വാട്സ്ആപ് ഹർത്താലും പൊലീസ് നടപടിയും
text_fieldsഏപ്രിൽ 16ന് കേരളത്തിൽ നടന്ന ഹർത്താൽ പല കാരണങ്ങളാൽ വ്യത്യസ്തമായ പ്രതിഭാസമായിരുന്നു. കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയും കൊന്നുകളയുകയും, അത് ചെയ്തവർക്ക് സംരക്ഷണം നൽകാൻ ബി.ജെ.പി മന്ത്രിമാർ രംഗത്തുവരുകയും ചെയ്ത സംഭവം മനുഷ്യരായി പിറന്നവരെ ഞെട്ടിച്ചതായിരുന്നു. അതിനോടുള്ള രോഷം രാജ്യമാസകലം ഉയരുന്ന വേളയിലാണ് ഏപ്രിൽ 16ലെ ഹർത്താലും നടക്കുന്നത്. ആരും ആഹ്വാനം ചെയ്യാതെയാണ് ഹർത്താൽ എന്നതാണ് ഏറ്റവും കൗതുകകരമായിട്ടുള്ളത്. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ഹർത്താൽ ആലോചനകൾ പ്രചരിച്ചത് എന്നാണ് മനസ്സിലാവുന്നത്. പ്രാദേശിക കലാസമിതികൾ, സ്പോർട്സ് ക്ലബുകൾ, വായനശാലകൾ എന്നിവയെല്ലാം അതിെൻറ നടത്തിപ്പുകാരും പ്രചാരകരുമായിട്ടുണ്ടായിരുന്നു. ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ഹർത്താൽ ദിനത്തിലെ പ്രകടനങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ചെറിയ തോതിൽ തുടങ്ങിയ ഹർത്താൽ ഉച്ചയോടുകൂടി ശക്തമാവുന്നതാണ് കണ്ടത്. വൻ ആൾക്കൂട്ടമാണ് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തത്. കഠ്വ സംഭവത്തോടുള്ള രോഷവും സംഘ്പരിവാർ അതിക്രമങ്ങളോടുള്ള അമർഷവുമാണ് ആൾക്കൂട്ടത്തെ യോജിപ്പിച്ച ഘടകം. പ്രത്യേകിച്ച് ആഹ്വാനമൊന്നുമില്ലാതെ തന്നെ വലിയൊരു വിഭാഗം ജനസമൂഹം തെരുവിലിറങ്ങാൻ മാത്രം ആഘാതമേൽപിച്ച സംഭവമായിരുന്നു കഠ്വയിലേത് എന്നാണിത് കാണിക്കുന്നത്.
എന്നാൽ, ഹർത്താലിനുശേഷം അതിനെ പൈശാചികവത്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. തീവ്രവാദികളുടെ ഹർത്താലാണിത് എന്ന് ആദ്യം പ്രഖ്യാപിച്ചത് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനാണ്. സമാനമായ അഭിപ്രായം കോടിയേരി ബാലകൃഷ്ണനും മുന്നോട്ടു വെച്ചു. ആർ.എസ്.എസ് കാപാലികതക്കെതിരെ നടന്ന ഹർത്താലിനോട് സി.പി.എം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണമെന്തായിരിക്കും? ഈ ഹർത്താലിൽ മുസ്ലിം ജനവിഭാഗത്തിെൻറ പങ്കാളിത്തം ധാരാളമുണ്ടായിരുന്നു. മുസ്ലിം പങ്കാളിത്തമുള്ളതോ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടക്കുന്നതോ ആയ സാമൂഹിക പ്രവർത്തനങ്ങളെ വിശകലനം ചെയ്യാൻ സി.പി.എമ്മിന് ഒരേയൊരു രീതിയേ ഉള്ളൂ എന്നതാണ് വാസ്തവം. അതിനെ തീവ്രവാദ മുദ്രകുത്തുക എന്നതാണത്. മലപ്പുറത്ത് എൻ.എച്ച് വികസനത്തിെൻറ പേരിൽ വീട് നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങിയപ്പോഴും മുക്കത്ത് ഗെയിൽ പൈപ്പ്ലൈനിെൻറ പേരിൽ കുടിയിറക്കപ്പെടുന്നവർ പ്രതിഷേധിച്ചപ്പോഴും അതെല്ലാം തീവ്രവാദമെന്നാണ് സി.പി.എം ആക്ഷേപിച്ചത്. ഈ പറഞ്ഞ രണ്ടു സ്ഥലങ്ങളിലും മുസ്ലിം സമുദായത്തിൽപെട്ടവരാണ് ഇരകളിൽ കൂടുതലും. അതത് പ്രദേശങ്ങളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗങ്ങൾ വരെ സമരങ്ങളിലുണ്ടായിട്ടും സി.പി.എം തീവ്രവാദം ആരോപിക്കാൻ കാരണം ഒന്നേയുള്ളൂ. മുസ്ലിംകളുടെ ഏത് സാമൂഹിക സംഘാടനവും തീവ്രവാദമാണെന്ന തീർപ്പിൽ ആ പാർട്ടി എത്തിച്ചേർന്നിരിക്കുന്നു.