Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചോരുന്നത്...

ചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ്

text_fields
bookmark_border
ചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ്
cancel
തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല

മേയ് മൂന്നിന് രാജ്യത്തെ 22.7 ലക്ഷം വിദ്യാർഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷ (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്-NEET UG) റദ്ദാക്കിയിരിക്കുന്നു. രാജസ്ഥാനിലെ സിക്കറിൽ ചോദ്യപേപ്പർ ചോർന്നതായി വിശ്വാസയോഗ്യമായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷാ സംഘാടകരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ഇതോടെ ലക്ഷക്കണക്കിനു വിദ്യാർഥികൾ പ്രതീക്ഷയോടെ എഴുതിയ പ്രവേശനപരീക്ഷ വീണ്ടുമൊരിക്കൽ കൂടി വിവാദക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.

കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻകാരനായ മെഡിക്കൽ വിദ്യാർഥി സിക്കറിലെ സുഹൃത്തിനു അയച്ചുകൊടുത്ത, കൈപ്പടയിൽ തയാറാക്കിയ മാതൃകാ ചോദ്യപേപ്പറിൽ ഉൾപ്പെട്ട 135 ചോദ്യങ്ങൾ നീറ്റ് യു.ജി പരീക്ഷാ ചോദ്യപേപ്പറിൽ വന്നതുമായി സാമ്യമുണ്ടെന്നാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് കണ്ടെത്തിയത്. ഇയാൾ സുഹൃത്തിന് അയച്ചുകൊടുത്ത മാതൃകാ ചോദ്യക്കടലാസിലെ ചോദ്യങ്ങൾ കോച്ചിങ് സെന്ററുകൾ, മെസേജിങ് ആപ്പുകൾ എന്നിവ വഴി പരീക്ഷയുടെ രണ്ടുനാൾ മുമ്പ് മേയ് ഒന്നിന് വ്യാപകമായി പ്രചരിച്ചു. ഇരുപതിനായിരം മുതൽ രണ്ടുലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യക്കടലാസ് വിറ്റഴിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രം സി.ബി.ഐയെ ഏൽപിച്ചിരിക്കുകയാണ്.

എല്ലാ സുരക്ഷാചട്ടങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് നീറ്റ് യു.ജി പരീക്ഷ എന്നായിരുന്നു ദേശീയ പരീക്ഷാ ഏജൻസിയുടെ അവകാശവാദം. ജി.പി.എസ് ട്രാക്ക് ചെയ്ത വാഹനങ്ങളിലാണ് ചോദ്യക്കടലാസുകൾ കൊണ്ടുപോയത്. വാട്ടർമാർക്ക് തിരിച്ചറിയൽ സംവിധാനങ്ങളും അതിന് ഏർപ്പെടുത്തി. പരീക്ഷാ ഹാളുകളിൽ എ.ഐ സഹായത്തോടെയുള്ള സി.സി.ടി.വി നിരീക്ഷണ സംവിധാനമൊരുക്കി. പരീക്ഷാർഥികളെ മുഴുവൻ ബയോമെട്രിക് പരിശോധനക്ക് വിധേയരാക്കി. ഓൺലൈൻ കൃത്രിമങ്ങൾ തടയാൻ ഫൈവ് ജി ജാമറുകൾ ഘടിപ്പിച്ചു. ഇങ്ങനെയെല്ലാം സുശക്തമായ സജ്ജീകരണങ്ങളൊരുക്കി നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസുകളാണ് ഒരു സംസ്ഥാനത്ത് അങ്ങുന്നിങ്ങോളം പാറിനടന്നത്. പരീക്ഷ നടന്ന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് കൃത്രിമം നടന്നതായ സൂചന ഏജൻസിക്ക് ലഭിക്കുന്നത്. സർക്കാർ അന്വേഷണ ഏജൻസികളുടെ സഹായത്തോടെ വാർത്ത സ്ഥിരീകരിച്ചതോടെയാണ് പരീക്ഷ റദ്ദാക്കിയുള്ള അധികൃതരുടെ പ്രഖ്യാപനം.

