Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുസ് ലിം...

മുസ് ലിം വ്യക്തിനിയമത്തെ കോടതി കയറ്റുമ്പോള്‍

text_fields
bookmark_border
മുസ് ലിം വ്യക്തിനിയമത്തെ കോടതി കയറ്റുമ്പോള്‍
cancel

ആര്‍.എസ്.എസുമായി ബന്ധപ്പെട്ട അഭിഭാഷക സംഘടനയായ ‘അഖില ഭാരതീയ അധിവക്ത പരിഷത്ത്’ ജനറല്‍ സെക്രട്ടറിയായിരുന്ന സുപ്രീംകോടതി വക്കീല്‍ ജഡ്ജിയായി നീതിന്യായ കോടതിയുടെ പടികയറിയപ്പോള്‍ ഉണ്ടായ ചര്‍ച്ചയെ ഓര്‍മിപ്പിക്കുന്നതാണ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ പരമോന്നത കോടതിയില്‍ നിന്ന് പടിയിറങ്ങും മുമ്പ് വിധിപ്രസ്താവത്തിലൂടെ തുടക്കമിട്ട ചര്‍ച്ചയും. രണ്ട് ചര്‍ച്ചകളും നയിച്ചത് വലിയ നിയമയുദ്ധത്തിലേക്കാണെന്നതും യാദൃശ്ചികം. ആദ്യത്തേത് നിയമനവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഒടുവിലത്തേത് വിധി തീര്‍പ്പുമായി ബന്ധപ്പെട്ടാണെന്ന് മാത്രം.

ആദ്യത്തെ ചര്‍ച്ച അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണനും പ്രഥമ എന്‍.ഡി.എ സര്‍ക്കാറിലെ നിയമ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും തമ്മില്‍ നടത്തിയ ഭരണപരമായ ആശയ വിനിമയം മാധ്യമങ്ങള്‍ ചോര്‍ത്തിയെടുത്ത് പുറത്തുവിട്ടതിലൂടെ സംഭവിച്ചതായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഗോയല്‍ തന്നെ തയാറാക്കിയ സുപ്രീംകോടതി വിധി പ്രസ്താവത്തിലൂടെയാണ് ഒടുവിലത്തെ ചര്‍ച്ചക്ക് തിരികൊളുത്തിയത്. ജഡ്ജിമാരാക്കാനായി കൊളീജിയം സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ആര്‍.എസ്.എസുമായി ബന്ധമുള്ള ജസ്റ്റിസ് ഗോയലിന്‍െറ പേര് കെ.ആര്‍ നാരായണന്‍ അന്ന് തിരിച്ചയച്ചിരുന്നു. എന്നാല്‍ കുറ്റമറ്റ സത്യസന്ധതയുള്ളയാളാണ് ഗോയലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്‍െറ പേര് വീണ്ടും നിയമനത്തിനായി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയാണുണ്ടായത്.

ജസ്റ്റിസ് ഗോയലിന്‍െറ സ്വഭാവദാര്‍ഢ്യത്തില്‍ സംശയമുന്നയിച്ച ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നിയമമന്ത്രി അരുണ്‍ ജയ്റ്റ്ലി തള്ളിയെന്ന് വരുത്തിത്തീര്‍ത്തുവെന്ന് കണ്ടത്തെി വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഹരി ഭൂമി’ ടൈംസ് ഓഫ് ഇന്ത്യ’ എന്നീ പത്രങ്ങള്‍ക്കെതിരെ പഞ്ചാബ്-ഹരിയാന ഹൈകോടതി കോടതിയലക്ഷ്യ നടപടികള്‍ കൈകൊള്ളുകയും ചെയ്തു. ഈ രണ്ട് പത്രങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഗോയലിന്‍െറ നിയമനത്തിനെതിരെ അഡ്വ. അജയ് ബന്‍സല്‍ എന്നൊരു അഭിഭാഷകന്‍ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ.കെ ഗോയല്‍ എന്നിവര്‍ക്കയച്ച വക്കീല്‍ നോട്ടീസാണ് പത്രങ്ങള്‍ക്ക് കൂടി എതിരായ നടപടിയിലേക്ക് നയിച്ചത്. ‘സത്യസന്ധയില്ലാത്ത ഒരാളെ കേവലം ആര്‍.എസ്.എസിന്‍െറ അഭിഭാഷക വിഭാഗവുമായുള്ള രാഷ്ട്രീയ ബന്ധം കൊണ്ട് മാത്രം ജഡ്ജിയായി നിയമിച്ചു’ എന്ന ഒരു തോന്നലാണ് വാര്‍ത്തയുണ്ടാക്കിയതെന്നായിരുന്നു പഞ്ചാബ് ഹരിയാന ഹൈകോടതിയുടെ കണ്ടത്തെല്‍. വാര്‍ത്തകള്‍ക്ക് പത്രങ്ങള്‍ ആധാരമാക്കിയ രേഖകള്‍ യഥാര്‍ഥമാണെന്ന് അംഗീകരിച്ച ജസ്റ്റിസുമാരായ ബി.കെ റോയ്, എന്‍ സൂദ് എന്നിവരടങ്ങുന്ന പഞ്ചാബ് ഹരിയാന ഹൈകോടതി ബെഞ്ച് ബാക്കി രേഖകള്‍ കാണാത്തതിനാല്‍ വാര്‍ത്ത അപൂര്‍ണമായ വിവരങ്ങള്‍ വെച്ചാണെന്ന് വിമര്‍ശിച്ചു.

