Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം
cancel

ന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർഥിയും മുൻ എം.പിയുമായ സി.പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 300നെതിരെ 452 വോട്ടുകൾ നേടിയാണ് അദ്ദേഹം ഇൻഡ്യ മുന്നണി സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത്. പാർലമെന്‍റിലെ കക്ഷിനില വെച്ചുനോക്കുമ്പോൾ എൻ.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആ നിലയിൽ സി.പി. രാധാകൃഷ്ണന്‍റെ വിജയം പ്രതീക്ഷിച്ചതുതന്നെയായിരുന്നു. അപ്പോഴും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ എൻ.ഡി.എ സ്ഥാനാർഥിയെ തളക്കാമെന്ന പ്രതിപക്ഷ കണക്കൂട്ടൽ അൽപം പാളി. ചുരുങ്ങിയത് 315 വോട്ട് പ്രതീക്ഷിച്ച ഇൻഡ്യക്ക് 15 എണ്ണത്തിന്‍റെ കുറവുണ്ട്. ഏതാനൂം അംഗങ്ങൾ മറുകണ്ടം ചാടിയെന്ന് അനുമാനിക്കാം; വിശേഷിച്ചും, 432 വോട്ട് പ്രതീക്ഷിച്ചിരുന്ന എൻ.ഡി.എ 20 വോട്ട് അധികം നേടിയ സാഹചര്യത്തിൽ. അതിന്റെ വിശദാംശങ്ങൾ അടുത്തദിവസങ്ങളിൽ പുറത്തുവരുമെന്ന് കരുതാം.

എങ്കിലും, 2022ൽ ജഗ്ദീപ് ധൻകർ 528 വോട്ട് നേടി 346 വോട്ടിന് ജയിച്ചിടത്ത്​ ഏകദേശം അതിന്റെ മൂന്നിലൊന്നായി ഭൂരിപക്ഷം കുറക്കാനായത് ഒട്ടും ചെറിയ കാര്യമല്ല. 2002ൽ ഭൈറോൺസിങ്​ ഷെഖാവത്ത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത് കേവലം 149 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അതുകഴിഞ്ഞാൽ, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിപ്പോൾ രാധാകൃഷ്ണന് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം കൂടുതൽ ഗൗരവത്തോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചതിന്‍റെ ഫലമായും ഇതിനെ വിലയിരുത്താം. അതുകൊണ്ടുതന്നെ, സാ​ങ്കേതികമായി എൻ.ഡി.എ വിജയിച്ചുവെങ്കിലും ശക്തമായ രാഷ്ട്രീയപോരാട്ടം നടത്തിയതിൽ രാഹുൽ ഗാന്ധിക്കും സംഘത്തിനും ഈ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാൻ വകയുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇതാദ്യമായിട്ടാണ് ഉപരാഷ്ട്രപതിക്കായുള്ള ഇടക്കാല തെരഞ്ഞെടുപ്പ്. അങ്ങനെയൊരു തെരഞ്ഞെടുപ്പിലേക്ക് നയിച്ച സാഹചര്യമാകട്ടെ, തീർത്തും ദുരൂഹമായി തുടരുകയും ചെയ്യുന്നു. 2022ൽ, വൻഭൂരിപക്ഷത്തിൽ വിജയിച്ച ജഗ്ദീപ് ധൻകർ ജൂലൈ 21ന് രാജി പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതെങ്കിലും എന്തുകൊണ്ട് രാജി എന്ന​തിന്​ ഇപ്പോഴും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞത് ആരോഗ്യസംബന്ധമായ കാരണങ്ങളായിരുന്നു. പക്ഷേ, അതത്ര വിശ്വസനീയമായ മറുപടിയായി കണക്കാക്കാനാവില്ല.

കഴിഞ്ഞയാഴ്ച സമാപിച്ച പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ തുടക്കത്തിൽ അദ്ദേഹം രാജ്യസഭയു​ടെ ചെയറിലുണ്ടായിരുന്നു. ആ ദിവസങ്ങളിലോ മുമ്പോ അദ്ദേഹത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്നും പുറത്തുവന്നിട്ടില്ല. എന്നല്ല, അപ്പോഴെല്ലാം അദ്ദേഹത്തെ പൂർണ ആരോഗ്യവാനായിട്ടാണ് പൊതുവേദിയിൽ കണ്ടിട്ടുള്ളതും. രാഷ്ട്രീയമായി മോദി സർക്കാറിന്റെ നയങ്ങൾക്ക് അനുഗുണമാകുംവിധം രാജ്യസഭയെ അദ്ദേഹം നിയന്ത്രിച്ചതും ഏറെ ചർച്ചയായതാണ്. എത്രത്തോളമെന്നാൽ, ധൻകർ ഏകപക്ഷീയമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭയിൽ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്നു. പ്രമേയം ചർച്ചക്കെടുക്കും മുന്നേ, സഭതന്നെ പിരിച്ചുവിട്ടാണ് അന്ന് ധൻകറിനെ സർക്കാർ രക്ഷപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയ​ത്തിന്റെയും മോദി ഭരണകൂട നയങ്ങളുടെയും ശക്തനായ വക്താവായ ധൻകറിനെ രാജിക്കുശേഷം ആരും കണ്ടിട്ടില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഇക്കാര്യം ശക്തമായി ഉന്നയിച്ചും ‘വോട്ട് ചോരി’ അടക്കമുള്ള വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകൾ ഉയർത്തിവിട്ടുമാണ് ഇൻഡ്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

