അമേരിക്ക കൊന്നു തിന്നുന്ന കണക്കുകൾ

07:43 AM
18/11/2019

2001 സെപ്​റ്റംബർ 11ന്​ ന്യൂയോർക്കിലെ വേൾഡ്​ ട്രേഡ്​ സ​െൻറർ ഭീകരാക്രമണത്തിൽ തകർന്നതിനെ തുടർന്ന്​ അതിനുള്ള ശിക്ഷയായി അമേരിക്ക വിധിച്ച ഭീകരതക്കെതിരായ യുദ്ധം 18 വർഷം പിന്നിട്ടപ്പോൾ യുദ്ധം നയിച്ചവരും അവരോടൊപ്പം ചേർന്നവരും എന്തു നേടി എന്നത്​ എന്നത്തെയും തർക്കപ്രശ്​നമാണ്​. എന്നാൽ, ഇന്നും തീരാതെ തുടരുന്ന പ്രസ്​തുതയുദ്ധം ലോകത്തിന്​ എന്തു നൽകി എന്ന ചോദ്യത്തിന്​ മനഃസാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോർട്ടുമായി അമേരിക്കയിൽനിന്നുതന്നെയുള്ള പഠനഗവേഷണസ്ഥാപനം കഴിഞ്ഞയാഴ്​ച രംഗത്തുവന്നിരിക്കുന്നു.

രണ്ടു ദശകത്തോളമായി പല പേരിൽ തുടർന്നുവരുന്ന ഭീകരതവിരുദ്ധയുദ്ധത്തി​​െൻറ കൊലയുടെയും കൊല്ലാക്കൊലയുടെയും വിസ്​തരിച്ച കണക്കുകൾ ബ്രൗൺ യൂനിവേഴ്​സിറ്റിയുടെ വാട്​സൺ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇൻറർനാഷനൽ ആൻഡ്​ പബ്ലിക്​ അഫയേഴ്​സ്​ ആണ്​ കഴിഞ്ഞ ബുധനാഴ്​ച പുറത്തുവിട്ടത്​. ഇതനുസരിച്ച്​, അഫ്​ഗാനിസ്​താൻ, പാകിസ്​താൻ, ഇറാഖ്​, സിറിയ, ​​യമൻ എന്നിവിടങ്ങളിലും മറ്റു ചിലയിടങ്ങളിലും അമേരിക്കൻ മുൻകൈയിൽ നടത്തിയ ​ആക്രമണങ്ങൾ ഇതുവരെയായി 8,01,000 മനുഷ്യജീവനുകൾ കശാപ്പ്​ ചെയ്​തിരിക്കുന്നു.

ഇൗ ലക്ഷങ്ങളുടെ 42 ശതമാനവും (3,35,745 പേർ) സംഭവവുമായി പുലബന്ധം പോലുമില്ലാത്ത നിരപരാധികളായ സിവിലിയൻമാരാണ്​ എന്നു റിപ്പോർട്ട്​ വെളിപ്പെടുത്തുന്നു. ഭീകരതവിരുദ്ധ യുദ്ധഫലങ്ങളുടെ പ്രത്യക്ഷ കണക്കാണിത്​. ഭക്ഷണവും വെള്ളവും അടിസ്ഥാനസൗകര്യവുമില്ലാതെയും  യുദ്ധാനുബന്ധ രോഗങ്ങൾ ബാധിച്ചും മരണപ്പെട്ടവർ പ്രത്യക്ഷ കണക്കിൽ പെടില്ല.  പ്രത്യക്ഷ കണക്കി​​െൻറ നാലിരട്ടിയായിരിക്കും പ​രോക്ഷമായതെന്ന്​ ഇൗ പഠനത്തിനായി പ്രത്യേകം രൂപം കൊടുത്ത ‘കോസ്​റ്റ്​സ്​ ഒാഫ്​ വാർ പ്രോജക്​ടി’​​െൻറ ബോർഡ്​ അംഗം പ്രഫ. ഡേവിഡ്​ വെയിൻതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്​. അങ്ങനെ വരു​േമ്പാൾ ഇൗ യുദ്ധങ്ങൾ ഇതുവരെയായി 31ലക്ഷം പേരുടെ ജീവനെടുത്തിട്ടുണ്ടാവും. 

