ബജറ്റിലെ കളംമാറ്റിക്കളികൾ
text_fieldsകഴിഞ്ഞ ഏഴുതവണ കണ്ട ധനമന്ത്രിയെയല്ല ഇക്കുറി ബജറ്റ് ദിനത്തിൽ കണ്ടത്. ഇതുവരെ മോദി സർക്കാറുകളുടെ പരിഗണനപ്പട്ടികയിൽ ഇടംപിടിക്കാതിരുന്ന ‘ആം ആദ്മി’യും കർഷകരുമെല്ലാം മുഖ്യപരിഗണന വിഷയമായി മാറി. ഈ മാറ്റത്തിൽ ഇന്ത്യയിലെ മധ്യവർഗവും കോളടിച്ചു. 12.75 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനം ആദായനികുതിയിൽനിന്ന് ഒഴിവാക്കുക എന്ന ക്ലൈമാക്സ് പ്രഖ്യാപനത്തോടെ ഗാലറികൾക്കുവേണ്ടിയും കളിക്കാനറിയാമെന്ന് ധനമന്ത്രി തെളിയിച്ചു. എന്നാൽ, ഈ പുകമറക്കുള്ളിൽ രാജ്യം നേരിടുന്ന സുപ്രധാന സാമ്പത്തിക പ്രശ്നങ്ങൾ വിദഗ്ധമായി ഒളിപ്പിക്കപ്പെടുകയാണ്.
‘ആം ആദ്മി’ പൊടുന്നനെ എൻ.ഡി.എ സർക്കാറിന്റെ ശ്രദ്ധയിൽ കടന്നുവരാൻ കാരണങ്ങൾ പലതുണ്ട്. രാമക്ഷേത്രവും ഹിന്ദുത്വ അജണ്ടകളും മാത്രം ഭരണം ഉറപ്പാക്കില്ലെന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കിക്കഴിഞ്ഞു. നിർണായകമായ ഡൽഹി തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമികളിൽ ഒന്നായ ബിഹാറിൽ ആറുമാസത്തിനകം ബാലറ്റ് യുദ്ധം വരുന്നു. ഇതിനെല്ലാം പുറമെ, ഇന്ത്യയുടെ പ്രധാന വ്യാപാരമേഖലകളിൽ ഒന്നായ അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇവയുടെ സ്വാധീനം ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രകടവുമാണ്.
12.75 ലക്ഷം രൂപവരെയുള്ള വാർഷികവരുമാനം ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയ പ്രഖ്യാപനത്തിലൂടെ ഇനിയുള്ള ‘തലക്കെട്ടുകൾ’ എന്തായിരിക്കുമെന്നും ധനമന്ത്രി ഉറപ്പാക്കി. ഡൽഹി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ആം ആദ്മിയുടെ കാര്യവും അതുവഴി ധനമന്ത്രി തീർപ്പാക്കി. കൂടാതെ, ആദായനികുതി നിയമ പരിഷ്കാരത്തിനായി പുതിയ ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നാടിനെയാകെ ഉലച്ച ഇന്ത്യയുടെ ഹൃദയഭൂമിയിൽ അരങ്ങേറിയ കർഷക സമരങ്ങളും ധനമന്ത്രി കണക്കിലെടുത്തു. ബജറ്റിൽ പ്രഥമപരിഗണന കാർഷിക മേഖലക്കാണ്. രാജ്യത്തെ 100 കാർഷിക പിന്നാക്കജില്ലകൾക്കായി നടപ്പാക്കുന്ന പദ്ധതി പ്രയോജനപ്പെടുക 7.11 കോടി കർഷകർക്കാണ്. കൂടാതെ, പയർവർഗങ്ങളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതി, അക്വാകൾചർ മേഖലക്കുള്ള പദ്ധതികൾ എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള വായ്പ പരിധി മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം ആക്കിയതാണ് മറ്റൊരു പ്രഖ്യാപനം.
5.7 കോടി ചെറുകിട വ്യവസായ സംരംഭങ്ങളുടെ വായ്പാപരിധി ഉയർത്താനും സ്റ്റാർട്ടപ്പുകൾക്കായി 10,000 കോടിയുടെ പുതിയ ഫണ്ട്, സൂക്ഷ്മ വ്യവസായങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാർഡ് തുടങ്ങിയ പ്രഖ്യാപനങ്ങൾ എം.എസ്.എം.ഇ മേഖലക്കായുമുണ്ട്. 50 ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി, മെഡിക്കൽ ടൂറിസം വികസനപദ്ധതി എന്നിവ ടൂറിസം മേഖലക്കും. കയറ്റുമതി, ഖനനം, കപ്പൽനിർമാണം, വ്യോമയാനം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യവസായമേഖലക്ക് നിരവധി പ്രശ്നങ്ങൾ ഉയർത്തുന്ന നിയന്ത്രണചട്ടങ്ങൾ പരിഷ്കരിക്കാൻ നടപടി തുടങ്ങുന്നത് വ്യവസായികളും സ്വാഗതം ചെയ്യും. ഇതിനായി പ്രത്യേക കമ്മിറ്റി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറക്കുമതി തീരുവ പരിഷ്കരിക്കാനും ബജറ്റിൽ നടപടി ആരംഭിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ വരുന്ന വ്യവസായസ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കളും മറ്റും കൂടുതൽ ആകർഷകമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് പ്രഖ്യാപനമെങ്കിലും ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഭീഷണിയുടെ വെളിച്ചത്തിലാണ് ഈ പരിഷ്കാരമെന്ന വിമർശനവും ഉയരുന്നു.
