നവോത്ഥാന കേരളത്തിലെ വിദ്വേഷ നാവ്
text_fieldsകേരള നവോത്ഥാന ചരിത്രത്തിൽ ഏറ്റവും തെളിച്ചമേറിയ നാമധേയങ്ങളിലൊന്നാണ് ശ്രീനാരായണഗുരുവിന്റേത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ദേശീയ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ കേരളത്തിൽ നിലനിന്നിരുന്ന അയിത്തമടക്കമുള്ള ജാതി-മത ദുരാചാരങ്ങളെയും പലവിധത്തിൽ വെല്ലുവിളിച്ചു. ഫ്യൂഡല്‍ സാമൂഹികബന്ധങ്ങളെയും അവയെ അരക്കിട്ടുറപ്പിക്കുന്ന ജാതിവ്യവസ്ഥയെയും എതിര്‍ക്കാതെ പുതിയ സാമൂഹിക വ്യവസ്ഥ സാധ്യമാകുമായിരുന്നില്ല. ചരിത്രപരമായ ഈ പ്രക്രിയക്ക് പ്രചോദനവും നേതൃത്വവും നൽകിയ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ പ്രമുഖസ്ഥാനീയനാണ് നാരായണഗുരു. ആ സൗമ്യജീവിതമെന്നപോലെ ലളിത ദർശനങ്ങളിലൂടെ ജാതിവ്യവസ്ഥയുടെ ഇരുണ്ട കോട്ടകളെ തകര്‍ത്ത ഗുരു, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന മഹത്തായൊരു മാനവികചിന്തക്ക് വഴിതുറന്നു. ആ ചിന്തയിലൂടെ പിറവിയെടുത്ത പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി അഥവാ, ശ്രീനാരായണ ധർമപരിപാലന യോഗം.
സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനൊപ്പം അവശസമുദായങ്ങളെ സാമൂഹികമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത സംഘടനയുടെ ആദ്യസെക്രട്ടറി മഹാകവി കുമാരനാശാനായിരുന്നു. പിന്നീട്, മൂർക്കോത്ത് കുമാരനും ടി.കെ. മാധവനും സി. കേശവനുമെല്ലാം ആ പദവി അലങ്കരിച്ചു. കേരളത്തിൽ ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയും സാമൂഹിക നീതിക്കായും പൊരുതിയ ഈ മഹത്തായ പ്രസ്ഥാനത്തെ മൂന്ന് പതിറ്റാണ്ടായി നയിക്കുന്നത് വെള്ളാപ്പള്ളി നടേശനാണ്. പ്രസ്ഥാനത്തിന്റെ ഈ മഹദ്ചരിതത്തെയെല്ലാം നിഷ്പ്രഭമാക്കുംവിധത്തിലാണ് ഏതാനും കാലമായി വെള്ളാപ്പള്ളിയുടെ പ്രസ്താവനകളത്രയും. അക്ഷരാർഥത്തിൽതന്നെ, കേരളത്തിന്റെ മതസൗഹാർദത്തെ തുരങ്കംവെക്കുന്നതും വലിയ അളവിൽ വിഷലിപ്തമാക്കുന്നതുമാണ് അദ്ദേഹത്തിന്റെ വാക്കുകളോരുന്നുമെന്ന് പറയേണ്ടിവരും.
ഏഴ് വർഷം മുമ്പ്, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെതുടർന്ന് കേരളത്തിൽ സംഘ്പരിവാർ സംഘടനകൾ നടത്തിയ വലിയ സമരങ്ങൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ ഇടതുമുന്നണി സർക്കാർ രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷൻകൂടിയാണ് വെള്ളാപ്പള്ളി നടേശൻ. കേരളീയ നവോത്ഥാനത്തിന്റെ സംരക്ഷണ ഉത്തരവാദിത്തമുള്ള വെള്ളാപ്പള്ളി പക്ഷേ, ഇപ്പോൾ പൂർണമായും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് സംഘ്പരിവാറിന്റെ അതേ വാദങ്ങളാണ്. സമരക്കാർ ആരെന്ന് വേഷം കണ്ടാലറിയാം എന്ന് ഡൽഹി ശാഹീൻബാഗിലെ പൗരത്വ പ്രക്ഷോഭകരെ അപഹസിച്ചത് പ്രധാനമന്ത്രിയായിരുന്നു. പ്രക്ഷോഭകരെയും പ്രതിപക്ഷത്തെയും പ്രതിയോഗികളെയും വേഷവും ഭാഷയും നോക്കി വിദ്വേഷത്തിന്റെ വാക്കുകൾ പ്രയോഗിക്കുന്ന സംഘ്പരിവാറിന്റെ ആ തന്ത്രം പിന്നീടും പലകുറി പല നേതാക്കളിൽനിന്നായി കേട്ടിട്ടുണ്ട്; കേരളത്തിലും അതുണ്ടായിട്ടുണ്ട്.
