Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇൗ ബജറ്റിനെ ...

ഇൗ ബജറ്റിനെ എത്രത്തോളം ആശ്രയിക്കാം?

text_fields
bookmark_border
ഇൗ ബജറ്റിനെ  എത്രത്തോളം ആശ്രയിക്കാം?
cancel

46 ദിവസത്തെ സർക്കാർ 365 ദിവസത്തേക്കുള്ള ബജറ്റ്​ അവതരിപ്പിച്ചാൽ എന്തു സംഭവിക്കുമോ അതാണ്​ ഇടക്കാല ധനമന്ത്രി പിയൂഷ്​ ഗോയലി​​െൻറ അവതരണത്തിൽ രാജ്യം കണ്ടത്​. ബജറ്റി​​െൻറ കാലയളവു​ തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ സർക്കാറി​​െൻറ കാലാവധി തീരുന്ന മേയ്​ 26 വരെ 46 ദിവസമാണുള്ളത്​. ഇടക്കാല ബജറ്റ്​, അല്ലെങ്കിൽ വോട്ട്​ ഒാൺ അക്കൗണ്ട്​ അവതരിപ്പിക്കുകയാണ്​ ഇത്തരം സാഹചര്യത്തിൽ ഇതുവരെയുള്ള കീഴ്​വഴക്കം. ചട്ടങ്ങളിൽ പാടില്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും, സാക്ഷാൽ ബജറ്റ്​ അവതരിപ്പിക്കുന്നത്​ അനുചിതവും ഭരണഘടനയുടെ ചൈതന്യത്തിന്​ എതിരുമാണ്​. അഞ്ചുവർഷത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആറു​ പൂർണ ബജറ്റ്​ തയാറാക്കാമോ എന്ന ചോദ്യമുണ്ട്​. തന്നെയുമല്ല, തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന്​ ഉറപ്പുള്ള കക്ഷിക്ക്​ വൻതോതിലുള്ള ​സാമ്പത്തികബാധ്യത ഏറ്റെടുത്ത്​ അടുത്ത സർക്കാറിനെ കെണിയിൽപെടുത്താൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്​.

ബജറ്റെന്നോ ഇടക്കാല ബജറ്റെന്നോ ധനാഭ്യർഥനയെന്നോ എന്തു വിളിച്ചാലും പിയൂഷ്​ ഗോയൽ അവതരിപ്പിച്ച കണക്കുകൾക്കും നിർദേശങ്ങൾക്കും പ്രകടമായുള്ളത്​ ഒരു തൽക്കാല അഭ്യാസത്തി​​െൻറയും അത്​ സാധ്യമാക്കിയ ധാരാളിത്തത്തി​​െൻറയും മുഖമാണ്​. അല്ലെങ്കിലും ബജറ്റുകളുടെയും അവയിലെ കണക്കുകളുടെയും അപ്രമാദിത്വം നഷ്​ടപ്പെട്ടിട്ട്​ കുറച്ചുകാലമായി. ധനക്കമ്മി, ദാരിദ്ര്യനിരക്ക്​ തുടങ്ങിയവ പോലും പല മാനദണ്ഡങ്ങളും തന്ത്രങ്ങളും ഉപ​േയാഗിച്ച്​ പലതരത്തിൽ പറയാമെന്നായിട്ടുണ്ട്​. പഞ്ചവത്സര പദ്ധതികളും ആസൂത്രണ കമീഷനും ഉപേക്ഷിക്കപ്പെട്ടതോടെ പല സാമ്പത്തിക നടപടികളിലും ബജറ്റ്​ അപ്രസക്​തമായി. ചരക്ക്​, സേവന നികുതി നടപ്പിലായപ്പോൾ പരോക്ഷ നികുതികളുടെ വലിയ ഭാഗം ബജറ്റിനു പുറത്ത്​, ജി.എസ്​.ടി കൗൺസിലി​​െൻറ ചുമതലയിലായി. എക്​സൈസ്​ തീരുവകൾ കൂടക്കൂടെ മാറ്റുന്നതും ബജറ്റിനു പുറത്താണ്​. നോട്ടുനിരോധനമെന്ന മഹായജ്​ഞവും ബജറ്റിലൂടെയല്ലല്ലോ ചെയ്​തത്​. 2016-17 വർഷം ബജറ്റിലുൾപ്പെടുത്താതെ മൂലധന വായ്​പയെടുത്തതിന്​ സി.എ.ജി കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തിയതാണ്​. ബജറ്റിനെയും പാർലമ​െൻറി​​െൻറ സാമ്പത്തിക പരി​േ​ശാധനയെയും മറികടക്കാൻ ആധാർ ചട്ടം വെറും ധനകാര്യബില്ലായി പാസാക്കിയെടുത്തതും നാം കണ്ടു. ചുരുക്കത്തിൽ, ബജറ്റിൽ പറയുന്ന കണക്കുകൾക്ക്​ ആധികാരികതയും വിശ്വാസ്യതയും കുറഞ്ഞു. ബജറ്റ്​ തന്നെ വാചകക്കസർത്തിനുള്ള അവസരം മാത്രമായി പല കാര്യങ്ങളിലും മാറി. ഇതിനോട്​, വരാനിരിക്കുന്ന തെരഞ്ഞെടുപ്പി​​െൻറ സമ്മർദങ്ങൾ കൂടി ചേർന്നപ്പോൾ ഉണ്ടായതാണ്​ പുതിയ കേന്ദ്ര ബജറ്റ്​.

