Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജീവിതശൈലി രോഗങ്ങളുടെ...

ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോൾ

text_fields
bookmark_border
ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോൾ
cancel
വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്

പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെങ്കിലും, തുടർച്ചയായി ഉണ്ടാവുന്ന പകർച്ചവ്യാധികളുടെയും പുതിയ രോഗങ്ങളുടെയും പശ്ചാത്തലത്തിൽ പലതരത്തിലുള്ള വിശകലനങ്ങളും വിമർശനങ്ങളും ആരോഗ്യമോഡലിനെക്കുറിച്ച് ഉയർന്നുവരാറുണ്ട്. മാതൃ-ശിശു മരണ നിരക്ക്, ആയുർദൈർഘ്യം, വാക്സിനേഷൻ നിരക്ക് തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഏത് സൂചകങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളേക്കാൾ എത്രയോ മികച്ച പ്രകടനമാണ് കേരളത്തിന്റേതെന്നതിൽ തർക്കമുണ്ടാകാനിടയില്ല. എന്നല്ല, ഈ പ്രകടനം പലപ്പോഴും ലോകത്തുതന്നെ ഒന്നാമതുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളുമായി കിടപിടിക്കുന്നതുമാണ്.

അപ്പോഴും, മൗലികമായ ചില ദൗർബല്യങ്ങൾ കേരളത്തിന്റെ ആരോഗ്യമോഡലിനുള്ളതായി കാണാം. ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും വിതരണത്തിലെ അശാസ്ത്രീയതയാണ് ഒന്ന്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്കെത്തുമ്പോൾ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം കുറഞ്ഞുവരുന്നു എന്നത് ഈ മോഡലിന്റെ ചരിത്രപരമായ ന്യൂനതയാണ്. വർത്തമാനകാലത്ത്, കേരളം അനുഭവിക്കുന്ന മറ്റൊരു പ്രധാന ‘ആരോഗ്യപ്രശ്നം’ പകർച്ചയിതര വ്യാധികൾ അഥവാ എൻ.സി.ഡി നിയന്ത്രിക്കാനാവാത്തതാണ്.

എൻ.സി.ഡികൾ പല തരമുണ്ട്: അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിറേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) ആണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ. ലോകത്ത് പ്രതിവർഷം 4.1 കോടി മനുഷ്യർ പലവിധ എൻ.സി.ഡി കാരണം മരണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിലേക്ക് വരുമ്പോൾ, ഏറ്റവും കൂടുതൽ എൻ.സി.ഡി റിപ്പോർട്ട് ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു; അതിൽതന്നെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ ഹോട്സ്പോട്ടായി കേരളം മാറിയതായും വ്യക്തമാകുന്നു. കേരളത്തിന്റെ വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

കേരളത്തിലെ ഈ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതാണ് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ പുതിയ പതിപ്പ് (എൻ.എഫ്.എച്ച്.എസ് -6). ആരോഗ്യം, ജനസംഖ്യ, പോഷകാഹാരം, കുടുംബക്ഷേമം എന്നിവ സംബന്ധിച്ച് രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും വിശ്വസനീയവും ആധികാരികവുമായ ഡേറ്റയാണ് കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. 2023-24 കാലത്ത് നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട റിപ്പോർട്ടിൽ കേരളത്തിന്റെ സാമൂഹിക-ആരോഗ്യ വർത്തമാനം കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്. റിപ്പോർട്ടിൽ കേരളത്തിന് രണ്ട് മുഖങ്ങളുണ്ട്: ഉയർന്ന വിദ്യാഭ്യാസം, കുറഞ്ഞ ശിശുവിവാഹം, മികച്ച മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ, സർവസാധാരണ ബാങ്കിങ്, സ്ത്രീശാക്തീകരണം തുടങ്ങി പതിവ് വിജയഗാഥകളുടേതാണ് ആദ്യത്തേത്; പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനമാണ് മറ്റൊരു മുഖം.

