Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഉണ്ട്, ജെ.എന്‍.യുവില്‍ ...

ഉണ്ട്, ജെ.എന്‍.യുവില്‍ മുന്‍പും ഗൂഢാലോചന നടന്നിട്ടുണ്ട്

text_fields
bookmark_border
ഉണ്ട്, ജെ.എന്‍.യുവില്‍ മുന്‍പും ഗൂഢാലോചന നടന്നിട്ടുണ്ട്
cancel

ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പിന് ഒരു രാത്രി മുന്‍പ് നടന്ന പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡിബേറ്റ് പൂര്‍ത്തിയാവുമ്പോഴേക്കും തീരുമാനമായിരുന്നു കാമ്പസില്‍ മാത്രമല്ല രാജ്യത്തു തന്നെ സാന്നിധ്യം തീര്‍ത്തും മങ്ങിവരുന്ന ഇന്ത്യയിലെ ആദ്യ വിദ്യാര്‍ഥി സംഘടന -ആള്‍ ഇന്ത്യാ സ്റ്റുഡന്‍സ് ഫെഡറേഷന്‍-എ.ഐ.എസ്.എഫിന്‍െറ പ്രതിനിധി ഇക്കുറി സാരഥിയാകുമെന്ന്. തലസ്ഥാനത്തെ മറ്റൊരു കലാശാലയായ ഡല്‍ഹി സര്‍വകലാശാല (ഡി.യു)യിലേതു പോലെ സ്ഥാനാര്‍ഥിയുടെ സവര്‍ണ ജാതിവാലോ, തൊലിവെളുപ്പോ കുടുംബ മഹിമയോ അകമ്പടിക്കാറുകളുടെയും കൊടി തോരണങ്ങളുടെയും എണ്ണമോ അല്ല ഇവിടെ വോട്ടുകിട്ടാനുള്ള മാനദണ്ഡം. ഡി.യുവിലേതു പോലെ പരസ്യമോഡലിന്‍െറ ചിത്രം വെച്ച് പോസ്റ്ററടിച്ചല്ല ഇവിടെ വോട്ടുപിടിത്തം. നേര്‍ക്കുനേരെ രാഷ്ട്രീയം പറഞ്ഞാണ്. അതായിരുന്നു കനയ്യകുമാറിന്‍െറ യോഗ്യതയും.

ഒരു കാമ്പസിലെ മാത്രമല്ല, പ്രതീക്ഷവറ്റി തണുത്തുറഞ്ഞു തുടങ്ങിയ വിദ്യാര്‍ഥി സമൂഹത്തെ അപ്പാടെ മുന്നോട്ടു നയിക്കാന്‍ പോന്ന രാഷ്ട്രീയത്തിന്‍െറ കനല്‍ ചൂടുണ്ടായിരുന്നു ആ ചെറുപ്പക്കാരന്‍െറ വാക്കുകള്‍ക്ക്. അതിരുകളില്ലാത്ത സംവാദങ്ങളുടെയും ഇഴയടുപ്പമുള്ള സൗഹൃദങ്ങളുടെയും ഊര്‍ജകേന്ദ്രമായ കാമ്പസ് അവനെ ആര്‍പ്പുവിളികളോടെ നെഞ്ചേറ്റി. ലോകവ്യാപാര സംഘടനയുമായുള്ള വിദ്യാഭ്യാസ ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്നാവശ്യപ്പെട്ടും ഗവേഷകരുടെ ഫെല്ളോഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ ജാതിക്കൊലപാതകങ്ങള്‍ക്കെതിരിലും നടന്ന പോരാട്ടങ്ങളെ അവന്‍ മുന്‍നിരയില്‍ നിന്നു നയിച്ചു. ഇന്ത്യയിലെ ഓരോ വിദ്യാര്‍ഥിയെയും ഇന്ത്യന്‍ സമൂഹത്തെ ഒട്ടാകെയും ദ്രോഹിക്കുന്ന പ്രവണതകള്‍ക്കെതിരെയും പൊരുതിയ അവനെ രാജ്യദ്രോഹി മുദ്രചാര്‍ത്തി ജയിലിലേക്കയച്ചിരിക്കുന്നു. കാമ്പസില്‍ പൊലീസ് കയറിയിറങ്ങുന്നു, കോടതി വളപ്പില്‍ ‘ദേശഭക്തര്‍’കൈയേറ്റം ചെയ്യുന്നു, നാടുകടത്തണമെന്ന് ചാനല്‍ ചര്‍ച്ചയിലെ ജഡ്ജിയിരുന്ന് ആക്രോശിക്കുന്നു.