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ തന്നെ ഹർത്താലിനെതിരെ രംഗത്തുവന്നവരാണ് കോൺഗ്രസും മുസ്ലിം ലീഗും. അതിന് കാരണങ്ങളുണ്ട്. ഹർത്താൽ പരാജയപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേരത്തേ തന്നെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, അത് ഏറ്റവും ശക്തമായി നടന്നത് ലീഗിെൻറ ശക്തികേന്ദ്രമായ മലപ്പുറത്താണ്. പ്രാദേശികമായി, ഹർത്താൽ സംഘാടനത്തിൽ ഏറ്റവും കൂടുതൽ പങ്കെടുത്തത് ലീഗ് പ്രവർത്തകരുമാണ്. സമുദായത്തിലെയും പ്രവർത്തകരിലെയും വലിയൊരു വിഭാഗം തങ്ങളുടേതായ രാഷ്ട്രീയ ബോധം വികസിപ്പിച്ച് മുന്നോട്ട് പോകുന്നത് ലീഗിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകണം. അപ്പോൾ പിന്നെ തീവ്രവാദം ആരോപിക്കുകയെന്നതാണ് എളുപ്പ വഴി. ഹർത്താലിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിലെ ലീഗ് പ്രവർത്തകരുടെ കണക്കെടുത്താൽ അവർ ഉന്നയിക്കുന്ന തീവ്രവാദ ആരോപണത്തിെൻറ പരിഹാസ്യത മനസ്സിലാവും.
ലോകത്ത് രൂപപ്പെട്ടു വരുന്ന ജനസഞ്ചയ രാഷ്ട്രീയത്തിെൻറ ലക്ഷണങ്ങൾ ഈ വാട്സ്ആപ് ഹർത്താലിൽ കാണുന്ന നിരീക്ഷകരുണ്ട്. പരമ്പരാഗത രാഷ്ട്രീയ നേതൃത്വത്തിെൻറ നിയന്ത്രണ മേഖലകൾക്ക് പുറത്ത്, അരികുവത്കരിക്കപ്പെട്ടവരും അസംതൃപ്തരുമായ ജനങ്ങൾ രാഷ്ട്രീയ വ്യവഹാരത്തിെൻറ കേന്ദ്രസ്ഥാനത്തേക്ക് വരുന്ന പ്രതിഭാസത്തെയാണ് ജനസഞ്ചയ രാഷ്ട്രീയം പ്രതിനിധാനംചെയ്യുന്നത്. അത്തരമൊരു രാഷ്ട്രീയം ഉയർന്നുവരുന്നത് ഇടത്തും വലത്തുമുള്ള മുന്നണികളെയും പാർട്ടികളെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. ഹർത്താലിനെതിരായ ഐക്യമുന്നണി രൂപപ്പെട്ടതിെൻറ പശ്ചാത്തലം അതു മാത്രമാണ്. പരമ്പരാഗത രാഷ്ട്രീയക്കാർ ഹർത്താലിനെതിരെ സംഘഗാനം പാടുന്ന മുറക്ക് കേരളത്തിലെ പൊലീസ് സ്വീകരിക്കുന്ന നടപടികളും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്താകെ നൂറുകണക്കിന് ചെറുപ്പക്കാരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. അർധരാത്രിയിൽ വീട്ടിലെത്തിയാണ് പലരെയും പിടിച്ചുകൊണ്ടുപോയത്. കോഴിക്കോട് കൊടുവള്ളിയിൽ ഹർത്താൽ അനുകൂലികളെ മതസ്പർധ വളർത്തിയെന്ന പേരിൽ ജാമ്യമില്ല വകുപ്പ് ചാർത്തി അകത്തിട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം. മോദി സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് മതസ്പർധയുണ്ടാക്കുന്ന കുറ്റമായാണോ ഇടതു സർക്കാർ കാണുന്നത്? ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വലിയ തോതിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ നിശ്ചയമായും ഉചിതമായ നടപടികൾ സ്വീകരിക്കണം. അതല്ലാതെ, പുതുതായി രൂപപ്പെടുന്ന രാഷ്ട്രീയ ഉണർവുകളെ പൊലീസ് മൃഗീയത ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ അത് അപകടകരമായ പരിണതികളിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ ഓർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
