Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേന്ദ്രമന്ത്രിയുടെ...

കേന്ദ്രമന്ത്രിയുടെ പരദ്വേഷ പ്രചാരണം

text_fields
bookmark_border
കേന്ദ്രമന്ത്രിയുടെ പരദ്വേഷ പ്രചാരണം
cancel

മതപരിവര്‍ത്തനത്തിനു ശ്രമിക്കായ്കയാല്‍ ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും അതേസമയം, ന്യൂനപക്ഷങ്ങളുടെ എണ്ണം ഏറിവരുകയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍െറ പ്രസ്താവന പുതിയ വിവാദമുയര്‍ത്തിയിരിക്കുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ഇടക്കിടെ ജനസംഖ്യ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭയാശങ്കകളുയര്‍ത്തി വംശവെറി ഊതിക്കത്തിക്കാനാണ്.

യാഥാര്‍ഥ്യവുമായി അതിനു പുലബന്ധം ഉണ്ടാകണമെന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ പരമ്പരാഗത ഗോത്രാചാരങ്ങളും മറ്റും തനിക്കാക്കി വെടക്കാക്കുന്ന സംഘ്പരിവാറിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. അതിനുള്ള പ്രതികരണമാണ് മന്ത്രി റിജിജുവിന്‍െറ ട്വീറ്റ്. ഉത്തരേന്ത്യയിലെ കാവിക്കാറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇനിയും വേണ്ടത്ര ഏശിയിട്ടില്ല. മേഖലയില്‍ സ്വാധീനമുള്ള ക്രൈസ്തവ വിഭാഗത്തിനെതിരെ ആസൂത്രിതമായി പ്രചാരവേലകള്‍ നടത്തി ഹിന്ദുവോട്ട്ബാങ്ക് സംഘടിപ്പിക്കാനുള്ള ശ്രമം വര്‍ഷങ്ങളായി സംഘ്പരിവാര്‍ ചെയ്തുവരുന്നു. അതിന്‍െറ വക്കാലത്ത് സ്വയം ഏറ്റെടുത്തിരിക്കുകയാണ് ബുദ്ധമതവിശ്വാസിയാണെന്ന് അവകാശപ്പെടുന്ന റിജിജു. സമീപകാലത്ത് തനിക്കെതിരായി ഉയര്‍ന്ന 450 കോടിയുടെ ഹൈഡ്രോ പവറുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍നിന്ന് മുഖംരക്ഷിക്കാമെന്ന സ്വകാര്യനേട്ടവും അദ്ദേഹത്തിനുണ്ട്. 

കേന്ദ്രത്തില്‍ ആഭ്യന്തരം കൈയാളുന്ന മന്ത്രിയായതിനാല്‍ തന്‍െറ വെളിപ്പെടുത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും വെറുമൊരു സംഘ്പരിവാര്‍ പ്രചാരകനായി സ്വയം തരംതാഴ്ത്തുന്നതാണ് റിജിജുവിന്‍െറ പ്രസ്താവനകള്‍. വര്‍ഗീയത വമിക്കുന്ന ഈ ട്വീറ്റ് അദ്ദേഹത്തിന്‍െറ ആദ്യവെടിയല്ല. ‘‘ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണ്, മുസ്ലിംകള്‍ പാകിസ്താനില്‍ പൊയ്ക്കൊള്ളണം’’ എന്ന് അസം ഗവര്‍ണര്‍ പി.ബി. ആചാര്യ പ്രസ്താവനയിറക്കിയപ്പോള്‍ അതിനെ പിന്തുണക്കാന്‍ ഓടിയത്തെിയത് റിജിജുവായിരുന്നു.

ദക്ഷിണേന്ത്യന്‍ മുസ്ലിംകള്‍ ഭീകരസംഘടനയായ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു അടുത്തത്. 1962ലെ ചൈന യുദ്ധകാലത്ത് അവര്‍ക്കു കീഴടങ്ങിയ ജവഹര്‍ലാല്‍ നെഹ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ വഴിയാധാരമാക്കിയെന്ന ആരോപണമായിരുന്നു പിന്നെ. ചരിത്രപരമായ പിന്‍ബലമോ തെളിവുകളോ ഇതിനൊന്നുമില്ളെങ്കിലും അതിലൊന്നും മന്ത്രിക്ക് കുലുക്കമില്ല. സംഘ്പരിവാറിന്‍െറ ഗുഡ്ബുക്കിലെ സ്ഥാനം മാത്രമേ അദ്ദേഹത്തിന് നോട്ടമുള്ളൂ. ബോളിവുഡിലെ പാക് കലാകാരന്മാര്‍ക്കെതിരെ തിരിഞ്ഞ കാവിപ്പടയെ പ്രശസ്ത സിനിമപ്രവര്‍ത്തകന്‍ അനുരാഗ് കശ്യപ് വിമര്‍ശിച്ചപ്പോഴും ന്യൂഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു കലാശാലയിലെ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തിയാര്‍ജിച്ചപ്പോഴും കൈകാര്യം ചെയ്യാന്‍ അദ്ദേഹം ഓടിയത്തെിയിരുന്നു. ദേശീയഭ്രാന്തും വംശവെറിയും ഉയര്‍ത്തിവിടാന്‍ കിട്ടിയ സന്ദര്‍ഭങ്ങളൊന്നും അദ്ദേഹം പാഴാക്കുന്നില്ല എന്നതാണ് അനുഭവം.

