ജനീവ കരാറാണ് താരം
text_fieldsവ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തിരിച്ചെത്തി. കടുത്ത സംഘർഷാന്തരീക്ഷത്തിൽ സമാധാനത്തിെൻറ നേർത്തതെങ്കിലും വ്യക്തമായ സൂചനയായി ഇൗ ധീരവൈമാനികൻ മടങ്ങിവന്നു. അഭിനന്ദെൻറ മോചനവുമായി ബന്ധപ്പെട്ടും വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. സമാധാനത്തിലേക്കുള്ള ചുവടെന്ന നിലക്ക് സൗമനസ്യപൂർവം ഇന്ത്യൻ സൈനികനെ തങ്ങൾ വിടുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താൻ അതിന് നിർബന്ധിതമാവുകയായിരുന്നെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ലോകരാജ്യങ്ങളുടെ സമ്മർദം പാക് ‘സൗമനസ്യ’ത്തിന് കാരണമായിട്ടുണ്ട്. അമേരിക്കയും സൗദി അറേബ്യയും സംഘർഷലഘൂകരണത്തിന് മുന്നിട്ടിറങ്ങിയതും പാകിസ്താന് മറിച്ച് ചിന്തിക്കാൻ പറ്റാതാക്കിയെന്ന് കരുതണം. എല്ലാറ്റിനും പുറമെ, ഇന്ത്യ എടുത്തുപറഞ്ഞപോലെ ജനീവ ഉടമ്പടിയനുസരിച്ച് അഭിനന്ദനെ വിട്ടയക്കാൻ പാകിസ്താൻ ബാധ്യസ്ഥമാണ്. 1999ൽ കാർഗിൽ യുദ്ധവേളയിൽ തങ്ങൾ പിടികൂടിയ നചികേതയെ പാകിസ്താൻ തിരിച്ചയച്ചതും യുദ്ധത്തടവുകാരെ സംബന്ധിച്ച ജനീവ ഉടമ്പടി പ്രകാരമായിരുന്നു.
ജനീവ ഉടമ്പടി യുദ്ധത്തടവുകാർക്ക് ബാധകമായ ഒന്നാണെന്നും ഇന്ത്യയും പാകിസ്താനും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ അതിർത്തിലംഘനത്തിന് പിടിയിലാകുന്നവർ യുദ്ധത്തടവുകാരായി ഗണിക്കപ്പെടില്ലെന്നും പാകിസ്താനിലെ ചിലർ വാദിക്കുന്നുണ്ട്-ആ സ്ഥിതിയിൽ ഇത് പാകിസ്താെൻറ ഒൗദാര്യംതന്നെയാണെന്നും. ഇൗ വാദവും വസ്തുതാപരമല്ല. യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും അഭിനന്ദനെ യുദ്ധത്തടവുകാരനായാണ് ഗണിക്കുക. ഇത് ജനീവ ഉടമ്പടിയിലെ മൂന്നാം കരാറനുസരിച്ചും പിന്നീട് ചേർത്ത ചിട്ടകളുടെ (പ്രോേട്ടാകോൾ) അടിസ്ഥാനത്തിലും മാത്രമല്ല, അയൽരാജ്യങ്ങൾ തമ്മിൽ നടപ്പുള്ള കീഴ്വഴക്കം മാനിച്ചുമാണ്. ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ചൈന എന്നീ അതിർത്തികളിൽ അബദ്ധവശാൽ മറുപുറത്ത് എത്തിപ്പെടുന്ന പട്ടാളക്കാരെ യുദ്ധത്തടവുകാരായി കണക്കാക്കി തിരിച്ചയക്കുന്ന വഴക്കമുണ്ട്. അതേസമയം, തടവിൽ പിടിച്ച ഇന്ത്യൻ സൈനികനെ വിഡിയോയിൽ പ്രദർശിപ്പിക്കാൻ ഇടംനൽകുകവഴി പാകിസ്താൻ ജനീവ ഉടമ്പടിയുടെ ലംഘനമാണ് നടത്തിയത്.
അഭിനന്ദനെ തിരിച്ചുകിട്ടാൻ ഇന്ത്യൻ ഭരണകൂടത്തിനും സൈന്യത്തിനും ജനീവ ഉടമ്പടി ഉദ്ധരിക്കേണ്ടിവന്നു എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാം ഇത്രയും കാലം ആ ഉടമ്പടിയോട് വെച്ചുപുലർത്തിയ സമീപനവുമായി തട്ടിച്ചാൽ ഇത് ചെറുതല്ലാത്ത മാറ്റമാണ്. ജനീവ ഉടമ്പടിയിൽ കരാറുകൾ പലതുണ്ടെങ്കിലും അതിെൻറ മുഖ്യഘടകം സംഘർഷമേഖലകളിൽ സിവിലിയന്മാരെ സംരക്ഷിക്കലാണ്. കരാറുകളിൽ ഒരെണ്ണം മാത്രമാണ് യുദ്ധത്തടവുകാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവഹേളിക്കുന്നതും വിലക്കുന്നത്. സൈനികർക്ക് ഉടമ്പടിപ്രകാരം ലഭിക്കേണ്ട അവകാശം പ്രധാനമാണ്.