പ്രഖ്യാപനങ്ങളെന്ന നിലക്ക്​ എടുത്തുപറയാൻ കുറെയുണ്ട്​. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനുപയോഗിക്കാൻ പാകത്തിലാണവ എന്നത്​ സ്വാഭാവികം. കർഷകർക്ക്​ ധനസഹായം, പ്രതി​േരാധത്തിന്​ വൻതോതിൽ നീക്കിയിരിപ്പ്​, ആദായനികുതി പരിധി ഉയർത്തിയത്​ തുടങ്ങിയവ വോട്ടു സംഭരണത്തിന്​ സഹായകമാകുമെന്ന്​ കരുതാം. ഒപ്പം, സംഘ്​പരിവാറി​​െൻറ അടിസ്​ഥാന വോട്ട്​ മേഖലയെ കണ്ടുള്ള നിർദേശങ്ങളുമുണ്ട്​. വാരിക്കോരി വാഗ്​ദാനം എന്നത്​ വെറും ശൈലിയല്ല ഇൗ ബജറ്റിൽ. തുക നീക്കിവെക്കുന്നിടത്തും നികുതി ഇളവു നൽകുന്നതിലും പിശുക്കിയിട്ടില്ല. അതേസമയം, സമ്പദ്​രംഗത്തെ ക്രിയാത്​മകമായി ചലിപ്പിക്കാനുതകുന്ന നയരേഖയെന്ന നിലക്ക്​ ബജറ്റിൽ ഏറെയൊന്നും കാണില്ല. കർഷകരുടെ യഥാർഥ പ്രശ്​നങ്ങൾ കാണാതെ സൗജന്യ ധനസഹായം നൽകു​േമ്പാൾ അതും ഇടക്കാല നടപടിയായി ഒതുങ്ങും. ജീവിതം മുട്ടിയവർക്ക്​ നാലുമാസം കൂടു​േമ്പാൾ 2000 രൂപ കൊടുക്കുന്നതിനെ ഏതർഥത്തിലാണ്​ ആഘോഷിക്കുക? പ്രതിരോധ ബജറ്റിലെ നീക്കിയിരിപ്പ്​ സൈനികരുടെ ചിരകാലാവശ്യങ്ങൾക്ക്​ ഉതകില്ല എന്നതും കാണാതിരുന്നുകൂടാ.
കണക്കിലെ കളികളാണ്​ ചാർ​േട്ടഡ്​ അക്കൗണ്ടൻറും കുറെകാലം ബി.ജെ.പിയുടെ ട്രഷററുമായ പിയൂഷ്​ ഗോയൽ കളിച്ചതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. അദ്ദേഹത്തി​​െൻറ ബജറ്റ്​ പ്രസംഗത്തിൽ പറഞ്ഞ വെറും 13 കണക്കുകൾ പരിശോധിച്ച ‘ഫാക്​ട്​ ചെക്കർ’ കണ്ടെത്തിയത്​ അതിൽ നാലെണ്ണം തെറ്റും രണ്ടെണ്ണം ഭാഗികമായി തെറ്റുമാണെന്നത്രെ. ഭവന നിർമാണം, എൽ.ഇ.ഡി ബൾബ്​ വിതരണം, ശേഷി വികസന പദ്ധതി, മൊബൈൽ നിർമാണ യൂനിറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ തെറ്റായ കണക്കാണ്​ ധനമന്ത്രി നൽകിയത്​.

