Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅസാധാരണകാലത്തെ  സാധാരണ ...

അസാധാരണകാലത്തെ  സാധാരണ ബജറ്റ്

text_fields
bookmark_border
അസാധാരണകാലത്തെ  സാധാരണ ബജറ്റ്
cancel

നോട്ട് അസാധുവാക്കല്‍ നടപടിക്കുശേഷം രൂപപ്പെട്ട പണഞെരുക്കത്തിന്‍െറ  പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ ധനകാര്യനിര്‍വഹണം എപ്രകാരമായിരിക്കുമെന്ന് വ്യക്തമാകുന്നതിന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ്  രാജ്യം ഉറ്റുനോക്കുകയായിരുന്നു. പൊതു ബജറ്റില്‍ റെയില്‍വേ ബജറ്റ് കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ശേഷമുള്ള പ്രഥമ ബജറ്റ് അവതരണം കൂടിയായിരുന്നു ജെയ്റ്റ്ലിയുടേത്. നോട്ട് അസാധുവാക്കല്‍ നടപടി സാമ്പത്തിക മുരടിപ്പിന് കാരണമായിരിക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തുറന്നുസമ്മതിക്കുന്നുണ്ട്.  

അഞ്ച് സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് അതിപ്രധാനമായതിനാല്‍ സാമ്പത്തിക യാഥാര്‍ഥ്യത്തെ രാഷ്ട്രീയ മോഹം അതിജയിക്കുമെന്ന സ്വാഭാവികത, രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയെ അതിജീവിക്കാന്‍ കൃത്യതയുള്ള പദ്ധതികള്‍ ആവശ്യമായ അസാധാരണകാലത്ത് ജെയ്റ്റ്ലിയെയും കീഴ്പ്പെടുത്തിയെന്ന് ബജറ്റ് വ്യക്തമാക്കുന്നു. അമേരിക്കയിലെ അധികാരമാറ്റവും യൂറോപ്പില്‍ വളര്‍ന്നുവരുന്ന കുടിയേറ്റ വിരുദ്ധതയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്ക് പ്രതികൂലമാകാന്‍ കാരണമാകുമെന്ന വിലയിരുത്തല്‍ പ്രബലമാകുമ്പോള്‍ പതിനേഴ് ശതമാനം നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്ന ധനമന്ത്രിയുടെ പ്രതീക്ഷ എത്രമാത്രം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന് സംശയമാണ്. വിശേഷിച്ച്, വ്യക്തിഗത ആദായനികുതി കൃത്യമായി നല്‍കുന്നവര്‍ ശമ്പളം നല്‍കുന്നവര്‍ മാത്രമാണെന്ന് മന്ത്രിതന്നെ അംഗീകരിക്കുന്ന സാഹചര്യത്തില്‍. 

മറ്റ് ഏത് ബജറ്റിലേതുപോലെയും പ്രത്യാശ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഈ ബജറ്റിലും ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍നിന്ന് കറന്‍സിയില്‍ പിരിക്കുന്ന  സംഭാവനയുടെ പരിധി രണ്ടായിരമായി പരിമിതപ്പെടുത്തിയതും മൂന്നു ലക്ഷം രൂപയെക്കാള്‍ കൂടുതലുള്ള സാമ്പത്തിക ഇടപാട് ഡിജിറ്റലാക്കിയതും അഴിമതിയും കള്ളപ്പണവും തടയുന്നതിന് ഉപകരിക്കും. ചെറുകിട കമ്പനികള്‍ക്കും വ്യക്തികളുടെ ആദായനികുതിയിലും നല്‍കിയ ഇളവുകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ഗ്രാമീണ, കാര്‍ഷിക മേഖലകളിലെ ഊന്നല്‍ നോട്ട് അസാധുവാക്കലില്‍ ഉഴറുന്ന ഗ്രാമീണരെ കൈയിലെടുക്കാന്‍ ഉപകരിക്കും.  ബജറ്റ് അവതരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന പ്രതിപക്ഷ വിമര്‍ശനത്തെ സാധൂകരിക്കുന്നുണ്ട് പല പ്രഖ്യാപനങ്ങളും. പല പദ്ധതികളും നടപ്പാക്കാന്‍ അസാധാരണമായ ഇച്ഛാശക്തി വേണ്ടിവരും.

