കാൽ നൂറ്റാണ്ടിനു ശേഷം അവരെ നിയമം പിടികൂടുമ്പോൾ

1992 ഡിസംബര്‍ ആറിന് മുതിർന്ന ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തപ്പോൾ.

എത്ര സ്വർണത്തളിക കൊണ്ട് മൂടിവെച്ചാലും സത്യം ഒരുനാൾ അതിന്‍റെ മുഖം പുറത്തു കാണിക്കുമെന്ന ഒരു ചൊല്ലുണ്ട്. കാൽ നൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ, 1992 ഡിസംബർ ആറിനു പട്ടാപ്പകലാണ് പതിനായിരക്കണക്കിനു കർസേവകർ പട്ടാളത്തിന്‍റെ കൺമുമ്പിൽവെച്ച് സരയൂ നദിക്കരയിലെ 465 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് തച്ചുതകർത്ത് ചരിത്രത്തിലേക്ക് വലിച്ചെറിഞ്ഞത്. സംഘ്പരിവാറിന്‍റെ തലമുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, ഡോ. മുരളീ മനോഹർ ജോഷി, ഉമാഭാതി, സാധ്വി ഋതംബര, ഗിരിരാജ് കിഷോർ, അശോക് സിംഗാൾ, വിനയ് കത്യാർ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം സംഭവ സമയത്ത് സന്നിഹിതരായിരുന്നു. രാജ്യത്തിന്‍റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ‘കർസേവകർ’ പിക്കാസും കമ്പിപ്പാരയും ഹാമ്മറും മറ്റായുധങ്ങളുമായി മസ്ജിദിന്‍റെ താഴികക്കുടങ്ങൾ തച്ചുതകർക്കുമ്പോൾ  ഈ നേതാക്കളിൽ പലരും ‘തോഡോ തോഡോ’ എന്നാക്രോശിച്ച് അക്രമികൾക്ക് ആവേശം പകരുന്നുണ്ടായിരുന്നു.

താഴികക്കുടങ്ങൾ ഓരോന്നായി അപ്രത്യക്ഷമായി കൊണ്ടിരുന്നപ്പോൾ ആഹ്ലാദാദിരേകത്താൽ നേതാക്കൾ പലരും കെട്ടിപ്പുണർന്നു. ബാബരി മസ്ജിദിന്‍റെ ധ്വംസനം എന്ന് ഓമനപ്പേരിട്ട് രാജ്യം മുഴുവൻ നിസ്സാരവത്കരിച്ച ആ സംഭവത്തിന്‍റെ പേരിൽ ഇതുവരെ ഒരാളും നിയമകോടതിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി എന്നല്ല നമ്മുടെ നീതിന്യായവ്യവസ്ഥയെ കുറിച്ചുള്ള പൗരന്മാരുടെ വിശ്വാസത്തിനു പോലും ക്ഷതമേൽപിച്ചു. കാൽ നൂറ്റാണ്ടായിട്ടും അന്നത്തെ കാപാലികതക്ക് നേതൃത്വം കൊടുത്തവരെ നിയമത്തിനു സ്പർശിക്കാൻ കഴിയാതെ പോയതിലെ അത്യാഹിതം വിസ്മൃതിയിലേക്ക് മാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ നിന്നുണ്ടായ ഒരു തീർപ്പ് ബാബരി സമസ്യയെ വീണ്ടും ചർച്ചാ വിഷയമാക്കാൻ പോകുന്നത്.

എല്‍.കെ. അദ്വാനി
 


ബാബരി മസ്ജിദിന്‍റെ ധ്വംസനം കേവലം ഒരു ജനക്കൂട്ടത്തിന്‍റെ ഭ്രാന്തമായ വൈകാരികാവേശത്തിന്‍റെ പരിണതിയാണോ അതോ ബി.ജെ.പി, വി.എച്ച്.പി നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായി നടന്ന കാട്ടാളത്തമാണോ എന്ന് കണ്ടെത്താനുള്ള കോടതിയുടെ ശ്രമം അട്ടിമറിക്കപ്പെട്ടതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവിലൂടെ തിരുത്തപ്പെടുന്നത്. അദ്വാനിയും മുരളീ മനോഹർ ജോഷിയും അടക്കം 25 പേർക്കെതിരെ ചുമത്തപ്പെട്ട ഗുഢാലോചന കേസിന്‍റെ വിചാരണയുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് റായ്ബറേലി സ്പെഷൽ കോടതി വിധിക്കുന്നത് 2001ലാണ്. എ.ബി വാജ്പേയി രാജ്യം ഭരിച്ച അക്കാലത്ത് അദ്വാനി ഉപപ്രധാനമന്ത്രിയായിരുന്നു. ആ രാഷ്ട്രീയ സ്വാധീനത്തിൽ കോടതി സ്വാധീനിക്കപ്പെട്ടിട്ടുണ്ടാവണം.

