സിസ്റ്റം പിഴച്ചത് ആരുടെ പരാജയമാണ്?
text_fieldsവികസിത നവകേരളത്തെക്കുറിച്ച അതിരുവിട്ട അവകാശവാദങ്ങളുടെ പുരപ്പുറത്തുകയറി മനുഷ്യപ്പറ്റും സത്യസന്ധതയുമുള്ള ഒരു ഭിഷഗ്വരൻ ഉറക്കെ നിലവിളിക്കുന്നു, നമ്മുടെ ആതുരസേവനമേഖല ഐ.സി.യുവിലാണെന്ന്. പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് നീക്കിവെച്ച ആയിരം കോടികളെക്കുറിച്ച് വകുപ്പുമന്ത്രി നൂറുനാവിൽ സംസാരിക്കുമ്പോൾ അവരുടെ മൂക്കിൻതുമ്പത്ത് തലസ്ഥാനനഗരിയിലെ മികവിന്‍റെ കേന്ദ്രമായി പുകൾപെറ്റ സർക്കാർ മെഡിക്കൽകോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്കുവേണ്ടി ഇനി ജനത്തോട് ഇരക്കാനാവില്ലെന്ന് സാമൂഹികപ്രതിബദ്ധതയുള്ള ആ വകുപ്പുമേധാവി കരഞ്ഞുപറയുന്നു.
ഗുരുതര രോഗം ബാധിച്ച് അവശരായി ചികിത്സക്കുവേണ്ടി കടം വാങ്ങിയും ഉള്ളത് ഈടു നൽകി വായ്പയെടുത്തും ഓടിയെത്തുന്ന രോഗികൾ, ബന്ധുക്കൾ ഉപേക്ഷിച്ച അനാഥർ, ഭിക്ഷയെടുത്തും ലോട്ടറി ടിക്കറ്റ് വിറ്റും അഷ്ടിക്കു വകകണ്ടെത്തുന്നവർ, ഉപജീവനമാർഗം ഉപേക്ഷിച്ച് ആഴ്ചകളോളം അവർക്കു കൂട്ടിരിക്കാനെത്തുന്ന പാവപ്പെട്ട ബന്ധുക്കൾ, കൂടെ നിൽക്കാൻ ബന്ധുക്കളെ കിട്ടാതെ കൂലിക്ക് ആളെ വെക്കുന്നവർ എന്നിങ്ങനെ ദാരിദ്ര്യത്തിന്‍റെയും ദൈന്യതയുടെയും കണ്ണീർക്കാഴ്ചകൾ ഒരു ഭാഗത്ത്. മറുഭാഗത്തോ, ചികിത്സിക്കാൻ സർവഥാ സന്നദ്ധരായ ഡോക്ടർമാർക്കു മുന്നിൽ അനങ്ങാപ്പാറയായി നിൽക്കുന്ന ബ്യൂറോക്രസി. ശസ്ത്രക്രിയ മുടങ്ങുമെന്നറിയുമ്പോഴും മാസങ്ങൾ പിന്നിട്ട ഉപകരണങ്ങൾക്കുള്ള അപേക്ഷകൾ കുരുക്കഴിക്കാനാവാത്ത ചുവപ്പുനാടയിൽ കെട്ടിക്കുടുക്കുന്ന ഉദ്യോഗസ്ഥലോബി, മന്ത്രിയാപ്പീസിൽ വരെ പറഞ്ഞിട്ടും ചുടലയിൽ ചെന്നു വിളിച്ചാലുള്ള നിസ്സംഗത, ശസ്ത്രക്രിയക്കു വരുന്ന രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും പിരിവെടുത്ത് ഉപകരണം വാങ്ങേണ്ടി വരുന്ന ദുഃസ്ഥിതി, അങ്ങനെ ഇരന്നുവാങ്ങിയതുകൊണ്ട് നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം എടുത്തുകാട്ടി സ്വന്തം വീഴ്ചക്കു മറപിടിക്കുന്ന അധികൃതർ. ഈ ദുരവസ്ഥയുടെ ഇടയിൽ പെട്ടുപോയ നിസ്സഹായരായ സത്യസന്ധരുടെ ഹൃദയം നുറുങ്ങിയ വേദനയാണ് തിരുവനന്തപുരം മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ പൊട്ടിത്തെറിയായി കലാശിച്ചത്.
വൈദ്യചികിത്സ ഉപകരണങ്ങൾക്കു വേണ്ടി ഔദ്യോഗികസംവിധാനങ്ങളിൽ കയറിയിറങ്ങി ചെരിപ്പു തേഞ്ഞ വകുപ്പുമേധാവി ഒരാളല്ല എന്നും അധികൃതരുടെ പിടിപ്പുകേടിന് പാവപ്പെട്ട രോഗികൾ പണപ്പിരിവിലൂടെ പിഴയൊടുക്കേണ്ടി വരുന്നത് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ഭരണത്തിലല്ല, സുന്ദര സുരഭില നവകേരളത്തിന്‍റെ രണ്ടാം എഡിഷന്‍റെ പൂർത്തീകരണത്തിലേക്കു നീങ്ങുന്ന ഇടതു ജനാധിപത്യമുന്നണി സർക്കാറിനു കീഴിലാണ് എന്നു തിരിച്ചറിയണം.
