Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅപമാനകരമായ...

അപമാനകരമായ രാഷ്​ട്രീയപ്രവർത്തനം

text_fields
bookmark_border
അപമാനകരമായ രാഷ്​ട്രീയപ്രവർത്തനം
cancel


തിരുവോണനാളിൽ നാടിനെ നടുക്കിയ വെഞ്ഞാറമൂട് രാഷ്​ട്രീയ കൊലപാതകത്തിൽ മുഖ്യപ്രതികൾ അറസ്​റ്റുചെയ്യപ്പെട്ടിരിക്കുന്നു. മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന രാഷ്​ട്രീയപകയാണ്, ഉത്രാടരാത്രിയിൽ ഡി.വൈ.എഫ്.ഐ പ്രാദേശികനേതാക്കളായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ ജീവനെടുത്തത്. സി.സി ടി.വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും സഹിതം പൊലീസ് സമർഥിക്കുന്നത് കോൺഗ്രസ് പ്രവർത്തകരാണ് കൊലയുടെ പിന്നിലെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുടക്കംകുറിച്ച സംഘർഷത്തിെൻറ തുടർച്ചയാണ് കൊലപാതകമെന്നും പൊലീസ് ഉറപ്പിക്കുന്നു.

കൃത്യമായ രാഷ്​ട്രീയഗൂഢാലോചന ഈ കൊലപാതകങ്ങൾക്കു പിന്നിലുണ്ടെന്നും അതിൽ പങ്കാളികളായവരെയും നിയമത്തിെൻറ മുന്നിൽ ഹാജരാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, മുഖ്യപ്രതികളുടെ അറസ്​റ്റിനുശേഷവും അന്വേഷണം മുന്നോട്ടുപോകുകയും അത്​ വരുംനാളുകളിൽ കൂടുതൽ വലിയ രാഷ്​ട്രീയ വാഗ്വാദങ്ങളിലേക്ക്​ നയിക്കുകയുംചെയ്യും. മന്ത്രി ഇ.പി. ജയരാജനടക്കം സകല സി.പി.എം നേതാക്കളും ആരോപിക്കുന്നത് ഗൂഢാലോചനയിൽ അടൂർ പ്രകാശ്​ എം.പിക്ക് പങ്കുണ്ടെന്നാണ്. എന്നാൽ, സി.പി.എം ഗൂഢാലോചനയാണ് കൊലപാതകമെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമാ​െണന്നും കെ.പി.സി.സി പ്രസിഡൻറ്​ പറയുന്നു. സംസ്ഥാന സർക്കാറി​െൻറ അന്വേഷണം പക്ഷപാതപരമാ​ണെന്ന നിലപാടിലാണ് കോൺഗ്രസ്.

വെഞ്ഞാറമൂട്ടിലെ ഹീനവും മാപ്പർഹിക്കാത്തതുമായ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതികൾ അക്രമരാഷ്​ട്രീയത്തിലൂടെ അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടുന്ന നേതാക്കളാ​െണന്ന് നിസ്സംശയം പറയാം. കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്​ട്രീയപാർട്ടികളും രാഷ്​ട്രീയഎതിരാളികളുടെ ചോര വീഴ്ത്തുന്നതിൽ ഒരു അസ്ക്യതയും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല; എല്ലായ്പ്പോഴും പരോക്ഷമായും പ്രത്യക്ഷമായും ന്യായീകരിച്ചിട്ടേയുള്ളൂ.

രാഷ്​ട്രീയ കൊലപാതകശേഷമുള്ള ശാന്തിയോഗങ്ങളിൽ അക്രമികളും ആക്രമിക്കപ്പെട്ടവരും ഒരുപോലെ അറുകൊല രാഷ്​ട്രീയത്തെ തള്ളിപ്പറയുന്ന പ്രഹസന നാടകങ്ങളൊക്കെയുണ്ടാകും. ഇനി കേരളത്തിൽ രാഷ്​ട്രീയത്തിെൻറ പേരിൽ ഒരു ജീവനും വെട്ടിവീഴ്ത്തുകയില്ലെന്നും ഒരു കുടുംബത്തിൽനിന്നും കരളലിയിപ്പിക്കുന്ന ആർത്തനാദമുയരാൻ അനുവദിക്കുകയില്ലെന്നുമുള്ള പ്രതിജ്ഞയൊക്കെ തരാതരം ചൊല്ലിക്കൊടുക്കുകയോ ഏറ്റുചൊല്ലുകയോ ചെയ്തേക്കും. അതിനുശേഷവും കൃത്യമായ ഇടവേളകളിൽ രാഷ്​ട്രീയകൊലപാതകങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും. കാരണം ലളിതമാണ്. ജനാധിപത്യത്തിെൻറ മറവിൽ മാഫിയ രാഷ്​ട്രീയം തിടംവെച്ചു വളർന്നിരിക്കുന്നു.

