ദോഹ സമ്മിറ്റ് കൊണ്ടെന്ത് നേടി?
text_fieldsവെടിനിർത്തൽ ചർച്ചകൾക്കായി ദോഹയിലെത്തിയ ഹമാസ് നേതാക്കളെ വകവരുത്താനായി സെപ്റ്റംബർ ഒമ്പതിന് ഇസ്രായേൽ നടത്തിയ മിസൈലാക്രമണം ലോകത്തെയാകെ ഞെട്ടിച്ചതോടൊപ്പം ഖത്തർ കൂടി അംഗമായ അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി എന്നീ കൂട്ടായ്മകളെ അക്ഷരാർഥത്തിൽ പിടിച്ചുകുലുക്കിയതാണ് പോയവാരത്തിലെ സുപ്രധാന സംഭവവികാസം. ഇസ്രായേലിന്റെ രക്ഷാകർത്താവായ അമേരിക്കയുടെതന്നെ പൂർണ പിന്തുണയോടെയും സഹകരണത്തോടെയും ഖത്തറിൽ തുടർന്നുവരുന്ന വെടിനിർത്തൽ ചർച്ചകൾ നിർണായക ഘട്ടത്തിലെത്താൻ പോകുന്നു എന്ന് പ്രതീക്ഷിക്കപ്പെട്ട സന്ദർഭത്തിലാണ് സമാധാന പുനഃസ്ഥാപന ശ്രമങ്ങൾക്കുനേരെ സയണിസ്റ്റ് രാഷ്ട്രം മിസൈൽ പ്രയോഗിച്ചത്.
ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ തുടർന്നുള്ള ആക്രോശങ്ങൾ യഥാർഥ ഉള്ളിലിരിപ്പ് സംശയാതീതമായി അനാവരണം ചെയ്യുന്നതാണ്. അത് ഹമാസിന്റെ പൂർണ ഉന്മൂലനം എന്ന മറവിൽ ഫലസ്തീൻ എന്ന രാഷ്ട്ര സങ്കൽപത്തിന്റെതന്നെ നിഷേധമാണ്. ആ ലക്ഷ്യത്തിലേക്കുള്ള തകൃതിയായ സൈനികനടപടികളാണ് വെസ്റ്റ് ബാങ്കിലും ഗസ്സയിലും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നത്. ബന്ദികളെ പൂർണമായി വിട്ടുകിട്ടാനാണ് തങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് വഴങ്ങുന്നതെന്ന് സയണിസ്റ്റ് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം ജനതയെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്തുന്നതിൽ കവിഞ്ഞ ഒരാത്മാർഥതയും നെതന്യാഹുവിനും കൂട്ടാളികൾക്കുമില്ലെന്ന് സാമാന്യബുദ്ധിക്ക് ഇതിനകം ബോധ്യപ്പെട്ടുകഴിഞ്ഞതാണ്. ഏറ്റവും ഒടുവിലത്തെ ദോഹ ആക്രമണം അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ആക്രമണം അമേരിക്കയുടെ അനുവാദത്തോടെയല്ല എന്ന് നെതന്യാഹുവും ഡോണൾഡ് ട്രംപും പരസ്യപ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും ലോകത്ത് മറ്റാരും അതു മുഖവിലയ്ക്കെടുക്കാനിടയില്ല. കാരണം സെപ്റ്റംബർ 12ന് സൗദി അറേബ്യയും ഫ്രാൻസും മുൻകൈയെടുത്ത് ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുല ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ചപ്പോൾ അമേരിക്ക അതിനെതിരെ വോട്ടുചെയ്തതിൽ നിന്നുതന്നെ ആ രാജ്യം ഇതഃപര്യന്തം പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര ഫോർമുലയിൽനിന്ന് ട്രംപിന്റെ അമേരിക്ക പിന്മാറി എന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്. എന്നുവെച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ പരിമിതമല്ല, അയൽരാജ്യങ്ങളായ സിറിയ, ജോർഡൻ, ലബനാൻ എന്നീ രാജ്യങ്ങളും അറേബ്യയിലെ മുൻ ജൂതഗോത്രങ്ങൾ താമസിച്ചുവന്ന പ്രദേശങ്ങളും ഉൾപ്പെടുന്ന വിശാല ഇസ്രായേൽ പദ്ധതിയാണ് യു.എസിന്റെ പൂർണ അറിവോടെയും പിന്തുണയോടെയും ജൂതരാഷ്ട്രം നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് കരുതാതെ വയ്യ.
