Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിരുത്തരവാദ...

നിരുത്തരവാദ ജല്‍പനങ്ങള്‍ക്ക് ആര് കടിഞ്ഞാണിടും?

text_fields
bookmark_border
നിരുത്തരവാദ ജല്‍പനങ്ങള്‍ക്ക് ആര് കടിഞ്ഞാണിടും?
cancel

കള്ളപ്രസ്താവങ്ങള്‍ നടത്തിയും പൊള്ളവാദങ്ങള്‍ നിരത്തിയും ജനമനസ്സ് പിടിച്ചെടുക്കാനുള്ള വിലകുറഞ്ഞ തന്ത്രം പുതിയ കാലഘട്ടത്തിന്‍െറ ശൈലിയായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന മുന്നറിയിപ്പ് ഉള്‍വഹിക്കുന്നതാണ് ‘സത്യാനന്തരം’ (‘പോസ്റ്റ് ട്രൂത്ത്’) എന്ന പ്രയോഗംതന്നെ. വസ്തുതകളുടെ പിന്‍ബലമോ ആധികാരിക സ്ഥിരീകരണമോ കൂടാതെ, നവംനവങ്ങളായ പ്രചാരണ ഉപാധികളിലൂടെ അസത്യങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുന്ന വൃത്തികെട്ട വിദ്യ ആഗോളശൈലിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്നവര്‍പോലും നിരുത്തരവാദപരമായി അസത്യജടിലമായ പ്രസ്താവനകള്‍ നടത്താന്‍ ധൈര്യപ്പെടുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യതയിലത്തെിയപ്പോള്‍ പ്രധാനമന്ത്രി മോദിയില്‍നിന്ന് രാജ്യത്തിനു കേള്‍ക്കേണ്ടിവന്നത് വെള്ളംചേര്‍ക്കാത്ത വര്‍ഗീയപ്രസ്താവങ്ങളും സത്യവുമായി പുലബന്ധമില്ലാത്ത ഗീര്‍വാണങ്ങളുമാണ്. എടുത്തുകാട്ടാന്‍ ഭരണനേട്ടങ്ങള്‍ ഇല്ലാതെവരുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടുന്നതിന് എളുപ്പവഴി ഏതെങ്കിലും ‘ശത്രു’വിനു നേരെ വിരല്‍ചൂണ്ടലാണ്. ഫാഷിസത്തിന്‍െറ അടിസ്ഥാന രീതിയാണത്. അങ്ങനെയാണ് യു.പിയിലെ ഫത്തേപൂരിലെ പ്രചാരണയോഗത്തില്‍ മോദി ‘ഖബര്‍സ്ഥാന്‍’ വിഷയമാക്കുന്നത്. ഒരു ഗ്രാമത്തില്‍ ഖബറിടം നിര്‍മിക്കുകയാണെങ്കില്‍ അവിടെ ശ്മശാനവും നിര്‍മിക്കണമെന്ന വാദത്തിലൂടെ ഭൂരിപക്ഷസമുദായത്തിന്‍െറ രക്ഷകവേഷം എടുത്തണിയുകയാണ് അദ്ദേഹം. റമദാനില്‍ വൈദ്യുതി മുടങ്ങിയിട്ടില്ളെങ്കില്‍ ദീപാവലിക്കും വൈദ്യുതി മുടങ്ങരുത്; ഒന്നിലും വിവേചനം പാടില്ല എന്ന് മോദി സ്റ്റേജില്‍ കയറി പറയുമ്പോള്‍ അതിലടങ്ങിയ വര്‍ഗീയമാനം ആര്‍ക്കാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്? മോദിയുടെ പാത പിന്തുടര്‍ന്ന ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് 20 കോടിയിലധികം വരുന്ന മുസ്ലിംകളെ മറമാടാന്‍ എവിടെയാണ് ഈ രാജ്യത്ത് സ്ഥലമുള്ളതെന്നും അതുകൊണ്ട് ഹിന്ദുക്കളെപ്പോലെ മൃതദേഹം ദഹിപ്പിക്കുന്ന രീതി അവരും സ്വീകരിക്കണമെന്നും നിസ്സങ്കോചം തട്ടിവിടുന്നു.

എല്ലാറ്റിനുമൊടുവില്‍ ഉജ്ജൈനിയില്‍ ആര്‍.എസ്.എസ് വക്താവ് കുന്ദന്‍ ചന്ദ്രാവത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലക്ക് ഒരു കോടി രൂപ വിലയിട്ടത് നമ്മുടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്‍െറ ദൃഷ്ടാന്തമാണ്. സ്വത്ത് വിറ്റെങ്കിലും ഒരു കോടി ഉണ്ടാക്കി പിണറായിയുടെ തലയെടുക്കുമെന്ന് പറയുന്ന ഫാഷിസത്തെ ഏത് നിലക്കാണ് നേരിടേണ്ടതെന്ന് രാജ്യമൊന്നടങ്കം ചിന്തിക്കേണ്ടിയിരിക്കുന്നു.

