രാഹുൽ വരുമ്പോൾ
text_fieldsഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക് കുമെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയ ാണ്. കോൺഗ്രസ്/യു.ഡി.എഫ് അണികളിൽ ഇത് സൃഷ്ടിച്ച ആഹ്ലാദവും ആവേശ വും വിവരണാതീതമാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി കേ രളത്തിൽനിന്ന് ജനവിധിതേടുന്നത് എന്നതിനാൽ കോൺഗ്രസ് വൃത്തത്തി ന് പുറത്തും ഇത് വലിയ ആശ്ചര്യം സൃഷ്ടിക്കും. കേരളത്തിലെതന്നെ ഏറ്റവും പി ന്നാക്കമായ ഭൂപ്രദേശമാണ് വയനാട്. അവഗണിക്കപ്പെട്ടുകിടക്കുന്ന ത ങ്ങളുടെ ദേശം ദേശീയശ്രദ്ധയിലേക്ക് വരുന്നതിൽ വയനാട്ടുകാരും ആഹ്ലാ ദിക്കുന്നുണ്ടാവും. മൊത്തത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പുരംഗത്തിനുതന്നെ സവിശേഷമായ ഉണർവും ഉത്സാഹവും നൽകുന്ന ഒന്നായി വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം മാറിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
ദേശീയ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എപ്പോഴും മേൽക്കൈ കിട്ടുന്ന പ്രവണത കേരളത്തിലുണ്ട്. കേന്ദ്ര ഭരണവുമായി ബന്ധപ്പെട്ട കാര്യമാണെന്നതിനാൽ ദേശീയതലത്തിൽ പ്രസക്തമായ കക്ഷിക്ക് വോട്ട് കൊടുക്കുക എന്ന വോട്ടർമാരുടെ മനോഗതമാണ് അതിന് കാരണം. നിലവിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫാഷിസ്റ്റ് മുന്നണിക്കെതിെര ഫലപ്രദമായ രാഷ്ട്രീയ ബദൽ ആവാൻ ശേഷിയുള്ളത് ഇടതുപക്ഷത്തെക്കാൾ കോൺഗ്രസ് പക്ഷത്തിനാണ് എന്ന അവകാശവാദം പ്രചാരണത്തിൽ അവർക്ക് മേൽക്കൈ നൽകുന്നുണ്ട്. ഇടതുകക്ഷികൾ ഇന്ത്യയൊട്ടാകെ നൂറിൽ താഴെ മണ്ഡലങ്ങളിൽ മാത്രമേ മത്സരിക്കുന്നുപോലുമുള്ളൂ.
അങ്ങനെയിരിക്കെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ബദൽ എന്ന ആശയം സംഘ്പരിവാർ വിരുദ്ധരായ വോട്ടർമാരെ ആകർഷിക്കുന്ന ഘടകമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ സാധാരണഗതിയിൽതന്നെ കേരളത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ട്. ആ മേൽക്കൈ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന ഘടകമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം. രാഹുലിെൻറ വരവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകമാനം തങ്ങൾക്കനുകൂലമായ തരംഗമുണ്ടാക്കുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. അതിൽ വലിയ കാര്യമില്ലെങ്കിലും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഹുലിെൻറ സാന്നിധ്യം ഗുണം ചെയ്യുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ ഇടതുപക്ഷത്തിെൻറ നിലവിലെ അവസ്ഥയെ അത് ഒന്നുകൂടെ ദുർബലപ്പെടുത്തുമെന്നതിൽ സംശയമില്ല.
രാഹുലിെൻറ സ്ഥാനാർഥിത്വം ഇടതുകേന്ദ്രങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നത് അവരുടെ പ്രതികരണങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനുള്ള രാഹുലിെൻറ തീരുമാനം എന്തു സന്ദേശമാണ് നൽകുന്നതെന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുലിനെതിരെ മത്സരിക്കുന്ന ഇടതുപക്ഷം എന്തു സന്ദേശമാണ് നൽകുന്നതെന്ന് തിരിച്ചും ചോദിക്കാവുന്നതാണ്.
