Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകാലിക്കറ്റിലെ...

കാലിക്കറ്റിലെ പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

text_fields
bookmark_border
കാലിക്കറ്റിലെ പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?
cancel

കാലിക്കറ്റ് സര്‍വകലാശാല. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും ഇത്രയും രാഷ്ട്രീയം കലര്‍ന്ന മറ്റൊരിടം  അപൂര്‍വം. അതിശയോക്തിക്ക് വേണ്ടി പറയുകയല്ല. ദേശീയപാത 17നോട് ചേര്‍ന്നു 600ഓളം ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സര്‍വകലാശാലയില്‍ വന്നാല്‍ തമാശയല്ളെന്ന് ബോധ്യപ്പെടും. കോണ്‍ഗ്രസുകാരനും സി.പി.എമ്മുമാരനും മുസ്ലിം ലീഗുകാരനുമായ ജീവനക്കാര്‍ക്ക് ചായയും ജ്യൂസും ബോണ്ടയും കഴിക്കാന്‍ പ്രത്യേകം കടകളുണ്ടിവിടെ. പരീക്ഷാഭവനു അഭിമുഖമായാണ് ഈ കടകളെല്ലാം. ഇനി ചോറും സാമ്പാറുമാണ് കഴിക്കേണ്ടതെങ്കിലോ. ദേശീയപാതയോരത്ത് തന്നെ ഖദര്‍കാരനും സഖാവിനും വെവ്വേറെ ഹോട്ടലുകള്‍. വീട്ടില്‍ ചാചകം ചെയ്യാനാണ് ഉദ്ദേശ്യമെങ്കിലോ. പേടിക്കേണ്ട സഹകരണ സൊസൈറ്റികളും സ്റ്റോറുകളുമുണ്ട്. ‘രാഷ്ട്രീയ ബോധം’ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ പ്രത്യേകം നഴ്സറികളും. അധ്യാപകരിലും ജീവനക്കാരിലും വിദ്യാര്‍ഥികളിലും ഇടതിനാണ് എന്നും മേല്‍ക്കൈ. അതുകൊണ്ടു തന്നെ സര്‍വകലാശാലയുടെ വളര്‍ച്ചയിലും അപചയത്തിലുമൊക്കെ ഇടതിന് കാര്യമായ പങ്കുണ്ടാകുന്നത് സ്വാഭാവികം. ഇതാണിവിടത്തെ പൊതുചിത്രം. എന്തിനും ഏതിനും ഒരു കൊടിനിറമുണ്ടാവും. ഏത് പ്രശ്നത്തിലും ഒന്നുരസി നോക്കിയാല്‍ എന്തെങ്കിലും ഒരു നിറമുണ്ടാകുമെന്നുറപ്പ്. എവിടെയും കക്ഷി രാഷ്ട്രീയം കാണുന്നതില്‍ വലിയ സൗകര്യമുണ്ട്.

എന്നുവെച്ച് കാമ്പസിലെ ഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ ഗുരുതരമായ ഒരു കാര്യം ഉന്നയിച്ചാലോ. അതും നിര്‍ഭയം കഴിയാനുള്ള സാഹചര്യം ഇല്ളെന്നുള്ള തുറന്നുപറച്ചിലിലൂടെ. ശീലം കാരണം അതിനും രാഷ്ട്രീയത്തിന്‍്റെ മേലങ്കിയുണ്ടാവാം. ഈ ഒറ്റ കാരണത്താല്‍ പെണ്‍കുട്ടികളുടെ വാദം തള്ളിക്കളയണോ? ഇതാണ് സര്‍വകലാശാലയില്‍ നിന്ന് കേള്‍ക്കുന്ന പെണ്‍സുരക്ഷയുമായി ബന്ധപ്പെട്ട പ്രസക്തമായ ചോദ്യം. ഹോസ്റ്റലില്‍ കഴിയുന്ന 556 പെണ്‍കുട്ടികളാണ് തങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. ചുറ്റുമതിലില്ലാത്ത കാമ്പസില്‍ അകത്തും പുറത്തുമുള്ള ചിലരുടെ ശല്യമാണ് ഇവര്‍ പരാതിപ്പെട്ടത്.

