ഉത്തർപ്രദേശ്: വേണ്ടത് ജുഡീഷ്യൽ അന്വേഷണം
text_fieldsഭരണകൂട ഭീകരതയുടെ പുതിയ പരീക്ഷണശാലയായി ഉത്തർപ്രദേശിനെ ‘വികസിപ്പി’ക്കുന്നത ിൽ യോഗി ആദിത്യനാഥിെൻറ സർക്കാർ അസാമാന്യമായ കാര്യക്ഷമത പ്രകടിപ്പിച്ചു എന്ന് സമ്മതിച്ചേ തീരൂ. ഇത്രയുംകാലം ഇന്ത്യയുടെ കരാളമുഖത്തിെൻറ മാതൃക ഗുജറാത്തായിരുന്നെങ്കിൽ ഇന്ന് ആ ബഹുമതി യു.പി അതിവേഗം കരസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളുടെ വർഗീയവത്കരണം, ആൾക്കൂട്ടക്കൊല, വ്യാജ ഏറ്റുമുട്ടൽകൊല, വംശീയ അതിക്രമം തുടങ്ങി നിയമത്തകർച്ചയുടെ സകല ആസുരതകളും നിർവിഘ്നം അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രകടനങ്ങളെപ്പോലും അമിത ബലപ്രയോഗത്തിലൂടെ നേരിട്ടതാണ് പട്ടകയിലെ പുതിയ ഇനം. മുൻ അത്യാചാരങ്ങളെന്നപോലെ ഇതും സ്വതന്ത്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിശിത വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രണ്ടാഴ്ചകൊണ്ട് രണ്ട് ഡസനിലേറെ മനുഷ്യരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത് -ഏറെയും ഒഴിവാക്കാമായിരുന്ന വെടിവെപ്പുകളിൽ. മരണങ്ങളെല്ലാം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് എടുത്തുപറയുന്നു.
ഇതിലാകട്ടെ, പതിനെട്ടും ഉത്തർപ്രദേശിലാണ്. ഭരണകൂടത്തിെൻറ അറിവോടെ നടന്ന ആസൂത്രിതമായ വംശീയവേട്ട ഇതിൽ പ്രകടമാണെന്ന് യു.പിയിലെ മീററ്റിൽ നടന്ന സംഭവങ്ങളെപ്പറ്റിയുള്ള സ്വതന്ത്ര വസ്തുതാന്വേഷക സംഘത്തിെൻറ റിപ്പോർട്ട് പറയുന്നുണ്ട്. യു.പി പൊലീസ് മുസ്ലിം വീടുകളെ ഉന്നമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മീററ്റിന് പുറമെ മുസഫർനഗർ, ലഖ്നോ, ബിജ്നൂർ, അലീഗഢ്, കാൺപുർ, വാരാണസി, സാംഭാൾ, ഫിറോസാബാദ്, ഗോരഖ്പുർ, സഹാറൻപുർ, ദയൂബന്ദ്, ഷംലി, ഹാപുർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് അതിക്രമങ്ങൾ വ്യാപകമായി നടന്നതായി റിപ്പോർട്ടുണ്ട്.
മുമ്പ് ഗുജറാത്തിലെന്നപോലെ ഇപ്പോൾ യു.പിയിലും ഭരണകൂടത്തിെൻറ ഒത്താശ വംശീയ അതിക്രമങ്ങൾക്ക് പിന്നിലുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്. പൊലീസിെൻറ വർഗീയവത്കരണം, ആൾക്കൂട്ടങ്ങൾക്ക് അഴിഞ്ഞാടാനുള്ള മൗനാനുവാദം, നിരപരാധികൾക്കെതിരെ കേസുകൾ, ന്യൂനപക്ഷങ്ങളെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾ തുടങ്ങിയവ യു.പിയെയും വംശഹത്യാ ഭൂപടത്തിലെത്തിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ച് ചതക്കണമെന്നും അതിെൻറ പേരിൽ ഒന്നും പേടിക്കേണ്ടിവരില്ലെന്നും മുഖ്യമന്ത്രിയിൽനിന്ന് നിർദേശമുള്ളതായി മുതിർന്ന പൊലീസുദ്യോഗസ്ഥൻ ഏറ്റുപറഞ്ഞതിെൻറ ശബ്ദരേഖ വസ്തുതാന്വേഷകർ ഉദ്ധരിച്ചിട്ടുണ്ട്. ഇരകളുടെ പട്ടിക ഒറ്റത്തവണ നോക്കിയാൽതന്നെ വംശഹത്യയാണ് സർക്കാറിെൻറ മനസ്സിലെന്ന ആരോപണം വിശ്വസിക്കേണ്ടിവരും.