വയനാട്ടിൽ സംഘ്പരിവാർ പരിഗണനീയ ശക്തിയേ അല്ല എന്നത് വാസ്തവമാണ്. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ തെൻറ പാർട്ടിയുടെ മുന്നേറ്റത്തെ ത്വരിതപ്പെടുത്താൻ ഒരു ദക്ഷിണേന്ത്യൻ മണ്ഡലം കൂടി തെരഞ്ഞെടുക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഓരോ സീറ്റിൽ മത്സരിക്കുന്നത് ബുദ്ധിപരമായ തീരുമാനമായി വിലയിരുത്താൻ കഴിയും. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നതായി വാർത്തകളുണ്ട്. എങ്കിൽ അതും തെരെഞ്ഞടുപ്പിനെ കൂടുതൽ ആകർഷകമാക്കും.
ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഫലപ്രദമായ പ്രായോഗിക രാഷ്ട്രീയ പരിപാടി മുന്നോട്ടുവെക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു എന്നതാണ് അടിസ്ഥാന പ്രശ്നം. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നില്ല എന്നുവെച്ചാൽതന്നെ ഇടതുപക്ഷത്തിന് നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും അധിക പ്രസക്തി കൈവരുന്നില്ല. കേരളത്തിലാകട്ടെ, സംഘ്പരിവാർ രാഷ്ട്രീയത്തിെൻറ ഏറ്റവും വലിയ ഇരകളായ മുസ്ലിം സമൂഹം ഇടതുപക്ഷത്തുനിന്ന് ഏറെ അകന്നുകഴിഞ്ഞ സാഹചര്യമാണ്. സംഘ്പരിവാർ അതിക്രമങ്ങളോട് പുലർത്തിയ മൃദുസമീപനം, മുസ്ലിം സാമൂഹിക സംഘാടനങ്ങളെ മുഴുവൻ തീവ്രവാദ ചാപ്പ നൽകി വേട്ടയാടുന്ന പ്രവണത എന്നിവയെല്ലാം പിണറായി വിജയൻ അധികാരത്തിൽവന്നതിനുശേഷം വർധിച്ചുവെന്നത് യാഥാർഥ്യമാണ്.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഉത്തർപ്രദേശിലെ പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. കഫീൽ ഖാൻ പങ്കെടുത്ത കോഴിക്കോട് മെഡിക്കൽ കോളജിലെ പരിപാടിയെപോലും തീവ്രവാദ മുദ്ര ചാർത്തി വേട്ടയാടിയത് തെരഞ്ഞെടുപ്പിലേക്ക് നാട് പ്രവേശിച്ചശേഷമാണ്. ഇടതുപക്ഷത്തോട് പലപ്പോഴും അനുഭാവം പുലർത്തിയ ന്യൂനപക്ഷ സംഘടനകൾ പോലും അവരിൽനിന്ന് അകലുന്ന ചിത്രമാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്. ആ പശ്ചാത്തലത്തിലാണ് സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിെൻറ ദേശീയ ബിംബമായി മാറിയ രാഹുൽ കേരളത്തിലേക്ക് മത്സരത്തിന് വരുന്നത്. അത് നിശ്ചയമായും ഇടതുപക്ഷത്തിെൻറ സാധ്യതകൾക്കുമേൽ നിഴൽവീഴ്ത്തും.
രാഹുൽ വരുന്നതുകൊണ്ട് അവസാനിക്കേണ്ട ഒന്നല്ല ഇടതുപക്ഷം. സ്വന്തമായ രാഷ്ട്രീയ നിലപാടുകളും പദ്ധതികളുമാണ് ഇടതുപക്ഷത്തെ എപ്പോഴും വ്യതിരിക്തമാക്കേണ്ടത്. അത് നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും അതിെൻറ ശക്തിയും ക്ഷയിക്കും. അതായത്, രാഹുലിെൻറ സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്തതുകൊണ്ട് ഇടതുപക്ഷത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. തങ്ങളുടെ രാഷ്ട്രീയ നിലപാടിെൻറ കരുത്തുകൊണ്ടാണ് അവർ മുന്നേറ്റമുണ്ടാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
