ദയാവധത്തിന് അനുമതി നൽകുമ്പോൾ
text_fieldsകേവലം ഒരു ഡോക്ടറുടെ ശിപാർശയിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ ദയാവധ മാർഗനിർദേശങ്ങളുടെ പരിമിതി
ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി നൽകിയിരിക്കുകയാണ് സുപ്രീംകോടതി. കെട്ടിടത്തിൽനിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റ് കിടക്കുന്ന നോയിഡയിലെ ഹരീഷ് റാണക്ക് കടുത്ത ഉപാധികളോടെ നിഷ്ക്രിയ ദയാവധം അനുവദിക്കാമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ബി.ടെക് വിദ്യാർഥിയായിരുന്ന ഹരീഷിന്, കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മകനെ അന്നു മുതൽ ചികിത്സിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിൽ ഒരു പുരോഗതിയും ഇല്ലാതെ വന്നതോടെയാണ് ദയാവധത്തിന് അനുമതി തേടി മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. ട്യൂബിലൂടെ നൽകുന്ന പോഷകവും വെള്ളവും (സി.എ.എൻ) ആണ് ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്നത്. ഈ ജീവൻരക്ഷ സംവിധാനം എടുത്തുമാറ്റി ‘ചികിത്സ’ അവസാനിപ്പിച്ച് ഹരീഷിനെ ‘അനായാസേന മരണ’ത്തിന് വിട്ടുകൊടുക്കാമെന്നാണ് പരമോന്നത നീതിപീഠത്തിന്റെ വിധി. മാതാപിതാക്കൾക്ക് പുറമെ രണ്ട് മെഡിക്കൽ സമിതികളും ഹരീഷിന് ദയാവധമാകാമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചു. എന്നാൽ, വീട്ടുചികിത്സയിൽ കഴിയുന്ന ഹരീഷിനെ ന്യൂഡൽഹി എയിംസിലേക്ക് മാറ്റണമെന്നും അവിടെവെച്ച് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലേ ജീവൻരക്ഷാ സംവിധാനം എടുത്തുമാറ്റാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ദയാവധം എന്ന സങ്കൽപം നൂറ്റാണ്ടുകൾക്കു മുമ്പേയുണ്ട്. പ്ലാറ്റോയും ലൂസിയസ് സനേക്കയുമെല്ലാം ദയാവധത്തെക്കുറിച്ച് വ്യത്യസ്ത സന്ദർഭങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. മരണം സുനിശ്ചിതമായ രോഗികളുടെ ചികിത്സ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിനെ പ്ലാറ്റോ വിമർശിച്ചപ്പോൾ, സനേക്കയുടെ പക്ഷം ജീവിതം പോലെതന്നെ മരണവും വ്യക്തികൾക്ക് തിരഞ്ഞെടുക്കാമെന്നായിരുന്നു. രോഗിക്ക് മരണമല്ലാതെ മറ്റു മാർഗമില്ലെന്ന് വൈദ്യശാസ്ത്രവും ഡോക്ടർമാരുമെല്ലാം കൃത്യമായി വിലയിരുത്തിക്കഴിഞ്ഞാൽ പിന്നെ അയാളെ ‘സുഖമരണത്തി’ന് വിട്ടുനൽകണമെന്നും ജീവിതത്തിൽ തളച്ചിടരുതെന്നുമാണ് ദയാവധത്തിന്റെ അടിസ്ഥാന തത്ത്വം. എന്നാൽ, ഒരാളുടെ മരണം സുനിശ്ചിതമെന്ന് വൈദ്യശാസ്ത്രത്തിനു പോലും എങ്ങനെ കൃത്യമായി നിശ്ചയിക്കാനാകുമെന്ന മറുചോദ്യവും ഒപ്പം ഉയർന്നുകേൾക്കാറുണ്ട്. ദയാവധത്തിന്റെ ധാർമികവും മതപരവുമായ മാനങ്ങളും കാലങ്ങളായി സമൂഹത്തിൽ ചർച്ച ചെയ്യാറുണ്ട്. ഈ ചർച്ചകൾക്കിടയിൽത്തന്നെയാണ്, 1915ൽ ലോകത്ത് ആദ്യത്തെ ദയാവധം നടന്നത്. യു.