വര്‍ഗീയത പ്രസരിപ്പിച്ച് വോട്ട്പിടിക്കാന്‍ പാടില്ളെന്ന് കര്‍ക്കശനിര്‍ദേശം നല്‍കുന്ന തെരഞ്ഞെടുപ്പ് കമീഷന് ഇത്തരക്കാരുടെ രോമത്തില്‍ തൊടാന്‍പോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം. സമുദായങ്ങള്‍ തമ്മില്‍ മതവൈരം വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചും യു.എ.പി.എ വകുപ്പ് പ്രകാരവും കേസെടുത്ത് ജയിലിലടക്കാവുന്നതേയുള്ളൂ. 140 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പുര്‍ ട്രെയിന്‍ അപകടത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതില്‍ പ്രധാനമന്ത്രി മോദി പ്രദര്‍ശിപ്പിക്കുന്ന ആവേശം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സംഭവം ഉണ്ടായ ഉടന്‍ അപകടത്തിനു പിന്നില്‍ അട്ടിമറിസാധ്യതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പാളങ്ങള്‍ ദ്രവിച്ചതാണ് അപകടകാരണമെന്നും അട്ടിമറിസാധ്യത സംശയിക്കേണ്ടതില്ളെന്നും യു.പി പൊലീസ് മേധാവി അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി. എല്ലാറ്റിനും പിന്നില്‍ ഭീകരവാദവും അയല്‍രാജ്യത്തിന്‍െറ ഗൂഢാലോചനയും പരതുന്ന മോദിസര്‍ക്കാറാവട്ടെ, സംഭവത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടക്കനുസൃതമായി വളച്ചൊടിക്കുന്നതിന്, നേപ്പാളില്‍ ഒരാളെ പിടികൂടി അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധം കഥ മെനഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ അട്ടിമറിയിലേക്ക് സൂചനപോലും നല്‍കാത്ത ട്രെയിന്‍ ദുരന്തത്തെ കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രചാരണവിഷയമാക്കുകയുണ്ടായി. അതിര്‍ത്തിക്കപ്പുറത്തിരുന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് നൂറുകണക്കിന് മനുഷ്യരുടെ മരണത്തില്‍ കലാശിച്ച കാണ്‍പുര്‍ ദുരന്തമെന്നും ദേശസ്നേഹികളെ തെരഞ്ഞെടുത്തയച്ചാല്‍ മാത്രമേ ഇത്തരം ശക്തികളെ നേരിടാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് മോദി പ്രസംഗിച്ചത്.

എന്നാല്‍, പിറ്റേദിവസം റെയില്‍വേ മന്ത്രി പ്രഭു പങ്കെടുത്ത വേദിയില്‍ യു.പി പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗോപാല്‍ ഗുപ്ത വ്യക്തമാക്കിയത് ഇന്ദോര്‍-പട്ന എക്സ്പ്രസ് കാണ്‍പുരിനടുത്ത് അപകടത്തില്‍പ്പെട്ടത് റെയില്‍പാളങ്ങളുടെ തകരാറുകൊണ്ടാണെന്നും സ്ഫോടകവസ്തുക്കളുടെ തരിമ്പുപോലും സ്ഥലത്തുനിന്ന് കണ്ടെടുക്കാനായിട്ടില്ല എന്നുമാണ്. കുറ്റം മുഴുവനും ആരുടെയൊക്കെയോ പിരടിയില്‍ കെട്ടിവെച്ച് റെയില്‍വേയുടെ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടെ, സ്വാഭാവികമായും സംഭവിക്കുന്നത് കാലോചിതമായ നവീകരണത്തിന്‍െറ സാധ്യതപോലും ഇല്ലാതാക്കുകയാണ്. ഒരു ഭരണകര്‍ത്താവിനു യോജിച്ചതാണോ ഈ നിലപാട്?

കേരളത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവങ്ങളും കേട്ടാല്‍ അറപ്പ് തോന്നുന്ന പ്രസംഗങ്ങളും എങ്ങനെയെങ്കിലും ആളാവാനും പാര്‍ട്ടി പദവികളിലത്തൊനുമുള്ള തത്രപ്പാടിന്‍െറ ഫലമാണെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഇവരെയൊക്കെ നിലക്കുനിര്‍ത്താനും നിയമത്തിന്‍െറ കരങ്ങള്‍കൊണ്ട് പിടിച്ചുകെട്ടാനും ഫലപ്രദമായ മാര്‍ഗം എന്താണെന്ന കൂട്ടായ ആലോചന ഇനിയും വൈകിക്കൂടാ.
 

Show Full Article
TAGS:madhyamam editorial 
Next Story