നിയമനിർമാണ സഭകളിലെ സ്ത്രീസംവരണം
text_fieldsസ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ പിന്നിട്ട ഇന്ത്യ എന്ന ഭാരതത്തിന്റെ പരമോന്നത നിയമനിർമാണ സഭയായ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ബിൽ, കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട നവനിർമിത പാർലമെന്റ് മന്ദിരത്തിലെ പ്രഥമ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. വനിതാ സംവരണം നടപ്പാക്കാൻ ദൈവം തന്നെ സവിശേഷമായി തിരഞ്ഞെടുത്തതാണെന്ന് പ്രധാനമന്ത്രി തന്റെ ആമുഖ പ്രസംഗത്തിൽ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും 1996ലും 1998ലും 1999ലും 2008ലും വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.
2010ലാവട്ടെ കോൺഗ്രസ്, ബി.ജെ.പി, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ രാജ്യസഭ അത് പാസാക്കുകകൂടി ചെയ്തു. എന്നാൽ, 13 വർഷങ്ങൾ പിന്നിട്ടപ്പോഴും ലോക്സഭ അത് പാസാക്കുകയുണ്ടായില്ല. വനിതാ സംവരണത്തിൽ ഒ.ബി.സിക്ക് പ്രത്യേക സംവരണം വ്യവസ്ഥ ചെയ്യണമെന്ന് എസ്.പി, ആർ.ജെ.ഡി, ബി.എസ്.പി കക്ഷികൾ ശഠിച്ചതാണ് പുറമേക്കുപറഞ്ഞ കാരണം. പുതുതായി നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ച ബില്ലിലും മറ്റു പിന്നാക്ക സമുദായക്കാരുടെ സംവരണത്തെക്കുറിച്ച് പരാമർശമില്ല. എങ്കിലും പ്രധാന കക്ഷികളെല്ലാം പിന്തുണ കാലേക്കൂട്ടി പ്രഖ്യാപിച്ചിരിക്കെ, 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൊടുന്നനെ കൊണ്ടുവന്ന ഈ ഭരണഘടനാ ഭേദഗതി പാർലമെന്റ് ഏകകണ്ഠമായല്ലെങ്കിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അത് നടപ്പായില്ലെങ്കിലും.
ആഗോളതലത്തിൽ നിയമനിർമാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 25.8 ശതമാനമായിരിക്കെ, വെറും 14.4 ശതമാനവുമായി 148ാമതാണ് ഇന്ത്യയുടെ സ്ഥാനം. 543 അംഗ പാർലമെന്റിൽ 78 വനിതകളേ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. നിശ്ചയമായും എന്നോ തിരുത്തപ്പെടേണ്ട അനീതിയാണ്, ജനസംഖ്യയിൽ പാതിയോളം വരുന്ന സ്ത്രീസമൂഹത്തോട് രാജ്യം അനുവർത്തിച്ചത് എന്നതിന് കൂടുതൽ തെളിവുകൾ വേണ്ട. സാധാരണ പറയാറുള്ള പുരുഷ മേധാവിത്വമാണ് ഈ വിവേചനത്തിന്റെ പിന്നിലെന്നത് സത്യമാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഈ അവസ്ഥാവിശേഷത്തിൽ പ്രധാന പങ്കുണ്ട്. സ്ത്രീ അമ്മയാണ്, ഭാരതം നമ്മുടെ മാതൃരാജ്യമാണ്, മാതൃപാദങ്ങൾക്കടിയിലാണ് സ്വർഗം എന്നൊക്കെ പ്രഘോഷിക്കാൻ നമുക്ക് നാവുകളേറെയുണ്ടെങ്കിലും മാതാവ്, പത്നി, പുത്രി, സഹോദരി എന്നീ നിലകളിലൊന്നും സ്ത്രീക്ക് മാനുഷിക