ജനത്തെ ആരു രക്ഷിക്കും?
text_fieldsഉത്തർപ്രദേശിലെ കുംഭമേളയിൽ പങ്കെടുക്കാനായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി യാത്രക്കെത്തിയ തീർഥാടകരുടെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണമടയുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ദുരന്തനിവാരണത്തിലും സുരക്ഷസജ്ജീകരണത്തിലും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ദയനീയമായ നിസ്സഹായത വെളിപ്പെടുത്തുന്നു. ഫെബ്രുവരി 15ന് രാത്രി പത്തുമണി സമയത്ത് സംഭവിച്ച ദുരന്തത്തെക്കുറിച്ച ഔദ്യോഗിക വിശദീകരണങ്ങളും പ്രതികരണങ്ങളും മനുഷ്യജീവനും സ്വത്തും സംരക്ഷിക്കുന്ന വിഷയം എത്ര ലാഘവത്തോടെയാണ് അധികാരിവർഗം കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് പകരം നടന്ന ദുരന്തങ്ങളുടെ വ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെയും സർക്കാർവിലാസം മാധ്യമങ്ങളുടെ പിന്തുണയോടെയും അമർത്തിപ്പിടിക്കാനുള്ള തിടുക്കമാണ് ഗവൺമെന്‍റ് പ്രകടിപ്പിക്കുന്നത്.
ഒടുവിൽ രണ്ടംഗ അന്വേഷണകമീഷനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും മൃതിയടഞ്ഞവരുടെ ആശ്രിതർക്ക് പത്തുലക്ഷവും ഗുരുതര പരിക്കുള്ളവർക്ക് രണ്ടരലക്ഷവും നിസ്സാരപരിക്കുള്ളവർക്ക് ഒരു ലക്ഷവും വീതവും നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേയുടെ മാനേജ്മെന്റ് സംവിധാനത്തിൽ വന്ന വീഴ്ചയാലുണ്ടായ ദുരന്തത്തിന്‍റെ ഉത്തരവാദിത്തമേൽക്കാനോ, തുടർനടപടികൾ പ്രഖ്യാപിക്കാനോ കേന്ദ്ര ഭരണകൂടത്തിൽനിന്ന് അമരക്കാരനായ പ്രധാനമന്ത്രി മുതൽ വകുപ്പ് മന്ത്രിവരെയുള്ളവർ തയാറായിട്ടില്ല. സംസ്ഥാന ഭരണകൂടത്തിന് നേതൃത്വം നൽകുന്ന ലഫ്. ഗവർണർ അടക്കമുള്ളവർ ദുരഭിമാനത്തിന്‍റെ പേരിൽ ദുരന്തത്തെ ഗൗരവം ചോർത്തി അവതരിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ ജനക്കൂട്ടം തിക്കിത്തിരക്കിയതാണ് വൻദുരന്തത്തിന് കാരണമായത്. രാത്രി പ്രയാഗ് രാജ് എക്സ്പ്രസിന് പോകാൻ എത്തിച്ചേർന്ന യാത്രക്കാർ ആൾത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിനിന്‍റെ അനൗൺസ്മെന്‍റ് കേട്ട് പതിനാലാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് പന്ത്രണ്ടാം നമ്പറിലേക്ക് തിരക്കിയോടിയതാണ് തിക്കിത്തിരക്കിന് കാരണമായതെന്നാണ് റെയിൽവേയുടെ പ്രാഥമികനിഗമനം. കോടിക്കണക്കിനാളുകളെത്തുന്ന നൂറ്റാണ്ടിന്‍റെ മഹാമേളയെന്നൊക്കെ ആഘോഷപൂർവം പരസ്യം ചെയ്യുന്ന ഭരണകൂടം പക്ഷേ, അതിനുതക്ക സുരക്ഷാക്രമീകരണങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കുന്നതിൽ തികഞ്ഞ പരാജയമായി എന്നു തെളിയിക്കുന്ന രണ്ടാമത്തെ അനുഭവമാണിത്. ജനുവരി 29ന് പ്രയാഗ് രാജിലുണ്ടായ തിരക്കിൽ 30 പേർ മരിക്കുകയും അറുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്നും ഏറെ ചർച്ചയായത് നടത്തിപ്പിലെ വീഴ്ചയും സംഘാടനത്തിലെ പിടിപ്പുകേടുമായിരുന്നു. അന്ന് സുരക്ഷയെക്കുറിച്ച് അധികൃതർ നൽകിയ ഉറപ്പിൽ കാര്യമൊന്നുമില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് രണ്ടാഴ്ചക്കിപ്പുറം ആവർത്തിച്ച ദുരന്തം. ട്രെയിൻ യാത്രികരുടെ അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം അനുസരിച്ചുള്ള ബുക്കിങ് പരിധിവിട്ടപ്പോൾതന്നെ മണിക്കൂറുകൾ മുന്നേ സമൂഹ മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഏഴായിരം ജനറൽ ടിക്കറ്റുകൾ വിൽക്കുന്നിടത്ത് ദുരന്തനാൾ 9600 ടിക്കറ്റുകളാണ് ഈ ആപ് വഴി വിറ്റഴിച്ചത്. ഒരു ദുരന്താനുഭവത്തിന്‍റെ നിഴലിൽ നിൽക്കുമ്പോഴും പരസഹസ്രം പരന്നൊഴുകുന്ന റെയിൽവേ സ്റ്റേഷനിൽ ഫലപ്രദമായ ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രയാഗ് രാജ് തീർഥാടകർ പുറപ്പെടുന്ന പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള മറ്റു രണ്ടോ മൂന്നോ ട്രെയിനുകൾ ദീർഘനേരം വൈകിയത് റെയിൽവേ നിയന്ത്രണസംവിധാനങ്ങളുടെ അപര്യാപ്തത വിളിച്ചറിയിക്കുന്നു.