ഇന്ത്യയിലെ 551ഉം വിദേശത്തെ പതിനാലും കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് യു.ജി പരീക്ഷ വൈദ്യ പഠനത്തിനുള്ള ഏക പ്രവേശികയാണ്. ആ ഒരു ഗൗരവത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും ഈ പരീക്ഷയെ സമീപിക്കുന്നത്. നടത്തിപ്പുകാരായ കേന്ദ്ര ഏജൻസി പഴുതടച്ചെന്നു പറയാവുന്ന സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കുന്നുമുണ്ട്. എന്നാൽ, അതും മറികടന്ന് കൃത്രിമങ്ങൾ നടന്നുവരുന്നു എന്നതാണ് അനുഭവം. രണ്ടുവർഷം മുമ്പ് 2024ൽ ഇതുപോലെ ചോദ്യപേപ്പർ ചോർന്ന സംഭവമുണ്ടായി. ഏതിലും ബലിയാടാവുന്നത് വിദ്യാർഥികൾ തന്നെ. ആറ്റുനോറ്റിരുന്നു പഠിച്ചു പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുന്നതാണ് ഈ സ്ഥിതിവിശേഷം. പരീക്ഷ റദ്ദാക്കിയ വിവരം അറിയിക്കുമ്പോൾ ഏജൻസി തന്നെ അക്കാര്യം ഏറ്റുപറയുന്നുണ്ട്. എന്നാൽ, അത്തരം ഏറ്റുപറച്ചിൽ കൊണ്ട് സാന്ത്വനപ്പെടുത്താവുന്നതല്ല ഈ കെടുകാര്യസ്ഥതയുടെ ദുരന്തം. വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു നടപടിയെന്നാണ് ഏജൻസിയുടെ ന്യായം. എന്നാൽ, തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല.

അതുകൊണ്ടുതന്നെ മേലിലും ഇത് ആവർത്തിക്കില്ല എന്നുറപ്പിക്കാനും നിവൃത്തിയില്ല. ഇപ്പോൾ രാജസ്ഥാനിലാണെങ്കിൽ 2024ൽ ബിഹാറിലാണ് ചോർച്ചയുണ്ടായത്. അത് വെളിപ്പെട്ടതാകട്ടെ, ഫലപ്രഖ്യാപനത്തിൽ പലർക്കും ഒരേ തരത്തിൽ മാർക്കുകൾ കിട്ടിയതായി വ്യക്തമായ ശേഷവും. ആദ്യം ഏജൻസി, കുട്ടികൾക്ക് ഗ്രേസ് മാർക്ക് കൂടി ലഭിച്ചതാണെന്നും കൃത്രിമങ്ങൾക്ക് വഴിയില്ലെന്നുമായിരുന്നു വാദിച്ചത്. എന്നാൽ, സമ്മർദങ്ങൾക്കൊടുവിൽ അന്വേഷണം നടത്തിയപ്പോൾ ഹസാരിബാഗിലെ ഒരു സ്കൂളിൽ പരീക്ഷ തുടങ്ങും മുമ്പേ മുദ്രവെച്ച ചോദ്യക്കടലാസുകൾ ചോർന്നതായി കണ്ടെത്തി. തുടരന്വേഷണത്തിൽ ബിഹാർ, ഝാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് ആരോപിതരെ പിടികൂടി. സ്കൂൾ ജീവനക്കാരും ഇടനിലക്കാരും മുതൽ പട്ന എയിംസിലെ മെഡിക്കൽ വിദ്യാർഥിയുമടക്കമുള്ള വൻസംഘമാണ് സംഭവത്തിനു പിന്നിലെന്നു കണ്ടെത്തി. ഇപ്പോഴത്തെ ചോർച്ചയിലും മെഡിക്കൽ വിദ്യാർഥി തന്നെ വില്ലനായി വരുന്നുണ്ട്.

ചോദ്യപേപ്പറുകളുടെ വിതരണത്തിനും പരീക്ഷാ ഹാളുകളുടെ സുരക്ഷക്കും പരീക്ഷാർഥികളുടെ പരിശോധനക്കുമെല്ലാം കൃത്യവും കണിശവുമായ വ്യവസ്ഥ ഉണ്ടാക്കി നടപ്പിലാക്കുന്ന ഏജൻസി അതിനു പുറത്തുനിന്നുള്ള അവിഹിതങ്ങൾ എങ്ങനെ കാണാതെ പോകുന്നു, അതു തടയാൻ എന്തു വഴി സ്വീകരിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. മത്സരപ്പരീക്ഷാ പരിശീലനം ശതകോടികളുടെ വ്യവസായി മാറിയ നാട്ടിൽ ആ രംഗത്തെ മത്സരവും ഇത്തരം പുറംചോർച്ചക്കു നിമിത്തമാകുന്നുണ്ടോ, ഉന്നതതല രാഷ്ട്രീയ, ഭരണസ്വാധീനങ്ങളുടെ ഒത്താശ കൂടി അതിനു പിന്നിലുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അതൊക്കെ ചുരുളഴിക്കാവുന്ന, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാവുന്ന അന്വേഷണത്തിനും പ്രതിവിധിക്കും ഭരണകൂടം തയാറാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical entrance examNEET UgNTAeditorial opinionCancellationNEET paper leak
News Summary - What is leaking is the credibility of the system.
Next Story