്ക് കഴിയുന്നുണ്ടെന്ന്  കാവാലം കരുതി. സമൂഹത്തിനോട് കാര്യങ്ങള്‍ നേരിട്ടല്ലാതെ പറയുന്നതില്‍ ശക്തിയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

സാക്ഷി, അവനവന്‍ കടമ്പ, ദൈവത്താര്‍, കരിംകുട്ടി, കലിവേഷം, ഒറ്റമുലച്ചി, തിരുവാഴിത്താന്‍, അരണി, തിരനോട്ടം, അഗ്നിവര്‍ണ്ണന്റെ കാലുകള്‍, പഴയവൃത്തം, ഭൂതം, കൈക്കുറ്റപ്പാട്, പശുഗായത്രി, സൂര്യത്താനം, മാറാട്ട്, കോയ്മ, കാലനെത്തീനി, തിരുമുടി, തെയ്യത്തെയ്യം, പുറനാടി, കല്ലുരുട്ടി തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത്‌ ഇന്ത്യന്‍ നാടകവേദിക്ക്‌ നവ്യാനുഭവമാണ്‌ നല്‍കിയത്‌. ഊരുഭംഗവും കര്‍ണഭാരവും ഭഗവദ്ദജ്ജുകവും ഷേക്സ്പിയറുടെ കൊടുങ്കാറ്റുമെല്ലാം തനതു പണിപ്പുരയിലൂടെ മലയാളിക്ക്‌ അനുഭവേദ്യമായി. കാവാലത്തിന്‍റെ നാടകങ്ങളിലെ സംഭാഷണങ്ങളിലും ഗാനങ്ങളിലും നാടോടിപ്പാട്ടുകളുടെ ലാവണ്യവും കവിതകളുടെ ഗഹനതയും നാടന്‍ വായ്ത്താരികളുടെ ലാളിത്യവും വേര്‍തിരിക്കാനാകാത്ത വിധം അലിഞ്ഞു ചേര്‍ന്നിരുന്നു.

കർണഭാരത്തിൽ മോഹൻലാൽ
 

ഭാസന്‍റെ അഞ്ച്‌ സംസ്കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണഭാരം എന്നിവ ഭാസഭാരതം എന്നപേരില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത്‌ അവതരിപ്പിച്ചു. ബോധായനന്‍റെ സംസ്കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വര്‍മന്‍റെ സംസ്കൃതനാടകം മത്തവിലാസവും സാര്‍ത്രിന്‍റെ ഫ്രഞ്ച്‌ നാടകം ട്രോജന്‍ സ്ത്രീകളും ഷേക്സ്പിയര്‍ നാടകങ്ങളായ കൊടുങ്കാറ്റ്‌, ഒരു മധ്യവേനല്‍ രാക്കനവ്‌ എന്നിവയും കാവാലം രംഗത്ത് അവതരിപ്പിച്ചു.

ചലച്ചിത്രഗാന രചനയിലും കാവാലം സജീവമായിരുന്നു. അതിമനോഹരങ്ങളായ ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. രതിനിര്‍വേദം എന്ന ചിത്രത്തിലെ  ‘കാലം കുഞ്ഞുമനസ്സില്‍ ചായംപൂശി’ എന്ന ഗാനമായിരുന്നു അദ്ദേഹം ആദ്യമെഴുതിയത്. പൂവാംകുറിഞ്ഞി പെണ്ണിനുണ്ടൊരു, ഗോപികേ നിൻവിരൽ, പുലരിപ്പൂമഞ്ഞു തുള്ളിയിൽ എന്നീ ഗാനങ്ങൾ ഒരുകാലത്തും മലയാളികളുടെ മനസ്സിൽ നിന്നും മായുകയില്ല.  പിന്നീടിതുവരെ അദ്ദേഹം നാല്‍പതിലേറെ സിനിമകള്‍ക്ക്‌ ഗാനരചന നടത്തി. ഒരിക്കലും തിരക്കുള്ള പാട്ടെഴുത്തുകാരനാകണമെന്ന്‌ കാവാലം ആഗ്രഹിച്ചിരുന്നില്ല. നാടകരംഗത്ത് സജീവമാകുന്നതിനുവേണ്ടി ചലച്ചിത്രരംഗം ഉപക്ഷിക്കുകയായിരുന്നു അദ്ദേഹം. ആലായാല്‍ തറ വേണം, വടക്കത്തിപ്പെണ്ണാള്‍, കറുകറെ കാര്‍മുകില്‍, കുമ്മാട്ടി, അതിരു കാക്കും മലയൊന്ന് തുടുത്തേ തുടങ്ങിയ നാടോടിത്താളമുള്ള കാവാലം കവിതകള്‍ ഏറെ ജനകീയങ്ങളാണ്.

ജപ്പാന്‍, റഷ്യ, ഗ്രീസ്‌, ഇറ്റലി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, അമേരിക്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ നാടകം അവതരിപ്പിക്കുകയും നാടകക്കളരിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. നിരവധി പുരസ്കാരങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തി. കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്‌ഥാന സാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മദ്ധ്യപ്രദേശ്‌ സർക്കാരിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്‌, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ്‌ എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി കേന്ദ്രസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. 2007ല്‍ ഭാരതം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.

പ്രായം തന്‍റെ ചുവടുകള്‍ക്കും പാട്ടുകള്‍ക്കും ശബ്ദത്തിനും തളര്‍ച്ചയുണ്ടാക്കാതിരിക്കാൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. മരണത്തിന് തൊട്ടുമുൻപ് 88ാം വയസിലും മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ നാടകത്തിന്‍റെ പണിപ്പുരയിലായിരുന്നു കാവാലം.

''ലോകമുണ്ടായതുമുതല്‍ നാടകം ഉണ്ടായിരുന്നുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അപ്പോള്‍ ലോകം നശിക്കുന്നതുവരെ നാടകത്തിന് നിലനിന്നേ മതിയാകൂ'' എന്ന് കാവാലം തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെയാണ് കാവാലം നാരായണപ്പണിക്കരുടെ ജീവിതവും. അരങ്ങും അണിയറയും നാടകപ്രവർത്തനവും ഉള്ളിടത്തോളം കാലം മലയാളത്തിലെ നാടകപ്രസ്ഥാനം കാവാലം നാരായണപ്പണിക്കരുടെ ശൈലിയോടും തനതുഭാവങ്ങളോടും കടപ്പെട്ടിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavalam narayanapanikarthanthu natakavedi
Next Story