ദാരിദ്ര്യ നിര്‍മാര്‍ജനം, പ്രതിരോധ ബജറ്റ്, റെയില്‍ സുരക്ഷക്ക് നീക്കിവെച്ചിരിക്കുന്ന ഒരു ലക്ഷം കോടി രൂപ, കാര്‍ഷികമേഖലക്ക് വകയിരുത്തിയ 10 ലക്ഷം കോടി രൂപ  എന്നിവ അടക്കമുള്ള പദ്ധതികള്‍ യഥാവിധി നടക്കുകയാണെങ്കില്‍ 2017-18 വര്‍ഷത്തെ ധനക്കമ്മി 3.2 ശതമാനമായി കുറക്കാനാകുമെന്നത് അമിത പ്രതീക്ഷയായിരിക്കും. 5.2 ശതമാനമായി ചുരുങ്ങിയ സാമ്പത്തിക വളര്‍ച്ച നിരക്ക് 7.8ലേക്ക് വര്‍ധിക്കുമെന്നതും പ്രഖ്യാപനം മാത്രമായി നിലനില്‍ക്കാനാണ് സാധ്യത. സുരക്ഷക്കും നവീകരണത്തിനും ഊന്നല്‍ നല്‍കിയിട്ടുള്ളതാണ് ബജറ്റില്‍ റെയില്‍വേക്കുവേണ്ടി വിഭാവനചെയ്ത പദ്ധതികള്‍.  കഴിഞ്ഞ ബജറ്റവതരണത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍െറ പ്രഖ്യാപനത്തിന്‍െറ തുടര്‍ച്ചതന്നെയാണ് പുതിയ ബജറ്റിലെ ഊന്നലും. പക്ഷേ, റെയില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞില്ളെന്നു മാത്രമല്ല വലിയ അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. റെയില്‍വേ സ്വകാര്യവത്കരണ ശ്രമങ്ങളെയും ത്വരിതപ്പെടുത്തും വരുമാനവര്‍ധനയിലെ പല നിര്‍ദേശങ്ങളും.

കേരളത്തിന് എയിംസ് എന്ന സ്വപ്നം ഈ ബജറ്റോടെ പൊലിഞ്ഞിരിക്കുന്നു. ബജറ്റ് കേരളത്തിന് വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന സാമ്പത്തിക മുരടിപ്പിന്‍െറ കണക്കുകള്‍,  ജനം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, വികസനത്തിലെ അസന്തുലിതാവസ്ഥകള്‍ തുടങ്ങിയവ അഭിമുഖീകരിക്കാനുള്ള സര്‍ക്കാറിന്‍െറ അനൗത്സുക്യം ബജറ്റിലെ കണക്കുകളിലും രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്കിടയിലും സമര്‍ഥമായി മറച്ചുവെക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബജറ്റുകള്‍ രാഷ്ട്രീയപ്രഖ്യാപനങ്ങളായി ചുരുങ്ങാതിരിക്കാനുള്ള ജാഗ്രത നഷ്ടമായാല്‍ ഭരണസംവിധാനത്തിലുള്ള വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തകരാനാണ് ഇടവരുത്തുക.

കര്‍മപഥത്തില്‍ നിറഞ്ഞുനിന്ന നേതാവ് 


അര നൂറ്റാണ്ടിലേറെ കാലം സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്‍െറ വിയോഗവാര്‍ത്ത അത്യന്തം ദു$ഖത്തോടെയാണ് കേരളം ശ്രവിച്ചത്. മുസ്ലിം ലീഗിന്‍െറ ഈറ്റില്ലമായിരുന്ന കണ്ണൂരില്‍നിന്ന് മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷനിലൂടെ തുടങ്ങി, പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ നേതൃപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത്, സ്വയം വെട്ടിത്തെളിയിച്ച വഴിയിലൂടെയാണ് അഹമ്മദ്  വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. ന്യൂനപക്ഷങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹികാഭ്യുന്നതിക്കായി മാര്‍ഗദര്‍ശനം നല്‍കുന്നതിനും ഒരു രാഷ്ട്രീയപരീക്ഷണം എന്ന നിലയില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് കര്‍മപഥങ്ങള്‍ തീര്‍ത്തപ്പോള്‍  അതിനു നേതൃത്വം കൊടുത്ത ആദ്യകാല നേതാക്കളുമായി ഇടപഴകാനും അവരെ കണ്ടുപഠിക്കാനും അദ്ദേഹത്തിനു സൗഭാഗ്യമുണ്ടായി.