തിരുവനന്തപുരത്തുനിന്നു ഡോ. ഹാരിസ് വിസിൽ ബ്ലോവറായി അനാവരണം ചെയ്തത് നമ്മുടെ സർക്കാർ മെഡിക്കൽകോളജുകളുടെയും അതിന്‍റെ തലപ്പത്തുള്ള ആരോഗ്യവകുപ്പിന്‍റെയും രോഗാതുരതയാണ്. ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾ ശ്വാസമെടുക്കാനാവാതെ മരണത്തിലേക്കു പിടയുന്നതു കാണാനാവാതെ സ്വയംസേവനത്തിന് സന്നദ്ധനായതിന് കഫീൽഖാൻ എന്ന ശിശുരോഗവിദഗ്ധന് ഒടുക്കേണ്ടി വന്ന പിഴ അദ്ദേഹത്തിന്‍റെ സർവിസ് മാത്രമല്ല, സ്വസ്ഥമായ ജീവിതംതന്നെയാണ്. എന്തിന് ഓവർസ്മാർട്ടാവുന്നു എന്നായിരുന്നു സഹപ്രവർത്തകരുടെ ഗുണദോഷം.
ഇവിടെ അടിയന്തരാവശ്യങ്ങളുമായി വകുപ്പുമേധാവികളെ കാണുമ്പോൾ ഡോ. ഹാരിസ് നേരിട്ട ചോദ്യവും ഉള്ളതുമായി ഒത്തൊപ്പിച്ചു പോയാൽ പോരേ എന്നാണ്. അതിനു മനഃസാക്ഷിയെ വഴക്കിയെടുക്കാനാവാതെയാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തലുമായി വരുന്നത്. അന്നുവരെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാതിരുന്നവർ പക്ഷേ, തുറന്നുപറച്ചിലോടെ സടകുടഞ്ഞെണീറ്റു, പറഞ്ഞതിലെ അനൗചിത്യത്തിനു നേരെ വിരൽ ചൂണ്ടി. സമൂഹമാധ്യമ പോസ്റ്റ് പിൻവലിക്കാൻ തിടുക്കം കൂട്ടി. ഭരണമുന്നണിയുടെ അനുഭാവത്തണലുള്ളതുകൊണ്ടു കഫീൽഖാന്റെ ദുരനുഭവങ്ങളിലേക്ക് കടക്കാതെ ഡോക്ടർ രക്ഷപ്പെട്ടേക്കാം.
എന്തായാലും അദ്ദേഹം വെളിപ്പെടുത്തിയ ഗുരുതരവിഷയങ്ങളിൽനിന്ന് തലയൂരാൻ പിണറായി വിജയൻ സർക്കാറിനു പൊടുന്നനെ കഴിയില്ല. വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവിൽ 24 ാം സ്ഥാനത്തുള്ള തിരുവനന്തപുരം മെഡി.കോളജ് അപൂർവരോഗചികിത്സയിൽ മികവു പുലർത്തിയ രാജ്യത്തെ 11 സ്ഥാപനങ്ങളിൽ ഒന്നാണ്. ആ സ്ഥാപനത്തെയാണ് മൂത്രാശയക്കല്ല് പൊടിക്കാനുള്ള പ്രോബ് ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുന്ന, മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ ആശുപത്രി ഇടനാഴിയിൽ ആംബുലൻസ് ഡ്രൈവർക്ക് കാത്തിരിക്കേണ്ടി വരുന്ന അപഖ്യാതിയിലെത്തിച്ചിരിക്കുന്നത്.
അതിഗുരുതര വിഷയമായി ആരോഗ്യമന്ത്രിയുടെ ആപ്പീസിൽ അറിയിച്ചിട്ടും ‘ശ്രദ്ധയിൽ പെട്ടില്ല’ എന്ന ചട്ടപ്പടി മറുപടിയായിരുന്നു മന്ത്രിയുടെ ആദ്യപ്രതികരണം. എന്നാൽ, ഇപ്പോൾ മന്ത്രിപറയുന്നു, എല്ലാം സിസ്റ്റത്തിന്‍റെ പ്രശ്നമാണ് എന്ന്. എങ്കിൽ സിസ്റ്റത്തിന്‍റെ കുഴപ്പത്തിന് ഉത്തരവാദി ആരാണ്, അതിനെ നിയന്ത്രിക്കുന്ന വകുപ്പുമന്ത്രിയും സർക്കാറുമല്ലാതെ? തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ ആറുമാസത്തിലേറെ ശസ്ത്രക്രിയ വൈകുന്നതും അത്യാവശ്യ ഉപകരണങ്ങൾക്ക് അനുമതികിട്ടാതെ വകുപ്പുമേധാവിയുടെ ചെരിപ്പുതേയുന്നതും മന്ത്രിയാപ്പീസിന്‍റെ കൂടി തോൽവിയല്ലെങ്കിൽ പിന്നെയെന്താണ്?
പദ്ധതിവിഹിതം വെട്ടിക്കുറക്കുന്നതും ഭരണാനുമതി നൽകിയ കോടികൾ ആവശ്യത്തിനു ബന്ധപ്പെട്ടവരിലെത്താൻ വൈകുന്നതും സർക്കാറിന്‍റെ പിടിപ്പുകേടല്ലേ? ഉള്ള സൗകര്യങ്ങളും സംവിധാനങ്ങളും ചുവപ്പുനാടയിൽ കുരുക്കിയിടുന്ന ഉദ്യോഗസ്ഥമിടുക്കിനു വളംവെക്കുന്നത് മന്ത്രിയുടെ വകുപ്പല്ലേ? അതൊന്നും ശരിയാക്കാനാവില്ലെങ്കിൽ പിന്നെ സിസ്റ്റം അതേപടി തുടരുമെന്നാണോ? എങ്കിൽപിന്നെ മാറ്റത്തിനു മറുവഴി തേടേണ്ടത് ജനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

