വിബി-ജി റാം ജിയെ ചെറുത്തേ തീരൂ
text_fields2005ൽ യു.പി.എ സർക്കാർ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തല്ലിയുടച്ച് പകരം കൊണ്ടുവന്ന വിബി-ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ആക്ട് കഴിഞ്ഞ ഡിസംബറിൽ പാർലമെന്‍റിൽ അംഗീകരിക്കപ്പെടുകയും ജൂലൈ ഒന്നുമുതൽ നടപ്പാക്കപ്പെടുകയുമാണ്. 2006 മുതൽ ഓരോ വർഷവും കോടിക്കണക്കിന് തൊഴിൽദിനങ്ങൾ സൃഷ്ടിച്ച, പ്രതിവർഷം ഏകദേശം അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ട, പല വർഷങ്ങളിലും 50ശതമാനത്തിലധികം സ്ത്രീകളുടെ പങ്കാളിത്തത്തിനും വരുമാന വർധനവിനും ഉപകാരപ്പെട്ട, കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് വേതനവും അഭിമാനവും ഉയരാൻ നിമിത്തമായ പദ്ധതി അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് പ്രയോഗവത്കരിക്കുമ്പോൾ എന്തുകൊണ്ട് രാജ്യം ഇത്ര നിശ്ശബ്ദമായി നോക്കിനിൽക്കുന്നു? സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കൈമാറുകയും എന്നാൽ, പദ്ധതി നിർവഹണത്തിന്‍റെ തീരുമാനാധികാരം പഞ്ചായത്തുകൾക്കുപകരം കേന്ദ്രത്തിലേക്ക് എടുക്കുകയും ചെയ്ത അധികാര വികേന്ദ്രീകരണ തത്ത്വങ്ങൾക്ക് വിരുദ്ധവും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയും ചെയ്ത ഒരു നിയമനിർമാണം നിസ്സംഗമായി നടപ്പാക്കപ്പെടുന്നതിലൂടെ പ്രതിഫലിക്കപ്പെടുന്നത് രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ അതിഗുരുതരമായ രോഗാവസ്ഥയാണ്. ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സന്നദ്ധ സംഘങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും പ്രത്യാശപരമായ വിധി ആരും പ്രതീക്ഷിക്കുന്നില്ല.
രാജ്യത്ത് നടപ്പിലുണ്ടായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ധാരാളം മേന്മകളുള്ളതുപോലെ ഏതാനും ചില പോരായ്മകളുമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. നിർവഹണത്തിൽ സംഭവിച്ച രാഷ്ട്രീയപരവും സംഘാടനപരവുമായ പാളിച്ചകൾ തിരുത്തേണ്ടതുതന്നെ. പക്ഷേ, പുതിയ ബിൽ തൊഴിലെടുക്കാനുള്ള നിയമപരമായ അവകാശത്തെ റദ്ദാക്കി വൻകിട കാർഷിക ഭൂവുടമകൾക്ക് തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ലഭ്യമാക്കാനുതകും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നതു തന്നെ. വിളവെടുപ്പ് കാലത്ത് 60 ദിന നിർബന്ധിത ഇടവേള നിയമമാക്കിയിരിക്കുന്നത് അതിനുവേണ്ടിയാണ്. തൊഴിലവസരങ്ങളാകട്ടെ കേന്ദ്ര ബജറ്റുവിഹിതത്തിന് വിധേയമാണ്. അത് വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുകയുമില്ല. എന്നാൽ, സംസ്ഥാനവിഹിതമായി നാൽപത് ശതമാനം തുക കണ്ടെത്തുകയും വേണം; സംസ്ഥാനങ്ങളുടെ ഗ്രാമീണ മേഖലകൾ ഏതെന്ന് വിജ്ഞാപനമിറക്കാനുള്ള അവകാശമാവട്ടെ കേന്ദ്രത്തിനുമാത്രവും. ചുരുക്കത്തിൽ, ഒറ്റ നിയമനിർമാണത്തിലൂടെ ദരിദ്രജനതയുടെ ആത്മാഭിമാനത്തെയും സാമ്പത്തിക വളർച്ചാ സാധ്യതകളെയും സ്ത്രീകളുടെ സ്വയം നിർണയാധികാര പ്രക്രിയയെയും സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും അധികാരത്തെയുമൊക്കെ ദുർബലപ്പെടുത്തുകയാണ് വിബി-ജി റാം ജി ആക്ട്. അതുകൊണ്ടാണ്, തൊഴിലുറപ്പു പദ്ധതികളുടെ ശിൽപികളിലൊരാളായ അരുണാ റോയി ‘‘ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്ലെങ്കിൽ വോട്ടില്ല’’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭത്തിനിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത്. അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതിത്വത്തിനും ഇടവരുത്തുന്ന വിബി-ജി റാം ജി പിൻവലിക്കപ്പെടുന്നതുവരെ സമര പരമ്പരകൾ അനിവാര്യമാണെന്നും അവർ ആവർത്തിച്ചുപറയുന്നു.
