ഭരണഘടനയെ ആര് രക്ഷിക്കും?
text_fieldsരാജ്യം മറ്റൊരു റിപ്പബ്ളിക് ദിനത്തിലൂടെ ഇന്ന് കടന്നുപോകുമ്പോള്‍, ഭരണഘടനക്ക് രൂപംകൊടുത്ത രാഷ്ട്രശില്‍പികള്‍ സ്വപ്നംകണ്ട ഒരു രാഷ്ട്രവ്യവസ്ഥ എത്ര കണ്ട് ഫലപ്രദമായി പ്രയോഗവത്കരിക്കാന്‍ നമുക്ക് സാധിച്ചെന്ന അന്വേഷണത്തിനു വലിയ പ്രസക്തിയുണ്ട്. ബ്രിട്ടീഷ് കോളനിശക്തികളില്‍നിന്ന് മോചിതമായപ്പോള്‍, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ഒരു ഭരണവ്യവസ്ഥയെക്കുറിച്ച് മാത്രമേ നാം ചിന്തിച്ചിരുന്നുള്ളൂ. അതിന്‍െറ അടിസ്ഥാനത്തിലാണ് ബാബാ സാഹെബ് അംബേദ്കറുടെ നേതൃത്വത്തില്‍ 300ല്‍പരം അംഗങ്ങള്‍ മൂന്നുവര്‍ഷത്തോളം സമയമെടുത്ത് ഭരണഘടനക്ക് അന്തിമരൂപം നല്‍കുന്നത്.
1949 നവംബറില്‍ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളിയുടെ അവസാന സിറ്റിങ്ങില്‍ അംഗങ്ങളെ അഭിസംബോധനചെയ്ത്് അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ തന്‍െറ നേതൃത്വത്തില്‍ ഏറ്റെടുത്ത ചരിത്രദൗത്യത്തിന്‍െറ സാക്ഷാത്കരണത്തെക്കുറിച്ച് അഭിമാനം കൊണ്ടപ്പോഴും ചില ഭയാശങ്കകള്‍ പങ്കുവെക്കുകയുണ്ടായി. നല്ളൊരു ഭരണഘടന കൈയിലുള്ളതുകൊണ്ടുമാത്രം നമ്മുടെ രാഷ്ട്രീയവ്യവസ്ഥിതിയും ഭരണക്രമവും മെച്ചപ്പെട്ടതാകുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണെന്ന് അദ്ദേഹം താക്കീത് നല്‍കി. ഓരോ ഭരണഘടനയും ആ കാലഘട്ടത്തിന്‍െറ ചിന്താഗതിയെയും ആഗ്രഹാഭിലാഷങ്ങളെയുമാണ് പ്രതിബിംബിക്കുന്നത് എന്നതുകൊണ്ട്, മാറുന്ന കാലത്തിന്‍െറ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭരണഘടനയില്‍തന്നെ ഭേദഗതികള്‍ക്ക് വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തു.
എന്നാല്‍, അത് സാമൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള ഉപാധിയായേ കാണാവൂ എന്നുകൂടി ഓര്‍മപ്പെടുത്താന്‍ മറന്നില്ല. അമേരിക്കന്‍ ഭരണഘടനയുടെ ഉപജ്ഞാതാക്കളിലൊരാളായ ജഫേഴ്സനെ ഉദ്ധരിച്ചാണ് പ്രായോഗികതലത്തില്‍ ഭരണഘടന നിര്‍വഹിക്കുന്ന ധര്‍മത്തെ അംബേദ്കര്‍ പരാവര്‍ത്തനം ചെയ്തതും വരുംതലമുറക്ക് വെളിച്ചംപകരുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതും. ഒരു രാഷ്ട്രം എന്നനിലയില്‍ പ്രവിശാലമായ ഭൂവിഭാഗങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്താനും വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും സംസ്കൃതികളെ കോര്‍ത്തിണക്കി മുന്നോട്ടുനയിക്കാനും കഴിഞ്ഞ 67 വര്‍ഷം ഭരണഘടനക്ക് സാധിച്ചിട്ടുണ്ട്. പാര്‍ലമെന്‍ററി ജനാധിപത്യ മാതൃക പിന്‍പറ്റിയ നമ്മുടെ രാജ്യത്തിനു മറ്റൊരു ഭരണവ്യവസ്ഥയെക്കുറിച്ച് ഇതുവരെ ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നത്, അംബേദ്കറും കൂട്ടരും വിഭാവനചെയ്ത രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യപോലൊരു രാജ്യത്തിനു അനുയോജ്യമായിരുന്നെന്ന് വിധിയെഴുതാന്‍ പ്രേരിപ്പിക്കുന്നു.