ഇങ്ങനെ ഒട്ടനവധി ഇളവുകളും പ്രഖ്യാപനങ്ങളുമായി ബജറ്റ് മുന്നേറിയപ്പോൾ വിസ്മരിക്കപ്പെട്ടത് വികസിത ഭാരതം എന്ന ബജറ്റിന്റെ മറ്റൊരു ലക്ഷ്യമാണ്. വാർഷിക സാമ്പത്തിക വളർച്ചനിരക്ക് എട്ടു ശതമാനമെങ്കിലുമായി ഉയർത്തുകയാണ് വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വഴി. ഇളവുകൾകൊണ്ട് തീർത്ത പൊടിമറക്കുള്ളിൽ ഈ ലക്ഷ്യം പാടേ വിസ്മരിക്കപ്പെട്ടു. ബജറ്റിനു തൊട്ടുമുന്നേ കേന്ദ്രസർക്കാർ പുറത്തുവിട്ട സാമ്പത്തിക സർവേ ആശങ്ക ഉയർത്തുന്ന ചില കണക്കുകളാണ് നിരത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് 6.4 ശതമാനം മാത്രമാണ്. നടപ്പുവർഷം ഇത് 6.3 ശതമാനമായി കുറയും. എട്ടുശതമാനത്തിലേക്ക് സാമ്പത്തികവളർച്ച എത്തണമെങ്കിൽ കാര്യമായ പരിശ്രമം വേണ്ടിവരും. അതിനുള്ള ഒരുശ്രമവും ഈ ബജറ്റിൽ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
ഇന്ത്യയിൽ സാമ്പത്തികവളർച്ച ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ മൂലധനനിക്ഷേപം സുപ്രധാനമാണ്. 2024-‘25 സാമ്പത്തിക വർഷത്തിൽ 11.1 ലക്ഷം കോടി രൂപയാണ് മൂലധന ചെലവുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. പുതുക്കിയ ബജറ്റിൽ ഇത് 10.2 ലക്ഷം കോടിയായി കുറച്ചു. 2025-‘26 സാമ്പത്തികവർഷം ഈ ഇനത്തിൽ നീക്കിവെച്ചിരിക്കുന്നത് 11.2 ലക്ഷം കോടി രൂപയാണ്. എട്ടുശതമാനം സാമ്പത്തിക വളർച്ചക്കായി ചുരുങ്ങിയത് 15 ലക്ഷം കോടിയെങ്കിലും നീക്കിവെക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണിത്. ആദായനികുതി ഇളവുകൾ ഒരുലക്ഷം കോടി രൂപയുടെ കുറവാണ് സർക്കാറിന്റെ വരുമാനത്തിൽ ഉണ്ടാക്കുക. വരുംമാസങ്ങളിൽ ഇതിന്റെ പ്രത്യാഘാതവും മൂലധനനിക്ഷേപത്തിൽ ഉണ്ടാവുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.
കാർഷികമേഖലയിലും വ്യവസായമേഖലകളിലും നിരവധി ഇളവുകളും ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഈ മേഖലകളിൽ വായ്പാലഭ്യത വർധിപ്പിക്കാൻ ധനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നാണ് വസ്തുത. പണപ്പെരുപ്പം കുറക്കാനും നടപടി ഒന്നുമില്ലാത്തതിനാൽ പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. ആദായനികുതി ഇളവിന്റെ പുകമറക്കുള്ളിൽ കാതലായ ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ബജറ്റിന്റെ പരിഗണനയിൽപോലും വന്നിട്ടില്ലെന്ന പരാതിയും സ്വാഭാവികമായും ഉയരുകയാണ്. കേരളത്തിന്റെ പ്രധാന ആവശ്യമായ വയനാട് പാക്കേജിനുപോലും ബജറ്റിൽ പരിഗണന ലഭിച്ചിട്ടില്ല. പൊതുവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ ഗുണം മാത്രമാണ് കേരളത്തിന് ഉൾപ്പെടെ ലഭിക്കുക. എന്നാൽ, പദ്ധതികൾ അനുവദിക്കുമ്പോൾ സംസ്ഥാനം പിന്തള്ളപ്പെടാനാണ് സാധ്യത എന്നാണ് മുൻഅനുഭവങ്ങൾ പഠിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