ഉന്നത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബില്ല് വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്നുണ്ട്. പക്ഷേ, പതിവുപോലെ വാർത്തസമ്മേളനങ്ങൾക്കപ്പുറം വലിയ ജനരോഷമായി വളർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും സാധിക്കുന്നില്ല. പദ്ധതിയോട് ഇടതുപക്ഷ പാർട്ടികൾക്ക് തുടക്കം മുതലേ വിമർശനാത്മക നിലപാടാണ്. കേരള നിയമസഭയിൽ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പിണറായി വിജയൻ സർക്കാർ ഐകകണ്ഠ്യേന ആക്ട് പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. കേരളത്തിനുപുറമെ നാല് സംസ്ഥാന നിയമസഭകളും വിബി-ജി റാം ജി ആക്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവരുടെ ഘടക കക്ഷികൾക്കും ബിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് അഭിപ്രായമുണ്ട്. കേന്ദ്ര ഭരണകർത്താക്കളോടുള്ള ഭീതി അവ ശക്തമായി പറയാനോ ബിൽ പിൻവലിക്കണമെന്ന് പ്രസ്താവനയിറക്കാനോയുള്ള ധൈര്യത്തെ ചോർത്തിക്കളയുകയാണ്. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ, ഗ്രാമീണ ജനതയുടെ ജീവിതത്തെ കഠിനമായി ബാധിക്കുന്ന ഇത്തരം മൗലികമായ വിഷയങ്ങൾക്ക് മഷിയും ശബ്ദവും നൽകാൻ തയാറുമല്ല. ജനാധിപത്യ ഇന്ത്യ നേരിടുന്ന ഈ ഗുരുതരാവസ്ഥയാണ് ഇത്രയും മൗലികാവകാശ ധ്വംസനങ്ങൾക്കിടവരുത്തുന്ന നിയമം നിസ്സംഗമായി സ്വീകരിക്കപ്പെടാൻ ഇടവരുത്തുന്നത്.
ബില്ലിനെ എതിർത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം വളരെ സ്വാഭാവികമായി ഈ ജനവിരുദ്ധ നിയമം നമ്മുടെ ഗ്രാമങ്ങളിലും രാജ്യത്തും നടപ്പാക്കപ്പെടാൻ പോകുന്നുവെന്നാണ്. സംസ്ഥാന ഭരണത്തിന്‍റെ നിസ്സഹായാവസ്ഥകളും പരിമിതികളും കേന്ദ്ര ഫണ്ട് തടയുന്നതിലൂടെയുണ്ടാകുന്ന ഭരണപരമായ പ്രതിസന്ധിയും ഒരു യാഥാർഥ്യമാണ്. കഴിഞ്ഞ പത്തു വർഷം കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിന്റെ എല്ലാ കെടുതികളുമനുഭവിച്ചവരാണ്. പ്രതിപക്ഷമവരെ വിമർശിക്കുകയും ചെയ്തു. ഇപ്പോൾ ഐക്യമുന്നണി സർക്കാരത് അനുഭവിക്കുന്നു. പ്രതിപക്ഷമത് രാഷ്ട്രീയായുധമാക്കുകയും ചെയ്യുന്നു. ഇത്തരം ഊഴം തിരിഞ്ഞുള്ള പഴിചാരൽ തുണയാവുക കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനാണ്. യു.ഡി.എഫ് വന്നാലും എൽ.ഡി.എഫ് വന്നാലും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിൽക്കുമെന്ന കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇരു മുന്നണികളും തയാറാവണം. നിയമസഭ കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സന്ദർശിക്കണം. കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ നടപ്പാക്കുന്ന അധികാര ദുർവിനിയോഗങ്ങളെക്കുറിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യണം. ഭരണപരവും രാഷ്ട്രീയവുമായ വിയോജിപ്പുകൾ നിലനിർത്തിത്തന്നെ കേന്ദ്രത്തിന്‍റെ നിയമങ്ങൾക്കെതിരെ ഏകോപിച്ച പ്രക്ഷോഭങ്ങൾക്കും അവർ ഒന്നിച്ച് നേതൃത്വം വഹിക്കണം. കേരളം രാജ്യത്തിന് ജനാധിപത്യത്തിന്‍റെ പുതിയ ഊർജം പകരട്ടെ. അതിന് നിമിത്തമാകട്ടെ വിബി-ജി റാം ജിയോടുള്ള വിയോജിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