ലോകത്ത്​ ഇൗ ദുരിതത്തീ പടർത്താൻ അമേരിക്ക മാത്രം 6.4 ട്രില്യൺ കോടി ഇതിനകം ചെലവിട്ടു കഴിഞ്ഞിരിക്കുന്നു. ഒരൊറ്റ വർഷം മാത്രം 476 ബില്യൺ ഡോളർ ചെലവുവരുന്നുണ്ടെന്നാണ്​ കണക്ക്​. അഫ്​ഗാനിസ്​താൻ, ഇറാഖ്​, സിറിയ എന്നിവിടങ്ങളിൽനിന്ന്​ അവർ സൈന്യത്തെ പിൻവലിച്ചെങ്കിലും യുദ്ധം ഇപ്പോഴും തുടരുന്നതിനാൽ പ്രതിരോധച്ചെലവിൽ മാറ്റമില്ലെന്നുതന്നെയല്ല, കഴിഞ്ഞ 10 വർഷത്തെക്കാൾ മോശമാണ്​ നിലവിലെ സ്ഥിതി. രാഷ്​ട്രത്തി​​െൻറ പ്രതിരോധച്ചെലവിലേക്ക്​ ​അമേരിക്കക്കാരൻ നികുതിപ്പണം ഒടുക്കേണ്ടിവരുന്ന ഗതികേട്​ 22ാം നൂറ്റാണ്ടിലും തുടരുമെന്ന്​ പഠനം മുന്നറിയിപ്പ്​ നൽകുന്നു. ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസനിലവാരം വർധിപ്പിക്കൽ, ആഗോളതാപനത്തെ ഫലപ്രദമായി നേരിടൽ, ഗതാഗതരംഗത്തെ അടിസ്ഥാന സൗകര്യവികസനം, ആരോഗ്യപരിരക്ഷ തുടങ്ങി പൗരന്മാർക്ക്​ അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങളിലേക്ക്​ വകയിരുത്തേണ്ട കോടികളാണ്​ ഇൗയിനത്തിലേക്ക്​ വഴിമാറ്റി ലോകത്തി​​െൻറ തലയിൽ ദുരന്തങ്ങൾ കെട്ടിയേൽപിക്കുന്ന​ത്​.

നിലവിലെ യു.എസ്​ പ്രതിരോധ ബജറ്റിൽ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന സൈനീകരണപ്രവൃത്തികൾക്കായി മൂന്നിൽ രണ്ടു തുക നീക്കിവെക്കുന്നുണ്ട്​. ആണവായുധ സജ്ജീകരണം, സൈനികവാഹനങ്ങൾക്കും വിമാനങ്ങൾക്ക​​ുമുള്ള ഇന്ധനം, യുദ്ധസേവനത്തിന്​ വിരമിച്ചവർക്ക്​ നൽകുന്ന ആനുകൂല്യങ്ങൾ തുടങ്ങിയതെല്ലാം ഉൾച്ചേർത്തതാണ്​ ഇൗ കണക്ക്. യുദ്ധത്തിൽ അമേരിക്ക ഏറ്റുവാങ്ങേണ്ടി വരുന്ന സൈനികമായ ആൾനാശം 19 രാജ്യങ്ങളിലായി കഴിഞ്ഞ 18 വർഷങ്ങളിൽ നടത്തിയ യുദ്ധത്തിനുശേഷവും പതിനായിരത്തിൽ താഴെ​യാണ്​. എന്നാൽ, യുദ്ധം തോറ്റ്​ തിരിച്ചെത്തുന്ന സൈനികരിൽ കണ്ടുവരുന്ന ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക്​ കനത്തവിലയാണ്​ അമേരിക്കയും ജനതയും ഒടുക്കേണ്ടി വരുന്നത്​. അഫ്​ഗാനിലും ഇറാഖിലും ലക്ഷക്കണക്കിനാളുകളെ കശാപ്പ്​ ചെയ്​ത അമേരിക്കയുടെയും കൂട്ടാളികളുടെയും യുദ്ധം ഇരുരാജ്യങ്ങളിലെയും 70 ശതമാനത്തോളം പേരെ മനോരോഗികളാക്കി.

