കാശില്ലാതെ വിഷു
text_fieldsകഴിഞ്ഞ വർഷം നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ രൂപപ്പെട്ട തരത്തിലുള്ള നീണ്ട വരികൾ വീണ്ടും രൂപപ്പെട്ടുവന്നിരിക്കുകയാണ്. വിഷു ആഘോഷങ്ങളിലേക്ക് കേരളം കടക്കുന്ന സന്ദർഭത്തിലാണ് വലിയതോതിലുള്ള നോട്ട് ക്ഷാമം പിന്നെയും ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ട്രഷറികളിൽ പണമില്ലാത്തതു കാരണം ക്ഷേമ പെൻഷനുകളുടെ വിതരണവും മുടങ്ങിയിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും താഴേ തട്ടിലുള്ള ദുർബല ജനവിഭാഗങ്ങളുടെ ജീവിത താളത്തെയാണ് ഇത് ശരിക്കും അട്ടിമറിച്ചിരിക്കുന്നത്. ജനങ്ങളുടെ കൈയിൽ ആവശ്യത്തിന് പണമില്ലാതായതോടെ വിഷു സീസണിൽ സാധാരണ ഗതിയിൽ നടക്കേണ്ട കച്ചവടങ്ങളും വിപണനങ്ങളും വലിയ തോതിൽ സ്തംഭിച്ചുകഴിഞ്ഞു. ഇത് വിപണിയിൽ മൊത്തത്തിൽ അപ്രതീക്ഷിതമായ മന്ദീഭാവം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ, സമ്പദ്ഘടനയും ജനജീവിതവും ചടുലമാവേണ്ട സന്ദർഭത്തിൽ എല്ലാം സ്തംഭിപ്പിക്കുന്ന മാന്ദ്യം കടന്നുവരുന്നത് സ്വാഭാവികമായും അതിെൻറ തുടർ പ്രതിഫലനങ്ങളും സൃഷ്ടിക്കും.
നോട്ട് അച്ചടിയിൽ കുറവു വന്നതാണ് പണക്ഷാമത്തിെൻറ ഒരു കാരണമായി പറയുന്നത്. നോട്ട് നിരോധനത്തിനു ശേഷം നോട്ട് അച്ചടി ഇനിയും പഴയപടി ആയിട്ടില്ല. നോട്ട് രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റം ലക്ഷ്യംവെച്ച് ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ബോധപൂർവമായ വൈകിപ്പിക്കൽ വരുത്തുകയാണ് എന്നും പറയപ്പെടുന്നുണ്ട്. നോട്ട് രഹിത സമ്പദ്ശീലത്തിലേക്ക് ജനങ്ങളെ പാകപ്പെടുത്താനുള്ള കൃത്രിമമായ ക്ഷാമം മാത്രമാണിതെന്നാണ് അവരുടെ വിമർശം. സീസൺ അനുസരിച്ചുള്ള ആവശ്യങ്ങൾക്കൊത്ത് പണം അനുവദിക്കുന്ന രീതി റിസർബ് ബാങ്ക് ലംഘിച്ചതും പണക്ഷാമത്തിന് കാരണമായിട്ടുണ്ട്. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ മുന്നോടിയായി സ്വാഭാവികമായുണ്ടാവുന്ന വർധിച്ച പണ ആവശ്യത്തെ മുൻകൂട്ടിക്കണ്ട് നടപടികൾ സ്വീകരിക്കാൻ ആർ.ബി.ഐ സന്നദ്ധമായില്ല എന്നാണ് മനസ്സിലാവുന്നത്. എന്തായാലും ആഘോഷവേളയിൽ ജനങ്ങളെ വലിയ വിഷമവൃത്തത്തിലാക്കുന്നതായിപ്പോയി ഈ നടപടി എന്നു പറയാതെ വയ്യ.
