യു.എ.ഇ ‘ഒപെക്’ വിടുമ്പോൾ
text_fieldsദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’ നിശ്ചയിക്കുന്ന ഉൽപാദന ക്വോട്ടയുടെ കാര്യത്തിൽ രാജ്യത്തിന് അതൃപ്തിയുണ്ടെന്ന നിരീക്ഷണത്തിനാണ് പല വിദഗ്ധരും മുൻതൂക്കം നൽകുന്നത്
യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എണ്ണ കയറ്റുമതിരാജ്യ കൂട്ടായ്മയായ ‘ഒപെകി’ലെ അംഗത്വം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്താവും അതിന്റെ അനന്തര ഫലങ്ങൾ എന്നത് ഇപ്പോൾ പ്രവചനാതീതമാണ്. യു.എ.ഇ സർക്കാർ ചൊവ്വാഴ്ച ഇറക്കിയ അറിയിപ്പിന് മുമ്പ് ഇത് സംബന്ധമായ ഒരു സൂചനയും ഉണ്ടായിരുന്നില്ല. അതിനാൽ ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആരും നിരീക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല. മേയ് ഒന്നിന് വെള്ളിയാഴ്ച ഈ പിന്മാറ്റം നിലവിൽവരും. ‘ഒപെക്’ അംഗങ്ങളും അംഗങ്ങളല്ലാത്ത മറ്റു പത്ത് എണ്ണ ഉൽപാദകരാജ്യങ്ങളും കൂടി ചേർന്ന ‘ഒപെക് പ്ലസി’ൽനിന്ന് യു.എ.ഇ പിൻവലിയുകയാണ്. 1960ൽ ഇറാൻ, ഇറാഖ്, സൗദി അറേബ്യ, വെനിസ്വേല എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത ‘ഒപെക്’ പിന്നീട് മറ്റു രാജ്യങ്ങൾകൂടി ചേർന്നാണ് 13 അംഗ വേദിയായി മാറിയത്. പിന്നീട് ചില രാജ്യങ്ങൾ വിവിധ ഘട്ടങ്ങളിലായി ഒഴിവാകുകയും തിരിച്ചുവരികയുമൊക്കെ ചെയ്തശേഷം ഇന്ന് 12 അംഗങ്ങളാണ് അവശേഷിക്കുന്നത്.
ദീർഘകാല ദേശീയ താൽപര്യം പരിഗണിച്ചുള്ള തന്ത്രപരമായ തീരുമാനമാണ് തങ്ങളുടേതെന്നാണ് യു.എ.ഇ വിശദീകരണം. ഇതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും പൊതുവിൽ ‘ഒപെക്’ നിശ്ചയിക്കുന്ന ഉൽപാദന ക്വോട്ടയുടെ കാര്യത്തിൽ രാജ്യത്തിന് അതൃപ്തിയുണ്ടെന്ന നിരീക്ഷണത്തിനാണ് പല വിദഗ്ധരും മുൻതൂക്കം നൽകുന്നത്. നിലവിൽ ‘ഒപെക്’ രാജ്യങ്ങളുടെ ദിനംപ്രതി ഉൽപാദനമായ 21 ദശലക്ഷം ബാരൽ എണ്ണയിൽ യു.എ.ഇയുടേത് ഏതാണ്ട് മൂന്നര ദശലക്ഷമാണ്. ഇത് ഇറാൻ-യു.എസ് യുദ്ധത്തിന് മുമ്പുവരെയുള്ള നിരക്കിന് ഏതാണ്ട് സമാനമാണെങ്കിലും രാജ്യത്തിന് അഞ്ചു ദശലക്ഷം ബാരൽ ഉൽപാദനശേഷി ഉണ്ടെന്ന് കരുതപ്പെടുന്നു. ആ തലത്തിലേക്ക് ഉൽപാദനം ഉയർത്താൻ നിലവിലെ ക്വോട്ട പരിധി അനുവദിക്കില്ല. ഉൽപാദനം ഉയർത്തുന്നത് വിലയെ ബാധിക്കുന്നതിനാൽ വ്യവസ്ഥ പാലിക്കാത്ത രാജ്യം എന്ന പഴി ഒഴിവാക്കാൻ അംഗത്വം റദ്ദാക്കുന്നതാവും എന്നാണ് വിപണി നിരീക്ഷകരുടെ ഒരു വിലയിരുത്തൽ.