ഇന്ത്യ എന്ന ആശയത്തിന്‍െറ ആധാരശിലയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെങ്കിലും, ഒരു ആധുനിക രാഷ്ട്രമായി അത് ചലിക്കുന്നതും അതിന്‍െറ ജൈവകോശങ്ങള്‍ വളര്‍ന്നു വികസിക്കുന്നതും ബൃഹത്തായ ഒരു ഭരണഘടനയുടെ ബലത്തിലാണ്. ഭരണഘടന അതിന്‍െറ അടിസ്ഥാന ചട്ടക്കൂടിനു പോറലേല്‍ക്കാത്ത കാലത്തോളം രാജ്യത്തിന്‍െറ ഭാവി സുരക്ഷിതമാണ്; ഭരണഘടനയുടെ മറവില്‍, അതിന്‍െറ അന്തസ്സത്തക്ക് നിരക്കാത്ത നയനിലപാടുകളുമായും തീരുമാനങ്ങളുമായും ഭരണകൂടം അതിക്രമം കാട്ടാത്ത കാലത്തോളം. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് പഴുത് നിലനില്‍ക്കുമ്പോള്‍തന്നെ, പാര്‍ലമെന്‍ററി ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും അവതാളത്തിലാക്കുന്ന ഒരു ചിന്താപദ്ധതിയും ഭരണഘടനക്ക് സ്വീകാര്യമല്ളെന്ന വ്യക്തമായ വ്യാഖ്യാനങ്ങള്‍ ന്യായാസനങ്ങളുടെ ഭാഗത്തുനിന്നു നമുക്ക് കിട്ടിയത് ആശ്വാസകരമാണ്.
പ്രമാദമായ കേശവാനന്ദഭാരതി കേസില്‍ മതേതരത്വവും ജനാധിപത്യവുമൊക്കെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്ന സുപ്രീംകോടതിയുടെ തീര്‍പ്പ് ഭരണഘടന തൊട്ടുള്ള കൂടുതല്‍ രാഷ്ട്രീയക്കളികള്‍ക്കുള്ള പഴുത് എന്നെന്നേക്കുമായി അടക്കുന്നുണ്ടെങ്കിലും പാര്‍ലമെന്‍ററി ജനാധിപത്യത്തിനു ഏകാധിപതികളെയും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നമുക്ക് കാട്ടിത്തന്നു. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് ഭരണഘടന പുന$പരിശോധിക്കുന്നതിനെക്കുറിച്ച് കോലാഹലങ്ങള്‍ മുഴങ്ങിയപ്പോള്‍ അന്ന് രാഷ്ട്രപതിയായിരുന്ന പരേതനായ കെ.ആര്‍. നാരായണന്‍ അത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യം മനസ്സിലാക്കിയാവണം, അപഭ്രംശത്തിന്‍െറ അടിസ്ഥാന ഹേതു ഭരണഘടന അല്ളെന്നും അതിലെ വ്യവസ്ഥകളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഭരണനേതൃത്വമാണെന്നും തുറന്നടിച്ചത്.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് രാജ്യം 68ാം റിപ്പബ്ളിക്ദിനം ആഘോഷിക്കുന്നത്. അംബേദ്കര്‍ 1949ല്‍ ഭരണഘടനയെ നിഷ്പ്രഭമാക്കുന്ന അല്ളെങ്കില്‍ അതിന്‍െറ പ്രയോഗവത്കരണ വഴിയില്‍ കടമ്പകള്‍ തീര്‍ക്കുന്ന രണ്ടു സാമൂഹിക യാഥാര്‍ഥ്യങ്ങളെ തൊട്ടുകാണിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമായ അസമത്വവും സാഹോദര്യബോധത്തിന്‍െറ കമ്മിയുമാണവ. അതോടൊപ്പംതന്നെ, പൗരസമൂഹത്തെ ഒരേ ദൃഷ്ടിയോടെ നോക്കിക്കാണാനുള്ള വിശാലമനസ്കതക്ക് തുരങ്കംവെക്കുന്ന അപകടകാരിയായ പ്രത്യയശാസ്ത്രങ്ങള്‍, ഭരണകൂടത്തെപ്പോലും നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നത് തടയുന്നുണ്ട്.
ഭരണഘടന തോല്‍ക്കുന്നത് ഇവിടെയാണ്. മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കേ ഭരണഘടന കാണിച്ചുതരുന്ന നിയതമായ പന്ഥാവിലൂടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ നിലനില്‍പ് ജഫേഴ്സന്‍ ചൂണ്ടിക്കാട്ടിയതുപോലെ ജാഗ്രവത്തായ പൗരന്മാരുടെ കരങ്ങളിലാണെന്ന് മറക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
