ഫെഡറലിസത്തിനു നേരെയുള്ളവൈറസ് ആക്രമണം
text_fields‘‘ബഹുമാന്യനായ പ്രധാനമന്ത്രി, അങ്ങേക്ക് ഇത് മനസ്സിലാവും. അങ്ങ് ഒരു സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും അർഹതപ്പെട്ട പരിഗണന ലഭിച്ചിരിക്കണം’’ -തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതാണിത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവർക്ക് കത്തയച്ചതും ആ കത്തിെൻറ ഉള്ളടക്കം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ടാണ് മമത ബാനർജി ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചത്. സമാനമായ പ്രശ്നം ഏപ്രിൽ 20നും അവർ ഉന്നയിച്ചിരുന്നു. ബംഗാളിലെ വിവിധ ജില്ലകളിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രാലയതല സംഘത്തെ അയക്കാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ടായിരുന്നു അന്ന് അവർ രംഗത്തുവന്നത്. സംസ്ഥാനത്തിെൻറ അധികാരങ്ങളിൽ കൈകടത്തുന്ന സമീപനമാണതെന്ന് അന്നവർ പറഞ്ഞു. സംഘവുമായി നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിക്കാനും അവർ മറന്നില്ല.
കോവിഡ് മഹാമാരി പടർന്നുപിടിച്ച ശേഷമുള്ള കേന്ദ്ര സർക്കാറിെൻറ നടപടികൾ ഒന്നൊന്നായി പരിശോധിച്ചാൽ വലിയ തോതിലുള്ള വീഴ്ചകളും ദിശാരാഹിത്യവും ധാരാളമായി കാണാം. പ്രധാനമന്ത്രി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ തുടങ്ങുന്നുണ്ട് അത്. ഒരു മുൻകൂർ സൂചനയും നൽകാതെ, ആവശ്യമായ മുന്നൊരുക്കങ്ങൾ ഒന്നും നടത്താതെയുള്ള ആ ലോക്ഡൗൺ പ്രഖ്യാപനം സാധാരണ ജനങ്ങളുടെയും അന്തർ സംസ്ഥാന തൊഴിലാളികളുടെയും ജീവിതങ്ങൾക്കുമേൽ വൻ ആഘാതമുണ്ടാക്കിയെന്ന് മാത്രമല്ല, ലോക്ഡൗണിെൻറ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുന്ന ഫലങ്ങളുണ്ടാക്കുകയുമാണ് ചെയ്തത്. അതുകൊണ്ടു തന്നെയാണ് സാമ്പത്തിക-ഉൽപാദന മേഖലയിൽ വൻനഷ്ടങ്ങൾ സഹിച്ച് നടപ്പാക്കിയ ലോക്ഡൗൺകൊണ്ട് വലിയ ഫലങ്ങൾ ഇല്ലാതെ പോയത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പലപ്പോഴും സംസ്ഥാനങ്ങൾക്ക് പിറകെ സഞ്ചരിക്കാൻ മാത്രമേ കേന്ദ്രത്തിന് സാധിച്ചിട്ടുള്ളൂ. ആശയതലത്തിലോ വൈദ്യഗവേഷണതലത്തിലോ ഉള്ള എന്തെങ്കിലും പുതിയ കാര്യങ്ങൾ മുന്നോട്ടുവെക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ഗംഗാജലം കോവിഡ് ചികിത്സക്ക് പറ്റുമോ എന്നത് മാത്രമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായ വ്യത്യസ്തമായ ഒരാലോചന! അതാകട്ടെ, ഐ.സി.എം.ആർ തള്ളിക്കളയുകയും ചെയ്തു.
നമ്മുടെ ഭരണഘടന പ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ പെടുന്നതാണ് പൊതുജനാരോഗ്യവും ശുചിത്വവും. സ്വാഭാവികമായും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നടക്കേണ്ടത്. അതിന് ആവശ്യമായ പിന്തുണ നൽകുകയും വിവിധ സംസ്ഥാനങ്ങൾക്കിടയിൽ ആവശ്യമായ സംയോജനം നടത്തുകയുമാണ് കേന്ദ്രം ചെയ്യേണ്ടത്. ഒപ്പം, ആരോഗ്യരംഗത്ത് ദേശീയതലത്തിൽ ഫലപ്രദമാകുന്ന ഗവേഷണ, വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വേണം. എന്നാൽ, തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും സംസ്ഥാനങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ കൈകടത്തുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളെ വിവിധ സോണുകളിൽ പെടുത്തുന്നത് അടക്കമുള്ള സൂക്ഷ്മ കാര്യങ്ങൾപോലും കേന്ദ്രം ചെയ്യുന്ന സാഹചര്യമുണ്ടായത് അങ്ങനെയാണ്. അതേസമയം, അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രശ്നപരിഹാരം പോലുള്ള കേന്ദ്രം ചെയ്യേണ്ട കാര്യങ്ങളിൽ വലിയ വീഴ്ച വരുത്തുകയും ചെയ്തു.
ഡൽഹിയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് തീവണ്ടി സർവിസുകൾ പ്രഖ്യാപിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണ്. കോവിഡ് വ്യാപനം നിലനിൽക്കെയാണ്, മഹാമാരിയുടെ പിടിയിൽ നിൽക്കുന്ന ഡൽഹി നഗരത്തിൽനിന്ന് എ.സി കോച്ചുകളിൽ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കയറ്റിയയക്കുന്നത്. യാത്രക്കാരുടെ ലിസ്റ്റ് പോലും നേരത്തേ സംസ്ഥാനങ്ങൾക്ക് കൈമാറാതെ, സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധത്തെ താളംതെറ്റിക്കുന്ന തരത്തിലാണ് ഇതിെൻറ ക്രമീകരണം എന്ന വിമർശനം ഇതിനകം വ്യാപകമായി കഴിഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ദിശാരാഹിത്യവും അലംഭാവവും കേന്ദ്രത്തിെൻറ ഭാഗത്തുനിന്ന് വേണ്ടതുപോലെ ഉണ്ട് എന്നത് യാഥാർഥ്യമാണ്. അതേസമയം, സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തുക എന്ന കാര്യത്തിൽ അവർക്ക് നല്ല ലക്ഷ്യബോധമുണ്ട്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നാടും ജനങ്ങളും മുഴുകിയിരിക്കെ ഇത് അധികമൊന്നും ശ്രദ്ധിക്കപ്പെടില്ലെന്നും ചർച്ചയാവില്ലെന്നും അവർ വിചാരിക്കുന്നുണ്ടാവും. എന്നാൽ, മമത ബാനർജിയെപ്പോലുള്ളവർ അക്കാര്യം മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കുന്നുവെന്നത് ആശ്വാസകരമാണ്. കോവിഡ് വൈറസിെൻറ മറവിൽ അധികാര കേന്ദ്രീകരണത്തിെൻറ വൈറസ് നമ്മുടെ രാഷ്ട്രഘടനയിൽ പിടിമുറുക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
