Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ അധാർമിക യുദ്ധം ആര്...

ഈ അധാർമിക യുദ്ധം ആര് അവസാനിപ്പിക്കും?

text_fields
bookmark_border
ഈ അധാർമിക യുദ്ധം ആര് അവസാനിപ്പിക്കും?
cancel




റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ൻ യുദ്ധം അഥവാ അധിനിവേശം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെ മുഴുവൻ തെറ്റിച്ചുകൊണ്ട് രണ്ടരമാസം പിന്നിട്ടിട്ടും അന്ത്യം കാണാതെ തുടരുകയാണ്. നാസി ജർമനിയെ 1945 മേയ് ഒമ്പതിന് സോവിയറ്റ് യൂനിയൻ നിർണായകമായി തോൽപിച്ചതിന്റെ വിജയദിനം കഴിഞ്ഞ ദിവസം ആഘോഷിക്കെ പുടിൻ യുക്രെയ്ൻ സൈനിക നടപടിയുടെ ഭാവിയെപ്പറ്റി വല്ലതും വെളിപ്പെടുത്തുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ദിശയിൽ ഒന്നുംപറയാതെ തന്റെ യുക്രെയ്ൻ ആക്രമണത്തെ ന്യായീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നിരന്തരം തുടരുന്ന സമാധാന ദൗത്യവും ശുഭസൂചനയൊന്നും നൽകുന്നില്ല. ഗുട്ടെറസിന്റെ ദൗത്യത്തെ പിന്തുണച്ചും സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്നഭ്യർഥിച്ചും സെക്യൂരിറ്റി കൗൺസിൽ ഒരു പ്രമേയം അംഗീകരിച്ചതു മാത്രമാണ് ഒടുവിലത്തെ സംഭവം.

'യുദ്ധ'മെന്നോ 'അധിനിവേശ'മെന്നോ സംഘട്ടനമെന്നോ സംഭവത്തെ വിശേഷിപ്പിക്കാതെ പ്രസ്താവന നടത്താൻ സുരക്ഷ സമിതിയെ പ്രേരിപ്പിച്ചത് വീറ്റോ അധികാരമുള്ള റഷ്യയെ പ്രകോപിപ്പിക്കാതിരിക്കാനാണെന്ന് വ്യക്തം. അല്ലെങ്കിൽ, പുടിൻ പരമാധികാര യുക്രെയിനി‍െൻറ നേരെ നടത്തിയത് ന്യായീകരണമോ നീതീകരണമോ ഇല്ലാത്ത കടന്നാക്രമണം തന്നെയായിരുന്നെന്ന് പക്ഷംചേരാത്തവർക്കെല്ലാം ബോധ്യപ്പെട്ടതാണ്. മതിയായ മുന്നൊരുക്കത്തോടെ ലോക സൈനിക ശക്തികളിലൊന്നായ റഷ്യ യുക്രെയിനെ ഭാഗികമായി പിടിച്ചടക്കാനും അവശിഷ്ട പ്രദേശത്തെ ചൊൽപ്പടിയിൽ നിർത്താനും ഉന്നംവെച്ചു നടത്തിയ സൈനിക നടപടി കണക്കുകൂട്ടിയപോലെ ആഴ്ചകൾക്കകം പൂർത്തിയാക്കാൻ പുടിന് സാധിച്ചില്ല.

അതിനുമപ്പുറത്ത് തന്റെ ഒടുവിലത്തെ വിജയദിന പ്രസംഗത്തിൽ അദ്ദേഹം തന്നെ സമ്മതിച്ചപോലെ നാറ്റോവിനും പടിഞ്ഞാറൻ ശക്തികൾക്കും യുക്രെയ്നി‍െൻറ ഭാഗത്ത് ചുവടുറപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തു. മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനുവേണ്ടിയാണ് താൻ യുക്രെയ്നി‍െൻറ മേൽ നടപടി സ്വീകരിച്ചതെന്ന് പുടിൻ അവകാശപ്പെടുന്നു. പക്ഷേ, നാറ്റോവിന്റെ സൈനിക യൂനിറ്റുകൾ ഒരുവേള യുക്രെയ്നിലെത്തിയിട്ടില്ലെന്നിരിക്കിലും അമേരിക്കയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള അത്യാധുനികായുധങ്ങൾ വൊളോദിമിർ സെലൻസിക്ക് യഥേഷ്ടം ലഭിച്ചിട്ടുണ്ട്. അതുപയോഗിച്ച് അദ്ദേഹം ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. പഠിച്ച പണി മുഴുവൻ പയറ്റിയിട്ടും തലസ്ഥാന നഗരമായ കിയവ് കീഴടക്കുന്നതിൽ റഷ്യൻ സേന പരാജയപ്പെടുകയും ഇതിനകം പിടിച്ചെടുത്ത നഗരങ്ങളിൽ തന്നെ ചിലത് കൈയൊഴിയുകയും ചെയ്തത് പുടിന്റെ പൂതി വിചാരിച്ചപോലെ നടപ്പില്ലെന്നതിന്റെ സൂചനയായാണ് നിരീക്ഷകർ കാണുന്നത്. തന്റെ ഇരുപത്തി അയ്യായിരം വരുന്ന പട്ടാളക്കാരെ ഇതിനകം അദ്ദേഹത്തിന് ബലികൊടുക്കേണ്ടിയും വന്നു. മുങ്ങിപ്പോയ യുദ്ധക്കപ്പലടക്കം അനേകായിരം കോടി റൂബിളിന്റെ ആയുധനഷ്ടം വേറെയും.