2001ല്‍ ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗോയല്‍ പിന്നീട് ഹൈകോടതി ചീഫ് ജസ്റ്റിസായപ്പോള്‍ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യത്തിനും രോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് അരുണ്‍ മിശ്രക്കും ഒപ്പം സുപ്രീംകോടതി ജഡ്ജിമാര്‍ക്കുള്ള പാനലില്‍ വരുന്നത്. ഗുജറാത്ത് കലാപത്തില്‍ അമിക്കസ് ക്യൂറിയായി ബി.ജെ.പിയുടെ കണ്ണിലെ കരടായി മാറിയ ഗോപാല്‍ സുബ്രഹ്മണ്യം പാനലില്‍ നിന്ന് സ്വയം പിന്മാറുകയും ചെയ്തു.

ഒരു വര്‍ഷത്തിലേറെ നീണ്ട സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ പല വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഹിന്ദു അനന്തരാവകാശവുമായി ബന്ധപ്പെട്ട് 2015 ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച വിധി പ്രസ്താവത്തിന്‍െറ കര്‍തൃത്വത്തിലൂടെയായിരിക്കും ജസ്റ്റിസ് എ.കെ ഗോയല്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഓര്‍ക്കപ്പെടുക. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസുമായി ഒരു ബന്ധവുമില്ലാത്ത മുസ്ലിം വ്യക്തി നിയമം സംബന്ധിച്ച് സ്വമേധയാ പുതിയ കേസ് എടുത്ത് വിധി പ്രസ്താവത്തിന്‍െറ രണ്ടാം ഭാഗമായി ചേര്‍ത്തതിലൂടെ ജസ്റ്റിസ് ഗോയല്‍ ഒരു നീതിന്യായ കീഴ്വഴക്കത്തിന് കൂടി തുടക്കമിടുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ ശാബാനുകേസിന് ശേഷം പരാതിക്കാരാരും ഇല്ലാതെ തന്നെ മുസ്ലിം വ്യക്തി നിയമത്തെ വലിയൊരു നിയമയുദ്ധത്തിലേക്ക് കൊണ്ടുപോകുന്നതിലേക്കാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ ഈ വിധി വഴിയൊരുക്കിയത്.

2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകശ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ എല്ലാ പെണ്‍മക്കള്‍ക്കും അനന്തരാവകാശത്തില്‍ തുല്യ വിഹിതം നല്‍കണമെന്നായിരുന്നു വിധി. നിയമഭേദഗതി 2005ലാണെങ്കിലും അതിന് മുമ്പും ശേഷവും ജനിച്ചവര്‍ക്കും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കള്‍ക്കും തുല്യഅവകാശത്തിന് അര്‍ഹതയുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശം നിഷേധിക്കുന്ന 1956ലെ ഹിന്ദു അനന്തരാവകാശ നിയമത്തില്‍ 2005 സെപ്റ്റംബര്‍ ഒമ്പതിന് ഭേദഗതി കൊണ്ടുവന്നത് പെണ്‍മക്കള്‍ക്ക് തുല്യാവകാശം നല്‍കുന്നതിനാണെന്നും വിധി ചുണ്ടിക്കാട്ടി. അതിന് ശേഷമാണ് വിധി പ്രസ്താവത്തിലെ രണ്ടാം ഭാഗമായി രേപ്പെടുത്തി  മുസ്ലിം വനിതകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരെ സ്വമേധയാ പൊതുതാല്‍പര്യ ഹരജി രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ഇപ്പോള്‍ പരിഗണിച്ച അപ്പീലുകളുമായി ബന്ധമില്ലാത്തതാണെങ്കിലും ചില അഭിഭാഷകര്‍ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രധാന വിഷയത്തിലിടപെടുന്നതെന്ന ആമുഖത്തോടെയാണ് വിധിയുടെ രണ്ടാം ഭാഗം തുടങ്ങിയത്. നിര്‍ബന്ധിത വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹം എന്നിവയില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവല്‍ക്കരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഇത്തരത്തില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗ വിവേചനം ഭരണഘടനയുടെ 14, 15, 21 അനുഛേദങ്ങള്‍ ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി പരിഗണിക്കണോ എന്ന് സുപ്രീംകോടതി മോദി സര്‍ക്കാറിനോട് അഭിപ്രായം തേടുകയും ചെയ്തു. ഇക്കാര്യത്തില്‍ നവമ്പര്‍ 23നകം കേന്ദ്ര സര്‍ക്കാറിന് വേണ്ടി മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹ്തഗിയോടും  ദേശീയ നിയമ സേവന അഥോറിറ്റിയോടും ബെഞ്ച് നിര്‍ദേശിച്ചു. അന്തര്‍ദേശീയ കണ്‍വെന്‍ഷനുകള്‍ പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനം മുസ്ലിം സ്ത്രീകളുടെ കാര്യത്തിലുണ്ടോയെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്നും എ.ജിയോടും നിയമ സേവന അഥോറിറ്റിയോടും ബെഞ്ച് ആവശ്യപ്പെട്ടു. എ.ജിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു.

