ബിൽക്കീസിനെ പീഡിപ്പിച്ച് മതിവരാത്തതാർക്കാണ്?
text_fieldsശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും ഇളവ് തേടാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ, കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം ഇളവുകൾ നൽകുമ്പോൾ ഇരയുടെ സുരക്ഷയും അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതില്ലേ..?
2002ലെ ഗുജറാത്ത് വംശഹത്യാവേളയിൽ ഹിന്ദുത്വ വർഗീയ ആൺകൂട്ടത്തിന്റെ വേട്ടയിൽ ചോരവാർന്ന് പിടയുമ്പോഴും ബിൽക്കീസ് ബാനു എന്ന സാധു സ്ത്രീ വിശ്വസിച്ചിരുന്നിരിക്കും, ഈ രാജ്യത്തിന്റെ മഹിതമായ ഭരണഘടനയും നീതിപീഠവും തനിക്ക് കൂട്ടിനുണ്ടാകുമെന്നും, ഈ രാജ്യത്തെ സഹജീവികളൊന്നാകെ തനിക്കൊപ്പം നിൽക്കുമെന്നും. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത, മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ അവരുടെ 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ അക്രമികളെ കരുതലോടെ പൊതിഞ്ഞുപിടിക്കാനായിരുന്നു വംശഹത്യയുടെ മുഖ്യ പ്രായോജകരായ സംസ്ഥാന ഭരണകൂടത്തിന്റെ തീരുമാനം. പക്ഷേ, ബിൽക്കീസ് പതറിയില്ല; പടച്ച തമ്പുരാനു മുന്നിലല്ലാതെ ഒരു ശക്തിക്കുമുന്നിലും തലകുനിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് ജീവിതപങ്കാളി യാക്കൂബ് റസൂലിന്റെ കൈയും പിടിച്ച് നീതിപീഠത്തിന്റെ കൂറ്റൻ പടികൾ അവർ നടന്നുകയറി.
കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമങ്ങളുണ്ടായിരുന്നു. പ്രതികളുടെ സ്വാധീനമേഖലയായ ഗുജറാത്തിൽ വിചാരണ നീതിയുക്തമായി നടക്കുമോ എന്ന ആശങ്കയെത്തുടർന്ന് 2004ൽ സുപ്രീംകോടതി വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റുകയും 2008 ജനുവരിയിൽ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു; പ്രതികളുടെ അപ്പീൽ തള്ളി 2017 മേയ് മാസത്തിൽ ബോംബെ ഹൈകോടതി ഈ ശിക്ഷ ശരിവെച്ചു. ഐതിഹാസിക വിധിയെന്നും നീതി പുലർന്നുവെന്നും ഓരോ മനുഷ്യസ്നേഹിയും ആശ്വാസവാക്കുകൾ പറഞ്ഞെങ്കിലും ഭരണകൂടം അടുത്ത അവസരത്തിനായി തക്കംപാർത്തിരിക്കുകയായിരുന്നു.
രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷ നിറവിൽ നിന്ന 2022ൽ ഈ പ്രതികൾക്കൊന്നടങ്കം ഗുഡ് സർട്ടിഫിക്കറ്റ് നൽകി ശിക്ഷാ ഇളവ് അനുവദിച്ച് സ്വതന്ത്രരാക്കിവിട്ടു ഗുജറാത്ത് സർക്കാർ. ഈ ബലാത്സംഗി-കൊലപാതകി കൂട്ടങ്ങളെ പൂമാലയിട്ട് ആദരിച്ചു മന്ത്രിമാരടക്കമുള്ള സംഘ്പരിവാർ നേതൃത്വം. പീഡനവും ഭീഷണികളും പോരാട്ടങ്ങളും മൂലം അന്നേ തളർന്നിരുന്നുവെങ്കിലും തലകുനിക്കാതെ സുപ്രീം കോടതിയെ സമീപിച്ചു ബിൽക്കീസ്. സുഭാഷിണി അലി, രേവതി ലൗൾ, രൂപ് രേഖ വർമ, മഹുവ മൊയ്ത്ര തുടങ്ങിയ അവകാശ പ്രവർത്തകരും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ, സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് തുടങ്ങിയ സംഘടനകളും പൊതുതാൽപര്യ ഹരജികളിലൂടെ കേസിൽ കക്ഷിചേർന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് 2024 ജനുവരി എട്ടിന് ഗുജറാത്ത് സർക്കാറിന്റെ ഉത്തരവ് റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലേക്കയച്ചു. ആരുമില്ലാത്തവൾക്ക് സുപ്രീം കോടതി തുണയെന്ന് നമ്മൾ വീണ്ടുമൊരുവട്ടം കൂടി ആശ്വസിക്കുകയും ചെയ്തു.
