കശ്മീരിനെ അന്യമാക്കുന്നത് ആരാണ്?
text_fieldsജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ ദിവസന്തോറും വഷളായി വരുന്നതായാണ് റിപ്പോർട്ടുകൾ. ഒരു സാധാരണ പൗരനെ ജീപ്പിനു മുന്നിലിരുത്തി മനുഷ്യകവചമാക്കിയ സൈനിക നടപടിയും പുൽവാമ ഡിഗ്രി കോളജിലുണ്ടായ അക്രമങ്ങളും ഇവയുടെ തുടർസംഭവങ്ങളും, മുേമ്പ അസ്വസ്ഥമായിരുന്ന കശ്മീർ മേഖലയെ കൂടുതൽ കലുഷമാക്കിയിരിക്കുന്നു. പുൽവാമ കോളജിൽ പൊലീസും സി.ആർ.പി.എഫും സായുധ വാഹനങ്ങളിൽ കടന്നതോടെയാണ് സംഘർഷം തുടങ്ങിയതത്രെ. അവിടെ നടക്കുന്ന ചിത്രരചനാ മത്സരങ്ങളെപ്പറ്റി അന്വേഷിക്കാനാണ് ചെന്നതെന്ന് സൈനിക വക്താവ് വിശദീകരിക്കുന്നുെണ്ടങ്കിലും തങ്ങളെ പിടികൂടാനാണെന്ന് വിദ്യാർഥികൾ ധരിച്ചു. വിദ്യാർഥികൾ പ്രതിഷേധിച്ചു; പൊലീസ് അവരെ തല്ലിച്ചതച്ചു. പെല്ലറ്റ് ഉണ്ടയേറ്റ് ഒരു വിദ്യാർഥിക്ക് പരിക്കേറ്റതിനു പിന്നാെല കൂടുതൽ അക്രമങ്ങൾ അരങ്ങേറി; കോളജ് അടച്ചിടുന്നതിലേക്കും പ്രക്ഷോഭം വ്യാപിക്കുന്നതിലേക്കുമാണ് ഇതെല്ലാം നയിച്ചത്. സൈന്യവും പൊലീസും കലാലയ വളപ്പിൽ കടന്നതിനെപ്പറ്റി വ്യത്യസ്ത ഭാഷ്യങ്ങളുണ്ടെങ്കിലും എല്ലാറ്റിലും വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്: അധികൃതരേയൊ അവരുടെ ഉപകരണങ്ങളേയൊ ഒട്ടും വിശ്വസിക്കാത്ത അവസ്ഥയിൽ സാധാരണ കശ്മീരി എത്തിയിരിക്കുന്നു. അവിശ്വാസം മുമ്പും നിലവിലുള്ളതാണെങ്കിലും ഇത്ര പൂർണമായ അന്യവത്കരണം കുറെ വർഷങ്ങളായി ആദ്യമായിട്ടാണ് സംഭവിക്കുന്നത്. പൊലീസും സൈന്യവും കാട്ടിക്കൂട്ടുന്ന അത്യാചാരങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ, ഇവയോടുള്ള പ്രതികരണമായി വിദ്യാർഥികളും മറ്റും അവർക്കുനേരെ നടത്തുന്ന കല്ലേറ്സമരം തുടങ്ങിയവ ഇൗ അവിശ്വാസത്തിെൻറ പ്രകടനവും കാരണവുമാണ്.