‘ഒപെക്’ നിലവിൽവന്നത് ഉചിതമായ ഉൽപാദന-വിപണന നയങ്ങൾ രൂപവത്കരിക്കുക, അംഗരാജ്യങ്ങളുടെ ഉൽപന്നത്തിന് ന്യായമായ വില ലഭ്യമാക്കുക, വിപണിയിൽ വലിയ ഉയർച്ച-താഴ്ചകളില്ലാതെ വില പിടിച്ചുനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്. അർധവാർഷിക യോഗം ചേർന്ന് വിപണിനില വിലയിരുത്തി നയങ്ങളിൽ വേണ്ട മാറ്റം വരുത്തുന്നതിനോടൊപ്പം എണ്ണ വിപണിയിൽ ഗവേഷണ-വിശകലനങ്ങൾ നടത്താനും വിയന്നയിലെ ആസ്ഥാനത്ത് സംവിധാനങ്ങളുണ്ട്. എന്നാൽ, വില പിടിച്ചുനിർത്താൻ ഉൽപാദനം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിക്കേണ്ടിവന്നത് പിന്നീട് ക്രൂഡ് ഓയിൽ വില ഇടിഞ്ഞു തുടങ്ങിയപ്പോഴാണ്. ആ ഘട്ടത്തിൽ ഇടയ്ക്കിടെ സമ്മേളിച്ച് ഉൽപാദനം കൂട്ടുകയും കുറക്കുകയും ചെയ്തു തുടങ്ങി. ഓരോ രാജ്യത്തിനും മൊത്തം ‘ഒപെക്’ ഉൽപാദനത്തിന്റെ വിപണിവിഹിതം എത്ര എന്നതായി നിർണായക ഘടകം. മിക്ക ഉൽപാദകരും ശേഷിയുടെ ഏതാണ്ട് പരമാവധി തന്നെ ഉൽപാദിപ്പിച്ചിരുന്നതിനാൽ വർധിപ്പിക്കാൻ മാത്രം ശേഷിയുണ്ടായിരുന്നില്ല. ഇതിനപവാദം സൗദി അറേബ്യ മാത്രമായിരുന്നു. ആഗോള ‘ഒപെക്’ കയറ്റുമതിയായ 20-21 ദശലക്ഷം ബാരലിന്റെ പകുതിയോളം (10-11 ദശലക്ഷം ബാരൽ) എണ്ണ കയറ്റുമതി ചെയ്ത സൗദിക്ക് ഈയിടെ മാത്രമാണ് മേഖലയിലെ യുദ്ധാന്തരീക്ഷവും അനിശ്ചിതത്വവും കാരണം ഉൽപാദനം ഗണ്യമായി കുറക്കേണ്ടിവന്നത്. ഉൽപാദനം കുറയുന്നതനുസരിച്ച് എണ്ണ വില കുതിച്ചുയർന്നു. അതിനിടയിൽ ‘ഒപെകി’ന്റെ നിയന്ത്രണങ്ങൾ അത്ര പ്രശ്നമായിരുന്നില്ല. ‘ഒപെകി’ന്റെ ഉൽപാദന നിയന്ത്രണങ്ങളൊന്നും കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല എന്നു മുമ്പേ ആരോപണമുണ്ടായിരുന്നതുമാണ്. അതെന്തായാലും ‘ഒപെക്’ യോഗം കൂടുമ്പോൾ വിപണിയിൽ വില കൂടിയോ കുറഞ്ഞോ അതിന്റെ പ്രതികരണമുണ്ടായിരുന്നു.
അംഗത്വം പിൻവലിക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നത് ചോദനയും വിപണി ഘടകങ്ങളുമനുസരിച്ച് ഉൽപാദനം ക്രമേണയായി വർധിപ്പിക്കാനുദ്ദേശിക്കുന്നു എന്നാണ്. പുതിയ ഊർജോൽപാദന മാർഗങ്ങൾ തേടുന്ന ലോകത്ത് ഇത് പല ഫലങ്ങളുണ്ടാക്കാം. കാർബൺ ബഹിർഗമനം കൂടുതലുള്ള ഫോസിൽ ഊർജങ്ങൾ കുറച്ച് കൊണ്ടുവരുന്ന ആഗോളനയത്തിന്റെ ഭാഗമായി നവീന ഊർജസ്രോതസ്സുകൾ തേടുന്നതനുസരിച്ച് ക്രൂഡ് ഓയിൽ പോലുള്ള അസംസ്‌കൃത വസ്തുക്കൾ ക്രമേണ തിരസ്കൃതമാവാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. പൂർണമായും ഇല്ലാതാവാനുള്ള സാധ്യത കുറവാണെങ്കിലും, ബാറ്ററി ഉപയോഗിച്ചുള്ള വൈദ്യുതി വാഹനങ്ങൾക്ക് കാർബൺ ബഹിർഗമനവും അപൂർവലോഹങ്ങളുടെ ദൗർലഭ്യവും വെല്ലുവിളി ഉയർത്തിയേക്കാമെങ്കിലും ക്രൂഡ് ഓയിലിന് ഭാവിയിൽ ഇന്നുള്ള വിപണി ഉണ്ടാവണമെന്നില്ല. ആ നിലക്ക് ഇപ്പോൾ ഉൽപാദനശേഷിയും ഉപഭോഗവും ഉള്ളപ്പോൾ സ്വതന്ത്രമായി ഉൽപാദനം കൂട്ടാനും പിന്നീട് ചോദനയനുസരിച്ച് ഉൽപാദനം കുറച്ച് കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യത്തിന് ‘ഒപെക്’ അംഗത്വം ഇല്ലാത്തതാകും അഭികാമ്യം. ഒപ്പം കൂടുതൽ റിഫൈനറികൾ സ്ഥാപിച്ചും ഉള്ളതിന്റെ ശേഷി വർധിപ്പിച്ചും പെട്രോളിയം ഉൽപന്നങ്ങളുടെ കാര്യത്തിൽ അബൂദബി കേന്ദ്രീത വ്യവസായനയത്തിനും അതൊരുപക്ഷേ, ഉതകിയേക്കും. ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ യു.എ.ഇയുടെ ഉൽപാദനത്തിന്റെ 90 ശതമാനത്തിലധികവും അബൂദബിയുടേതാണ് താനും. പക്ഷേ, ഈ സാധ്യതകൾക്കെല്ലാം തടസ്സം യു.എസ് -ഇറാൻ യുദ്ധമാണ്. യു.എ.ഇയെ പോലെ ‘ഒപെക്’ വിടാൻ ഖത്തർ 2019ൽ തന്നെ തീരുമാനിച്ചതാണെന്നതും ബഹ്‌റൈനും ഒമാനും നേരത്തേതന്നെ ‘ഒപെക്’ അംഗങ്ങളല്ല എന്നതും ചേർത്ത് വായിക്കുമ്പോൾ ‘ഒപെകി’ൽനിന്ന് ഗൾഫ് രാജ്യങ്ങൾ വലുതായൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന വിലയിരുത്തലിനും പ്രസക്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