പ്രഭാത സവാരിക്ക് ഇറങ്ങുന്ന സമയം മുതല്‍ തുടങ്ങുന്നു ഈ ശല്യം. ഷാളിടാത്ത പെണ്‍കുട്ടിയെ കാണുമ്പോള്‍ ‘ എനിക്ക് പലതും ചെയ്യാന്‍ തോന്നുന്നു’ എന്ന വര്‍ത്തമാനമാണ് പഠനവകുപ്പിലെ കുട്ടിക്ക് നേരിടേണ്ടി വന്നത്. (പഠനവകുപ്പുകളുടെ പേര് തല്‍ക്കാലം പറയാതിരിക്കാം),ഹിന്ദിക്കാരായ പെണ്‍കുട്ടികളെ സഹശയനത്തിന് ലഭിക്കുമോയെന്നാണ് മറ്റൊരാള്‍ക്ക് ചോദിക്കാനുള്ളത്. നഗ്നതാ പ്രദര്‍ശനം, ലൈംഗിക ചേഷ്ടകള്‍ കാണിക്കല്‍, പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ നീളമളക്കല്‍, കേട്ടാല്‍ അറച്ചുപോവുന്ന അശ്ളീല പരാമര്‍ശങ്ങള്‍, മാറിടത്തില്‍ കയറിപ്പിടിക്കല്‍, പിന്നാലെ വന്ന് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച് ഓടിക്കളയല്‍, പടക്കമെറിയല്‍, പെണ്‍കുട്ടികള്‍ക്കു മുന്നിലത്തെി വസ്ത്രമുരിയല്‍.....ഭാഷ കൊണ്ട് കുറിച്ചിടാന്‍ പ്രയാസമുള്ള വൈകൃതങ്ങളുടെ പട്ടിക നീളും. ലാബുകളില്‍നിന്ന് രാത്രി വൈകി ഹോസ്റ്റലിലേക്ക് പോകുന്നവര്‍ക്കു നേരെ പല നിലക്കാണ് ശല്യം.

പഠനവകുപ്പിലെ വിദ്യാര്‍ഥിനികള്‍ ഇതെല്ലാം വകുപ്പ് മേധാവികളെയോ സെക്യൂരിറ്റി ഓഫിസറെയോ രജിസ്ട്രാറെയോ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് കരുതി ഒരുപാട് സഹിച്ചശേഷമാണ് പരാതിയുമായി രംഗത്തത്തെുന്നത്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരില്‍ അധികവും കാമ്പസിനു പുറത്തുള്ളവരാണ്. സ്റ്റേഡിയം, പാര്‍ക്ക്, ജിംനേഷ്യം തുടങ്ങിയവയെല്ലാം നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തതോടെയാണ് കാമ്പസില്‍ സുരക്ഷാ പ്രശ്നം ഇരട്ടിച്ചത്. വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ് പാര്‍ക്കിലേക്ക് ആളുകളത്തെുന്നത്. വാഹനങ്ങളിലത്തെുന്ന ഇവരില്‍ ചിലര്‍ രാത്രി എട്ടുവരെ അവിടെയുണ്ടാവും. പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്ത് സദാചാര പൊലീസുകാരായും ചിലര്‍ ഇരിക്കും. ഡസനോളം പരാതികള്‍ വിദ്യാര്‍ഥിനികള്‍ രജിസ്ട്രാര്‍ക്ക് നല്‍കി.

പരാതിയില്‍ നടപടിയില്ളെന്നു കണ്ടതോടെ യു.ജി.സിയുടെ റാഗിങ് വിരുദ്ധ ഹെല്‍പ്ലൈനില്‍ പരാതിപ്പെട്ടു. യു.ജി.സി അധികൃതര്‍ വി.സി ഡോ. കെ. മുഹമ്മദ് ബഷീറിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി കാര്യം അറിയിച്ചു. യു.ജി.സി ചെയര്‍മാനെ കാണാന്‍ ന്യൂഡല്‍ഹിയിലാണുള്ളതെന്ന് വി.സി മറുപടി നല്‍കി. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ യു.ജി.സി അധികൃതര്‍ വി.സിക്ക് നിര്‍ദേശം നല്‍കി. സൂര്യാസ്തമയങ്ങള്‍ വീണ്ടും കുറേയുണ്ടായി. ആരും അനങ്ങിയില്ല. യു.ഡി.എഫ് സിന്‍ഡിക്കേറ്റും മുസ്ലിം ലീഗ് നോമിനിയായ വി.സിയും രജിസ്ട്രാറും പരീക്ഷാകണ്‍ട്രോളറുമൊക്കെ ഭരിക്കുന്ന സര്‍വകലാശാലക്കെതിരെ പരാതിയൊന്നും കൊടുത്ത് പ്രശ്നം വഷളാക്കേണ്ടയെന്ന് കരുതേണ്ട ആവശ്യമൊന്നും പെണ്‍കുട്ടികള്‍ക്കില്ല.

