ഇന്ത്യയെ വീണ്ടെടുക്കാൻ ഒരു ഒറ്റയാൾപോരാട്ടം
text_fields‘‘എന്നിൽ ജീവശ്വാസം നിലനിൽക്കുവോളം കാലം ഞാൻ പൊരുതുക തന്നെ ചെയ്യും’’ -വലിയ നഷ്ടങ്ങളും സങ്കടങ്ങളും ഒപ്പം പ്രായാധിക്യവും സൃഷ്ടിച്ച പാരവശ്യത്തിലും സകിയ ജാഫരി അത് പറഞ്ഞത് ഉറച്ച ശബ്ദത്തിലാണ്. തന്റെ ഭർത്താവ് ഇഹ്സാൻ ജാഫരി ഉൾപ്പെടെ ഒട്ടേറെ മനുഷ്യർ ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതിൽപിന്നെ അവർ നടത്തിയത് ഉജ്ജ്വലമായ പോരാട്ടമായിരുന്നു. 86ാം വയസ്സിൽ അവർ ഈ ലോകത്തോട് വിടപറഞ്ഞതും അവസാനംവരെ പോരാട്ടത്തിന്റെ വീര്യം നിലനിർത്തിക്കൊണ്ടും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ഭീകരർ ചുട്ടുകൊന്ന ഇഹ്സാൻ ജാഫരി ജനകീയനേതാവും കോൺഗ്രസ് എം.പിയുമായിരുന്നു. അക്രമികളിൽനിന്ന് സംരക്ഷണം തേടി അദ്ദേഹം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം പലരെയും വിളിച്ചെങ്കിലും ഭരണകൂടം ചലിച്ചില്ല.
അതിന്റെ സാഹചര്യങ്ങളും സകിയയുടെ അടക്കം അനുഭവങ്ങളും സാക്ഷ്യങ്ങളുമെല്ലാം തന്നെ ആസൂത്രിതവും ഭരണകൂട പിന്തുണയുള്ളതുമായ ഒരു വംശഹത്യയിലേക്ക് വിരൽചൂണ്ടി. കൺമുന്നിൽ കണ്ട കൂട്ടക്കൊലക്ക് ഭരണകൂടം ഒത്താശ ചെയ്തതായി ബോധ്യപ്പെട്ട അവർക്കത് ഏതെങ്കിലുമൊരു കൂട്ടം വ്യക്തികളുടെയോ സമുദായത്തിന്റെയോ മാത്രം പ്രശ്നമായിരുന്നില്ല. നിയമവാഴ്ച നിലനിൽക്കേണ്ട രാജ്യത്തിന്റെ മൊത്തം പ്രശ്നമാണത്. ആ നിലക്ക് അവരുടെ പോരാട്ടം നീതിക്കുവേണ്ടി മാത്രമല്ല, രാജ്യത്തിനും ഭരണഘടനക്കും വേണ്ടിത്തന്നെയായിരുന്നു. ഇരുപതിലേറെ വർഷം ആ വയോധിക തന്റെ കൊല്ലപ്പെട്ട ഭർത്താവിന് നീതി തേടി; അത് ആധുനിക ഇന്ത്യയുടെ ധർമച്യുതിക്ക് ഒരു ചൂണ്ടുപലകയുമായി.
ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല ശരിയായി അന്വേഷിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുന്നു എന്നു കണ്ടപ്പോഴാണ് 2006ൽ സകിയ ജാഫരി നിയമയുദ്ധം ഏറ്റെടുക്കുന്നത്. നരേന്ദ്ര മോദി അടക്കമുള്ളവർക്ക് അതിലുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അവർ നടത്തിയ പോരാട്ടം കാരണം പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതിക്ക് ഉത്തരവിടേണ്ടിവന്നു. അതിനകം തന്നെ, ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് ‘കൺസേൺഡ് സിറ്റിസൻസ് ട്രൈബ്യൂണൽ’ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ, കോടതി നിയോഗിച്ച അന്വേഷണസംഘം ഉന്നതാധികാരികളെ കുറ്റമുക്തരാക്കുന്ന റിപ്പോർട്ടാണ് 2012ൽ സമർപ്പിച്ചത്. ഇതിനെ സകിയ കോടതിയിൽ ചോദ്യം ചെയ്തു; കീഴ്കോടതി അവരുടെ പരാതി തള്ളി. 2014ൽ അവർ ഗുജറാത്ത് ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും മൂന്നു വർഷങ്ങൾക്കുശേഷം ഹൈകോടതിയും അപ്പീൽ തള്ളി.
