Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വി.സി നിയമനവും നീതിപീഠവും
cancel

കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി അസാധാരണമായൊരു ഇടപെടൽ നടത്തിയിരിക്കുന്നു. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ച് സമവായത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പരമോന്നത നീതിപീഠം വിഷയത്തിൽ സുപ്രധാനമായൊരു നീക്കം നടത്തിയിരിക്കുന്നത്. ‘നിങ്ങൾക്കാവില്ലെങ്കിൽ ഇനി ഞാൻ പറയാം’ എന്ന മട്ടിൽ വി.സിമാരെ സുപ്രീംകോടതി പ്രഖ്യാപിക്കുമെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചിരിക്കുന്നത്.

രണ്ട് സർവകലാശാലകളിലെയും വി.സി നിയമനത്തിന് മുൻഗണനാ പട്ടിക തയാറാക്കി ബുധനാഴ്ചക്കകം മുദ്രവെച്ച കവറിൽ നൽകാൻ റിട്ട. ജഡ്‍ജി സുധാൻഷു ധൂലിയയു​​ടെ നേതൃത്വത്തിലുള്ള കമ്മിറ്റിയോട് നിർദേശിച്ചിരിക്കുന്നു കോടതി. അതോടൊപ്പം, വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തും അതിന്‍റെ മറുപടിയും പരിശോധിച്ച് സംയുക്ത റിപ്പോർട്ടും നൽകണം. ഇവ രണ്ടും പരിശോധിച്ച് വ്യാഴാഴ്ചതന്നെ കോടതി വി.സിമാരെ പ്രഖ്യാപിക്കും. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്കാണ് ഇവിടെ വി.സിമാരെ നിയമിക്കാനുള്ള അധികാരം. ആ നിലയിൽ, ഗവർണറുടെ നിയമനാധികാരമാണ് കോടതി ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. അതിന് നയിച്ച സാഹചര്യമാകട്ടെ, ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പിടിവാശിയും. അതുകൊണ്ടുതന്നെ, നീതിപീഠത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം ലോക്ഭവനും അതുവഴി കേന്ദ്രസർക്കാറിനുമേറ്റ തിരിച്ചടിയായിത്തന്നെ വ്യാഖ്യാനിക്കാം.

കേരളത്തിലെ സർവകലാശാലകളിൽ വി.സി നിയമനമുൾപ്പെടെ ഭരണ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള പോര് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെ നരേന്ദ്ര മോദി സർക്കാർ തുടങ്ങിവെച്ച ‘ഗവർണർ രാജി’ന്റെ പ്രത്യാഘാതമാണ് ഈ പോരും. രാഷ്ട്രീയാഭിപ്രായ ഭിന്നതകൾക്കിടയിലും അതതു സംസ്ഥാന സർക്കാറിന്‍റെ നയവും പരിപാടികളും അംഗീകരിക്കുകയാണ്​ പൊതുവിൽ ഗവർണർമാർ അനുവർത്തിക്കാറുള്ളത്. എന്നാലിപ്പോൾ, കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന കേരളം അടക്കമുള്ള ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രമായാണ് മോദി ഭരണകൂടം ലോക്ഭവനുകളെ ഉപയോഗപ്പെടുത്തിവരുന്നത്. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയും പശ്ചിമ ബംഗാളിൽ സി.വി. ആനന്ദബോസുമെല്ലാം തുടങ്ങിവെച്ച സമാന്തര സർക്കാറുകൾ പലകുറി സംസ്ഥാനങ്ങളുടെ ഭരണനിർവഹണ പ്രക്രിയകളെ അവതാളത്തിലും അനിശ്ചിതത്വത്തിലുമാക്കിയതി​ന്‍റെ അനുഭവങ്ങൾ യഥേഷ്ടമുണ്ട്. ഇതിന്‍റെ തുടർച്ചയിലാണ് സർവകലാശാലകളും തർക്കഭൂമിയായി മാറിയത്.

രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ താൽപര്യം കേരള സർവകലാശാലയും സിൻഡിക്കേറ്റും തള്ളിയതോടെയാണ് ഇതിന്‍റെ തുടക്കമെന്ന് പറയാം. പിന്നീടങ്ങോട്ട് ഗവർണർ പ്രതികാരബുദ്ധിയോടെയാണ് സർക്കാറിനോടും സർവകലാശാല ഭരണ സംവിധാനത്തോടുമെല്ലാം പെരുമാറിയത്. അത് ഗവർണർ-സർക്കാർ തുറന്നപോരിന് കളമൊരുക്കി. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് സംഘ്പരിവാർ പ്രചാരകരെ ഉൾപ്പെടുത്താനുള്ള ഗവർണറുടെ നീക്കം വലിയ പ്രക്ഷോഭത്തിലേക്ക് വഴിവെച്ചപ്പോൾ, അതിനോട് ഏകാധിപത്യസ്വഭാവത്തിലാണ് ഗവർണർ പെരുമാറിയത്. സംസ്ഥാനത്തെ എട്ടു സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് സർവകലാശാല പ്രതിനിധികളെ ഉടനടി നൽകാൻ നിർദേശിച്ച് രജിസ്ട്രാർമാർക്ക് കത്തയച്ച് രംഗം വഷളാക്കിയ അദ്ദേഹം, സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.

ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജി’ന് പുതിയ മാനങ്ങൾ സൃഷ്ടിക്കുകയായിരുന്നു പിൻഗാമിയായി രംഗപ്രവേശം ചെയ്ത ആർലേക്കർ. കേരള സർവകലാശാലയുടെ സെനറ്റ് ഹാളിലേക്ക് ‘ഭാരതാംബ’ ചിത്രവുമായി കടന്നുവന്നാണ് അദ്ദേഹം അതിന് തുടക്കംകുറിച്ചത്. എതിർശബ്​ദമുയർത്തിയ രജിസ്ട്രാറെ താൽക്കാലിക വി.സിയെക്കൊണ്ട് സസ്പെൻഡ് ചെയ്യിക്കാനും അദ്ദേഹം മടികാണിച്ചില്ല. ഈ ഇൻ ചാർജ് വി.സി വിദേശയാത്ര പോയപ്പോൾ പകരം, സംസ്ഥാന സർക്കാർ പുറത്താക്കിയ വ്യക്തിയെ നാല് ദിവസം തൽസ്ഥാനത്ത് കൊണ്ടുവന്ന് പകവീട്ടുവോളം എത്തി ഗവർണർ.

കേരളത്തിലിപ്പോൾ ഇൻ ചാർജ് വി.സിമാരുടെ ഭരണമാണ് നടക്കുന്നത്. ഗവർണർ ചാൻസലറായ 14 സർവകലാശാലകളിൽ 13 ഇടത്തും താൽക്കാലിക വി.സിമാരാണ് ഭരണം കൈയാളുന്നത്. ഇത് സർവകലാശാലകളുടെ പ്രവർത്തനം നിശ്ചലമാക്കിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പ് ഹൈകോടതിതന്നെ ഈ ആശങ്ക പങ്കുവെക്കുകയും ഗവർണറുടെ അനാവശ്യമായ ഇടപെടലുകളെ വിമർശിക്കുകയും ചെയ്തതാണ്. എന്നിട്ടും, ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താൻ അദ്ദേഹം തയാറായില്ല. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സമവായത്തിലെത്താൻ പല അവസരങ്ങളുണ്ടായിട്ടും, ഒരുവേള സംസ്ഥാന സർക്കാർ പലവിധ വിട്ടുവീഴ്ചകൾ ചെയ്തിട്ടും, അതിനൊന്നും വഴങ്ങാതെ സംഘ്പരിവാറിന്റെ നെറികെട്ട രാഷ്ട്രീയം പ്രയോഗിക്കാനാണ് ആർലേക്കർ തുനിഞ്ഞത്. അതിന്‍റെ സ്വാഭാവിക പ്രതികരണമാണ് സുപ്രീംകോടതിയിൽനിന്നുണ്ടായിരിക്കുന്നത്. ഈ തിരിച്ചടി പാഠമായി ഗവർണർ ഉൾക്കൊള്ളും എന്നു പ്രതീക്ഷിക്കാമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialVC Appointments RowSupreme CourtRajendra Arlekar
News Summary - VC appointment and judiciary | Madhyamam Editorial
Next Story