ലോകസമാധാനത്തിനുതന്നെ ഭീഷണിയായ ഈ സയണിസ്റ്റ് നീക്കത്തിന്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെട്ടതിന്റെ ഫലമാണ് തിങ്കളാഴ്ച ദോഹയിൽ സമ്മേളിച്ച ഇസ്ലാമിക രാജ്യ കൂട്ടായ്മയുടെയും അറബ് ലീഗിന്റെയും സംയുക്ത ഉച്ചകോടി എന്ന് പറയാനാവില്ല. എങ്കിലും ഇന്തോനേഷ്യ, മലേഷ്യ, തുർക്കി, ഇറാൻ, പാകിസ്താൻ, ഈജിപ്ത്, ജി.സി.സി എന്നിവയടക്കം അറുപതോളം രാജ്യങ്ങളുടെ ഭരണാധികാരികൾ ഖത്തർ അമീറിന്റെ ക്ഷണപ്രകാരം ദോഹയിൽ സമ്മേളിച്ച് സുവിശദമായ ചർച്ചകൾക്കൊടുവിൽ പുറപ്പെടുവിച്ച കമ്യൂണിക്കെയിൽ ഗൗരവപ്പെട്ട ചില കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നു. അറബ് പ്രദേശങ്ങൾ ഘട്ടംഘട്ടമായി പിടിച്ചെടുത്തശേഷം ഇസ്രായേലിന്റെ ഭാഗമാക്കുകയും അതിനെപ്പറ്റി പിന്നീടുയരുന്ന അവകാശവാദങ്ങളാകെ തള്ളിക്കളയുകയും ചെയ്യുന്ന ഇസ്രായേൽ പദ്ധതിയെ പ്രതിരോധിക്കണമെന്ന് അതിൽ എടുത്തുപറയുന്നുണ്ട്.
രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷക്കും ഭദ്രതക്കും നേരെ ഇസ്രായേൽ ഉയർത്തുന്ന ഭീഷണിയും ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രസക്തമായ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിൽ സത്വര നടപടിയെടുക്കണമെന്ന് അത് ലോകരാഷ്ട്രങ്ങളോടാവശ്യപ്പെടുന്നു. ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിപൂർവവും സുസ്ഥിരവുമായ പരിഹാരം കാണാതെ മധ്യപൗരസ്ത്യദേശത്ത് സമാധാനം സ്ഥാപിതമാവാൻ പോവുന്നില്ലെന്നും ദോഹ ഉച്ചകോടി മുന്നറിയിപ്പ് നൽകുന്നു. ഇപ്രകാരം ഇരുപത്തഞ്ചിന സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് അറബ്-മുസ്ലിം സമ്മിറ്റ് സമാപിച്ചതെങ്കിലും ട്രംപ്-നെതന്യാഹു കൂട്ടുകെട്ട് അതിനെന്ത് വില കൽപിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
കൂട്ടായ സായുധ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കണമെന്ന ആവശ്യം ദോഹ സമ്മിറ്റിൽ ഉയർന്നുവന്നെങ്കിലും അതിനെക്കുറിച്ച സൂചന സംയുക്ത പ്രസ്താവനയിലില്ല. ഇന്നത്തെ സങ്കീർണ സാഹചര്യത്തിൽ അതിന്റെ പ്രായോഗികത ചിന്താർഹമാണെന്നതാവാം കാരണം. എന്നാൽ, തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെ പ്രത്യക്ഷത്തിലോ പരോക്ഷമായോ സഹായിക്കുന്ന വൻകിട കോർപറേറ്റുകളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് സത്വരമായി ആലോചിക്കാനും നടപടികൾ സ്വീകരിക്കാനും രാജ്യങ്ങൾ തീരുമാനിച്ചാൽതന്നെ ട്രംപ്-നെതന്യാഹു ടീം ആഭ്യന്തരരംഗത്തുനിന്നുള്ള കടുത്ത സമ്മർദങ്ങൾ മൂലം വീണ്ടുവിചാരത്തിനു തയാറാവേണ്ടി വരുമെന്ന് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