എസിലെ ഒരാശുപത്രിയിൽ ജനിതക വൈകല്യത്തോടെ ജനിച്ച കുഞ്ഞിന്, ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമായിരിക്കുമെന്ന് സ്വയം തീരുമാനിച്ച ഹാരി ഹൈഡൽസൻ എന്ന ഭിഷഗ്വരനാണ് അന്ന് ദയാവധം നടപ്പിലാക്കിയത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ അനാവശ്യമെന്ന് വിധിയെഴുതി അയാൾ കുഞ്ഞിന് മരണത്തിനു വിട്ടത് വലിയ വിവാദങ്ങളുയർത്തി. യു.എസിൽ ദയാവധം നിയമപരമാക്കണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരുന്ന കാലംകൂടിയായിരുന്നു അത്. നൂറ് വർഷങ്ങൾക്കിപ്പുറം ലോകത്ത് പല രാജ്യങ്ങളിലും ദയാവധം ഇന്ന് നിയമപരമാണ്.
രണ്ടുതരം ദയാവധങ്ങളുണ്ട്: രോഗിക്ക് മരുന്നും മറ്റും കുത്തിവെച്ച് മരണം വിധിക്കുന്ന സക്രിയ ദയാവധവും (ആക്‍ടിവ് യൂത്തനേഷ്യ) ഹരീഷ് റാണയെപ്പോലുള്ള ആളുകളിൽ പരീക്ഷിക്കപ്പെടുന്നതുപോലെ ചികിത്സ ഒഴിവാക്കിയുള്ള നിഷ്ക്രിയ ദയാവധവും (പാസിവ് യൂത്തനേഷ്യ). നമ്മുടെ രാജ്യത്ത് രണ്ട് ദയാവധവും നിയമപരമല്ല. എന്നാൽ, നിഷ്ക്രിയ ദയാവധത്തിന് അനുമതി തേടി പലരും രാജ്യത്തെ കോടതികളെ മുമ്പും സമീപിച്ചിട്ടുണ്ട്. അപ്പോഴൊന്നും അനുകൂല വിധി നീതിപീഠങ്ങളിൽ നിന്നുണ്ടായില്ല. ദയാവധം സംബന്ധിച്ച് കൃത്യമായൊരു നിയമമില്ല എന്നതായിരുന്നു അതിന്റെ പൊതു കാരണം. പക്ഷേ, ഓരോ തവണ കോടതികളിൽ വിഷയം ചർച്ചയാകുമ്പോഴും നിയമനിർമാണത്തിലേക്കുള്ള ചുവടുവെപ്പുകൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 1973ൽ ആശുപത്രിയിൽവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി നാലുപതിറ്റാണ്ട് കാലത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ മുംബൈക്കാരി നഴ്സ് അരുണ ഷാൻബാഗിനെ ഓർക്കാത്തവരുണ്ടാകില്ല. അരുണക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്ത് 2009ൽ സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി 2011ൽ ആവശ്യം തള്ളി. എന്നാൽ, ഹൈകോടതികളുടെ അനുമതിക്ക് വിധേയമായി ദയാവധം നടത്തുന്നതിനായി മാർഗനിർദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. 2018ൽ, മറ്റൊരു കേസിലും സുപ്രീംകോടതി ഇതേ അഭിപ്രായം ആവർത്തിക്കുകയും വിഷയത്തിൽ നിയമനിർമാണത്തിന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഏഴു വർഷത്തിനിപ്പുറവും ഇക്കാര്യത്തിൽ ഒരു നിയമവും വ്യവസ്ഥയുമില്ല എന്നത് വേറെ കാര്യം.