മഹാത്മജിയുടെ വധത്തിനു ശേഷം മതനിരപേക്ഷ ഇന്ത്യ നേരിട്ട് രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്ന് മുൻ രാഷ്ട്രപതി യശശ്ശരീരനായ കെ.ആർ. നാരായണൻ വിശേഷിപ്പിച്ച ആ ദുരന്തത്തിന്‍റെ യഥാർഥ ഉത്തരവാദികൾ ആരൊക്കെ എന്നറിയാൻ വരാനിരിക്കുന്ന തലമുറകൾക്ക് പോലും അവകാശമുണ്ടായിരുന്നു. പക്ഷേ, സാങ്കേതിക കാരണം പറഞ്ഞാണ് വിചാരണ കോടതി കേസിനു ബ്രേക്കിട്ടത്. 2010ൽ ഈ വിധിക്കെതിരെ അലഹബാദ് ഹൈകോടതിയെ സി.ബി.ഐ സമീപിച്ചിട്ടും ഫലമുണ്ടായില്ല. അതിനെതിരെ സി.ബി.ഐ 2011ൽ നൽകിയ അപ്പീലിന്മേലാണ് ആറ് വർഷത്തിനു ശേഷമുള്ള ഇപ്പോഴത്തെ വിധി. അദ്വാനിയും മുരളീ മനോഹർ ജോഷിയുമടക്കം ജീവിച്ചിരിക്കുന്ന പ്രതികളെല്ലാം വിചാരണ നേരിടണമെന്നാണ് ജസ്റ്റീസ്മാരായ പി.സി ഘോഷും റോഹിൻടൺ എഫ്. നരിമാനും വിധിച്ചിരിക്കുന്നത്.

കേന്ദ്ര ജലവിഭവ മന്ത്രി ഉമ ഭാരതി
 


അന്നത്തെ ദുരന്തം വിസ്മൃതിയിലേക്ക് മാഞ്ഞുപോയത് കൊണ്ട് നിയമം അലസത കാണിക്കേണ്ടതില്ല എന്ന ഉറച്ച ബോധ്യത്തോടെയാണ് കേസ് ലക്നോ കോടതിയിൽ  വിചാരണ ആരംഭിക്കണമെന്നും രണ്ടു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീർപ്പാക്കണമെന്നും ന്യായാസനം കൽപിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തത് സംബന്ധിച്ച് പൊടിപിടിച്ചു കിടക്കുന്ന കേസും ഇതോടൊപ്പം സംയോജിപ്പിക്കണമെന്നും ഒരു ദിവസം പോലും മുടങ്ങാതെ കേസ് മുന്നോട്ട് പോകണമെന്നും അതിനിടയിൽ ജഡ്ജിമാരെ സ്ഥലം മാറ്റരുതെന്നുമൊക്കെ നീതിപീഠം നൽകിയ കർക്കശ നിർദേശം നിഷ്പക്ഷമതികൾക്ക് പ്രതീക്ഷ കൈമാറുന്നു. മുഖ്യപ്രതികളിലൊരാണെങ്കിലും അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് രാജസ്ഥാൻ ഗവർണർ പദവിയിലിരിക്കുന്ന ആളായത് കൊണ്ട് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര മന്ത്രിസഭാംഗമായ ഉമാഭാരതി വിചാരണ നേരിടേണ്ടതുണ്ട്.

പള്ളി തകർക്കുന്നതിൽ ഈ നേതാക്കൾ ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുകളുണ്ടെന്നും അദ്വാനിയും ജോഷിയും ഉമയുമടക്കം 14 പേർക്കെതിരെ വിചാരണയുമായി മുന്നോട്ടു പോകണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യമാണ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്. ശിവസേന നേതാവ് ബാൽതാക്കറെ അടക്കമുള്ള പല നേതാക്കളും കഴിഞ്ഞ കാൽനുറ്റാണ്ടിനിടയിൽ കാലയവനികക്കുള്ളിൽ മറഞ്ഞുവെന്നത് വൈകുന്ന നീതിയുടെ വൈകൃതമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, ഇപ്പോഴത്തെ കോടതി നിർദേശത്തിനു രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത് ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരിഗണിപ്പെടേണ്ട കുറെ പേരുകൾ പ്രതികളുടെ പട്ടികയിൽ പെടുന്നുണ്ട് എന്നതാണ്.

രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്
 


എൽ.കെ അദ്വാനിയും മുരളീ മനോഹർ ജോഷിയുമാണ് ഹിന്ദുത്വനേതാക്കളിൽ റെയ്സിന ഹിൽസിലേക്ക് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പേരുകൾ. വിചാരണ നേരിടുന്ന നേതാക്കൾ എന്ന നിലക്ക് ഇവരെ പരിഗണിക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റു. ഒരുപക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർട്ടി അധ്യക്ഷൻ അമിത് ഷായെയും ഏറ്റവും സന്തോഷിപ്പിക്കുന്ന വശമായിരിക്കാം ഇത്. ഈ നേതാക്കൾ മാറ്റി നിറുത്തപ്പെടുന്നതോടെ, ആർ.എസ്.എസ് നേതാക്കളിൽ ഏതെങ്കിലും പ്രമുഖന് നറുക്കു വീഴാൻ സാധ്യത കൂടുകയാണ്.

COMMENTS