Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വന്ദേമാതരം ജയിലിലേക്കുള്ള  വഴിയാകുമ്പോൾ
cancel

ഒടുവിൽ, ന്യൂനപക്ഷ മതസമൂഹങ്ങൾ പൊതുവിലും മുസ്‌ലിം സമൂഹം സവിശേഷമായും ഭയപ്പെട്ടതുതന്നെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പാർലമെന്റിൽ പാസാകുന്ന നിയമങ്ങളും അതിന്റെ ചുവടുപിടിച്ച നീതിപീഠങ്ങളുടെ ഇടപെടലുകളും അവരുടെ വിശ്വാസസ്വാതന്ത്ര്യത്തിനും സാംസ്കാരിക പൈതൃകങ്ങൾക്കും മേൽ ബുൾഡോസർ രാജ് നടപ്പാക്കുകയാണ്. വ്യക്തികൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 25 മുസ്‌ലിംകളടക്കമുള്ള ഏകദൈവവിശ്വാസികൾക്ക് ബാധകമല്ലേ? ഭരണകൂടത്തിന്റെ ധനസഹായത്തോടെയോ അംഗീകാരത്തോടെയോ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്നവരെ, ആ സ്ഥാപനത്തിൽ നടക്കുന്ന മതപരമായ പ്രാർഥനകളിലോ ചടങ്ങുകളിലോ അവരുടെയോ, പ്രായപൂർത്തിയാകാത്തവരെങ്കിൽ രക്ഷിതാവിന്റെയോ, സമ്മതമില്ലാതെ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന ഭരണഘടനയുടെ അനുച്ഛേദം 28 പ്രകാരമുള്ള സംരക്ഷണം മദ്റസകൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ലഭിക്കുമോ?

മദ്റസകളിൽ ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കാൻ നിർദേശിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ ന്യൂനപക്ഷവിഭാഗങ്ങൾ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം പരിഗണിക്കവെ,കൽക്കത്ത ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ ഉന്നതകോടതികൾ പോലും ഭരണഘടനാവകാശങ്ങളെ തൃണവത്കരിക്കുന്നുവോ എന്ന ആശങ്കയുയർത്തുന്നു. ‘‘മറ്റൊരു മതത്തിന്റെ ആശയമോ വരികളോ ചൊല്ലുന്നതു കൊണ്ടുമാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ല. ഇന്ന് എന്റെ മതത്തിലേതല്ലാത്ത ഒരു വരി ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്തു സംഭവിക്കും? ഞാൻ ആ മതത്തിൽപ്പെടാത്ത ആളായി മാറുമോ? വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല’’ എന്ന് നിരീക്ഷിച്ച് പശ്ചിമബംഗാൾ സർക്കാറിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതിയുടെ സമീപനം ഹൈന്ദവേതര മതവിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യത്തിനുമേലുള്ള കർസേവയാണ്. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശ തത്ത്വങ്ങളെ പൂർണമായും നിസ്സാരവത്കരിക്കുന്നതും കേന്ദ്രത്തിലും പശ്ചിമ ബംഗാളിലും ഭരണകൂടശക്തികൾ നടപ്പാക്കാൻ ശ്രമിക്കുന്നതുമായ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന് വേരോട്ടം നൽകാനുതകുന്നതാണ് ഇത്തരം നിരീക്ഷണങ്ങൾ.

ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകുന്ന ‘ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി)ബിൽ 2026’ കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ ഇരുസഭകളും നിയമമാക്കിയ പശ്ചാത്തലം കൂടിയുണ്ട് ഈ കേസിന്. കൊൽക്കത്ത ഹൈകോടതിയുടെ നിരീക്ഷണവും ബംഗാളിലെ സംഘ്പരിവാർ രാഷ്ട്രീയ നീക്കങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച്, പാർലമെന്റിലും തെരുവുകളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഒരുപോലെ അരങ്ങേറുന്ന ആസൂത്രിതമായ മുസ്ലിം അപരവത്കരണത്തിന്റെയും വിദ്വേഷത്തിന്‍റെയും തുടർച്ചയാണ്. വന്ദേമാതരത്തോട് അനാദരവ് കാണിച്ചാൽ മൂന്നുവർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി പാർലമെന്റിൽ പാസാക്കിയത്, ഇൻഡ്യ സഖ്യത്തിലെ ഭൂരിഭാഗം എം.പിമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോൾ, കേവലം 10 മിനിറ്റ് നീണ്ട നാടകീയമായ അട്ടിമറിയിലൂടെയായിരുന്നു. ബ്രാഹ്മണിക്കൽ, സനാതന അനുഷ്ഠാനങ്ങളും സങ്കൽപങ്ങളും ദേശീയതയുടെ പേരിൽ ന്യൂനപക്ഷങ്ങൾക്കുമേൽ നിയമപരമായി തന്നെ അടിച്ചേൽപിക്കപ്പെടുന്ന അതിഭീകരമായ അവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യയുടെ മതേതര സ്വഭാവത്തെയാണ് ഭരണകൂടം റദ്ദ് ചെയ്യുന്നത്. മാതൃഭൂമിയെ ‘ദുർഗ’യായും സനാതന ദേവതകളായും സങ്കൽപിച്ച് വന്ദിക്കുന്ന വരികൾ ഏകദൈവ വിശ്വാസികളായ ന്യൂനപക്ഷങ്ങൾ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് നിരാകരിച്ചാൽ അവരെ ദേശവിരുദ്ധരും രാജ്യദ്രോഹികളുമായി മാറ്റുകയാണ് പുതിയ നിയമനിർമാണം. മതപരിവർത്തന നിരോധന ബിൽ ക്രൈസ്തവ വിശ്വാസികളെ ഉത്തരേന്ത്യയിൽ പീഡിപ്പിക്കാനും ജയിലിലടക്കാനുമുള്ള ഉപകരണമാക്കുന്നതുപോലെ ഈ നിയമം മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിശ്വാസികളെയും സ്ഥാപനങ്ങളെയും ഗളച്ഛേദം ചെയ്യാൻ ഉപാധിയാക്കുമെന്ന് തെളിയിക്കുന്നു ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉത്തരവുകളും പ്രസ്താവനകളും.

1937ൽ വന്ദേമാതരം ദേശീയതലത്തിലും ബംഗാളിലും വലിയ രാഷ്ട്രീയ, സമുദായ സംഘർഷങ്ങൾക്ക് അഗ്നിപകർന്ന സന്ദർഭത്തിൽ രവീന്ദ്രനാഥ് ടാഗോർ, സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്ത് ഇന്നും പ്രസക്തമാണ്. സാമുദായിക ഐക്യത്തിനും ദേശീയ സമഭാവനക്കും വലിയ ഉൾക്കാഴ്ച നൽകുന്ന ആ വരികൾ ഇന്നും രാജ്യത്തിന് വെളിച്ചവും വഴികാട്ടിയുമാണ്. ടാഗോറെഴുതി. ‘‘പ്രിയ സുഹൃത്തേ.. വന്ദേമാതരം ഗാനത്തിന്റെ കേന്ദ്രത്തിൽ ദുർഗ സ്തുതിയാണുള്ളത്. ഇത് തർക്കത്തിന് ഇടയില്ലാത്തത്ര വ്യക്തമാണ്. ബങ്കിം ഈ ഗാനത്തിൽ ബംഗാളിനെയും ദുർഗയെയും ഒന്നായാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ, സ്വദേശത്തെ പത്തുകൈകളുള്ള ദേവീരൂപത്തിൽ ആരാധിക്കുന്നത് ഒരു മുസ്‌ലിമിനും അംഗീകരിക്കാനാവില്ല. ‘ആനന്ദമഠം’ ഒരു സാഹിത്യകൃതിയാണ്; അതിനുള്ളിൽ ഈ ഗാനത്തിന് യുക്തമായ സ്ഥാനമുണ്ട്. എന്നാൽ, ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളും ഒന്നിക്കുന്ന നിയമനിർമാണസഭപോലെയുള്ള പൊതുവേദിയിൽ ഈ ഗാനം അനുയോജ്യമല്ല. രാഷ്ട്രീയ പരിശ്രമത്തിൽ നമുക്ക് സമാധാനവും ഐക്യവും സദ്ബുദ്ധിയുമാണ് വേണ്ടത്; ഒരു പക്ഷത്തിന്റെ പിടിവാശിക്ക് ശക്തിപകർന്ന് ജയപരാജയങ്ങളുടെ അവസാനമില്ലാത്ത മത്സരം സൃഷ്ടിക്കരുത്’’.

രാജ്യത്തിന്‍റെ അഖണ്ഡതയും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാൻ ടാഗോർ കൈക്കൊണ്ട സമീപനം നമ്മുടെ കോടതികൾക്കും അധികാരികൾക്കും ഇപ്പോൾ അസ്വീകാര്യമാകുന്നതാണ് ഭരണഘടനയും ജനാധിപത്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority rightsVande MataramReligious freedomControversy
News Summary - Vande Mataram Mandate: Debate Over Minority Rights & Religious Freedom
Next Story