2014ൽ ദേശീയ ദുരന്തനിവാരണസമിതി ആൾക്കൂട്ട മാനേജ്മെന്റ് സംബന്ധിച്ച് സംസ്ഥാന ഗവൺമെന്‍റുകൾ, പ്രാദേശികഭരണകൂടങ്ങൾ തുടങ്ങി വൻപരിപാടികളുടെ സംഘാടകർക്കുവരെയായി കൃത്യമായ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംയോജിതവും സുഘടിതവുമായ ഒരു സമ്പൂർണ നടപടിക്രമം ഇക്കാര്യത്തിൽ വേണമെന്നാണ് ആ മാർഗനിർദേശങ്ങളുടെ ആകത്തുക. എന്നാൽ, ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്ന, ദുരന്തനിവാരണത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്‍റെതന്നെ റെയിൽവേ വകുപ്പിന്‍റെ കൊള്ളരുതായ്മയാണ് ഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കലാശിച്ചത്. നടപടിക്രമങ്ങളിലെ പ്രഫഷണലിസത്തിന്‍റെ കുറവാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് താഴെ തട്ടിലേക്ക് ബോധവത്കരണം നടത്തുന്ന കേന്ദ്രത്തിന്‍റെ മുഴുവൻ പിടിപ്പുകേടും ദുരന്തശേഷമുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകളിലും പ്രതികരണങ്ങളിലും പ്രകടമാണ്. ഒരു മൈനർ സംഭവം എന്നായിരുന്നു കേന്ദ്രത്തിന്‍റെതന്നെ ആദ്യ വിലയിരുത്തൽ. ഇനിയും ദുരന്തങ്ങളെങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും കൃത്യമായ ഉത്തരങ്ങളല്ല ഔദ്യോഗികസംവിധാനങ്ങളിൽനിന്ന് ലഭിക്കുന്നത്.
ഫെബ്രുവരി 26ന് ശിവരാത്രി നാളിലെ പുണ്യസ്നാനമടക്കമുള്ള ജനത്തിരക്കിന് സാധ്യതയുള്ള ദിനങ്ങൾ ഇനിയും ബാക്കിയാണ്. നടന്ന ദുരന്തങ്ങളുടെ കാരണങ്ങളും വ്യാപ്തിയും എല്ലാം വിശകലനം ചെയ്ത് വ്യക്തമായ തീരുമാനങ്ങളെടുക്കുകയും പൊലീസ്, സുരക്ഷ സംവിധാനങ്ങളിൽ പഴുതടച്ച പുനർവിന്യാസമൊരുക്കുകയും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള വിധം ജനങ്ങളെ പരിശീലിപ്പിക്കുകയും ചെയ്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ബദ്ധശ്രദ്ധ പുലർത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ, അടിയന്തര നിവാരണമാർഗങ്ങൾ തേടുന്നതിലല്ല, ദുരന്തത്തിന്‍റെ വ്യാപ്തി നാലാളറിയാതിരിക്കാനുള്ള അടച്ചുറപ്പൊരുക്കുന്നതിലാണ് അധികാരികളുടെ ശ്രദ്ധ. അങ്ങനെ ദുരന്തനിവാരണ സംവിധാനവും അധികൃതരും മറ്റൊരു ദുരന്തമായി മാറുമ്പോൾ പിന്നെ ജനത്തെ ആരു രക്ഷിക്കും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