കാമ്പസിലെ സ്ഥിതി പരിതാപകരമാണന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്തയച്ചു. കത്തിന്‍െറ പകര്‍പ്പ് പ്രോ-ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനും അയച്ചു. അപ്പോഴേക്കും രജിസ്ട്രാറുടെയും വി.സിയുടെയും ഓഫിസ് ഉണര്‍ന്നു. നേരത്തേ ലഭിച്ച പരാതികള്‍ പൊടിതട്ടിയെടുത്തു. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും നടപടിയെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി യു.ജി.സിക്കും ഗവര്‍ണര്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടയച്ചു. കാമ്പസിലെ അന്തരീക്ഷം അത്ര സുഖകരമല്ളെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമ വാര്‍ത്തകള്‍ കണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് വി.സിയോട് വിശദീകരണം തേടി.

പരാതികള്‍ സര്‍വകലാശാല അധികൃതര്‍ പൊലീസിനു കൈമാറി. രാത്രി ഹോസ്റ്റലിലേക്ക് മടങ്ങിയ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ സംഭവത്തിലാണ് ആദ്യത്തെ കേസ്. വിദ്യാര്‍ഥിനികള്‍ക്കു നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടാമത്തേതും ഇംഗ്ളീഷ് വിഭാഗത്തിലെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നാമത്തേതുമായ കേസുകള്‍  പൊലീസ് രജിസ്റ്റര്‍ ചെയ്തു. സങ്കീര്‍ണവും ഗുരുതരവുമായ സ്ഥിതി നേരിടുന്ന വേളയിലും സിന്‍ഡിക്കേറ്റ് അനങ്ങിയില്ല. അസിസ്റ്റന്‍റും പ്യൂണ്‍-വാച്ച്മാന്‍മാരെയും നിയമിച്ച് സര്‍വകലാശാല നേരിടുന്ന ‘ഗുരുതര പ്രതിസന്ധി’യിലാണ് ഇവരുടെ ശ്രദ്ധ. എന്തിനും സിന്‍ഡിക്കേറ്റ് സമിതിയുണ്ടാക്കി പഠിക്കാനും മിനക്കെട്ടില്ല.

പെണ്‍സുരക്ഷ നാട്ടില്‍ വലിയ ചര്‍ച്ചയായി. പ്രതിസ്ഥാനത്ത് കായിക വകുപ്പിലെ കുട്ടികള്‍ അകപ്പെടുകയും ചെയ്തതോടെ അവരും വെറുതെ നിന്നില്ല. കായിക വിദ്യാര്‍ഥികള്‍ യു.ഡി.എഫ് പക്ഷമായാണ് അറിയപ്പെടുന്നത്. എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഡിപാര്‍ട്ട്മെന്‍റ്സ് സ്റ്റുഡന്‍റ്സ് യൂനിയനും കായിക വിദ്യാര്‍ഥികളും തമ്മില്‍ കായികമായി പലതവണ നേരിട്ടതാണ്. രാപ്പകല്‍ ഗ്രൗണ്ടില്‍ പരിശീലനത്തിലേര്‍പ്പെടുന്ന കായിക വിദ്യാര്‍ഥികളുടെ കൈക്കരുത്തില്‍ എസ്.എഫ്.ഐക്കാര്‍ക്ക് പലതവണ അടിതെറ്റിയതാണ്. സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികളായ കായികക്കാരെ റെഗുലര്‍ ഹോസ്റ്റലില്‍ കയറ്റരുതെന്നും ഒപ്പം ഭക്ഷണം വിളമ്പരുതെന്നും ആവശ്യപ്പെട്ടുള്ള എസ്.എഫ്.ഐയുടെ ‘ഹോസ്റ്റല്‍ പ്രക്ഷോഭം’ പോയ വര്‍ഷത്തെ ഹിറ്റ്  സമരങ്ങളിലൊന്നാണ്.