 പാര്‍ലമെന്‍റാക്രമണക്കേസ് പ്രതിയുടെ ചരമവാര്‍ഷികം ആചരിച്ചുവെന്നും രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും പറഞ്ഞാണ് ഈ വേട്ടയാടല്‍. പക്ഷെ, ഇതൊരു കാരണം പറച്ചില്‍ മാത്രമാണ്. കനയ്യയെ മാത്രമല്ല, കാമ്പസിലെ മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെയും തുറന്ന ലോകത്തിനായി നിലകൊള്ളുന്ന അധ്യാപകരെയും എന്തിനേറെ സ്വാതന്ത്ര്യത്തിന്‍െറ കുളിര്‍ക്കാറ്റേറ്റ് വളരുന്ന പൂച്ചെടികളെപ്പോലും കല്‍തുറങ്കിലടച്ചാല്‍ കൊള്ളാമെന്നുണ്ട് ഭരണകൂടത്തിന്. അധികാരത്തിലേറും മുന്‍പേ സംഘ്പരിവാര നേതാക്കള്‍ ജെ.എന്‍.യുവിനു നേരെ ഭീഷണികള്‍ മുഴക്കിയിരുന്നു, മാനവശേഷി വികസന മന്ത്രി പദത്തില്‍ കാമ്പസ് എന്തെന്നറിയാത്ത ഒരാളെ കുടിയിരുത്തിയതു തന്നെ ഉന്നത വിദ്യാകേന്ദ്രങ്ങള്‍ക്കുമേല്‍ കര്‍സേവ നടത്താനുള്ള സൗകര്യത്തിനു വേണ്ടി ആയിരുന്നു. ജിഹാദികളുടെ താവളമാണിതെന്നും ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കണമെന്നും കാമ്പസിനുള്ളില്‍ സി.ആര്‍.പി.എഫിനെ വിന്യസിക്കണമെന്നുമെല്ലാം  അവര്‍ വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന മോഹവുമാണ്. ജെ.എന്‍.യുവിനോട് എന്തു കൊണ്ട് ഇത്രമാത്രം കലി എന്നു ചോദിച്ചാല്‍ കാമ്പസിന്‍െറ സ്വതന്ത്ര ചിന്ത തന്നെ കാരണം. ദേശവിരുദ്ധരെന്ന്  ഇതിനു മുന്‍പും ഇവിടുത്തെ വിദ്യാര്‍ഥികളെയും അധ്യാപകരെയും നോക്കി അവര്‍ വിളിച്ചാര്‍ത്തിട്ടുണ്ട്.   ഇപ്പോള്‍ നടക്കുന്നത് രാജ്യത്തിന്‍െറ കുപ്രസിദ്ധമായ ‘പൊതുമനസാക്ഷി’യെ ഉയര്‍ത്തി ജെ.എന്‍.യുവിനെ രാജ്യത്തിന്‍െറ ശത്രുവെന്ന് ചാപ്പകുത്താനുള്ള തിരക്കിട്ട ശ്രമമാണ്.