സുദർശൻ റെഡ്ഡിയെപ്പോലെ ശക്തനായൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയുള്ള പ്രതിപക്ഷത്തിന്‍റെ ആദ്യനീക്കംതന്നെ മികച്ച ചുവടുവെപ്പായിരുന്നു. ജനാധിപത്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് തന്റെ സ്ഥാനാർഥിത്വമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വോട്ടെടുപ്പിൽ പക്ഷേ, അത് പൂർണമായും പ്രതിഫലിച്ചുവെന്ന് പറയാനാകില്ല. നിർണായകഘട്ടങ്ങളിൽ സംഭവിക്കുന്ന കൂറുമാറ്റം എന്ന സഹജ ദൗർബല്യത്തിന് ഈ സന്ദർഭത്തിലും മുന്നണി വഴങ്ങി. എങ്കിലും, പാർലമെന്റിന് പുറത്ത് പ്രതിപക്ഷ മുന്നണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ബിഹാറിൽ അതിന്റെ അനുരണനങ്ങൾ കാണുന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്.

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നതോടെ ഇന്ത്യയിൽ ഹിന്ദുത്വയുടെ ഭരണത്തിൽ മറ്റൊരു ചരി​ത്രഘട്ടംകൂടി പൂർത്തിയാവുകയാണ്. ആർ.എസ്.എസിന്‍റെ മറ്റൊരു നോമിനികൂടി ഭരണകൂടത്തിന്‍റെ തല​പ്പത്തെത്തിയിരിക്കുന്നു. 16ാം വയസ്സിൽ ആർ.എസ്.എസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. തമിഴ്നാട്ടിൽ സംഘ്പരിവാറിന്‍റെ വേരോട്ടം വർധിച്ചത് രാധാകൃഷ്ണനിലൂടെയാണെന്ന് പറഞ്ഞാൽ തെറ്റില്ല. വർഗീയസംഘർഷങ്ങളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എ​ങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

1998​ലെ കോയമ്പത്തൂർ കലാപത്തിനു പിന്നാലെയുണ്ടായ രൂക്ഷമായ ചേരിതിരിവിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പാർലമെന്ററി പ്രവേശനംതന്നെയും. ​തൊട്ടടുത്ത വർഷവും അദ്ദേഹം വിജയിച്ചു. എന്നാൽ, ആ കലാപത്തിന്റെ അലയൊലികൾ പൂർണമായും നീങ്ങിയ ശേഷം മൂന്നുതവണ അവിടെനിന്ന് മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം. അപ്പോഴും മോദിയുടെ സ്വന്തക്കാരനായി കേന്ദ്ര കയർ ബോർഡിലും മറ്റും സ്ഥാനം പിടിച്ചു. രണ്ടുവർഷമായി വിവിധ രാജ്ഭവനുകളിലായിരുന്നു പ്രവർത്തിച്ചത്. മഹാരാഷ്ട്ര ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

ഉപരാഷ്ട്രപതി എന്നതിനപ്പുറം, രാജ്യസഭയുടെ അധ്യക്ഷൻ എന്നനിലയിൽ സി.പി. രാധാകൃഷ്ണൻ എങ്ങനെയാകും പ്രവർത്തിക്കുക എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ആർ.എസ്.എസിന്‍റെ കൂടുതൽ പ്രത്യക്ഷമായ ഇടപെടലുകൾ രാധാകൃഷ്ണൻ സഭ നിയന്ത്രിക്കുമ്പോൾ പ്രതീക്ഷിക്കണം. രാജ്യസഭയിൽ ഭൂരിപക്ഷം കുറവെങ്കിലും ഖാർഗെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് അവിടെ നടക്കുന്ന ചർച്ചകളിൽ കാര്യമായ മുൻതൂക്കം കൈവരിക്കാൻ കഴിയാറുണ്ട്. പ്രതിപക്ഷത്തിന്‍റെ ഈ മുന്നേറ്റത്തിന് തടയിടുന്നതടക്കം രാജ്യസഭയിൽ ഇനിമുതൽ പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുകയാകും അദ്ദേഹത്തിന്‍റെ ദൗത്യമെന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ, കൂടുതൽ സംഘർഷഭരിതമായ പാർലമെന്‍റ്​ സമ്മേളനങ്ങൾക്കാകും രാജ്യം സാക്ഷ്യംവഹിക്കാൻ പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialVice President of indiacp radhakrishnan
News Summary - When CP Radhakrishnan Being Elected New Vice President of India
Next Story