രാജ്യത്തെ പിടിച്ചുകുലുക്കിയ വംശഹത്യയിലെ ഏറ്റവും ദാരുണമായ കൂട്ടക്കൊലക്ക് ഉത്തരവാദികളായവർക്കെതിരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകിട്ടുക എന്നത് ഒരു വ്യക്തിയുടെ താൽപര്യമല്ല; അത് നീതിന്യായ വ്യവസ്ഥയുടെ ചുമതലയാണ്. എന്നിട്ടും നീതിബോധമുള്ള ഏതാനും പൊലീസുദ്യോഗസ്ഥരും അഭിഭാഷകരുമൊഴിച്ച് അധികമാരും സകിയയുടെ പോരാട്ടത്തെ പിന്തുണക്കാൻ എത്തിയില്ല എന്നത് നാട്ടിന്റെ ദുരവസ്ഥക്ക് തെളിവായി നിൽക്കുന്നു. എന്തിനേറെ, നീതി തേടാനുള്ള ഭരണഘടനാപരമായ അവകാശത്തെപ്പോലും ചോദ്യം ചെയ്യുമാറ്, സകിയക്ക് നിയമസഹായം നൽകിയ ടീസ്റ്റ സെറ്റൽവാദിനെതിരെ സുപ്രീംകോടതി നടത്തിയ പരാമർശവും അതിന്റെ ബലത്തിൽ അധികാരികൾ നടത്തിയ വേട്ടയും നമ്മുടെ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്തപാടായി അവശേഷിക്കുന്നു.
നീതിചോദിച്ചതിന് ഒരു സ്ത്രീയെ രാജ്യസംവിധാനങ്ങളും രാഷ്ട്രീയക്കാരും ഒറ്റപ്പെടുത്തി തോൽപിക്കാനിറങ്ങിയ കഥകൂടിയാണ് സകിയ ജാഫരിയുടെ ജീവിതം. ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷവും ഈ പോരാട്ടത്തിൽ അവരെ ഒറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഉന്നത നേതാവായിരുന്നു ഇഹ്സാൻ ജാഫരി. അദ്ദേഹത്തെയും മറ്റനേകം പേരെയും കൂട്ടക്കൊല ചെയ്ത കുറ്റകൃത്യം ശിക്ഷിക്കപ്പെടുക പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യമാകേണ്ടതായിരുന്നു. എന്നാൽ, അവർക്ക് ആശ്രയം നൽകാനുണ്ടായത് ടീസ്റ്റയെപ്പോലുള്ള ഏതാനും വ്യക്തികൾ മാത്രം. അതിന് കോടതി, ഇരയുടെ ദുഃഖം മുതലെടുക്കുന്നു എന്ന മട്ടിൽ ടീസ്റ്റയെ വിമർശിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് വംശീയതയും വംശഹത്യയും രാജ്യത്തിന്റെ മുഖ്യധാരയുടെ മുഖ്യവിഷയമാകാത്തത് എന്ന ചോദ്യം ബാക്കിനിർത്തിക്കൊണ്ടാണ് സകിയ ജാഫരി വിടവാങ്ങുന്നത്. ഭരണഘടനയെയും നിയമവാഴ്ചയെയും ഭരണകൂടം പരാജയപ്പെടുത്തുമ്പോൾ പ്രതിപക്ഷവും ജുഡീഷ്യറിയും പ്രതിരോധത്തിനെത്തിയില്ല. അപ്പോഴും ഒറ്റക്ക് നിന്ന് പൊരുതിയ സകിയ എന്ന ധീരവനിത, ഇന്ത്യൻ പൗരത്വത്തിന്റെ അന്തസ്സ് വീണ്ടെടുക്കാൻ നിലകൊണ്ട വ്യക്തിയായി അറിയപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.