ആദ്യത്തേതിൽ ഒരർഥത്തിൽ അത്ഭുതമില്ല; കാലങ്ങളായി കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയാണത്. എന്നാൽ, രണ്ടാമത്തേത് അങ്ങനെയല്ല; നാം കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താൻ പര്യാപ്തമായ വലിയ അപകടങ്ങൾ അതിൽ പതിയിരിപ്പുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഏതാണ്ട് അഞ്ചിലൊന്നുപേരും പ്രമേഹ രോഗികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 28 ശതമാനം സ്ത്രീകളും 31 ശതമാനം പുരുഷന്മാരും കേരളത്തിൽ പ്രമേഹ മരുന്ന് കഴിക്കുന്നുണ്ട്. ദേശീയ തലത്തിൽ ഇത് ശരാശരി 17 ശതമാനമാണെന്നറിയുക. 1991ൽ, കേരളത്തിൽ ലക്ഷത്തിൽ ഏതാണ്ട് 35പേർ മാത്രമാണ് പ്രമേഹം കാരണം മരണപ്പെട്ടിരുന്നത്. 2022ലെത്തുമ്പോൾ അത് 70ലെത്തി. അഥവാ, മൂന്ന് പതിറ്റാണ്ടിനിടെ പ്രമേഹ മരണം ഇരട്ടിയായി.

ഏതാനും വർഷം മുമ്പ്, പ്രമുഖ മെഡിക്കൽ ജേർണലായ ‘ലാൻസെറ്റ്’ ഈ കണക്കുകളെ സാധൂകരിക്കുന്നൊരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിൽ പ്രമേഹം ‘വ്യാപിച്ചു’കൊണ്ടിരിക്കുന്നുവെന്നതായിരുന്നു പ്രസ്തുത പഠനത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്തെ 20 വയസ്സിന് മുകളിലുള്ള പകുതി പേരും രോഗഭീഷണിയിലാണത്രെ. മുമ്പ്, 50 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം കണ്ടിരുന്നതെങ്കിൽ ഇപ്പോഴത് 30 മുതലേ കണ്ടുവരുന്നു.

നമ്മുടെ ജനസംഖ്യാ വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾകൂടി പരിഗണിക്കുമ്പോൾ ഇവിടെ മറ്റൊരു പ്രശ്നംകൂടി ഉയർന്നുവരുന്നുണ്ട്. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലാണെന്നതിനാൽ, ഇവിടെ അഞ്ചിലൊന്ന് പേരും വയോധികരാണ്. ജനന നിരക്കാകട്ടെ, കുറയുകയും ചെയ്തിരിക്കുന്നു. മറ്റൊരർഥത്തിൽ, കേരളത്തിൽ കുട്ടികളും യുവാക്കളും കുറയുകയാണ്. ഈ യുവാക്കളിൽ വലിയൊരു ശതമാനം പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഇത് ഭാവി കേരളത്തിൽ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.

ഇതിനെ പ്രതിരോധിക്കുന്നതിനുള്ള സമയം യഥാർഥത്തിൽ അതിക്രമിച്ചിരിക്കുകയാണ്. പുതിയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായ പ്രതിരോധ നടപടികൾക്ക് അധികാരികൾ തയാറാകണം. എൻ.സി.ഡി പ്രതിരോധത്തിന്റെ ഭാഗമായി ചില ‘അമൃതം ആരോഗ്യം’ പോലുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്. എന്നാൽ, ഇതഃപര്യന്തമുള്ള അതിന്റെ പ്രവർത്തനങ്ങൾ പുതിയ പഠന റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളെ പ്രതിരോധിക്കാൻ പര്യാപ്തമാകില്ല. അതിനാൽ, വിപുലവും സമഗ്രവുമായ പുതിയൊരു ദൗത്യത്തിന് സർക്കാറും ആരോഗ്യ വകുപ്പും ഇറങ്ങിപ്പുറപ്പെട്ടേ മതിയാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmentdiseasespreventioneditorial opinionKerala
News Summary - When Kerala becomes the capital of lifestyle diseases
Next Story