എണ്ണമറ്റ  പാര്‍ലമെന്‍ററി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ചുമതലകള്‍ ഭംഗിയായി നിറവേറ്റാനും അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഐക്യമുന്നണി സംവിധാനം ദൃഢപ്പെടുത്തുന്നതിലും കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലഞ്ഞ ഘട്ടങ്ങളില്‍പോലും പുനര്‍വിചിന്തനത്തിന്‍െറ സാധ്യതക്ക് തടയിടുകയും ചെയ്യുന്നതില്‍ അഹമ്മദ് വഹിച്ച പങ്ക് വലുതാണ്. 
രാഷ്ട്രാന്തരീയ തലത്തില്‍ പല വേദികളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനും അറബ് രാജ്യങ്ങളുമായുള്ള സൗഹൃദം ബലപ്പെടുത്താനും ഇന്ദിര ഗാന്ധിയുടെ കാലഘട്ടം തൊട്ട് ഇ. അഹമ്മദിന്‍െറ നൈപുണി പ്രയോജനപ്പെടുത്തി. തുടര്‍ച്ചയായി ആറുതവണ യു.എന്‍ പൊതുസഭയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ അഹമ്മദ് അംഗമായിരുന്നു.

വിവിധ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടന്നപ്പോള്‍, അവരെ രക്ഷപ്പെടുത്തുന്നതിനു നയതന്ത്രമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രം അദ്ദേഹത്തെ ചുമതലപ്പെടുത്തി. അറബ്-ഇസ്ലാമിക ലോകത്തോട് ഇന്ത്യയെ അടുപ്പിക്കുന്നതില്‍ അഹമ്മദ് നിറവേറ്റിയ ദൗത്യം ചെറുതായിരുന്നില്ല. പല ഭരണകര്‍ത്താക്കളുമായും ഊഷ്മളമായ വ്യക്തിബന്ധം സ്ഥാപിക്കുന്നതില്‍ വിജയിച്ചത് സ്വതസിദ്ധമായ പെരുമാറ്റരീതിയിലൂടെയാണ്. കേന്ദ്ര മാനവവിഭവശേഷിയുടെയും റെയില്‍വേയുടെയും സഹമന്ത്രിപദത്തില്‍ ഇരുന്നപ്പോള്‍ കേരളത്തിലേക്ക് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീവണ്ടികളും കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. 

ഇ. അഹമ്മദിന്‍െറ വിയോഗം മുസ്ലിം ലീഗിന് കനത്ത നഷ്ടമാവുന്നത് ഇബ്രാഹീം സുലൈമാന്‍ സേട്ടിനും ജി.എം. ബനാത്ത്വാലക്കും ശേഷം ദേശീയതലത്തില്‍ നെടുന്തൂണായി വര്‍ത്തിച്ച ഒരു നേതാവിന്‍െറ വിടവ് കൊണ്ടാവും. മതേതരകക്ഷികളുടെ ഏകോപനവും കൂട്ടായശ്രമങ്ങളും അനിവാര്യമായ ദശാസന്ധിയില്‍ അത്തരമൊരു നഷ്ടം നികത്താന്‍ പാര്‍ട്ടിക്കു ഇനി സാധിക്കുമോ എന്ന ചോദ്യത്തിനു കാലമാണ് മറുപടി നല്‍കേണ്ടത്. അഹമ്മദ് സാഹിബിന്‍െറ  പരലോകമോക്ഷത്തിനു പ്രാര്‍ഥിക്കുന്നതോടൊപ്പം വിയോഗത്തില്‍ ദു$ഖിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊപ്പം  ഞങ്ങളും പങ്ക് ചേരുന്നു.

Show Full Article
TAGS:madhyamam editorial 
Next Story