Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇപ്പോള്‍ ഇര...

ഇപ്പോള്‍ ഇര മനുഷ്യാവകാശങ്ങള്‍ തന്നെ

text_fields
bookmark_border

ഇന്ന് മനുഷ്യാവകാശദിനം. കേവലമായ ആചരണത്തിനപ്പുറം, ഗൗരവബുദ്ധിയോടെയുള്ള പുനരാലോചനകള്‍ക്ക് ഇത് നിമിത്തമാകുമെങ്കില്‍ നല്ലത്. നിര്‍ഭാഗ്യവശാല്‍ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളായി വരുന്നതായാണ് അനുഭവം. ഭരണകൂടത്തിന്‍െറ ഉപകരണങ്ങള്‍ ജനദ്രോഹനടപടികള്‍ തുടരുന്നുവെന്ന് മാത്രമല്ല, മനുഷ്യാവകാശ-പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്കെതിരെപ്പോലും അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അടക്കമുള്ള സംഘടനകള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം കുറയുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. വിദേശഫണ്ടിനുള്ള അനുമതി തടയപ്പെട്ട സന്നദ്ധ സംഘടനകളില്‍ മനുഷ്യാവകാശ സംഘടനകളും ഉള്‍പ്പെടും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദലിത്-ആദിവാസി സമൂഹങ്ങള്‍ക്കുമെതിരായ അക്രമങ്ങളും ഭീഷണികളും കൂടുതല്‍ പരസ്യസ്വഭാവം കൈക്കൊണ്ടുതുടങ്ങിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ ദേശീയ മനുഷ്യാവകാശ കമീഷനില്‍ ഇപ്പോള്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനെ നിയമിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

കുറച്ചുകാലമായി നിഷ്ക്രിയവും നിശ്ചലവുമായിവരുന്ന മനുഷ്യാവകാശ കമീഷന്‍ ഇനിയങ്ങോട്ട് ഭരണകൂടത്തിന്‍െറ മറ്റൊരു വകുപ്പായി മാറാനുള്ള സാധ്യതയാണ് കണ്ടുതുടങ്ങുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡിമരണങ്ങളും കോര്‍പറേറ്റ് ചൂഷണവും പൊലീസ് അതിക്രമങ്ങളും തുടര്‍ക്കഥയാകുന്ന മുറക്ക് മറുവശത്ത് മനുഷ്യാവകാശ സംരക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമാകുകകൂടി ചെയ്യുന്ന സാഹചര്യം നമ്മെ ഭയപ്പെടുത്തണം. ഹ്യൂമന്‍റൈറ്റ്സ് വാച്ചിന്‍െറ 2016ലെ റിപ്പോര്‍ട്ട് ഇന്ത്യയിലെ മനുഷ്യാവകാശപ്രശ്നങ്ങളെ സംഗ്രഹിച്ചുകൊണ്ട് എഴുതി: ‘‘സിവില്‍ സമൂഹത്തിന് പീഡനം; സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഭീഷണിയും കേസുകളും; അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സര്‍ക്കാറില്‍നിന്നും തല്‍പരവിഭാഗങ്ങളില്‍നിന്നും കൈയേറ്റം; തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരാതി.’’

