എ.ഐ വേണം, സേവകനായി; അന്തകനായല്ല
text_fieldsഅരൂപ് എന്ന ബ്രിട്ടീഷ് എൻജിനീയറിങ് കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസർ ഒരു ജീവനക്കാരിക്ക് ഇ-മെയിൽ സന്ദേശം അയക്കുന്നു. തവണകളായി രണ്ടു കോടി പൗണ്ട് ബാങ്കോക്കിലെ കുറെ രഹസ്യ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടതുണ്ട്. ജീവനക്കാരിയുടെ ഉള്ളിൽ സംശയമുയരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും വിഡിയോ കോൺഫറൻസിൽ വന്ന് നേരിട്ടുതന്നെ ചർച്ച നടത്തി വിശദീകരിക്കുന്നു. സംശയം തീർന്ന ജീവനക്കാരി 15 തവണയായി പണം കൈമാറുന്നു. പിന്നീടാണ് അറിയുന്നത് ഇ-മെയിൽ മാത്രമല്ല വിഡിയോയും വ്യാജമായിരുന്നു എന്ന്. നിർമിത ബുദ്ധി എങ്ങനെ മനുഷ്യബുദ്ധിയെ മരവിപ്പിച്ചേക്കാം എന്നതിന്റെ സ്ഥിരീകരണമായി 2023ലെ ആ സംഭവം. ഇന്ന് നിർമിത ബുദ്ധി കാരണം ഓൺലൈൻ ആൾമാറാട്ടം എളുപ്പവും ഫലപ്രദവുമായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ പിന്നീട് വർധിച്ചിട്ടേ ഉള്ളൂ. തട്ടിപ്പ് മാത്രമല്ല, കൂടുതൽ വിനാശകരമായ ആഘാതങ്ങൾ എ.ഐ വഴി ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിർമിതബുദ്ധി ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അത് ശാസ്ത്രകഥകളെ വെല്ലുന്ന അവസ്ഥയും സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു; വിദ്വേഷം പരത്തുന്നു; രൂപവും ശബ്ദവും അനുകരിച്ച് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നു. യുദ്ധരംഗത്താകട്ടെ, സ്വയം തീരുമാനമെടുത്ത് സ്വയം പ്രവർത്തിക്കുന്ന ആളില്ലാഡ്രോണുകൾ നരകം സൃഷ്ടിക്കുന്നു. നെറികേടിൽ രൂപപ്പെടുത്തിയ ആൽഗോരിതങ്ങൾ നീതിക്കും മനുഷ്യത്വത്തിനും ഭീഷണിയാകുന്നു. എ.ഐ വിദ്യ നടപ്പിലായിത്തുടങ്ങിയ ആദ്യഘട്ടത്തിൽതന്നെ ബന്ധപ്പെട്ട ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി, കൂടുതൽ മുന്നോട്ടുപോകുന്നത് സൂക്ഷിച്ചുവേണമെന്ന്. മനുഷ്യബുദ്ധിയെ മറികടക്കാൻ എ.ഐക്ക് സാധിച്ചേക്കുമെന്ന് ജെഫ്രി ഹിന്റൻ എന്ന എ.ഐയുടെ ഒരു “തലതൊട്ടപ്പൻ”മുന്നറിയിപ്പ് നൽകി. ആണവയുദ്ധവും മഹാമാരികളും എപ്രകാരം മനുഷ്യരാശിയെ തുടച്ചുനീക്കിയേക്കുമോ അതേ ആപത്ത് എ.ഐയിലുമുണ്ടെന്ന് അവരൊക്കെ താക്കീത് ചെയ്തു. മനുഷ്യകുലത്തിന്റെ നിലനിൽപിനുതന്നെയുള്ള ഇത്തരം ഗുരുതര ഭീഷണിക്ക് പുറമെയാണ് സൈബർ സുരക്ഷാ പ്രശ്നങ്ങളും, ഡേറ്റ സ്വകാര്യതയുടെ പ്രശ്നങ്ങളും, പരിസ്ഥിതിക്കുണ്ടാകുന്ന പരിക്കും (ഒരൊറ്റ ഭാഷാമോഡൽ തയാറാക്കിയെടുക്കാൻ മാത്രം ആറുലക്ഷം റാത്തൽ കാർബൺഡയോക്സൈഡ് പുറത്തുവിടേണ്ടി വരുന്നുണ്ട്), തൊഴിൽ നഷ്ടവും, സുതാര്യതയില്ലായ്മയും, കുത്തകവത്കരണവും, അധികാര കേന്ദ്രീകരണവും മറ്റും മറ്റും.
