Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുങ്ങുന്ന കപ്പലിൽ...

മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോ?- ചെന്നിത്തല

text_fields
bookmark_border

? തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള രാഷ്ട്രീയത്തിൽ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്

= എൽ.ഡി.എഫിനോട് ജനങ്ങൾക്കുള്ള ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ ഉയർന്നുവരാൻ സാധ്യതകാണുന്നു. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തെയും ജനവിശ്വാസം ആർജിച്ച് മുന്നോട്ടുപോകുന്ന ഭരണപക്ഷത്തെയുമാണ് ജനങ്ങൾ കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നല്ല മുന്നേറ്റം ഉണ്ടാക്കാനുള്ളവഴി ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ തുറന്നുകിട്ടും.
 
? എസ്.എൻ.ഡി.പി–ബി.ജെ.പി കൂട്ടുകെട്ട് ആരെയാണ് കൂടുതൽ ബാധിക്കുക

= എസ്.എൻ.ഡി.പി–ബി.ജെ.പി കൂട്ടുകെട്ട് കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കാൻപോകുന്നില്ല. കാരണം, കേരളത്തിലെ ജനങ്ങൾ മതേതരവിശ്വാസികളാണ്. ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും അജണ്ട ഒരു കാരണവശാലും ഇവിടെ നടപ്പാകാൻ പോകുന്നില്ല. നരേന്ദ്ര മോദിയും അമിത് ഷായുംകൂടി കേരളം പിടിച്ചെടുക്കുമെന്ന് ആരും കരുതേണ്ട. അവരുടെ ലക്ഷ്യം മതസംഘടനകളെയും ജാതിസംഘടനകളെയും പാട്ടിലാക്കി മൂന്നാംമുന്നണിയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് അക്കൗണ്ട് തുറക്കാമെന്നാണ്. ഇത് കേരളമാണ്. ഒരു കാരണവശാലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസ്ഥ ഇവിടെയുണ്ടാകില്ല. ആർ.എസ്.എസിെൻറയും സംഘ്പരിവാറിെൻറയും തേർവാഴ്ച ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളം അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ കടുത്ത പ്രതിഷേധം കേരളത്തിലെ മതേതരവിശ്വാസികൾ പ്രകടിപ്പിക്കും. അത് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകാൻപോകുന്ന പ്രധാനകാര്യമാണ്.

? ദാദ്രി സംഭവം രാജ്യത്തെ മുസ്ലിംകളിൽ പൊതുവെ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ മുസ്ലിംകളിലും അതിെൻറ പ്രതിഫലനമുണ്ട്. ഇത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും|

= ദാദ്രി സംഭവം മാത്രമല്ല, നാഥുറാം ഗോദ്സേയെപോലും മഹത്വവത്കരിക്കുകയാണ് ബി.ജെ.പി. സംഘ്പരിവാറിെൻറ ഈ അജണ്ട കേരളത്തിലെ മുസ്ലിംകളെയോ ഇന്ത്യയിലെ മുസ്ലിംകളെയോ മാത്രമല്ല, മുഴുവൻ മതേതരവിശ്വാസികളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ അത് വിഷയമാണ്. അതിനെ നേരിടാൻ കഴിയുന്ന ഏകകക്ഷി യു.ഡി.എഫ് ആണ്. ഇടതുപക്ഷം വൻ തകർച്ചയിലാണ്. അവർക്കൊന്നും ചെയ്യാൻ കഴിയില്ല. മുമ്പ് ഇടതുപക്ഷത്തിന് വോട്ടുചെയ്തിരുന്നവർ ഇപ്പോൾ അവർക്ക് വോട്ട് ചെയ്യുന്നില്ല. കേരളത്തിലെ മതേതരവിശ്വാസികൾ യു.ഡി.എഫിനോടൊപ്പം അണിനിരക്കുമെന്ന വിശ്വാസമാണുള്ളത്.

