ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ?
text_fields2018ലെ മഹാപ്രളയശേഷം അര ഡസനിലേറെ തവണ പശ്ചിമഘട്ടം അതിന്റെ രൗദ്രഭാവം പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊക്കെയും കേരളം വലിയ ദുരന്തങ്ങൾക്കും സാക്ഷിയായി
മൺസൂൺ അതിന്റെ പാരമ്യത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കെ, വയനാട്ടിൽനിന്ന് ഒരിക്കൽകൂടി പ്രകൃതി ദുരന്തത്തിന്റെ വാർത്തകൾ പുറത്തുവരുകയാണ്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി ഇരട്ട തുരങ്കപാതയുടെ വയനാട് ഭാഗത്തെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരണപ്പെട്ടുവെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു പേരെങ്കിലും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു; ഇവരെ കണ്ടെത്താനും മേഖലയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
2024 ജൂലൈ 30ന് വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാട് പതിയെ കരകേറിക്കൊണ്ടിരിക്കുമ്പോഴാണ് ഏതാണ്ട് അതേ പ്രദേശത്തുതന്നെ വീണ്ടുമൊരു അപകടം സംഭവിച്ചിരിക്കുന്നത്. വയനാടൻ മലനിരകളിലെ രണ്ട് ഗ്രാമങ്ങൾ സമ്പൂർണമായി ചാലിയാറിൽ പതിച്ച മഹാദുരന്തത്തോളം വരില്ലെങ്കിലും കള്ളാടിയും മീനാക്ഷിപ്പാലവുമെല്ലാം ആശങ്കയുടെയും നെഞ്ചിടിപ്പിന്റെയും പുതിയ പാഠമായി നിലകൊള്ളുകയാണ്. ഒരു ദുരന്തമുഖത്ത് എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് കേരളീയരെ ആരും പഠിപ്പിക്കേണ്ടതില്ലാത്തവിധം സമീപകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായിത്തന്നെ രക്ഷാപ്രവർത്തനങ്ങളും ഇരകളുടെ പുനരധിവാസവുമെല്ലാം മുന്നോട്ടുനീങ്ങുമെന്നതിൽ സംശയമില്ല. വരുംദിവസങ്ങൾ അതിനുകൂടിയുള്ള തയാറെടുപ്പുകളോടെയാകും കേരള ജനതയും അധികാരികളും ഉണരുകയെന്നുറപ്പാണ്.
അപ്പോഴും നമുക്കുമുന്നിൽ അവശേഷിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കാതെ തരമില്ല. അത് വർഷകാലങ്ങളിൽ പശ്ചിമഘട്ട മലനിരകളിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ചുതന്നെയാണ്. ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥ വിദഗ്ധരുമെല്ലാം അപകട മുന്നറിയിപ്പ് നൽകിയ ഒരു ‘വികസന പദ്ധതി’ നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. അപ്പോൾ കേവല പ്രകൃതിദുരന്തത്തിനപ്പുറം, മനുഷ്യനിർമിതമായ മറ്റു മാനങ്ങൾകൂടി അനിവാര്യമായും അന്വേഷണവിധേയമാക്കേണ്ട സന്ദർഭമാണിത്. ഇനിയെങ്കിലും ഇതിനെ ഒരു സൂചനയായി കണക്കാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികാരികൾ ബാധ്യസ്ഥരാണ്.
വയനാട്ടിലേത് ‘മനുഷ്യ നിർമിത ദുരന്തം’ എന്ന് വിശേഷിപ്പിക്കാൻ ഇപ്പോൾ അധികാരികളടക്കം ആരും മടികാണിക്കുന്നില്ല. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയവും മുണ്ടക്കൈ- ചൂരൽ മല ഉരുൾദുരന്തവും ‘മനുഷ്യനിർമിത’മെന്ന് ഡോ. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരുന്നു. പ്രകൃതിയിൽ മനുഷ്യന്റെ അനാവശ്യമായ കൈകടത്തലുകൾമൂലം അനിവാര്യമായും സംഭവിച്ച ദുരന്തങ്ങൾ എന്ന നിലയിലാണ് അവയത്രയും അങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്. ആ വിശേഷണം കേരളത്തെയും അതിന്റെ ഭരണകൂടത്തെയും ജാഗ്രത്താക്കുന്ന ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു.
എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വയനാട് ദുരന്തത്തെ ‘മനുഷ്യനിർമിതം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഈ അർഥത്തിലല്ല; പകരം, തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികമായ അപാകങ്ങൾ ചൂണ്ടിക്കാട്ടിയാണ്. നിർദിഷ്ട ഇരട്ട തുരങ്കപാത വയനാട്ടിൽ അവസാനിക്കുന്നത് മേപ്പാടിക്കടുത്ത കള്ളാടിയിലാണ്. ഇവിടെ, തുരങ്കമുഖം വരെയുള്ള ‘കട്ട് ആൻഡ് കവർ’ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പാറ തുരക്കുന്നതിന് മുന്നോടിയായി മലയിലെ മേൽമണ്ണ് മാറ്റുന്ന പ്രക്രിയയാണിത്. ഇങ്ങനെ മാറ്റിയ മണ്ണ് അവിടെനിന്ന് നീക്കം ചെയ്യാതെനിന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്. ഇവ നീക്കം ചെയ്യാൻ ആഴ്ചകൾക്കു മുമ്പേ നിർദേശിച്ചിട്ടും കരാർ കമ്പനി അത് പാലിച്ചില്ല. മഴ കനത്തതോടെ, മലകണക്കെ കുന്നൂകൂട്ടിയ മണ്ണിടിഞ്ഞ് സമീപത്തെ റോഡിലേക്കും പുഴയിലേക്കും കുത്തിയൊലിച്ചു. തീർച്ചയായും, ഇത് കരാർ കമ്പനിയുടെ അനാസ്ഥതന്നെയാണ്.
ആ നിലയിൽ അധികാരിവർഗത്തിന്റെ ആഖ്യാനമനുസരിച്ച്, ‘മനുഷ്യനിർമിത ദുരന്ത’വുമാണ്. അക്കാര്യത്തിൽ അന്വേഷണവും നടപടിയുമൊക്കെ വേണ്ടതുമാണ്. എന്നാൽ, തുരങ്കനിർമാണം ആരംഭിച്ച മലനിരകളിൽ ആദ്യം മണ്ണിടിച്ചിലുണ്ടാവുകയും അവ പിന്നീട് ‘കട്ട് ആൻഡ് കവർ’ പ്രവൃത്തിയിലൂടെ നീക്കിയെടുത്ത മണ്ണിൽ പതിക്കുകയും ചെയ്തതോടെയാണ് അപകടമുണ്ടായതെന്ന ദൃക്സാക്ഷി വിവരണങ്ങൾ കണക്കിലെടുക്കുമ്പോൾ ‘മനുഷ്യനിർമിതം’ എന്ന വിശേഷണത്തെ പുനരാഖ്യാനം ചെയ്യേണ്ടിവരും. അതുവഴി, നിർദിഷ്ട തുരങ്കനിർമാണ പ്രവൃത്തിയെ സമഗ്രമായിത്തന്നെ പുനരവലോകനത്തിന് വിധേയമാക്കേണ്ടിയുംവരും.
2018ലെ മഹാപ്രളയശേഷം അര ഡസനിലേറെ തവണ പശ്ചിമഘട്ടം അതിന്റെ രൗദ്രഭാവം പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊക്കെയും കേരളം വലിയ ദുരന്തങ്ങൾക്കും സാക്ഷിയായി. വയനാട് ഉരുൾദുരന്തത്തിനുമുമ്പ് മലപ്പുറത്തെ കവളപ്പാറ, ഇടുക്കിയിലെ പെട്ടിമുടി, വയനാട്ടിലെ പുത്തുമല എന്നിവിടങ്ങളിലെല്ലാമുണ്ടായ ഉരുൾപൊട്ടലുകൾ ആരും മറന്നിട്ടുണ്ടാകില്ല. ആ സന്ദർഭങ്ങളിലെല്ലാം, പശ്ചിമഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങളും ഗാഡ്ഗിൽ നിർദേശങ്ങളുമെല്ലാം കേരളം ചർച്ച ചെയ്തതാണ്. അതിനുശേഷമാണ്, പരിസ്ഥിതിലോല മേഖലയിൽ ഉരുൾദുരന്തമുണ്ടായത്. ഈ ദുരന്തങ്ങളൊന്നും നമുക്ക് പാഠമായില്ലെന്നതാണ് നിർഭാഗ്യകരമായ കാര്യം. അതുകൊണ്ടാണല്ലോ, പലതരം എതിർപ്പുകൾക്കിടയിലും ഇതേ പരിസ്ഥിതി ലോല മേഖലകൾക്കിടയിലൂടെ തുരങ്കപാത നിർമാണത്തിനുള്ള നടപടികൾ കഴിഞ്ഞ സർക്കാർ ആരംഭിച്ചത്. കടുത്ത വ്യവസ്ഥകളോടെ കേന്ദ്ര സർക്കാറിന്റെ പാരിസ്ഥിതികാനുമതിയും പദ്ധതിക്ക് ലഭിച്ചു.
