Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകടലിന്റെ മക്കൾക്കെതിരെ...

കടലിന്റെ മക്കൾക്കെതിരെ ഭരണക്കാർ കൈകോർക്കുമ്പോൾ

text_fields
bookmark_border
കടലിന്റെ മക്കൾക്കെതിരെ ഭരണക്കാർ കൈകോർക്കുമ്പോൾ
cancel

ലത്തീൻ കത്തോലിക്ക സഭ നേതൃത്വം നൽകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരായ സമരം തകർക്കാൻ കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകക്ഷികൾ ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുന്നു. മറ്റെന്തൊക്കെ വിഷയങ്ങളിൽ എതിരഭിപ്രായങ്ങളുണ്ടെങ്കിലും ഗൗതം അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയെ പിന്തുണക്കുന്ന കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും ഒരേതൂവൽ പക്ഷികളാണ്. തുറമുഖപദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും പ്രദേശത്തെ കലാപഭൂമിയാക്കാൻ സമരക്കാർ കോപ്പുകൂട്ടുന്നുവെന്നും ആരോപിച്ച് വിവിധ പൊതുപരിപാടികൾ രണ്ടുകൂട്ടരും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ, വിവിധ കൂട്ടായ്മകളുടെ പേരിൽ സംയുക്ത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ വിയോജിപ്പുകൾ പരിഗണിക്കാതെ അത്തരം പരിപാടികളിൽ പങ്കെടുക്കുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ നിലപാടും വ്യക്തമാക്കി.

തുറമുഖ വിരുദ്ധ സമരം നൂറുദിനം പിന്നിടുകയും മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനും പ്രതിഷേധത്തിനും കൂടുതൽ ദൃശ്യത വരുകയും ചെയ്യുന്ന സന്ദർഭത്തിലാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ സി.പി.എമ്മും ബി.ജെ.പിയും ഒരു മെയ്യായി അദാനിയുടെ തുറമുഖത്തിനുവേണ്ടി കൈകോർക്കുന്ന വിചിത്രമായ കാഴ്ച അരങ്ങേറിയത്. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് ഉദ്ഘാടനവും വൈകുണ്ഠ സ്വാമി ധർമ പ്രചാരസഭ (വി.എസ്.ഡി.പി)നേതാവ് അധ്യക്ഷതയും വഹിച്ച വിഴിഞ്ഞം തുറമുഖം പ്രാദേശിക ജനകീയ കൂട്ടായ്മയുടെ ലോങ് മാർച്ചിൽ തോളോടുതോൾ ചേർന്ന് തുറമുഖം പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചത് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷുമാണ്. സമരത്തിലെ പങ്കാളിത്തംപോലെ ഏവരെയും അമ്പരപ്പിക്കുന്നതാണ് അവരുടെ പ്രഭാഷണങ്ങളിലെ സാമ്യവും. വിഴിഞ്ഞം പ്രദേശത്ത് വലിയ സംഘർഷസാധ്യതയുണ്ടെന്നു വി.വി. രാജേഷ് പറയുമ്പോൾ സമരക്കാരുടേത് മത്സ്യത്തൊഴിലാളി താൽ​പര്യങ്ങളല്ല മറിച്ച് കലാപത്തി​ലേക്ക്​ കാര്യങ്ങൾ കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന കടുത്ത ആരോപണമാണ് ആനാവൂർ നാഗപ്പൻ ഉന്നയിച്ചത്.