? വെള്ളാപ്പള്ളി നടേശെൻറ രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിൽ ആദ്യം കോൺഗ്രസ് മൗനംപാലിച്ചു. പിന്നീട് പെട്ടെന്ന് നിലപാട് മാറ്റിയതെന്തിനാണ്
= ആരെങ്കിലും രാഷ്ട്രീയപാർട്ടി ഉണ്ടാക്കുന്നതിന് ഞങ്ങൾ എതിരല്ല. നമ്മുടെ നാട്ടിൽ ആർക്കുവേണമെങ്കിലും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാമല്ലോ. പക്ഷേ, മുൻകാല അനുഭവങ്ങൾ മറക്കരുത്. എസ്.ആർ.പിയുടെയും എൻ.ഡി.പിയുടെയും ദുര്യോഗം ജാതി അടിസ്ഥാനത്തിൽ പാർട്ടി ഉണ്ടാക്കുന്നവർക്ക് തിരിച്ചറിവ് നൽകുന്നതാണ്. അത്തരം പാർട്ടികൾക്ക് നിലനിൽപുണ്ടാകില്ല. മറ്റാരെയും കൂട്ടുപിടിക്കാൻ കഴിയാത്തതുകൊണ്ടാണ് ബി.ജെ.പി ഇത്തരം പാർട്ടികളുമായി കൂട്ടുകൂടുന്നത്. അത് ബി.ജെ.പിയെ ദുരന്തത്തിലേക്ക് എത്തിക്കുമെന്നാണ് എെൻറ വിലയിരുത്തൽ.

? ബി.ജെ.പിയുടെ വോട്ട് ബാങ്ക് കഴിഞ്ഞകാലമത്രയും സവർണവിഭാഗമായിരുന്നു. എസ്.എൻ.ഡി.പി ബന്ധം ഈ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടാക്കില്ലേ

= ബി.ജെ.പിയെ പിന്തുണച്ചിരുന്ന വലിയൊരുവിഭാഗം ഈ നീക്കത്തെ അനുകൂലിക്കുന്നില്ല. സംസ്ഥാന ബി.ജെ.പിതന്നെ ഈ കാര്യത്തിൽ ആശയകുഴപ്പത്തിലാണ്. അമിത് ഷാ തീരുമാനിച്ചതാണത്. അമിത് ഷാക്ക് കേരളത്തെ മനനസ്സിലായിട്ടില്ല.

? ഇടതുപക്ഷം തകർന്നാൽ അതിെൻറ നേട്ടം ബി.ജെ.പിക്കാണെന്ന് പറയുന്നു. അങ്ങനെയൊരു തകർച്ച കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ

= ഒരിക്കലും ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്തുചെയ്യാം? സി.പി.എം തകരാൻ തീരുമാനിച്ചാൽ എന്തുചെയ്യാൻകഴിയും. അവരുടെ നയങ്ങളുടെ കുഴപ്പമാണത്. ഈ തെരഞ്ഞെടുപ്പിൽ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാർഥികളാക്കിയതിലൂടെ അവർ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? തലശ്ശേരിയിലെ ഫസൽ വധക്കേസിൽ സി.ബി.ഐ കോടതി ശിക്ഷിച്ച് ജയിലിൽ കിടക്കുന്നവരാണവർ. അവർക്ക് സ്ഥാനാർഥിത്വം കൊടുക്കുകവഴി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് സി.പി.എം സ്വയംതെളിയിച്ചു. പത്രക്കാർ ചോദിച്ചപ്പോൾ കോടിയേരി പറഞ്ഞത് അവരുടെ പാർട്ടിയിൽ ഭൂരിഭാഗവും കുറ്റവാളികളാണെന്നാണ്. അങ്ങനെയൊരു പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യുമോ? സി.പി.എം പരാജയങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ല. അതുകൊണ്ടാണ് കേരളത്തിലെ പൊതുസമൂഹം അവരെ മറന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

? യു.ഡി.എഫിനെതിരായ പൊതു ആരോപണമാണ് ന്യൂനപക്ഷപ്രീണനം. ഭൂരിപക്ഷവിഭാഗത്തിെൻറ വോട്ട് നഷ്ടപ്പെടാൻ ഇത് കാരണമാകില്ലേ

= ഏതെങ്കിലും പ്രത്യേകവിഭാഗത്തോടോ സമുദായത്തോടോ പ്രീണനം യു.ഡി.എഫിെൻറ അജണ്ടയിലില്ല. എല്ലാവർക്കും തുല്യനീതിയാണ് ലക്ഷ്യം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തും.

? ബി.ജെ.പി ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതക്കെതിരെ ചില മുസ്ലിം സംഘടനകൾ ന്യൂനപക്ഷ വർഗീയത ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇത് കേരളത്തിെൻറ പൊതുജീവിതത്തെ ബാധിക്കില്ലേ

= ഇതു രണ്ടും വർഗീയത തന്നെയാണ്. രണ്ടും വർജിക്കേണ്ടതുമാണ്. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരുപോലെ എതിർക്കണം. ഇല്ലെങ്കിൽ സമൂഹത്തിൽ മതേതരത്വത്തിന് പ്രസക്തിയില്ലാതാകും.