സംസ്ഥാനത്ത് ബാങ്കുകൾക്ക് 250ഓളം കാഷ് ചെസ്റ്റുകളാണുള്ളത്. 100 മുതൽ 250 വരെ കോടികൾ നോട്ട് നിരോധനത്തിനു മുമ്പ് ഇവയിൽ സ്റ്റോക്ക് ഉണ്ടാവാറുണ്ട്. എന്നാൽ, അതിപ്പോൾ അഞ്ച്-പത്ത് കോടിയായി കുറഞ്ഞിരിക്കുകയാണ്. മാഹി ഉൾപ്പെടെയുള്ള മലബാറിലെ ഏഴു ജില്ലകളിൽ സംസ്ഥാനത്തെ ആകെ കാഷ് ചെസ്റ്റുകളുടെ മൂന്നിലൊന്ന് മാത്രമാണുള്ളത്. അവിടെ കാഷ് ചെസ്റ്റുകളിൽ പലപ്പോഴും ഒരു കോടിയിൽ താഴെ രൂപ മാത്രമാണുണ്ടാകുന്നത്. അതായത്, സംസ്ഥാനത്താകെ അനുഭവിക്കുന്ന നോട്ട് ക്ഷാമം മലബാറിലെത്തുമ്പോൾ, മറ്റെല്ലാ കാര്യത്തിലുമെന്നപോലെ, അത്യധികം രൂക്ഷമാവുകയാണ്. അങ്ങനെ ഈ വിഷുക്കാലത്ത് കണികാണാൻ ക്യൂ നിൽക്കണം എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് അധികൃതർ.
പണം പിൻവലിക്കൽ, അക്കൗണ്ടിലൂടെയുള്ള പണം കൈമാറ്റം, എ.ടി.എം ഉപയോഗം തുടങ്ങിയ വിവിധ ബാങ്കിങ് സേവന മേഖലകളിൽ കൊണ്ടുവന്ന വ്യാപകമായ ഫീസുകളും പിഴകളും ജനങ്ങളെ വലിയതോതിൽ മടുപ്പിക്കുന്നതാണ്. ഈ പിഴകളും ഫീസുകളും പേടിച്ച് ജനങ്ങൾ കറൻസി നോട്ടുകൾ വലിയ തോതിൽ ൈകയിൽതന്നെ സൂക്ഷിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. കറൻസി നോട്ടുകളുടെ സ്വാഭാവികമായ ഒഴുക്കിനെ അത് ബാധിച്ചിട്ടുണ്ട്. പുതിയ നോട്ട് ക്ഷാമത്തിന് അതും കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഘോഷ സന്ദർഭത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ പുതിയ നോട്ട് ക്ഷാമം ജനങ്ങളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നുവെന്നത് ഒരുവശം മാത്രമാണ്. അതിലുമുപരി, മുമ്പ് ഡോ. മൻമോഹൻ സിങ് രാജ്യസഭയിൽ പറഞ്ഞതുപോലെ, രാജ്യത്തെ ബാങ്കിങ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവിശ്വാസവും ആദരവില്ലായ്മയും വീണ്ടും വീണ്ടും വർധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. നിസ്സാരമായ കാര്യങ്ങൾക്കു വരെ വൻ പിഴയും ഫീസും നിശ്ചയിച്ചുകൊണ്ടുള്ള പുതിയ പരിഷ്കാരങ്ങളും ആവശ്യമായ സന്ദർഭത്തിൽ സ്വന്തം പണം ൈകയിൽ കിട്ടാതെ വരുന്ന അവസ്ഥയും ബാങ്കിങ്ങിനെക്കുറിച്ച വിശ്വാസ്യതയിൽ വലിയ ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിെൻറ ജീവനാഡിയായ ഒരു സ്ഥാപനത്തോട് രാജ്യനിവാസികൾക്ക് ശത്രുതമനോഭാവമുണ്ടാവുന്നത് അത്ര നല്ല കാര്യമല്ല. അതിനാൽ, ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. കാശുണ്ടായിട്ടും നിത്യജീവിതത്തിൽ ബുദ്ധിമുട്ടേണ്ടിവരുന്നത് വിഷമംപിടിച്ച അവസ്ഥതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