കാവിപ്പടയുടെ അതേ വിദ്വേഷയുക്തിയിലാണിപ്പോൾ വെള്ളാപ്പള്ളിയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം, ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം വിശേഷിപ്പിച്ചത് ‘തീവ്രവാദി’ എന്നായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മാധ്യമപ്രവർത്തകർ ഇത് ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മറുപടി, ആ മാധ്യമപ്രവർത്തകൻ നേരത്തേ മുസ്‍ലിം ലീഗിന്റെ വിദ്യാർഥിസംഘടനയായ എം.എസ്.എഫിൽ പ്രവർത്തിച്ചുവെന്നതാണ്. രണ്ടുനാൾ മുമ്പ്, മലപ്പുറത്തെക്കുറിച്ച വിദ്വേഷ വർത്തമാനത്തിനിടെ ഇതേ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം മുട്ടിപ്പോയതും അത് വലിയ വാർത്തയായി മാറിയതുമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. പക്ഷേ, ആ പ്രകോപനവും സംഘ്പരിവാറിനെപ്പോലും തോൽപിക്കും വിധത്തിൽ വെറുപ്പിന്‍റേതായി. ഇതാദ്യമായല്ല, വെള്ളാപ്പള്ളി ഇത്തരത്തിൽ വിദ്വേഷ പ്രസ്താവനകൾ നടത്തുന്നത്. മുസ്‍ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതും ഈ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെ ഭീകരവത്കരിക്കുന്നതുമാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നതും കാണേണ്ടതുണ്ട്.
മലപ്പുറം പ്രത്യേക രാജ്യവും പ്രത്യേക വിഭാഗക്കാരുടെ സംസ്ഥാനവുമാണെന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിലമ്പൂരിൽ ഒരു യോഗത്തിൽ സംസാരിക്കവെ അദ്ദേഹത്തിന്റെ വാക്കുകൾ. അവിടെ പിന്നാക്കക്കാർക്ക് ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. മലപ്പുറം ജില്ലയിൽ നോമ്പ് കാലത്ത് പെട്ടിക്കടപോലും തുറക്കാൻ സമ്മതിക്കില്ലെന്ന് ആലപ്പുഴയിൽ ഒരു മാധ്യമത്തോട് പറഞ്ഞത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഇതേ പ്രസ്താവന അദ്ദേഹം പലകുറി ആവർത്തിച്ചിട്ടുമുണ്ട്. മലബാറിൽ തന്റെ പ്രസ്ഥാനത്തിന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാത്തതിന്റെ പിന്നിൽ ന്യൂനപക്ഷ വോട്ടുബാങ്കാണെന്നും അദ്ദേഹം ആവർത്തിച്ച് പറയുന്നു. ഈ പ്രസ്താവനകളെല്ലാം അടുത്തകാലം വരെയും പറഞ്ഞുകൊണ്ടിരുന്നത് സംഘ്പരിവാർ കേന്ദ്രങ്ങളും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിലെ ഏതാനും തീവ്ര ചിന്താഗതിക്കാരും മാത്രമായിരുന്നു. നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ ചെയർമാൻ ഈ തീവ്രഗതിക്കാരുടെ നാവായി മാറുമ്പോൾ അത് നവോത്ഥാനത്തിൽനിന്നുള്ള പിൻനടത്തമാണ്; അതിന്റെ വഴികളാകട്ടെ അത്യന്തം അപകടകരവും.
വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോൾ, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറും അദ്ദേഹത്തിന്‍റെ ആഭ്യന്തരവകുപ്പും എന്തെടുക്കുകയാണെന്ന് ചോദിക്കാതെ വയ്യ. കേരളത്തിൽ വീണ്ടുമൊരു മാറാട് നടപ്പാക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്നാണ് ഏറ്റവും ഒടുവിൽ വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്. എന്തുമാത്രം അപകടകരമായ പ്രസ്താവനയാണിത്. എന്നിട്ടും എന്തുകൊണ്ടായിരിക്കും പിണറായി വിജയനും സി.പി.എമ്മും പിന്നെയും വെള്ളാപ്പള്ളി സ്തുതിയുമായി മുന്നോട്ടുപോകുന്നത്? ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐപോലും വെള്ളാപ്പള്ളിക്കെതിരെ നിൽക്കുമ്പോഴാണ് സർക്കാറിലെ പ്രബലപക്ഷവും ആഭ്യന്തരവകുപ്പും ഈ വിഷനാവിന് പന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എൽ.ഡി.എഫിന്റെ സോഷ്യൽ എൻജിനീയറിങ്ങിന്റെ റിഹേഴ്സലാണോ വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അത്രമേൽ, കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ എസ്.എൻ.ഡി.പിയുടെ അമരക്കാരൻ വിഷലിപ്തമാക്കിയിരിക്കുന്നു. സർക്കാറും ആഭ്യന്തരവകുപ്പും ഇതിന് അറുതിവരുത്തിയേ മതിയാകൂ. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം, നവോത്ഥാന കേരളത്തിന്റെ കെട്ടുറപ്പും സഹവർത്തിത്വവുമാണ് പ്രധാനമെന്ന് അധികാരികൾ തിരിച്ചറിഞ്ഞേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