യുക്രെയ്നെ നവനാസികളിൽനിന്ന് മുക്തമാക്കാനാണ് തന്റെ പോരാട്ടമെന്ന് പുടിൻ അവകാശപ്പെടുന്നു. 1945ൽ സോവിയറ്റ് യൂനിയൻ തകർത്ത് നിലംപരിശാക്കിയ ഹിറ്റ്ലറുടെ നാസിക്കൂട്ടത്തെ യുക്രെയ്നിൽ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം വിഫലമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 'നാസി ദേശീയവാദികൾ കാര്യമായി തമ്പടിച്ചിട്ട് അവിടെ സോവിയറ്റ് കാലത്ത് നിർമിച്ച തുരങ്കങ്ങൾക്കുള്ളിൽ തങ്ങുന്ന അസോവ് ബറ്റാലിയൻ ശരിക്കും ഉത്തേജിതരാണ്. അവർ നാസി സാഹിത്യങ്ങൾ വായിക്കുന്നു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നു!' വ്ലാദ്മിർ പുടിന്റെ ഉപദേശകൻ വലേരി ഫേദയേവിന്റെ വെളിപ്പെടുത്തലാണിത്.

അത് ശരിയാണെങ്കിൽ അഥവാ പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ ഉദ്ഭവിക്കുന്ന ചോദ്യമുണ്ട്. മനുഷ്യരാശിക്ക് അപരിഹാര്യമായ ദുരന്തം മാത്രം സമ്മാനിച്ച രണ്ടാം ലോകയുദ്ധത്തിന് ഹേതുഭൂതമായ നാസിസത്തെയും ഫാഷിസത്തെയും ഇന്നത്തെ റഷ്യയും പ്രതിയോഗികളായ യൂറോപ്യൻ രാജ്യങ്ങളും ആത്മാർഥമായി എതിർക്കുന്നുണ്ടോ? എങ്കിൽ അവിടങ്ങളിലൊക്കെ ശക്തിപ്പെട്ടുവരുന്ന തീവ്ര വംശീയ ദേശീയവാദത്തെക്കുറിച്ച്, അത് ഇനിയും മൂർച്ഛിച്ചാൽ അനിവാര്യമാകുന്ന ആഗോള യുദ്ധത്തെക്കുറിച്ച് റഷ്യയോ പ്രതിയോഗികളോ ഉത്കണ്ഠാകുലരാണോ? വിജയദിനത്തിലെ പുടിന്റെ പ്രസംഗത്തിലടക്കം തീവ്രറഷ്യൻ ദേശീയതയെക്കുറിച്ചാണ് വാചാലനായത്. റഷ്യക്കെതിരെ യൂറോപ്യൻ യൂനിയന്റെ ഭാഗത്തുനിന്ന് സക്രിയമായ ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോൺ പ്രതിനിധാനം ചെയ്യുന്നത് തീവ്രവലതുപക്ഷ ദേശീയതയെയാണ്. നടക്കാനിരിക്കുന്ന നാഷനൽ അസംബ്ലി ഇലക്ഷനിൽ മാക്രോൺ പരാജയപ്പെട്ടാൽ ജയിച്ചുകയറുന്നത് കൂടുതൽ തീവ്രമായ ദേശീയതവാദികളും. നാസിസത്തെയും ഫാഷിസത്തെയും ആത്മാർഥമായി എതിർപ്പുള്ളവർ ആരായാലും അവർ സങ്കുചിത വംശീയ-ദേശീയ ചിന്താധാരകൾക്കതീതമായി വിശ്വമാനവികതയിൽ വിശ്വസിക്കുന്നവരായിരിക്കണം. യുദ്ധങ്ങളിൽനിന്ന് ലോകത്തിന് മോചനം ലഭിക്കണമെങ്കിലും അധികാരം മനുഷ്യസ്നേഹികളുടെ കൈകളിലെത്തണം. ആ വഴിയിലല്ല റഷ്യയുടെ പുടിനും യുക്രെയ്ന്റെ സെലൻസ്കിയും പല യൂറോപ്യൻ അധികാരികളും സഞ്ചരിക്കുന്നത്.

ഏതുനിലക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കടുത്ത പ്രയാസങ്ങൾ സൃഷ്ടിച്ചുകൊണ്ട് അനിശ്ചിതമായി തുടരുന്ന യുക്രെയ്ൻ സായുധപോരാട്ടം എന്തുവിലകൊടുത്തും അവസാനിച്ചേ തീരൂ. പക്ഷംചേരാതെ വിവേകപൂർവമായ നിലപാട് സ്വീകരിച്ച ഇന്ത്യക്ക് നയതന്ത്ര വൈദഗ്ധ്യമുണ്ടെങ്കിൽ അത് തെളിയേണ്ട ഘട്ടമാണിത്. നമുക്ക് എണ്ണയുടെയും ഗോതമ്പിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുറയാൻ മാത്രമല്ല അനേകായിരം മനുഷ്യരുടെ ജീവഹാനിക്കും ദുരിതങ്ങൾക്കും അറുതിവരാനും വ്ലാദ്മിർ പുടിനെയും സെലൻസ്കിയെയും മേശക്ക് ചുറ്റുമിരുത്തി യുദ്ധവിരാമക്കരാറിൽ ഒപ്പിടീക്കുകയേ വഴിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Who will end this immoral war?
Next Story