പ്രതിരോധ നീക്കിയിരിപ്പി​​െൻറ തുക മുൻവർഷങ്ങളെക്കാൾ വലുതാണെങ്കിലും ജി.ഡി.പിയുടെ ശതമാനമെന്ന നിലക്ക്​ നോക്കിയാൽ ഏറ്റവും വലുതല്ല. വളർച്ച നിരക്കിലും ചില ‘​കൈക്രിയ’കൾ നടന്ന മട്ടുണ്ട്​. ബജറ്റ്​ അവതരണത്തി​​െൻറ തലേന്നുവരെ 2017 - 18 വർഷത്തെ വളർച്ച നിരക്ക്​ 6.7 ശതമാനമായിരുന്നു. ബജറ്റിനു തൊട്ടുമുമ്പ്​ അത്​ 7.2 ശതമാനമാക്കി. നോട്ടുനിരോധനത്തി​​െൻറ ആഘാതം മൂലം അതിനുമുമ്പത്തെ വർഷം വളർച്ച 7.1 ശതമാനത്തിലൊതുങ്ങി എന്ന കണക്കുപോലും 8.2 ശതമാനമെന്നു തിരുത്തപ്പെട്ടു. ദേശീയ സ്​റ്റാറ്റിസ്​റ്റിക്കൽ കമീഷ​​െൻറ അധ്യക്ഷൻ ഇൗയിടെ രാജിവെച്ചത്​ ജി.ഡി.പി അളക്കാനാവശ്യമായ പല കണക്കുകളും (​െതാഴിലവസരങ്ങളടക്കം) സർക്കാർ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ്​. നോട്ടുനിരോധനത്തി​​െൻറ കെടുതികൾ മറച്ചുപിടിക്കാൻ കണക്കുകൾ ‘പുനഃപരിശോധി’ക്കുന്നതും ശ്രദ്ധിക്ക​പ്പെട്ടിട്ടുണ്ട്​. ഇതെല്ലാം ചേർന്ന്​ രാജ്യത്തി​​െൻറ സാമ്പത്തിക കണക്കുകളുടെ വിശ്വാസ്യത നഷ്​ടപ്പെടുത്തിയ പശ്ചാത്തലം കൂടി ബജറ്റിനുണ്ട്​ എന്നർഥം.

കർഷകരുടെ പ്രശ്​നം തീർക്കാൻ ബജറ്റ്​ നിർദേശങ്ങൾ അപര്യാപ്​തമാണ്​. അതേപോലെ, ഗുരുതരമായ മറ്റു രണ്ടു പ്രശ്​നങ്ങളും ബജറ്റി​​െൻറ പരിഗണനയിൽ വന്നിട്ടില്ല. ഒന്ന്​ തൊഴിലില്ലായ്​മയാണ്​. ഇതുസംബന്ധിച്ച്​ ആശങ്കജനകമായ ഒൗദ്യോഗിക കണക്കുകൾ ഉണ്ടായിട്ടും അവ സർക്കാർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. നാഷനൽ സാമ്പിൾ സർവേ ഒാഫിസിൽനിന്ന്​ ചോർന്ന ആ റിപ്പോർട്ട്​ വരച്ചുകാട്ടുന്ന ചിത്രം ഒരു ബജറ്റ്​ കൗശലത്തിനും മറയ്​ക്കാനാവാത്തത്ര ഭയാനകമാണ്​. മറ്റൊരു പ്രശ്​നം നാട്ടിൽ പെരുകുന്ന സാമ്പത്തിക അസമത്വമത്രെ. ഏറ്റവു പുതിയ ഒാക്​സ​്​ഫാം കണക്കുകളിൽ അതി​​െൻറ ഗൗരവം വ്യക്​തമാണ്​. ചങ്ങാത്ത മുതലാളിത്തത്തി​​െൻറ ഭരണകാലത്ത്​ പാവപ്പെട്ട ശതകോടികൾ കൂടുതൽ പാവങ്ങളാകുന്നു; ഏതാനും ശതകോടീശ്വരന്മാർ പിന്നെയും കൊഴുക്കുന്നു. അസമത്വത്തെ നേർക്കുനേരെ പരിഹരിക്കാതെ രാജ്യം വളർച്ച പ്രാപിക്കില്ലെന്നത്​ ലളിതമായ സാമ്പത്തിക തത്ത്വമാണ്​. പിയൂഷ്​ ഗോയലി​​െൻറ ബജറ്റ്​ ഇക്കാര്യത്തിലും നിസ്സംഗത പുലർത്തുന്നു.

Show Full Article
TAGS:madhyamam editorial union budget 2019 article malayalam news 
Next Story