? ആർ.എസ്.എസിനെ നേരിടാൻ ഞങ്ങൾക്കേ കഴിയൂ എന്നാണ് സി.പി.എം അവകാശപ്പെടുന്നത്. അതൊരു യാഥാർഥ്യമല്ലേ

= ഒട്ടും യാഥാർഥ്യമല്ല. അങ്ങനെയാണെങ്കിൽ സി.പി.എമ്മിൽനിന്ന് ആളുകൾ എന്തുകൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്നു. ഏറ്റവുംകൂടുതൽ പേർ പോകുന്നത് സി.പി.എമ്മിൽനിന്നാണ്. കോൺഗ്രസിൽനിന്ന് വളരെ ചുരുക്കംപേരെ പോകുന്നുള്ളൂ. സി.പി.എമ്മിെൻറ നയരാഹിത്യംകൊണ്ടാണത്. മാറിമാറി ഓരോ വർഗീയതയെയും ഓരോ തെരഞ്ഞെടുപ്പിലും പ്രോത്സാഹിപ്പിച്ചതിെൻറ അനന്തരഫലമാണ് ഈ ചോർച്ച. മുന്നോട്ടുപോകാൻ കഴിയാത്തത്ര പ്രതിസന്ധിയിലാണ് ഇന്ന് സി.പി.എം.

? അതിെൻറ നേട്ടം ഉണ്ടാക്കുന്നത് ബി.ജെ.പി അല്ലേ

= ഇടതുപക്ഷമുന്നണിയും സി.പി.എമ്മും ദുർബലമാകുന്നതിനോട് ഞാൻ വ്യക്തിപരമായി യോജിക്കുന്നില്ല. പക്ഷേ, എന്തുചെയ്യാൻ കഴിയും? അവർ ഒരു പാഠവും  പഠിക്കുന്നില്ല. സമ്മേളനങ്ങൾ ചേർന്ന് അവർ തെറ്റുതിരുത്താൻ തീരുമാനിക്കും. എന്നിട്ട് കൊലക്കേസ് പ്രതികളെ സ്ഥാനാർഥികളുമാക്കും.

? ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആണോ ബി.ജെ.പി ആണോ മുഖ്യശത്രു
 
= രണ്ടുപേരും ശത്രുക്കളാണ്. ഒരേനിലയിൽ കാണുന്നു. കൂടുതലും ഇടതുപക്ഷവുമായാണ് ഞങ്ങളുടെ പോരാട്ടം. കാരണം, ബി.ജെ.പിക്ക് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. പ്രസക്തി ഉണ്ടാക്കാൻ അവർ നോക്കുകയാണ്. അവർക്ക് കേരളത്തിൽ ഇടംകിട്ടില്ല.

? അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായാണ് പോരാട്ടമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിക്ക് ഗുണകരമായില്ലേ

= അടിസ്ഥാനരഹിതമായ പ്രചാരണമാണത്. ഇവിടെ പോരാട്ടം ഇടതുമുന്നണിയുമായാണ്. കൂടുതൽ പ്രചാരണം നടത്തി ബി.ജെ.പിക്ക് പ്രസക്തി ഉണ്ടാക്കിക്കൊടുക്കാതിരുന്നാൽ മതി. ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നതതാണ്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവെച്ചുകൊണ്ടാണത്.

? തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ ധ്രവീകരണം ഉണ്ടാകുമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്
 
= ഒരു ധ്രവീകരണവും ഉണ്ടാകില്ല. സി.പി.എം കൂടുതൽ ദുർബലമായിവരും.

? നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നുണ്ടോ

= ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ കഴിയുന്ന അനുകൂല രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് തുടർഭരണത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കും.

? അങ്ങനെവന്നാൽ മുന്നണിയെ ആര് നയിക്കും

= അത് പാർട്ടി ഹൈകമാൻഡ് തീരുമാനിക്കേണ്ടതാണ്. ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വിഷയം.

? ഉമ്മൻ ചാണ്ടിതന്നെ വീണ്ടും യു.ഡി.എഫിനെ നയിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞിട്ടുണ്ട്

= അതൊക്കെ പാർട്ടി തീരുമാനിക്കേണ്ടതാണ്. ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. ഇപ്പോൾ അതൊന്നും ചർച്ചചെയ്യേണ്ട വിഷയമല്ല. ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണുള്ളത്. ഇടതുപക്ഷം മുങ്ങുന്ന കപ്പലാണ്. 2009നുശേഷം ഒരു തെരഞ്ഞെടുപ്പിലും അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ആണ് സുരക്ഷിതമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ?

(തയാറാക്കിയത്: ജോൺ പി. തോമസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaCongres
Next Story