വിധിക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചതോടെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇതൊരു അവസരമായി കണ്ട് ദേശീയ നിയമ സേവന അതോറിറ്റിയെ അങ്ങോട്ട് സമീപിച്ചു. സാകിയ സോമനും സഫിയ നിയാസും ചേര്‍ന്ന് നടത്തുന്ന ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് രാജ്യമൊട്ടുക്കും നടത്തിയ സര്‍വേ റിപ്പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി. ഇതിനോട് പ്രതികരിച്ച അതോറിറ്റി ഏക സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ ബി.എം.എം.എയുടെ നിലപാട്എന്താണെന്ന് തിരിച്ചുചോദിക്കുകയും ചെയ്തു. ഏക സിവില്‍ കോഡല്ല, യഥാര്‍ഥ ഇസ്ലാമിക നിയമം അനുസരിച്ച് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ പ്രശന്ങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് ഇവര്‍ തിരിച്ചുമറുപടി നല്‍കി. എന്നാല്‍ ഈ നീക്കങ്ങള്‍ മനസിലാക്കിയ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് തങ്ങളെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്നും തങ്ങളറിയാതെ ഇത്തരമൊരു കേസ് മുന്നോട്ടുകൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കി. ഇസ്ലാമിക ശരീഅത്തില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതിക്കും പാര്‍ലമെന്‍റിനും അധികാരമില്ളെന്ന വാദമുഖമാണ് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍െറ നിലപാടില്‍ നിന്ന് വ്യത്യസ്തമായ സമീപനമുള്ള ജംഇയ്യത്ത് കേസില്‍ നിരത്തിയത്. എന്നാല്‍ കേസില്‍ സ്വന്തമായി അഭിഭാഷകനെ വെയ്ക്കാന്‍ കഴിയാത്ത തങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതി ഒരു അമിക്കസ് ക്യൂറിയെ വെക്കണം എന്നാണ് ബി.എം.എം.എ ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ ചീഫ് ജസ്റ്റിസായി ടി.എസ് താക്കൂര്‍ നിയമിതനായതോടെ കേസിന് ഗതിവേഗം കൈവന്നു. തങ്ങള്‍ സ്വമേധയാ എടുത്ത കേസ് ഉചിതമായ ബെഞ്ചിന് കൈമാറുകയെന്ന ജസ്റ്റിസ് എ.കെ ഗോയലിന്‍െറ വിധി പ്രസ്താവത്തിലെ നിര്‍ദേശത്തിന്‍െറ ബലത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് വിഷയം ഏറ്റെടുത്തു. ചീഫ് ജസ്റ്റിസിന് പുറമെ എ.കെ സിക്രി, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചിലുള്ളത്. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിനെ കക്ഷിചേര്‍ത്ത കേസില്‍ കേന്ദ്ര സര്‍ക്കാര്‍, അറ്റോണി ജനറല്‍, ദേശീയ നിയമ സേവന അതോറിറ്റി (നല്‍സ) എന്നിവരെയും കക്ഷി ചേര്‍ത്ത് എല്ലാവര്‍ക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്ത് നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ രീതിയില്‍ പുരുഷനും സ്ത്രീക്കും ഇടയില്‍ വിവേചനം കല്‍പിക്കുന്നുണ്ടോ, വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹം എന്നിവയില്‍ നിലവിലുള്ള മുസ്ലിം വ്യക്തി നിയമത്തിന്‍ കീഴില്‍ മുസ്ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ക്ക് മോദി സര്‍ക്കാറും  
അറ്റോണി ജനറലും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും ദേശീയ നിയമ സേവന അഥോറിറ്റിയും മറുപടി പറയണം. ആ മറുപടി ലഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം ഉറ്റുനോക്കുന്ന നിയമയുദ്ധത്തിന് സുപ്രീംകോടതിയില്‍ അരങ്ങൊരുങ്ങും.

Show Full Article
TAGS:muslim personal law board Bharatiya Muslim Mahila Andolan supreme court of India 
Next Story