ഈ പശ്ചാത്തലം സര്‍വകലാശാല ഭരിക്കുന്നവര്‍ ശരിക്കും മുതലാക്കിയെന്നു വേണം കരുതാന്‍. റാഗിങ് സംബന്ധിച്ച് പരാതി നല്‍കിയ ആറ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കായിക രജിസ്ട്രാര്‍ക്ക് പരാതി പ്രളയമായി. ആറ് പെണ്‍കുട്ടികള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ഒന്നാംവര്‍ഷ കായിക വകുപ്പ് വിദ്യാര്‍ഥികള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ഇതേ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കായിക വകുപ്പിലെ നാല് ആണ്‍കുട്ടികള്‍ മറ്റൊരു പരാതിയും രജിസ്ട്രാര്‍ക്ക് നല്‍കി. കേരളത്തിലെ കാമ്പസുകളില്‍ അപൂര്‍വമായി കാണുന്ന പരാതിയായിരുന്നു ഇത്. ഹോസ്റ്റലിലേക്ക് മടങ്ങുന്ന കായിക വകുപ്പിലെ ആണ്‍കുട്ടികളെ ആറ് പെണ്‍കുട്ടികള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്നാണ് പരാതിയുടെ ചുരുക്കം.

ആണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ഷോട്സും ആകാര വടിവും നോക്കി അശ്ളീലമായി സംസാരിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് കൈത്തണ്ടയില്‍ മാന്തുന്നു തുടങ്ങിയ ‘ഗുരുതര’ കുറ്റങ്ങളാണ് പരാതിയിലുള്ളത്. ഈ രണ്ട് സംഭവത്തിലും പൊലീസ് കേസെടുത്തു. മറ്റ് രണ്ട് പരാതികളിലും കൂടിയായി മൊത്തം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഗവര്‍ണര്‍ക്കും മറ്റും കത്തയച്ചവര്‍ക്ക് അനുകൂലമായി മൂന്നുകേസേ പൊലീസിന് രജിസ്റ്റര്‍ ചെയ്യാനായുള്ളൂ. കായിക വകുപ്പുകാരുടെ പരാതി കൗണ്ടര്‍ കേസുകളായാണ് സ്പെഷല്‍ ബ്രാഞ്ച് വിലയിരുത്തല്‍. ‘പെണ്‍സുരക്ഷ’ക്കാരുടെ പരാതി പൊളിക്കാന്‍ ആസൂത്രിത നീക്കമായും പൊലീസ് ഇതിനെ കാണുന്നു.

ഡിസംബര്‍ 19ന് നടന്ന സെനറ്റ് യോഗത്തിലെ പ്രമേയമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. പെണ്‍സുരക്ഷ വിവാദം തെറ്റാണെന്നും വ്യാജ പരാതിയാണെന്നും കുറ്റക്കാരായ ആറുപേര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നുമാണ് എം.എസ്.എഫ് അംഗം അവതരിപ്പിച്ച പ്രമേയം. കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയവരുടെ എതിര്‍പ്പോടെ പ്രമേയം വോട്ടിനിട്ട് പാസാക്കി. റാഗിങ് സംബന്ധമായി പരാതി നല്‍കിയ ആറുപേര്‍ക്കെതിരൊയണ് പരാതികളും പ്രമേയവുമെല്ലാം എന്നതാണ് ഏറെ ശ്രദ്ധേയം.

പ്രമേയം പാസാക്കിയതോടെ സര്‍വകലാശാലാ തലപ്പത്തുള്ളവരുടെ ഇടപെടല്‍ വ്യക്തമാകുന്നുവെന്നാണ് പ്രധാന ആക്ഷേപം. റാഗിങ് നടന്നുവെന്നും കാമ്പസിലെ അന്തീക്ഷം സുഖകരമല്ളെന്നും കാണിച്ചുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കും യു.ജി.സിക്കും നല്‍കിയ അതേ വി.സി തന്നെയാണ് ഈ പ്രമേയവും അംഗീകരിച്ചത്. സര്‍വകലാശാലയുടെ പരമാധികാര സമിതിയായ സെനറ്റ് അംഗീകരിച്ചതോടെ പരാതിക്കാരായ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാവില്ളെന്ന് എന്താണുറപ്പ്. പരാതി വ്യാജമാണെന്ന് പറയുന്ന പ്രമേയം അംഗീകരിക്കുകയും വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയും ചെയ്യുന്നു. ഈ വൈരുധ്യമാണ് പിടികിട്ടാത്തത്. വ്യാജപരാതിയെന്ന് അംഗീകരിച്ചാല്‍ ഇനിയെങ്കിലും അന്വേഷണം നിര്‍ത്തിക്കൂടേയെന്നാണ് പെണ്‍കുട്ടികളുടെ ചോദ്യം. എവിടെയോ എന്തൊക്കെയോ പ്രശ്നമുണ്ടെന്നു തന്നെയാണ് ഇതെല്ലാം തെളിയിക്കുന്നതും.

Show Full Article
TAGS:calicut university students letter 
Next Story