ജനസംഖ്യാഭീതി സംഘ്പരിവാര്‍ എഴുപതുകള്‍തൊട്ടേ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്്. സാമുദായികധ്രുവീകരണത്തിന് അവര്‍ കണ്ടത്തെിയ മികച്ച ആയുധമാണ് രാജ്യത്ത് ഹിന്ദുക്കളെ മുസ്ലിംകള്‍ ജനസംഖ്യയില്‍ മറികടക്കുമെന്ന വ്യാജ പ്രചാരണം. 2011ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പതിവിനു വിപരീതമായ ചില താരതമ്യങ്ങളുണ്ടായത് വര്‍ഗീയവാദികള്‍ക്ക് ഗുണകരമായി. കഴിഞ്ഞ ഒരു ദശകത്തില്‍ മുസ്ലിം ജനസംഖ്യ നിരക്കില്‍ 24.6 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഹിന്ദുക്കളില്‍ അത് 16.8 ശതമാനമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, ആകെയുള്ള 121.09 കോടി ജനങ്ങളില്‍ 96.63 കോടിയാണ് ഹിന്ദുക്കള്‍-79.8 ശതമാനം. മുസ്ലിംകള്‍ 17.22 കോടിയേ വരുന്നുള്ളൂ-14.2 ശതമാനം. ക്രൈസ്തവര്‍ വെറും 2.78 കോടി മാത്രം-2.3 ശതമാനം.

ഈ ദശകത്തിനിടയിലെ ഹിന്ദു ജനസംഖ്യ വര്‍ധന 2001ലെ ഇന്ത്യയിലെ ആകെ മുസ്ലിംകളുടെ എണ്ണം വരും -13.8 കോടി. ഇക്കാലയളവില്‍ ജനസംഖ്യ നിരക്കിലും പ്രജനനശേഷി നിരക്കിലും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് മുസ്ലിംകളിലാണ്. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചും തങ്ങള്‍ക്കു ചിതമായതു മാത്രം ചികഞ്ഞും പരമതവിദ്വേഷവും ഭീതിയും ജനിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ് സംഘ്പരിവാര്‍ പയറ്റിവരുന്നത്. ഉത്തരവാദപ്പെട്ട അധികാരസ്ഥാനീയര്‍പോലും ഈ വര്‍ഗീയവൈകൃതങ്ങളുടെ തറപ്രചാരവേലകരായി മാറുന്നുവെന്നാണ് റിജിജുവിന്‍െറ പ്രസ്താവനകള്‍ തെളിയിക്കുന്നത്.

ജനസംഖ്യ ഭീതി ഏറ്റുപിടിക്കുമ്പോള്‍ റിജിജുവും സംഘ്പരിവാറും വടക്കുകിഴക്കന്‍ മേഖലയിലെ ഹിന്ദു-ക്രൈസ്തവ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വടക്കുകിഴക്കന്‍ നിരീക്ഷണപദ്ധതിക്കുതന്നെ രൂപംകൊടുത്തിട്ടുണ്ട്. മിഷനറിമാര്‍ സജീവമായ മേഖലയില്‍ ആദിവാസികള്‍ മുതല്‍ തീവ്രവാദി വിഭാഗങ്ങള്‍ വരെയുള്ളവര്‍ക്കിടയില്‍ ക്രൈസ്തവസ്വാധീനം പ്രകടമാണ്. വടക്കേ ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരായ പ്രചാരണം ശക്തമാക്കുമ്പോള്‍തന്നെ വടക്കുകിഴക്കന്‍ മേഖല, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശിന്‍െറ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദു ഏകീകരണം ശക്തമാക്കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ്.

1999ല്‍ ഒഡിഷയില്‍ വിദേശ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ജീപ്പില്‍ ചുട്ടുകൊന്ന സംഭവത്തിനും 2008ലെ കാണ്ഡമാല്‍ കലാപങ്ങള്‍ക്കുംശേഷം സംഘ്പരിവാര്‍ ക്രൈസ്തവവിരുദ്ധനീക്കത്തിന് അല്‍പം അയവുവരുത്തിയിരുന്നു. കേന്ദ്രത്തിലെ ഭരണസൗകര്യമുപയോഗിച്ച് മേഖലയെ വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തിന് പരിവാര്‍ പിന്നെയും ആക്കംകൂട്ടുകയാണ്. അതിന്‍െറ മുരടനക്കങ്ങളായി വേണം മന്ത്രി റിജിജുവിന്‍െറ വിടുവായത്തങ്ങളെ കാണാന്‍.

Show Full Article
TAGS:madhyamam editorial 
Next Story