വിഷയം സുപ്രീംകോടതിയിലെത്തിയപ്പോഴും, ‘വികസനം’ മുൻനിർത്തി പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു നീതിപീഠവും. എന്നാൽ, പാരിസ്ഥിതികാനുമതി ലഭിച്ചതിലുള്ള ദുരൂഹതകളും മറ്റും ചൂണ്ടിക്കാട്ടി പദ്ധതിയെ എതിർക്കുകയായിരുന്നു ഇപ്പോൾ ഭരണപക്ഷത്തുള്ള അന്നത്തെ പ്രതിപക്ഷം. പരിസ്ഥിതിയെ നശിപ്പിച്ച് മലതുരക്കാൻ അനുവദിക്കില്ലെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പ്രഖ്യാപിച്ചത്. പക്ഷേ, ഭരണംമാറിയതോടെ നിലപാടും മാറിയെന്ന് തോന്നുംവിധമാണ് പിന്നീടുണ്ടായ പ്രതികരണങ്ങൾ വന്നത്. അതെന്തായാലും, നിർദിഷ്ട പദ്ധതിയുടെ ആരംഭഘട്ടത്തിൽതന്നെ പശ്ചിമഘട്ടം അതിന്റെ അവശത ബോധ്യപ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ പ്രധാന ലക്ഷ്യം താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കും യാത്രാസമയവും കുറക്കുക എന്നതാണ്. എന്നാൽ, തുരങ്കം കടന്നുപോകുന്ന പ്രദേശം തന്നെ മണ്ണിടിച്ചിലുകൾ ആവർത്തിക്കുന്ന ഇടമാണെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോൾതന്നെ ഈ മേഖലയിലുണ്ടായിട്ടുള്ള ചെറിയ മണ്ണിടിച്ചിലുകളും വലിയ മഴയുടെ തോതും അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബോധപൂർവം മറച്ചുവെക്കുന്നതായി ആക്ഷേപമുണ്ട്.
പ്രകൃതിയെയും മനുഷ്യരെയും കുരുതികൊടുത്തും പദ്ധതി മുന്നോട്ടുപോയേ മതിയാകൂ എന്ന പിടിവാശി ഭരണവർഗത്തിനുണ്ടെന്ന് തോന്നുന്നു. ഒരു വികസന പ്രവൃത്തിയെ കണ്ണടച്ച് എതിർക്കുകയല്ല; എന്നാൽ, ഇത്രയും വലിയൊരു പ്രവൃത്തിക്ക് ആവശ്യമായ മുൻകരുതലുകളുണ്ടായില്ലെന്നതാണ് ഇവിടെ പ്രശ്നം. ഇപ്പോഴത്തെ അപകടത്തിൽ അധികാരികളുടെ വിശദീകരണം ശരിവെച്ചാൽതന്നെയും, ചെറിയൊരു അനാസ്ഥക്ക് നാം കൊടുക്കേണ്ട വില എന്തെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതൊരു സൂചനയും മുന്നറിയിപ്പുമായി മനസ്സിലാക്കി കാലാവസ്ഥാ വ്യതിയാനവും മൺസൂൺ വിതരണത്തിലെ വ്യതിയാനവും പശ്ചിമഘട്ട മേഖലയെ എങ്ങനെയെല്ലാമാണ് ബാധിച്ചിരിക്കുന്നതെന്ന സമഗ്രമായ പഠനം അനിവാര്യമാണ്. അതുവരെയെങ്കിലും, തുരങ്കപാത നിർമാണം താൽക്കാലിമായി നിർത്തിവെക്കുന്നതാകും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