മാല്‍കന്‍ഗിരിയില്‍ 39 മാവോവാദികളെ വെടിവെച്ചുകൊന്നതും ഭോപാലില്‍ ‘ജയില്‍ ചാടിയ’ തടവുകാരെ കൊന്നതും നിലമ്പൂര്‍ വനത്തില്‍ മാവോവാദികളെ കൊന്നതും കഴിഞ്ഞ ആഴ്ചകളില്‍ അടുത്തടുത്തായി നടന്ന സംഭവങ്ങളാണ്. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശങ്ങളോട് പുലര്‍ത്തുന്ന നിസ്സംഗതയുടെ ലക്ഷണങ്ങള്‍തന്നെയാണ് ഇവ. നിലമ്പൂരിലെ കൊലകളെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിക്കുന്നുണ്ട് -മറ്റിടങ്ങളിലെ സമാന സംഭവങ്ങളെ അതത് സര്‍ക്കാറുകള്‍ ന്യായീകരിക്കുന്നതുപോലത്തെന്നെ. മാല്‍കന്‍ഗിരിയിലെയും ഭോപാലിലെയും കൊലകളെ വിമര്‍ശിച്ചവരുടെ ഭരണത്തിന്‍കീഴില്‍ നിലമ്പൂര്‍ കൊലകള്‍ക്ക് ന്യായം ചമയ്ക്കപ്പെടുന്നു. മാവോവാദികള്‍ വെടിവെച്ചപ്പോഴാണ് തിരിച്ച് വെടിവെച്ചതത്രെ. അവശരായ മനുഷ്യരെ -അവര്‍ക്കെതിരെ കേരളത്തില്‍ കേസില്ലാഞ്ഞിട്ടും -പിന്തുടര്‍ന്ന പൊലീസ് സംഘത്തിന് രണ്ടുപേരെ വെടിവെച്ചു കൊല്ലുകയല്ലാതെ നിര്‍വാഹമില്ലായിരുന്നു എന്നാണ് വാദം. എല്ലാ ഏറ്റുമുട്ടലിലും ഇതുതന്നെയാണ് അധികൃതര്‍ പറയാറ്. ഛത്തിസ്ഗഢില്‍ ആദിവാസികളെയും ഗ്രാമീണരെയും പൊലീസ് നിരന്തരം വേട്ടയാടി കൊന്നപ്പോള്‍ അവിടത്തെ സര്‍ക്കാറും പറഞ്ഞത് അതാണ്. പൊലീസ് ചെയ്തുകൂട്ടിയ അക്രമങ്ങള്‍പോലും അവര്‍ മാവോവാദികളുടെ കണക്കിലെഴുതി. അന്വേഷണം നടത്തിയശേഷം ഇപ്പോള്‍ സി.ബി.ഐ 323 പൊലീസുകാര്‍ക്കും 114 ‘കോബ്ര’ പൊലീസുകാര്‍ക്കും 30 കേന്ദ്ര റിസര്‍വ് പൊലീസുകാര്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു. ആത്മരക്ഷയെന്ന അവകാശവാദങ്ങള്‍ പൊള്ളയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.

ഇന്ത്യയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ ഒറ്റപ്പെട്ട അപഭ്രംശങ്ങളല്ല, മറിച്ച് സ്ഥാപനവത്കരിക്കപ്പെട്ട ഭരണഘടനാ തിരസ്കാരംതന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിന്‍െറ പരിഹാരവും അടിസ്ഥാനപരമാകണം. നിരപരാധികളെവരെ വെറും സംശയമാരോപിച്ചുപോലും എത്രകാലം വേണമെങ്കിലും തടങ്കലിലിടാവുന്നതരം കരിനിയമങ്ങള്‍ ഒരു പരിഷ്കൃത രാജ്യത്തിനും ഭൂഷണമല്ല; പക്ഷേ, ഇന്ത്യയില്‍ അത്തരം നിയമങ്ങളുടെ ഒരു നിരതന്നെയുണ്ട്. യു.എ.പി.എ, അഫ്സ്പ, പോസ്കോ തുടങ്ങിയ നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കേണ്ടതുണ്ട്. ഭരണകൂടത്തിന് ദുരുപയോഗിക്കാന്‍ മാത്രമുള്ളതാണ് ഇവയെന്ന് അനുഭവം തെളിയിക്കുന്നു. രണ്ടാമതായി, മനുഷ്യാവകാശലംഘനം നടത്തുന്ന പൊലീസുകാര്‍ക്കും മറ്റും മതിയായ ശിക്ഷ ഉറപ്പുവരുത്തണം. മൂന്നാമതായി, പൊലീസുകാരെ മനുഷ്യാവകാശലംഘനത്തിന് പ്രേരിപ്പിക്കുന്ന ബഹുമതികളും സ്ഥാനക്കയറ്റവും ഭരണകൂടത്തിന് പ്രോത്സാഹനമാകുന്ന പ്രത്യേക ഫണ്ടുകളുമെല്ലാം പുനരാലോചനക്ക് വിധേയമാക്കണം. മാവോവാദി വേട്ടയും ഏറ്റുമുട്ടല്‍കൊലയും കേരളത്തില്‍വരെ എത്തിയ സ്ഥിതിക്ക് പൊതുസമൂഹവും ഈ രംഗത്ത് ഇടപെടേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - world human right day
Next Story