അത്യധികം സൈനികവത്കരിക്കപ്പെട്ട കശ്മീരിൽ ഇൗയിടെ നടന്ന തെരഞ്ഞെടുപ്പ് വോട്ടർമാരുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. ഏഴു ശതമാനമാണ് വോട്ടിങ് തോത്; ചിലേടത്ത് രണ്ടുശതമാനം. എന്തുകൊണ്ടിത്ര അന്യവത്കരണം എന്നതിെൻറ മറ്റൊരു ഉത്തരം, സൈനികർ ഒരു ചെറുപ്പക്കാരനെ മനുഷ്യകവചമാക്കി രാജ്യത്തെ നാണം കെടുത്തിയ സംഭവത്തിലുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനുള്ള ആഹ്വാനങ്ങൾ തിരസ്കരിച്ചുകൊണ്ട് പതിവായി വോട്ടിങ്ങിൽ പെങ്കടുക്കാറുള്ള ഫാറൂഖ് ഡാർ എന്ന 26കാരനെ സൈനികർ വെറുതെ പിടികൂടി ജീപ്പിനു മുന്നിൽ കെട്ടിയിട്ട് ശ്രീനഗർ പാർലമെൻറ് മണ്ഡലത്തിൽ ചുറ്റിയത്, തങ്ങളെ കല്ലെറിയുന്നവരെ വെല്ലുവിളിക്കാനായിരുന്നത്രെ. ഏതായാലും അതുകൊണ്ടുണ്ടായ പല ഫലങ്ങളിൽ ഒന്ന്, താനിനി ഒരിക്കലും വോട്ട് ചെയ്യാൻ പോകില്ലെന്ന് അയാൾ പ്രഖ്യാപിച്ചു എന്നതാണ്. മനുഷ്യകവചം എന്ന രീതിതന്നെ മനുഷ്യാവകാശലംഘനമാണെന്നോ ആരോടൊക്കെയോ ഉള്ള രോഷം നിരപരാധിയോടു തീർക്കുന്നത് വിപരീതഫലം െചയ്യുമെന്നോ തിരിച്ചറിവില്ലാത്ത സൈനികർ കശ്മീരിൽ ക്രമസമാധാനപാലനത്തിന് വിന്യസിക്കപ്പെട്ടത് ആർക്കാണ് പ്രയോജനം ചെയ്യാൻ പോകുന്നത്? ജനീവ കരാറനുസരിച്ച് തികഞ്ഞ കുറ്റകൃത്യമായ ‘മനുഷ്യ കവചപ്രയോഗ’ത്തെ സൈനിക നേതൃത്വം തള്ളിപ്പറഞ്ഞതും അതിനെപ്പറ്റി അന്വേഷണം തുടങ്ങിവെച്ചതും നല്ലതുതന്നെ. എന്നാൽ, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രമുള്ള ഒരു പ്രദേശത്ത് ആവശ്യമായ സംയമനവും കരുതലും പരിശീലനവുമില്ലാത്ത സൈനികരെ വിന്യസിച്ചതുകൊണ്ട് എന്തു ഗുണമാണുള്ളതെന്ന പരിശോധനകൂടി ആവശ്യമാണ്. കൂടുതൽ ശത്രുതയും അന്യവത്കരണവും ചീത്തപ്പേരും ഉണ്ടാക്കാൻ നാം തീരുമാനിച്ചിട്ടില്ലെങ്കിൽ കശ്മീരിൽ സൈനിക സാന്നിധ്യം കുറക്കാനുള്ള വഴികളാണ് ആലോചിക്കേണ്ടത്.
കശ്മീരികൾ ഇന്ത്യയോടു ചേർന്നുനിൽക്കാനും പാകിസ്താെൻറ കുതന്ത്രങ്ങളെ തള്ളിക്കളയാനും സന്നദ്ധമായ എത്രയോ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അതിർത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ളവർക്കിടയിൽപെട്ട് കശ്മീരികൾ അവരർഹിക്കാത്ത ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നു. സൈനികസാന്നിധ്യം അന്യതാ ബോധം വളർത്തുകയേ ചെയ്യൂ എന്നതിെൻറ ഉദാഹരണം കൂടിയാണ് കശ്മീർ. ഒാരോ 25 കശ്മീരികൾക്കും ഒരു പട്ടാളക്കാരൻ വീതം എന്ന തോതിൽ സൈനികരെ വെച്ചിടത്താണ് ഇന്ന് അന്യതബോധം പാരമ്യത്തിലെത്തിയിരിക്കുന്നത്. കശ്മീരിലെ ഇന്ത്യാ വിരുദ്ധരുടെ സൃഷ്ടിയല്ല ഇൗ അന്യതബോധം. സ്വൈരത്തോടെ, അന്തസ്സോടെ ജീവിക്കാൻ കഴിയണമെന്നു മാത്രം ആഗ്രഹിക്കുന്ന സാധാരണ കശ്മീരികളെ ഇനിയും അടുപ്പിക്കാൻ നമുക്കു കഴിയും. അതിന് പേക്ഷ ‘മനുഷ്യകവച’രീതിയെ ന്യായീകരിക്കുന്ന അറ്റോണി ജനറൽ രോഹതഗിയെപ്പോലുള്ള ഉപദേശകരെ അകറ്റിനിർത്തുകയാണ് ആദ്യം വേണ്ടത്. നീതിബോധമുള്ള രാജ്യതന്ത്രജ്ഞരുടെ സമിതിയെ, മുറിവുണക്കാനും കശ്മീരികളെ അടുപ്പിക്കാനുമുള്ള വഴികൾ തേടാൻ നിയോഗിക്കുന്നതും നന്നാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