ഇപ്പോഴിതാ എല്ലാ ആശ്വാസങ്ങളെയും അട്ടിമറിച്ചുകൊണ്ട്, പോരാട്ടങ്ങളെ അപഹസിച്ചുകൊണ്ട് കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരിക്കുകയാണ് സുപ്രീംകോടതി. 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചുവെന്നും പ്രതികളിലൊരാൾക്ക് ശാരീരിക പരിമിതിയുണ്ടെന്നും അപ്പീലിൽ തീർപ്പാക്കേണ്ട നിയമപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ഈ ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ, ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ സ്പെഷൽ ലീവ് പെറ്റീഷനുകൾ സുപ്രീംകോടതി തന്നെ 2017ൽ തള്ളിക്കളഞ്ഞതാണെന്ന് ജഡ്ജിമാർ മറന്നു. അതിലുപരി, ഈ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതിജീവിതയുടെ ഭാഗം കേൾക്കാൻ പോലും തയാറായതുമില്ല. കുറ്റകൃത്യത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയും കേസിന്റെ നടപടിക്രമങ്ങളും പരിശോധിക്കുമ്പോൾ നീതിവ്യവസ്ഥയെ അട്ടിമറിക്കാൻ മാത്രമേ ഈ തീരുമാനം സഹായിക്കൂ എന്ന് വ്യക്തം.
പ്രതികൾ 17 വർഷത്തിലധികം ജയിലിൽ കഴിഞ്ഞു എന്ന വാദവും പച്ചക്കള്ളമാണ്. 2022ൽ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം തന്നെ, ജാമ്യം ലഭിച്ച രണ്ട് പ്രതികളും പരോളിലും മറ്റുമായി മൂന്നുവർഷത്തോളം ജയിലിന് പുറത്തായിരുന്നു. ഇതിനുപുറമെ, 2022 ആഗസ്റ്റിൽ ഗുജറാത്ത് സർക്കാർ നിയമവിരുദ്ധമായി നൽകിയ ശിക്ഷാ ഇളവിനെത്തുടർന്ന് ഏകദേശം 17 മാസത്തോളം ഇവർ സ്വതന്ത്രരായി വിഹരിച്ചു. ജയിലിനുപുറത്ത് ചെലവഴിച്ച ഈ നീണ്ട കാലയളവുകളെല്ലാം അവഗണിച്ചുകൊണ്ടാണ് ‘ദീർഘകാല ജയിൽവാസം’ എന്ന പരിഗണന നൽകിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും ആരോഗ്യപരമായ കാരണങ്ങളാൽ ഇളവ് തേടാനും ഭരണഘടനാപരമായ അവകാശമുണ്ട് എന്നത് ശരിതന്നെ. എന്നാൽ, കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പോലുള്ള അതിഹീനമായ കുറ്റകൃത്യങ്ങളിൽ ഇത്തരം ഇളവുകൾ നൽകുമ്പോൾ ഇരയുടെ സുരക്ഷയും അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതില്ലേ?
ഈ ജാമ്യ ഉത്തരവിന്റെ ചുവടുപിടിച്ച് ബാക്കിയുള്ള പ്രതികളും സമാനമായ ഇളവ് തേടിയാലും അത് അനുവദിക്കപ്പെട്ടാലും അതിശയിക്കാനില്ല. ന്യൂനപക്ഷ സമൂഹത്തിന്, പ്രത്യേകിച്ച് അതിലെ സ്ത്രീകൾക്ക് പരിമിതമായ അവകാശങ്ങളും അധികാരങ്ങളും മാത്രമേ ഇന്നാട്ടിലുള്ളൂ എന്ന പ്രഖ്യാപനമായിരുന്നു ഗുജറാത്തിലെ മുസ്ലിം വിരുദ്ധ വംശഹത്യയും അതിലെ ലൈംഗിക അതിക്രമങ്ങളും. വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ നിയമവും ഭരണഘടനയും കൈയിലേന്തി എത്ര പൊരുതി നിന്നാലും എറിഞ്ഞുവീഴ്ത്തുമെന്നാണ് വർഷങ്ങൾക്കിപ്പുറവും ബിൽക്കീസ് ബാനുവിനോടും അവരുടെ സമുദായത്തോടും ഭരണകൂടത്തെ ചലിപ്പിക്കുന്ന വർഗീയ ഫാഷിസ്റ്റുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. നീതിപീഠവും ആ വേട്ടക്കാർക്കൊപ്പം ചേരുകയാണെങ്കിൽ പിന്നെ നീതിയെന്ന പദത്തിനെന്തർഥം?

