വയനാട്ടിലേക്കുള്ള വഴി
text_fields2011ലെ സെൻസസ് പ്രകാരം 8,16,558 മനുഷ്യർ പാർക്കുന്ന ജില്ലയാണ് വയനാട്. വയനാട് കേരളത്തിലെ ജില്ലയാണെങ്കിലും അവിടേക്ക് കേരളത്തിൽനിന്ന് നാല് പ്രവേശന കവാടങ്ങളേ ഉള്ളൂ എന്നത് അത്യന്തം ആശ്ചര്യകരമാണ്. വയനാട്ടിേലക്കും വയനാട്ടിൽനിന്ന് പുറത്തേക്കും കടക്കണമെങ്കിൽ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, കണ്ണൂർ ജില്ലയിലെ പേര്യ ചുരം, പേര്യ ചുരത്തിനടുത്തുതന്നെയുള്ള കേളകം-ബോയ്സ് ടൗൺ റോഡ് എന്നീ വഴികൾ മാത്രമേ ഉള്ളൂ. ഈ പാതകൾ സാഹസികമായ മലമ്പാതകളാണ്. ഇതിൽ കോഴിക്കോട് -കൊല്ലഗൽ ദേശീയ പാതയുടെ ഭാഗമായ താമരശ്ശേരി ചുരം മാത്രമാണ് അൽപമെങ്കിലും വീതിയുള്ള പാത. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസ്സങ്ങൾ ഈ പാതകളിൽ നിത്യക്കാഴ്ചയാണ്. അതായത്, താമരശ്ശേരി ചുരത്തിൽ സഞ്ചാരം നിലച്ചാൽ വയനാട്ടിലേക്ക് കടക്കണമെങ്കിൽ 50 കിലോമീറ്റർ അപ്പുറമുള്ള കുറ്റ്യാടിയിൽ പോയി ചുരം കയറണം. അവിടെയും വഴിയില്ലെങ്കിൽ അതിനെക്കാൾ ദൂരത്തുള്ള, കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്തെത്തി പേര്യ ചുരം കയറണം. സാധാരണ കാലാവസ്ഥകളിൽതന്നെ ഗതാഗത തടസ്സം പതിവായ ഈ പാതകളിൽ മൺസൂൺ കാലത്തെ യാത്ര അത്യധികം അനിശ്ചിതത്വം നിറഞ്ഞതാണ്. താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സം ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പെരും മഴയത്ത് വനപാതയിൽ എങ്ങോട്ടും പോവാനാവാതെ സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുള്ള യാത്രക്കാർ എന്തു ചെയ്യണമെന്നറിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലുമാവാതെയുള്ള ആ നിൽപ് ആലോചിക്കാവുന്നതേയുള്ളൂ.
കൗതുകകരമായ കാര്യം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വയനാട്ടിലേക്ക് മൂന്നുവീതം പാതകളുണ്ട് എന്നതാണ്. ഇതിൽ ബന്ദിപ്പൂർ, ബാവലി പാതകളിൽ രാത്രിസമയത്ത് യാത്ര വിലക്കുണ്ട്. സാധാരണ സമയങ്ങളിലെ യാത്രതന്നെ അനിശ്ചിതത്വം നിറഞ്ഞതും മഴക്കാലത്തെ യാത്ര അപകട സാധ്യതയുള്ളതുമായിരിക്കെതന്നെയാണ്, കർണാടകയിലേക്കുള്ള രണ്ട് പാതകളിൽ രാത്രി യാത്ര നിരോധം വരുന്നത്. ജില്ലയിലേക്ക് റെയിൽ, ജല, വ്യോമ ഗതാഗത മാർഗങ്ങളില്ല എന്നുമറിയുക. അതായത്, ഒരർഥത്തിലുള്ള അർധ ഉപരോധത്തിലാണ് ആ ജില്ല എന്ന് പറയാൻ കഴിയും. വിദഗ്ധ ചികിത്സക്ക് കോഴിക്കോട് നഗരത്തെ ആശ്രയിക്കുന്നവരാണ് വയനാട് ജില്ലക്കാർ എന്നറിയുമ്പോഴാണ് ഈ പ്രശ്നത്തിെൻറ ഗൗരവം ശരിക്കും മനസ്സിലാവുക. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളടക്കമുള്ള സംവിധാനങ്ങൾ വയനാട്ടിലില്ല. വിദ്യാഭ്യാസം, വിദേശയാത്ര, വിദഗ്ധ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ജില്ലക്ക് പുറത്തു കടക്കണം. ചുരത്തിൽ കുടുങ്ങിയതു കാരണം സമയത്തിന് വിമാനം പിടിക്കാനാവാതെ ഗൾഫ് യാത്ര മുടങ്ങിയവരെ നമുക്കിവിടെ കാണാം.
ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴിയെക്കുറിച്ച് ആലോചിക്കാൻ കഴിയുന്നില്ല എന്നതാണ് വയനാടിെൻറ പ്രശ്നം. സാഹസികമായ ചുരം പാതകൾക്ക് പുറമെയുള്ള ബദൽ പാതകളെക്കുറിച്ച നിർദേശങ്ങളും പഠനങ്ങളും ധാരാളം വന്നതാണ്. എന്നാൽ, അവയെ ഗൗരവത്തിലെടുക്കാനും അത്തരം പദ്ധതികൾ നടപ്പാക്കാനുമുള്ള ഇച്ഛാശക്തി മാറിമാറി വന്ന സർക്കാറുകൾ കാണിച്ചില്ല എന്നതാണ് കാര്യം.
കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുനിന്ന് തുടങ്ങി വയനാട്ടിലെ പടിഞ്ഞാറത്തറയിൽ അവസാനിക്കുന്ന ബദൽ പാത ഇതിൽ പ്രധാനപ്പെട്ടതാണ്. ചുരം ആവശ്യമില്ലാത്ത ഈ പാത വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാമൂഴിയെയും ബാണാസുര സാഗറിനെയും തൊട്ടുരുമ്മി കടന്നുപോവുന്നു. മൊത്തം നീളം 27.225 കിലോമീറ്റർ. ഇതിൽ 12.940 കി.മീ റോഡ് വനത്തിലൂടെയാണ്. ബാക്കി ഭാഗം പണി തീർന്നിട്ട് 18 വർഷം കഴിഞ്ഞു! പന്ത്രണ്ടര കി.മീ വനത്തിലൂടെ റോഡ് വെട്ടുമ്പോൾ 52 ഏക്കർ വനഭൂമി നഷ്ടപ്പെടുമെന്നാണ് കണക്ക്. അതിന് പകരമായി മാനന്തവാടി കാഞ്ഞിരോട് വില്ലേജിൽ 33 ഏക്കർ റവന്യൂഭൂമി വർഷങ്ങൾക്കു മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ തരിയോട് വില്ലേജിൽ എം. കോയക്കുട്ടിയും കെ.കെ. മമ്മു ഹാജിയും 10 ഏക്കർ വീതം ഭൂമിയും ഇതേ ആവശ്യത്തിന് സൗജന്യമായി നൽകിയിട്ട് വർഷങ്ങളായി. എന്നിട്ടും ആ പന്ത്രണ്ടര കിലോമീറ്ററിൽ പ്രധാനപ്പെട്ടൊരു പാത വർഷങ്ങളായി കുരുങ്ങിക്കിടക്കുന്നു. കോഴിക്കോട് ജില്ലയിലെ വാണിമേലിലെ പാനോം, വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണ് മറ്റൊരു ബദൽ വഴി. ചുരമില്ലാ പാതയാണിതും.
കോഴിക്കോട്, കണ്ണൂർ അതിർത്തിയിലുള്ള ഗ്രാമമാണ് വാണിമേൽ. വയനാടിനെ നാദാപുരം, കൂത്തുപറമ്പ് മേഖലകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനുള്ള മാർഗം. ഇവിടെയും ഇരുവശത്തും വനാതിർത്തി വരെ റോഡ് നിലവിലുണ്ട്. ഏതാണ്ട് ഏഴ് കിലോമീറ്ററാണ് വനത്തിലൂടെ റോഡ് വെട്ടേണ്ടിവരുക. ഇതിൽതന്നെ മൂന്നര കിലോമീറ്റർ കൂപ്പ് റോഡ് ഇപ്പോൾ (ആറു മീറ്റർ വീതിയിൽ) നിലവിലുണ്ട്. വർഷങ്ങളായി ഈ റോഡിനു വേണ്ടിയുള്ള മുറവിളികളും സമരങ്ങളും നടക്കുന്നു. താമരശ്ശേരി ചുരത്തിെൻറ താഴ്വാരമായ ചിപ്പിലിത്തോടുനിന്ന് തുടങ്ങി വൈത്തിരിക്കടുത്ത തളിപ്പുഴയിൽ അവസാനിക്കുന്നതാണ് മൂന്നാമത്തെ ബദൽ പാത. ഒരുപക്ഷേ, ഏറ്റവും ഒടുവിൽ സമർപ്പിക്കപ്പെട്ട ബദൽ നിർദേശമാണിത്. അഞ്ച് ഹെക്ടർ വനഭൂമിയാണിതിന് ആവശ്യമായി വരുക. ഇത്രയും വനഭൂമിക്ക് പകരം ഭൂമി നൽകാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ സന്നദ്ധമാണ്. എന്നിട്ടും വഴി മുടങ്ങിത്തന്നെ നിൽക്കുന്നു. ഈ വഴികൾ തുറന്നുകിട്ടിയാൽ മലബാറിലെതന്നെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ ആശ്വാസം കിട്ടും. അമിത ഗതാഗതംകൊണ്ട് തകർന്നുകൊണ്ടിരിക്കുന്ന മനോഹരമായ ചുരംപാതകളെ സംരക്ഷിക്കാനും കഴിയും. അർധ ഉപരോധ അവസ്ഥയിൽനിന്ന് വയനാട്ടുകാരെ ആര് രക്ഷിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