പരിഗണന നൽകാൻപോലും നമ്മുടെ സമൂഹത്തിന് സാമാന്യമായി സാധിച്ചിരുന്നില്ല. മാന്യവും സുരക്ഷിതവുമായ ജീവിതാന്തരീക്ഷം വനിതകൾക്ക് ഒരുക്കുന്നതിലോ സ്ത്രീവിദ്യാഭ്യാസം അർഹമാംവിധം സാർവത്രികമാക്കുന്നതിലോ സ്ത്രീശാക്തീകരണം നാനാ ജീവിതരംഗങ്ങളിൽ നടപ്പാക്കുന്നതിനോ കോളനിവാഴ്ചയിൽനിന്ന് മോചനം നേടി മുക്കാൽ നൂറ്റാണ്ടിനുശേഷവും നാം ലക്ഷ്യം കണ്ടില്ലെന്ന് സമ്മതിക്കുന്നതാണ് യാഥാർഥ്യബോധം. വിദ്യാഭ്യാസത്തിലും കലാസാഹിത്യ സാംസ്കാരിക മേഖലകളിലും ഒരു പരിധിവരെ രാഷ്ട്രീയത്തിലും പ്രത്യാശജനകമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് ശരിയാണ്. വിശിഷ്യാ വിദ്യാഭ്യാസ മേഖലകളിൽ ആൺകുട്ടികളേക്കാൾ മിടുക്കികൾ കഴിവ് തെളിയിക്കുന്നുണ്ടെന്നതും അഭിമാനകരം തന്നെ. സ്ത്രീ അബലയും പുരുഷന്റെ കൈത്താങ്ങിൽ ജീവിക്കേണ്ടവളുമാണെന്ന ചിരകാല മിഥ്യാധാരണകൾ തിരുത്തപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സംതൃപ്തിക്ക് വകനൽകുന്ന ഈ മാറ്റം ത്വരപ്പെടുത്താൻ സഹായകമാവും നിയമനിർമാണ സഭകളിലെ വർധിത സ്ത്രീപ്രാതിനിധ്യം എന്ന ശുഭപ്രതീക്ഷ കരണീയംതന്നെ.
എന്നാൽ, അധികാര രാഷ്ട്രീയത്തിന്റെ പടവുകളിൽ പ്രതികൂല ഘടകങ്ങളെ വകഞ്ഞുമാറ്റി മുന്നേറണമെങ്കിൽ പുരുഷ കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ ഔദാര്യം കാത്തിരിക്കുന്നത് ശുദ്ധ ഭോഷ്കാവും. ഇന്ദിര ഗാന്ധിയുടെ ഉരുക്കുമുഷ്ഠിയും ക്യാപ്റ്റൻ ലക്ഷ്മിയുടെ ആത്മധൈര്യവും മേധ പട്കർ, അരുന്ധതി റോയി, ടീസ്റ്റ സെറ്റൽവാദ് പോലുള്ള ധീരവനിതകളുടെ നിശ്ചയദാർഢ്യവും വൃന്ദ കാരാട്ട്, ആനിരാജ, മമത ബാനർജി പോലുള്ളവരുടെ ചങ്കൂറ്റവും സഭകളിലെ വനിതാ പ്രതിനിധികൾ ആർജിക്കേണ്ടിവരും. ഇത്തരം വ്യക്തിത്വങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതിൽ പരിമിതപ്പെടുന്നുവെന്നത് തന്നെയാണ് വർത്തമാനകാല വെല്ലുവിളി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം പ്രോത്സാഹജനകമായ അനുഭവമാണെന്നിരിക്കെത്തന്നെ പ്രബുദ്ധ കേരള നിയമസഭയിൽപോലും വനിതാ മെംബർമാരുടെ ദയനീയമായ എണ്ണച്ചുരുക്കം നിസ്സാര പ്രശ്നമല്ല. നിർബന്ധിത സംവരണം ഒരളവോളം പ്രശ്നപരിഹാരമാവുമെന്ന് പ്രത്യാശിക്കാമെങ്കിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പോരാട്ടവീര്യമാണ് വനിതാ പ്രാതിനിധ്യത്തിന് ന്യായീകരണമൊരുക്കുക. അതുപോലെ അഴിമതിയും അധികാര ദുർവിനിയോഗവും തകർത്തുകൊണ്ടിരിക്കുന്ന ദേശീയ ജീവിതത്തെ സംശുദ്ധീകരിക്കുക എന്ന ദൗത്യംകൂടി, പുരുഷന്മാരുടെ പിൻസീറ്റ് ഡ്രൈവ് എന്ന അപഖ്യാതിയെ മറികടന്ന് നമ്മുടെ സ്ത്രീപ്രതിനിധികൾ ഏറ്റെടുക്കുകയും ചെയ്തെങ്കിലേ വനിതാ സംവരണം സാർഥകമാവൂ.