പാതകികളായ അമേരിക്കയുടെ സൈനികരുടെ കാര്യമോ? രാജ്യത്തെ സാധാരണക്കാരിൽ കണ്ടുവരുന്നതിനെക്കാൾ ഒന്നര ഇരട്ടിയാണ്​ ​മടങ്ങിവരുന്ന അമേരിക്കൻ സൈനികരുടെ സ്വയംഹത്യ. യുദ്ധത്തി​െല ആൾനാ​ശത്തെക്കാൾ കൂടുതൽ സൈനികർ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്യു​െന്നന്ന്​ നവംബർ തുടക്കത്തിലെ മാധ്യമവാർത്തകളിൽ പറയുന്നു. സൈനികർ മടങ്ങിയെത്തിയ ശേഷവും അമേരിക്കക്ക്​ സംഭവിക്കുന്ന ആൾനാശത്തി​​െൻറ കണക്ക്​ മാത്യു ഹോ എന്ന ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടിയത്​ അമ്പരപ്പുളവാക്കുന്നതാണ്​. വിയറ്റ്​നാമിൽ ജീവൻ നൽകിയ 58,000 പോരാളികളുടെ പേരുകുറിച്ച വാഷിങ്​ടൺ ഡി.സിയിലെ സ്​മാരകമന്ദിരത്തിലെ ചുമരി​​െൻറ വീതി ആയിരത്തിൽനിന്നു രണ്ടായിരം അടി വരെ കൂട്ടാൻ ഇൗയിടെ തീരുമാനമെടുത്തു. ഒന്നോ രണ്ടോ ലക്ഷം പേരു കൂടി ചേർക്കാനാണിത്​. വിയറ്റ്​നാമിൽ തോറ്റു മടങ്ങിയ സൈനികരിൽ ആത്മഹത്യ ചെയ്​തവരുടെ എണ്ണം അത്രമേൽ വരും എന്നാണിത്​ കാണിക്കുന്നത്​. അവരിലെ അവസാനത്തെയാളും മരിച്ച ശേഷമേ ആ പട്ടിക അന്തിമമാക്കാൻ കഴിയൂ. 

എന്നാൽ, ഇക്കണ്ട കണക്കുകൾ ആരെയെങ്കിലും പേടിപ്പിക്കുന്നുണ്ടോ? അമേരിക്ക ഒരു ചുക്കും പഠിച്ചില്ലെന്നാണ്​ നാളിതുവരെയുള്ള ലോകാനുഭവം​. വിയറ്റ്​നാം യുദ്ധത്തി​​െൻറ അപസർപ്പകാനുഭവങ്ങൾ നോവലിലേക്കു പകർത്തിയ ഡാൾട്ടൺ ട്രംബോ പറയുന്നത്​ കണക്കുകൾ അമേരിക്കക്കാരിലെ മനുഷ്യത്വം പോലും നശിപ്പിച്ചു എന്നാണ്​. അതു​ നേരാണെന്നു ബോധ്യപ്പെടുത്തുന്നതാണ്​ അമേരിക്ക പിന്നെയും തുടർന്നുകൊണ്ടിരിക്കുന്ന യു​ദ്ധം. ഇൗ മതിഭ്രമത്തിന്​ തടയിടാനും യുദ്ധാവേശത്തിൽ മുക്രയിട്ടു പായുന്ന രാഷ്​ട്രനേതാക്കൾ​ക്കു മൂക്കുകയറിടാനും പുതിയ കണക്കുകൾ വ്യാപകമായി പ്രചരിപ്പിക്കാനാണ്​ വിവരം പുറത്തുവിട്ടവരുടെ തീരുമാനം.

വീണ്ടുമൊരു തെരഞ്ഞെടുപ്പി​​െൻറ മുറ്റത്തുനിൽക്കുന്ന അമേരിക്കയിൽ അതു ചലനമുണ്ടാക്കിയേക്കാം എന്നാണ്​ അവരുടെ പ്രതീക്ഷ. പ്രചാരണബഹളത്തിൽ ബഹുഭൂരിപക്ഷവും നേതാക്കളുടെ വ്യക്തിപ്രഭാവത്തിൽ കണ്ണുമിഴിച്ച്​ നാടി​​െൻറ പ്രശ്​നങ്ങൾ കാണാതെ പോകു​െന്നന്നാണ്​ അവരുടെ ആവലാതി. യുദ്ധച്ചെലവിനത്തിൽ ​തുലച്ചുകളയുന്ന ലക്ഷംകോടികൾ ജനക്ഷേമത്തിന്​ തിരിച്ചുവിടാൻ ഭരണാധികാരികൾക്കുമേൽ സമ്മർദമുണ്ടാക്കാൻ ജനങ്ങളെ ബോധവത്​കരിക്കുകയാണ്​ അവർ കാണുന്നവഴി. അവരുടെ വിശ്വാസം അവരെ മാത്രമല്ല, അമേരിക്കയെയും അതുവഴി ലോകത്തെയും രക്ഷിക്ക​െട്ട.

Loading...
COMMENTS