അതേസമയം, 2023ലെ സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്ത വർഷം കേന്ദ്രസർക്കാർ നിഷ്ക്രിയ ദയാവധത്തിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കി. ഇതുപ്രകാരം, രോഗിക്ക് മരണമല്ലാതെ മറ്റു വഴിയില്ലെന്ന് ആദ്യം സ്ഥിരീകരിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. അതിനുശേഷം, ഇതേ ഡോക്ടറും മറ്റു രണ്ട് വിദഗ്ധരുമടങ്ങുന്ന പ്രാഥമികസമിതി ദയാവധത്തിന് അംഗീകാരം നൽകണം. തുടർന്ന്, കുടുംബത്തിന്റെ അനുമതി വാങ്ങണം. അതിനുശേഷം, ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മറ്റൊരു വിദഗ്ധസമിതിയുടെ കൂടി അംഗീകാരം വാങ്ങണം. 48 മണിക്കൂറിനുള്ളിൽ ഈ സമിതി ഒരു തീരുമാനത്തിലെത്തി അക്കാര്യം ജില്ല മജിസ്ട്രേറ്റിനെ അറിയിക്കണം. ഹരീഷ് റാണയുടെ കുടുംബം ഈ മാർഗനിർദേശങ്ങളത്രയും പാലിച്ചശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. ഹരീഷ് റാണയുടെ കാര്യത്തിൽ വൈദ്യശാസ്ത്രത്തിന്റെ ഭൗതിക മാനദണ്ഡങ്ങൾ പ്രകാരം അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ മറ്റു മാർഗങ്ങളില്ലായിരുന്നുവെന്ന അനുമാനം ശരിയായിരിക്കാം. എന്നാൽ, ദയാവധത്തിന് അനുമതി തേടി കോടതിയിലെത്തുന്ന എല്ലാ ബന്ധുക്കളുടെയും മാനസികാവസ്ഥയും ഉദ്ദേശ്യവും ഹരീഷിന്റെ രക്ഷിതാക്കളുടേതാകണമെന്നില്ല. ഇവിടെയാണ്, ദയാവധത്തിലെ വൈദ്യശാസ്ത്ര നൈതികതയുമായി ബന്ധപ്പെട്ട മർമപ്രധാന ചോദ്യം ഉയരുന്നത്. കേവലം ഒരു ഡോക്ടറുടെ ശിപാർശയിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ ദയാവധ മാർഗനിർദേശങ്ങളുടെ പരിമിതി. വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന നൈതികത ഈ ഭിഷഗ്വരൻ കൈവിട്ടാൽ പിന്നെ അത് വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഇവിടെയാണ് പലപ്പോഴായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ച നിയമനിർമാണത്തിന്റെ പ്രസക്തി. ഹരീഷ് റാണക്ക് ദയാവധം അനുവദിക്കപ്പെട്ട സാഹചര്യത്തിൽ സമാനമായ ആവശ്യവുമായി കോടതികളിൽ കൂടുതൽ ഹരജികളെത്തുമെന്നുറപ്പാണ്. മരണം സുനിശ്ചിതമായവർ എന്ന് വിധിയെഴുതപ്പെട്ടവർക്ക് മരണം മാത്രമാണോ വഴിയെന്നതും ആലോചിക്കേണ്ടതാണ്. പാലിയേറ്റിവ് കെയർ സംവിധാനങ്ങളെ കൂടുതൽ ശാസ്ത്രീയവും വിപുലവുമാക്കുന്നതുവഴി ‘മരണമുറപ്പിച്ച’ രോഗികളെ ചേർത്തുനിർത്താനാവും. അതിനാൽ, ഇത്തരം കാര്യങ്ങൾകൂടി പരിഗണിച്ചുള്ള, അടിയന്തരമായി ദയാവധം സംബന്ധിച്ച കുറ്റമറ്റതും സമഗ്രവുമായ നിയമനിർമാണം അനിവാര്യമാണ്. അപ്പോഴും, ജീവനെടുക്കാൻ ആർക്കാണ് അധികാരം എന്ന ചോദ്യം ബാക്കിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