ഇപ്പോൾ പാർട്ടികളുടെയും നേതാക്കളുടെയും ആത്മസുഹൃത്തുക്കൾ ഗുണ്ടകളും മയക്കുമരുന്ന് കടത്തുകാരും തട്ടിപ്പുകാരും കള്ളക്കടത്തുകാരുമാണ്. കേരളത്തിൽ നിലനിൽക്കുന്ന രാഷ്​ട്രീയനാടകങ്ങളിൽ രാഷ്​ട്രീയ കൊലപാതകങ്ങൾ ഇല്ലാതാകുമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ അവർ മൂഢരുടെ സ്വർഗത്തിലാണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കുശേഷമുള്ള രാഷ്​ട്രീയനേതാക്കളുടെ പ്രസ്താവനകൾ ഒന്ന്​ അപനിർമിച്ചുനോക്കൂ. അടുത്ത കൊലപാതകത്തിനുള്ള ഇന്ധനം സ്വരുക്കൂട്ടുന്നതിെൻറയും കത്തിക്ക് മൂർച്ചകൂട്ടുന്നതിെൻറയും ശബ്​ദങ്ങൾ കേൾക്കാനാകും. ഇരട്ടക്കൊല നടന്ന മേഖലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ ഏതു സമയത്തും ചോര വീഴുമെന്ന അവസ്ഥയാ​െണന്ന് കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും േനതാക്കൾക്ക് നന്നായി അറിയാമായിരുന്നു.

അക്രമികളുടെയും കൊല്ലപ്പെട്ടവരുടെയും പേരുകളിൽ പൊലീസ് സ്​റ്റേഷനുകളിൽ തുടർച്ചയായ അക്രമസംഭവങ്ങൾക്ക് കേസുകൾ രജിസ്​റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്. കൊല്ലാനോ കൊല്ലപ്പെടാതിരിക്കാനോ ആയുധവുമായാണവർ എപ്പോഴും തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നത്. പൊലീസും സി.സി ടി.വി ദൃശ്യങ്ങളും ഇ​െതല്ലാം സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ പ്രതികാരത്തെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും സംസാരിക്കുന്ന രണ്ടുപക്ഷത്തെയും നേതാക്കൾ രംഗത്തുവരാതിരുന്നത്? അവ പരിഹരിക്കുന്നതിന് മുൻകൈ എടുക്കാതിരുന്നത്? ഉത്തരം ലളിതമാണ്;രാഷ്​ട്രീയസംഘട്ടനവും അതിന് പറ്റുന്ന യുവാക്കളും നേതൃകളിക്ക് അനിവാര്യമാണ്.

അതുകൊണ്ടുതന്നെ, സംഭവം നടന്ന പ്രദേശത്ത് രണ്ടു കൂട്ടരും അക്രമികൾക്ക് പരസ്പരം പോരാടാനുള്ള അവസരങ്ങൾ സൃഷ്​ടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലെ രാഷ്​ട്രീയം കേരളത്തിലെ പല പ്രദേശങ്ങളിലും നിലനിൽക്കുന്ന ജന്മി ജനാധിപത്യത്തിെൻറ നഖചിത്രമാണ്. പെരിയയിലെ ഇരട്ടക്കൊലയിൽ സി.പി.എം എത്രമാത്രം കുറ്റവാളിയാണോ അത്രയും കുറ്റവാളിയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസും.

കൊല്ലാനും കൊല്ലപ്പെടാനും ചാവേറുകളെ ഊട്ടിവളർത്തുന്ന, കൊലപാതകരാഷ്​ട്രീയത്തിെൻറ കുളിമുറിയിൽ എല്ലാ രാഷ്​ട്രീയ പാർട്ടികളും ആയുധധാരികളാണ്. ഗുണ്ടരാഷ്​ട്രീയ പ്രവർത്തനത്തിന്​ അറുതിവരാതെ രാഷ്​ട്രീയകൊലപാതകം കേരളത്തിൽ അവസാനിക്കുമെന്ന് സ്വപ്നംകാണാൻ പോലുമാകില്ല. ജനാധിപത്യത്തിനോ രാഷ്​ട്രീയ ഉണർവിനോ അൽപംപോലും വെളിച്ചം നൽകാതെ, കൂടുതൽ കനത്ത അന്ധകാരം പകർന്ന്​, നിനച്ചിരിക്കാത്ത നേരത്ത് വീടുകളെ അനാഥമാക്കി, കുട്ടികൾക്കും സ്ത്രീകൾക്കും നിത്യദുരന്തമായി വെട്ടേറ്റുവീണ്​ കൃത്യമായ ഇടവേളകളിൽ രക്തസാക്ഷികളായി പരിണമിക്കാനാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ വിധി.

രാഷ്​ട്രീയപ്രഹസനങ്ങളുടെ നിത്യസ്മാരകങ്ങളായി ഒടുക്കുവാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് യുവാക്കൾ ഉറക്കെപ്പറയുന്ന കാലംവരെ ജനാധിപത്യ ചാവേറുകളുടെ ജീവത്യാഗംകണ്ട് കള്ളക്കണ്ണീരൊഴുക്കാനേ പ്രബുദ്ധത നടിക്കുന്ന രാഷ്​ട്രീയകേരളത്തിന് സാധിക്കൂ.

Show Full Article
TAGS:Venjaramoodu Murder editorial 
Next Story