അത്രതന്നെ പ്രധാനമാണ് സുരക്ഷക്കും അന്തസ്സിനുമുള്ള സാധാരണ പൗരന്മാരുടെ അവകാശം. ഇത് കശ്മീരിലും വടക്കുകിഴക്കൻ മേഖലകളിലും നിരന്തരം ലംഘിക്കപ്പെടുന്നു എന്നത് ആവർത്തിച്ച് കേൾക്കുന്ന പരാതിയാണ്. ‘അപ്രത്യക്ഷരാക്കപ്പെടുന്ന’വർ, അർധവിധവകൾ, പെല്ലറ്റ് ഉണ്ടകൾക്കിരയായി കാഴ്ചവരെ നഷ്ടപ്പെട്ടവർ, വ്യാജ ഏറ്റുമുട്ടലുകളുടെയും ബലാത്സംഗത്തിെൻറയും ഇരകൾ തുടങ്ങി കശ്മീരിലും മറ്റും തീവ്രയാതനകളനുഭവിക്കുന്നവരുടെ സ്ഥിതി പലകുറി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു സിവിലിയനെ പിടിച്ച് മനുഷ്യകവചമാക്കിയത് ശത്രുസൈന്യമല്ല, നമ്മുടെതന്നെ സൈന്യമാണ്- ജനീവ ഉടമ്പടിയുടെ താൽപര്യത്തിനെതിരായിരുന്നു അതും. പക്ഷേ, അന്ന് നാം ഉടമ്പടിയെ മാനിക്കണമെന്നല്ല പറഞ്ഞത്.
ഇൗ സാഹചര്യത്തിൽകൂടിയാണ് അഭിനന്ദനെ തിരിച്ചയക്കാനാവശ്യപ്പെടുന്ന ഇന്ത്യൻ കമ്യൂണിക്കെയിൽ ജനീവ ഉടമ്പടിയെ ഉയർത്തിക്കാട്ടിയ നമ്മുടെ നടപടി പ്രധാനവും സ്വാഗതാർഹവുമാകുന്നത്. അഭിനന്ദനുവേണ്ടി രാജ്യം മുഴുവൻ ജനീവ ഉടമ്പടിയെ ചൂണ്ടി വാദിച്ചു; കശ്മീരിലെ പൗരന്മാർക്കും അതേ മാനുഷിക പരിഗണന നൽകാൻ നമ്മെ ജനീവ ഉടമ്പടിക്കപ്പുറം നമ്മുടെ ഭരണഘടനതന്നെ ബാധ്യതപ്പെടുത്തുന്നുണ്ട്. അഭിനന്ദനുവേണ്ടി ഉയർന്ന സ്വരത്തിന് ആ ഇൗണംകൂടി ഉണ്ടാകെട്ട. സ്വന്തം പൗരന്മാർക്ക് പൗരാവകാശവും മനുഷ്യാവകാശവും നൽകേണ്ട ബാധ്യത നമ്മുടേതുതന്നെയാണ്.
1949ൽ ജനീവ കരാർ ഒപ്പുവെച്ച രാജ്യങ്ങളിൽ ഇന്ത്യയും പാകിസ്താനുമടക്കമുള്ള അംഗരാഷ്ട്രങ്ങളുണ്ട്. അതേസമയം, 1977ൽ കൂട്ടിച്ചേർത്ത ചിട്ടകൾ (പ്രോേട്ടാകോൾ) നാം അംഗീകരിച്ചിട്ടില്ല. ജനീവ ഉടമ്പടിയിലെ നാലു കരാറുകളിൽ പരാമർശിച്ച മനുഷ്യാവകാശചട്ടങ്ങളുടെ പരിധി വ്യാപിക്കുന്നതാണ് ഇൗ പ്രോേട്ടാകോളുകൾ. കാലാനുസൃതമായി ഉടമ്പടി വികസിപ്പിക്കണമെന്ന് 1970കളിൽ ആവശ്യപ്പെട്ട രാജ്യമാണ് നാം. എന്നാൽ, ആ ആവശ്യം നിറവേറ്റുന്ന പ്രോേട്ടാകോളുകളോട് നാം പുറംതിരിഞ്ഞുനിന്നു. ഇതിന് ഒരു പ്രധാന കാരണം കശ്മീരാണെന്ന് വിശ്വസിക്കപ്പെടുന്നു.
വിഘടനവാദം ചെറുക്കാൻ അവ തടസ്സമാകുമെന്ന് പലരും കരുതി. ഇൗ പ്രശ്നത്തിന് പരിഹാരമായി ഒരു വിദഗ്ധ സമിതി 2012ൽ നിർദേശിച്ചത്, ജനീവ ഉടമ്പടിയിലെ അധികചിട്ടകൾ അംഗീകരിക്കുകയും എന്നാൽ അവ ഏതെല്ലാം സംഭവങ്ങളിൽ ബാധകമാക്കാമെന്ന് നിശ്ചയിക്കാനുള്ള അധികാരം ദേശീയ മനുഷ്യാവകാശ കമീഷന് വിട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ്. ഏതുനിലക്കും, ജനീവ ഉടമ്പടിയുടെ ചില ഭാഗങ്ങൾ മാത്രം അവകാശപ്പെടുകയും ഉടമ്പടി പൂർണമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിൽ യുക്തിഭംഗമുണ്ട്. ന്യായീകരിക്കാനാവാത്ത വൈരുധ്യവും അതിലുണ്ട്. അഭിനന്ദെൻറ കാര്യത്തിൽ നാം നേടിയ ധാർമികവിജയത്തിന് അത് കളങ്കമേൽപിക്കുന്നു എന്നതും മറച്ചുവെച്ചിട്ട് കാര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