 ഇവിടെ സംഘട്ടനങ്ങളുണ്ടാവുന്നത് ആശയങ്ങള്‍ തമ്മിലാണ്. രാത്രി പകലെന്നില്ലാതെ അവര്‍ സംഘട്ടനം നടത്തിയിരുന്നു-ദാസ് കാപ്പിറ്റലും വിചാരധാരയും ഏന്തിക്കൊണ്ട്, അംബേദ്കറെയും സവര്‍ക്കറെയും മാല്‍ക്കം എക്സിനെയും വിവേകാനന്ദനെയും പ്രവാചകനെയും ഉദ്ധരിച്ചുകൊണ്ട്. ഈ ഗ്രന്ഥങ്ങളോ ചിന്തകരോ വേണമെന്നില്ല, സ്വന്തം ചിന്തയില്‍ ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങളുയര്‍ത്തിക്കൊണ്ട് വാദങ്ങളുയര്‍ത്തുന്നവര്‍ക്കും ഇവിടെ ഇടമുണ്ട്. സ്വതന്ത്ര ചിന്തയുടെ ഈ അന്തരീക്ഷം ഇവിടെയത്തെുന്ന വിദ്യാര്‍ഥികള്‍ക്കു തുറന്നു നല്‍കുന്ന വിശാലമായ ഒരു ലോകമുണ്ട്. അവിടെ മതത്തിന്‍െറയോ രാജ്യത്തിന്‍െറയോ ഭാഷയുടെയോ അതിരുകളില്ല. വേദനിക്കുന്നവന്‍െറ, മുറിവേല്‍പ്പിക്കപ്പെട്ടവളുടെ, അവകാശം ഹനിക്കപ്പെട്ടവരുടെ പക്ഷം ചേരുക എന്ന ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ആലോചനയുടെ ആ ലോകത്തു നടക്കുന്നത്. അടിയന്തിരാവസ്ഥയുടെ കരാളതക്കെതിരെ നെഞ്ചുകാണിക്കാന്‍ അവര്‍ക്കു കരുത്തു പകര്‍ന്നത് ആ ലോകമാണ്. - ഭരണകൂടത്തിന്‍െറ നിഘണ്ടു പ്രകാരം രാജ്യത്തിന്‍െറ നിയമങ്ങളെ ചോദ്യം ചെയ്യലായിരുന്നു അത്. അധികാരത്തിന്‍െറ സകല ശാഖകളും ചേര്‍ന്ന്  വംശഹത്യ ചെയ്തപ്പോള്‍ കൈകോര്‍ത്തു നിന്ന് സിഖ് സമൂഹത്തിന് സംരക്ഷണം തീര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത് ആ ലോകമാണ്. പ്രധാനമന്ത്രിയുടെ ഘാതകരെ സംരക്ഷിച്ചവര്‍ എന്ന ചീത്തപ്പേരാണ് അന്ന് പതിച്ചു കിട്ടിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ച്  തെരുവോരത്ത് വെടിയുണ്ടയേറ്റു മരിച്ചിട്ടുണ്ട്  ഇവിടുത്തെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ചന്ദ്രു എന്ന ചന്ദ്രശേഖര്‍.

ഇപ്പോഴത്തെ പ്രധാനമന്ത്രി ഗുജറാത്ത് വാണരുളും കാലം നടന്ന മുസ്ലിം വിരുദ്ധ വംശഹത്യക്കെതിരെ പ്രതിരോധത്തിന്‍െറ ശബ്ദമുയര്‍ത്തി ആദ്യം പുറപ്പെട്ടവരില്‍ അന്നത്തെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് വിജുകൃഷ്ണനും ഇവിടുത്തെ പ്രിയ അധ്യാപകരായ ഡോ.കെ.എന്‍.പണിക്കരും കമല്‍ മിത്രാ ചിനോയിയുമുണ്ടായിരുന്നു.-വ്യാജ പ്രതിച്ഛായകളുടെയും  ഗൂഢാലോചനകളുടെയും ബലത്തില്‍ മാത്രം നിലനില്‍ക്കാനറിയുന്നവര്‍ക്ക് അതും ഗൂഡാലോചനയായി എണ്ണാം. കൂട്ടബലാല്‍സംഗ കുരുതി നടന്ന  ഖൈര്‍ലാഞ്ചിയിലും, ആദിവാസികളെ വംശഹത്യനടത്തിയ ഇന്ത്യന്‍ ഹൃദയഭൂമിയിലേക്കും അവര്‍ കടന്നുചെന്നിട്ടുണ്ട്. ഭീകരവാദി മുദ്ര ചാര്‍ത്തി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറിയപ്പോഴും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനും തൂക്കിക്കൊല്ലാനും ഒരുമ്പെട്ടപ്പോഴുമെല്ലാം   ഭരണകൂടത്തിനു നേരെ ഇവിടെ നിന്നു വിരലുകളുയര്‍ന്നിരുന്നു. ആ വിരലുകള്‍ മുറിച്ചുമാറ്റാനാണ് ഭരണകൂടത്തിന്‍െറ കോടാലിക്കൈകള്‍ നീളുന്നത്.  അനീതികളില്ലാത്ത ലോകം കൊതിക്കുന്നുവരേ, കഴുത്തു കാട്ടി തടുത്തും ആ വിരലുകള്‍ നാം സംരക്ഷിക്കേണ്ടതുണ്ട്.....

 

Show Full Article
TAGS:kanhaiya kumar j.n.u jnu delhi jnu protest savad rahman 
Next Story