നിർമിതബുദ്ധിയുടെ പ്രയോജനങ്ങൾ ഒട്ടും ചെറുതല്ല. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സുരക്ഷ, ഭരണനിർവഹണം തുടങ്ങി വിവിധ രംഗങ്ങളിൽ അവ വ്യാപിച്ചുകിടക്കുന്നു. ആരോഗ്യരംഗത്ത് മാത്രം എ.ഐ ഉണ്ടാക്കിയ നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. മരുന്നു കണ്ടുപിടിക്കുന്നത് അതിവേഗത്തിലാക്കാനും അർബുദം പോലുള്ള മാരകരോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും അത് സഹായിക്കുന്നുണ്ട്. കാലാവസ്ഥ പ്രവചിക്കുന്നതിനും കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അത് സഹായിക്കും. മനുഷ്യൻ നേരിടുന്ന വൻ പ്രശ്നങ്ങൾ തീർക്കാൻ അതിനെ ഉപയോഗിക്കാനാകും. അതേസമയം, ഇന്ന് നടക്കുന്ന വംശഹത്യകളിലും യുദ്ധക്കെടുതികളിലും അത് വലിയ പങ്ക് വഹിക്കുന്നുണ്ട്. ആണവോർജം പോലെ, സൃഷ്ടിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് നിർമിതബുദ്ധിയും. പക്ഷേ, ഇത് രണ്ടും മനുഷ്യസമൂഹം പ്രധാനമായും ഉപയോഗിക്കുന്നത് സംഹാര പ്രവൃത്തികൾക്കാണ്. പ്രശ്നം ധാർമിക നിലപാടിന്റേതാണ് എന്നർഥം. ഗസ്സയിലും ലബനാനിലുമെല്ലാം “റിമോട്ട്”യുദ്ധം എന്ന സാങ്കേതികവിദ്യ വൻതോതിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ.
ആയുധമായാലും അണുശക്തിയായാലും നിർമിതബുദ്ധി ആയാലും സ്വയം നല്ലതോ ചീത്തയോ അല്ല. ഉപയോഗിക്കുന്ന മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് അവയെ നല്ലതും ചീത്തയുമാക്കുക. ലിയോ പതിനാലാമൻ മാർപാപ്പ ചാക്രിക ലേഖനത്തിൽ അഭിപ്രായപ്പെട്ടതുപോലെ, നിർമിതബുദ്ധിയെ “നിരായുധീകരിക്കേ”ണ്ടതുണ്ട്. വൻകിട കമ്പനികളായ മെറ്റയും മൈക്രോസോഫ്റ്റുമായി സഹകരിക്കുന്ന കത്തോലിക്കാ സഭക്കുതന്നെ അക്കാര്യത്തിൽ പ്രേരണ ചെലുത്താൻ കഴിയും. നല്ല ഉപയോഗത്തിൽ സഹകരിക്കാനും സംഹാരാത്മകമായ ലാഭക്കൊയ്ത്തിൽനിന്ന് പിന്തിരിയാനും വൻ കമ്പനികളെ നിർബന്ധിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതിസന്ധിയെ എന്നപോലെ, ഈ ഭീഷണിയെയും ആസൂത്രിതവും ഏകോപിതവുമായ ആഗോളപദ്ധതികളിലൂടെ മാത്രമേ നേരിടാനാകൂ. വിവിധ രാജ്യങ്ങളുടെ ഒറ്റക്കൊറ്റക്കുള്ള നിയമനിർമാണത്തിന് പകരം ഏകീകൃത ആഗോള ചട്ടക്കൂട് അടിയന്തരമായി തയാറാക്കണം. ഇതുമായി ബന്ധപ്പെട്ട ധാർമിക അതിർവരമ്പുകൾ നിശ്ചയിക്കാനും അവ പാലിക്കുന്നതിന് മേൽനോട്ടം വഹിക്കാനുമായി, ആണവക്കാര്യത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (എ.ഐ.ഇ.എ) പോലൊരു ആഗോള സംവിധാനം അത്യാവശ്യമായിരിക്കുന്നു. ഒപ്പം, ധാർമിക സീമകൾ നിശ്ചയിച്ചുകൊണ്ടുള്ള എ.ഐ നയം ഭരണകൂടങ്ങൾ രൂപപ്പെടുത്തണം. ആയുധമടക്കമുള്ള യുദ്ധോപകരണങ്ങളിൽ എ.ഐ ഉപയോഗിക്കുന്നത് നിരോധിക്കണം. മനുഷ്യ പുരോഗതിക്കും അന്തസ്സിനും സുസ്ഥിതിക്കുമുള്ള ഉപകരണമാകാൻ എ.ഐക്ക് കഴിയും. വിനാശത്തിന്റെ ശക്തിയായി അത് ഇനിയും മുന്നോട്ട് പോയിക്കൂടാ. ഏത് വേണമെന്ന തീരുമാനം ലോക മനുഷ്യസമൂഹത്തിന്റേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