കൊലപാതകത്തിൽ മാത്രമല്ല സ്വത്ത് നശിപ്പിക്കുന്നതിലും ഈ ‘മുസ്ലിം സംവരണം’ വ്യക്തമത്രെ. പ്രതിഷേധിക്കുന്നവർ പൊതുസ്വത്ത് നശിപ്പിക്കുന്നവരാണെന്നും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നുമുള്ള യോഗി ആദിത്യനാഥിെൻറ പ്രസ്താവനതന്നെ ജനാധിപത്യത്തോട് മാത്രമല്ല നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. കുട്ടികളെവരെ വെടിവെച്ചും വീട്ടിൽ കയറി സ്ത്രീകളെ വയറ്റത്ത് ചവിട്ടിയും വീട്ടുസാധനങ്ങൾ തല്ലിത്തകർത്തും പൊലീസ് കസ്റ്റഡിയിലെടുത്തവരെപ്പറ്റി അേന്വഷിക്കാൻ ചെന്ന പൊതുപ്രവർത്തകരെ തടങ്കലിൽപിടിച്ചും ലക്ഷണമൊത്ത പൊലീസ്രാജാണ് യു.പിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇൻറർനെറ്റ് വിലക്കും വ്യാപകം. കസ്റ്റഡി മർദനം നിത്യവാർത്തയാണ്. ജനകീയ പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം വേട്ടപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഭരണഘടന നൽകുന്ന പൗരാവകാശങ്ങളും സർക്കാറിെൻറ ഔദാര്യത്തിന് വിധേയം.
ഇത് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമായി കാണുന്നത് ഭരണകൂട ഭീകരതക്ക് ശക്തി പകരുകയേ ചെയ്യൂ. പ്രശ്നം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി, ഭരണഘടനയും നിയമവും നടപ്പാകുന്ന നാഗരികതയായി, ഇന്ത്യ നിലനിൽക്കണമോ എന്നതാണ്; വിമർശനവും വിയോജിപ്പും പ്രതിഷേധവും ജനങ്ങളുടെ അവകാശങ്ങളിൽ തുടർന്നും നിലനിൽക്കണമോ എന്നതാണ്. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമത്തോടുള്ള എതിർപ്പിലെന്നപോലെ വിയോജിക്കുന്നവരെ വംശീയമായി ഭിന്നിപ്പിക്കുന്നതിനെതിരായ പ്രതിരോധത്തിലും പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. പ്രതിഷേധം പൗരാവകാശമായി സ്ഥാപിച്ചുകിട്ടേണ്ടത് എല്ലാവരുടെയും ഭരണഘടനാദത്തമായ ആവശ്യമാണ്. ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തർപ്രദേശിലെ ഭരണകൂട ഭീകരത സംബന്ധിച്ച റിപ്പോർട്ടുകളിൽ വിശദീകരണം തേടിയിട്ടുണ്ട്. വാസ്തവത്തിൽ ഉത്തർപ്രദേശിലേത് വെറും മനുഷ്യാവകാശലംഘനം മാത്രമല്ല; ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ആസൂത്രിത വംശഹത്യയാണ്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവർതന്നെ അത് തല്ലിത്തകർക്കുകയാണവിടെ. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണംകൊണ്ട് മാത്രമേ നീതിപൂർവമായ പരിഹാരം കാണാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