സമാന നിലപാടുകളുള്ള വിഷയമാണെങ്കിൽപോലും സമരങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും സാധാരണയായി ഒന്നിച്ചിരിക്കാറില്ല. എന്നിട്ടും മോദി സർക്കാറിന്റെ ചങ്ങാതി മുതലാളിയായ അദാനിയുടെ സ്വകാര്യ തുറമുഖപദ്ധതിക്കുവേണ്ടി അക്രമാസക്തമായ രീതിയിൽ രംഗത്തിറങ്ങി സംഘ്പരിവാർ പോഷകസംഘങ്ങൾക്കൊപ്പം ചേർന്ന് സമരം ചെയ്യുന്നതിന്‍റെ താൽപര്യം പാർട്ടി വിശദീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം സമരത്തെ പൈശാചികവത്കരിക്കാനും ലത്തീൻ സഭയിലെ വൈദികരുടെ മേൽ കലാപമുദ്ര ചാർത്താനും സമരത്തിൽ ഗൂഢാലോചന ആരോപിക്കാനും അത്തരമൊരു വേദി തെരഞ്ഞെടുത്തത് എന്തിനാണെന്ന ചോദ്യത്തിനും ഭാവിയിൽ പാർട്ടി ഉത്തരം പറയേണ്ടിവരും. തുറമുഖ നിർമാണത്തിനുശേഷം തീരം രൂപപ്പെടുന്ന മേഖലകൾ തങ്ങൾക്ക് സവിശേഷ താൽപര്യമുള്ള പ്രദേശങ്ങളായതിനാലും മറുവശത്ത് നിൽക്കുന്നത് ലത്തീൻ കത്തോലിക്ക സഭ ആയതിനാലും വിഴിഞ്ഞം സമരം ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള അസുലഭ സന്ദർഭമായാണ് സംഘ്പരിവാർ മനസ്സിലാക്കുന്നത്. ആ രാഷ്ട്രീയ അജണ്ടയെക്കുറിച്ചറിയാതെയാണോ സംഘ്പരിവാറിന്റെ കാർമികത്വത്തിൽ സംഘടിപ്പിക്കപ്പെട്ട മാർച്ചിൽ അണിചേർന്ന് ഇനിയും പങ്കെടുക്കുമെന്ന് സി.പി.എം നേതാക്കൾ പ്രസ്താവിക്കുന്നത്? താൽക്കാലിക അധികാര താൽപര്യങ്ങൾക്കുവേണ്ടി കേരളത്തിലേക്കുള്ള അധികാര ഇടനാഴിയായി സംഘ്പരിവാർ തെരഞ്ഞെടുത്ത ഭൂപ്രദേശമാണ് തിരുവനന്തപുരമെന്ന് 'മറന്നു'കളയുന്നതിന് വിലകൊടുക്കേണ്ടിവരുക സി.പി.എം മാത്രമായിരിക്കുകയില്ല, മതനിരപേക്ഷ കേരളം കൂടിയായിരിക്കുമെന്ന് അവരെ ഓർമിപ്പിക്കേണ്ടിവരുന്നുവെന്നത് ദുഃഖകരമാണ്.

വിഴിഞ്ഞം സമരസമിതി കലാപത്തിനു​ കോപ്പു​കൂട്ടുകയാണെന്ന​ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനകളും ഹൈകോടതിയുടെ ഇടപെടലുകളും വിഴിഞ്ഞം മേഖലയെ കൂടുതൽ അശാന്തവും സംഘർഷഭരിതവുമാക്കുന്നുണ്ട്. സമരം 100 ദിനം പിന്നിട്ടതോടെ സമവായ ശ്രമങ്ങൾ ഉപേക്ഷിച്ച് അക്രമാസക്തമായ വഴികളിലേക്ക് സർക്കാർ പ്രവേശിക്കുന്നു എന്ന സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയും ആനാവൂരിന്‍റെ പ്രഭാഷണവും നൽകുന്നത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ കൂടി ഉൾപ്പെടുത്തി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത​ ആഹ്വാനം ചെയ്യുകയും ഇടയലേഖനം പള്ളികളിൽ വായിക്കുകയും ചെയ്തിരിക്കുന്നു. വികസനത്തിന്‍റെ പുറംപോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ആകുലതകളും അതിജീവനത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും കലാപാന്തരീക്ഷത്തിന്‍റെ ഭീതിപ്പെടുത്തലുകളിലൂടെ നിർവീര്യമാക്കാനുള്ള അധികാരതന്ത്രങ്ങൾ ചിലപ്പോൾ വഴിമാറി വലിയ കെടുതികൾക്ക് നിമിത്തമാകാനിടയുണ്ട്. ആ മേഖലയുടെ ചരിത്രത്തിൽ സൗഹൃദത്തിന്റെ നീരുറവകളോടൊപ്പം കലാപത്തിന്‍റെ കനലുകൾകൂടി അടങ്ങിയിട്ടുണ്ടെന്ന് ആരു മറന്നാലും ഭരണകൂടവും അധികാരത്തിലിരിക്കുന്ന പാർട്ടിയും ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്തതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialVizhinjamport
News Summary - When the rulers join hands against the protestrs
Next Story